വി.എസ്. സുജിത്തിനെ കുന്നംകുളം സ്റ്റേഷനിൽ പൊലീസുകാർ മർദിക്കുന്നതിന്റെ സി.സി ടി.വി ദൃശ്യം
2003 ജൂലൈ 23നാണ് അമേരിക്കൻ ന്യൂസ് ചാനലായ സി.ബി.എസ്, അബു ഗുറൈബ് തടവറയിൽ നടന്ന ചില പീഡന ദൃശ്യങ്ങൾ പുറത്തുവിട്ടത്. അതിന് ഒരുവർഷം മുമ്പേതന്നെ ആംനസ്റ്റി ഇന്റർനാഷനലും റെഡ്ക്രോസും, ഈ തടവറയിൽ അമേരിക്കയുടെ യുനൈറ്റഡ് സ്റ്റേറ്റ്സ് ആർമിയും സി.ഐ.എയും ചേർന്ന് ഇറാഖിലെ രാഷ്ട്രീയ തടവുകാർക്കും സിവിലിയന്മാർക്കും മീതേ നടത്തിക്കൊണ്ടിരുന്ന അതിക്രൂരമായ ശാരീരിക-മാനസിക മർദനമുറകളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു.
അവ പൊതുമണ്ഡലത്തിൽ യാതൊരു ചലനവുമുണ്ടാക്കിയിരുന്നില്ല. എന്നാൽ, സി.ബി.എസ് മർദനദൃശ്യങ്ങൾ പുറത്തുവിട്ടതോടെ അമേരിക്കയിലും പുറത്തുമുള്ള പൗരസമൂഹവും മാധ്യമങ്ങളും വമ്പിച്ച പ്രതിഷേധവുമായി രംഗത്തെത്തി. പ്രസിഡന്റ് ജോർജ് ബുഷ്, ഈ ചിത്രങ്ങൾ അസംബന്ധമാണെന്നും പീഡനങ്ങളെപ്പറ്റി പെരുപ്പിച്ച വാർത്തകൾ നൽകുന്ന അറബ് മാധ്യമങ്ങളുടെ സൃഷ്ടിയാണ് ഇവയെന്നുമാണ് പ്രതികരിച്ചത്.
മേയ് മാസം ആറാംതീയതി വാഷിങ്ടൺ പോസ്റ്റ് പുതിയ പീഡനദൃശ്യങ്ങൾ പുറത്തുവിടുകയും സമാനമായ വിധത്തിലുള്ള ആയിരത്തി അഞ്ഞൂറോളം ചിത്രങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തൽഫലമായി ലോകവ്യാപകമായി ഉയർന്നുവന്ന പ്രതിഷേധങ്ങളുടെ ഫലമായി ബുഷും ഇറാഖ് അധിനിവേശത്തിന് നേതൃത്വം കൊടുത്ത പ്രതിരോധ സെക്രട്ടറി ഡൊണാൾഡ് റംസ്ഫീൽഡും മുൻ പ്രസ്താവനകൾ തിരുത്തുകയും പൗരസമൂഹത്തോട് മാപ്പുപറയുകയും ചെയ്തു. തുടർന്ന് അബു ഗുറൈബ് തടവറയുടെ മേലധികാരികളെ പിരിച്ചുവിടുകയും മർദനം നടത്തിയവരിൽ ചിലർക്ക് മൂന്നുവർഷം മുതൽ പത്തുവർഷം വരെ തടവുശിക്ഷ നൽകുകയും ചെയ്തു.
സാധാരണയായി ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന മർദനമുറകളും അധിനിവേശകർ നടത്തുന്ന പീഡനങ്ങളും പത്ര റിപ്പോർട്ടുകളായോ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ വസ്തുതാന്വേഷണ രേഖകളായോ പുറത്തുവരാറുണ്ട്. ഇവയിൽനിന്ന് വ്യത്യസ്തമായി ഇത്തരം പീഡനങ്ങൾ ഫോട്ടോഗ്രാഫുകളായും ചലനചിത്രങ്ങളായും പ്രസിദ്ധീകരിക്കപ്പെടുമ്പോൾ പൗരസമൂഹത്തിൽ അവയുണ്ടാക്കുന്ന പ്രതിഫലനങ്ങൾ വേറിട്ടതാകുന്നതായാണ് അനുഭവം. അമേരിക്കയുടെ വിയറ്റ്നാം അധിനിവേശകാലത്ത്, നാപ്പാം ബോംബ് സ്ഫോടനത്തിൽനിന്ന് രക്ഷപ്പെട്ട് പൊള്ളലുകളോടെ നിലവിളിച്ചുകൊണ്ട് ഓടുന്ന ഫാൻ തി കിം ഫുക്ക് എന്ന ഒമ്പതുവയസ്സുകാരിയുടെ ചിത്രം അക്കാലത്തെ യുദ്ധവിരുദ്ധ മുന്നേറ്റങ്ങളെ ഇളക്കിമറിക്കാൻ സഹായകരമാവുകയുണ്ടായി.
കൈകാലുകൾ കെട്ടിയിട്ട ഇറാഖി തടവുകാരനെ നായയുമായെത്തി ഭയപ്പെടുത്തുന്ന യു.എസ് പട്ടാളക്കാരൻ- വാഷിങ്ടൺ പോസ്റ്റ് പുറത്തുവിട്ട ചിത്രം
മർദനചിത്രങ്ങൾ ഒരു വ്യക്തിക്കെതിരെ മറ്റൊരു വ്യക്തിയോ ഒരുകൂട്ടം ആൾക്കാരോ നടത്തുന്ന അതിക്രമം എന്നതിലുപരി മർദനവ്യവസ്ഥയുടെ ആന്തരിക തലങ്ങളെത്തന്നെ വ്യക്തമാക്കാൻ പര്യാപ്തമായതിനാലാണ് അവ പൗരസമൂഹത്തിൽ വലിയ പ്രത്യാഘാതം ഉളവാക്കുന്നത്. അബു ഗുറൈബിലെ പീഡനദൃശ്യങ്ങൾ അധിനിവേശകരുടെ കൊളോണിയൽ ഭൂതകാലത്തിനൊപ്പം അമേരിക്കൻ പോപുലർ കൾചറിന്റെ അശ്ലീലകരമായ അടിത്തട്ടിനെയും സാക്ഷ്യപ്പെടുത്തുന്നുവെന്നാണ് പ്രമുഖ ചിന്തകൻ സ്ലാവോയ് ഷീഷെക് വിലയിരുത്തിയത്.
ഇന്ത്യൻ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റായിരുന്ന വി.എസ്. സുജിത്ത് എന്ന ചെറുപ്പക്കാരനെ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്.ഐയും മറ്റ് നാല് പൊലീസുകാരും ചേർന്ന് 2023 ഏപ്രിൽ അഞ്ചിന് കഠിനമായി മർദിക്കുകയുണ്ടായി. ഒരു പ്രാദേശിക തർക്കത്തിൽ ഇടപെട്ട സുജിത്തിനെ, മദ്യപിച്ച് പൊലീസിന്റെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തിയെന്ന പേരിലാണ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയത്. തുടർന്ന് നടന്ന മർദനത്തിൽ കഠിനമായ പരിക്കുപറ്റിയ അദ്ദേഹത്തിന് ഒരു ചെവിയുടെ കേൾവിശക്തിയും നഷ്ടപ്പെട്ടു. ജാമ്യത്തിലിറങ്ങിയ സുജിത്തും സഹപ്രവർത്തകരും പൊലീസ് നടത്തിയ പീഡനത്തിന്റെ ദൃശ്യങ്ങൾ വിവരാവകാശ പ്രകാരം ലഭിക്കാനായി രണ്ടുവർഷം നിരന്തരം പരിശ്രമിച്ചു. ഒട്ടേറെ തടസ്സപ്പെടുത്തലുകളും ഭീഷണികളുമുണ്ടായിട്ടും പിന്തിരിയാതെ നിയമപോരാട്ടം തുടർന്നതിന്റെ ഫലമായി പീഡനദൃശ്യങ്ങൾ വിവരാവകാശ നിയമ പ്രകാരം പുറത്തുവിടാൻ അധികാരികൾ നിർബന്ധിതരായി.
2025 സെപ്റ്റംബർ മൂന്നിന് ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷ കക്ഷികൾ മാത്രമല്ല, മാധ്യമങ്ങളും പൗരസമൂഹവും അതിശക്തമായ പ്രതിഷേധമുയർത്തി. പ്രക്ഷോഭ ഫലമായി നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു, അവർക്കെതിരെ തുടർനടപടികൾ ഉണ്ടാകുമെന്നും ആഭ്യന്തര വകുപ്പിൽനിന്ന് അറിയിപ്പുണ്ടായി. പ്രതിഷേധങ്ങൾ അവസാനിക്കാതെ വന്നപ്പോൾ മുഖ്യമന്ത്രി നിയമസഭയിൽ അടിയന്തര പ്രമേയമായി ഈ വിഷയം ഉന്നയിക്കാമെന്ന് സമ്മതിച്ചു. അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി പതിവുപോലെ, കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന പൊലീസ് മർദനങ്ങളെയും പക്ഷപാതിത്വത്തോടെയുള്ള നിയമപരിപാലനത്തെയും ഒറ്റപ്പെട്ട സംഭവങ്ങളെന്ന പേരിൽ ചുരുക്കിക്കാണാനും പൊലീസ് സംവിധാനത്തെ പ്രശംസിക്കാനുമാണ് സമയം വിനിയോഗിച്ചത്. പൊതുപ്രവർത്തകനെന്ന നിലയിൽ സുജിത്തിന് മേലുള്ള ചില കേസുകളെ തെറ്റായി ഉദ്ധരിക്കാനും അദ്ദേഹത്തെ ക്രിമിനലായി ചിത്രീകരിക്കാനും മുഖ്യമന്ത്രി മടിച്ചില്ല.
സുജിത്തിന്റെ വിഷയത്തിൽ മർദനചിത്രങ്ങൾ പുറത്തുവരുകയും മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് തുടർ പ്രക്ഷോഭങ്ങൾ ഏറ്റെടുക്കുകയും ചെയ്തതിനാലാണ് ഭരണകൂട നടപടികൾക്ക് സാധ്യതയായത്. ഇതേസമയം ഇടതുഭരണത്തിന്റെ ഒമ്പത് വർഷങ്ങൾക്കിടയിൽ നൂറുകണക്കിന് പേർക്കാണ് പൊലീസ് മർദനം മൂലം ശരീരവും മനസ്സും തകർന്നു പോയിട്ടുള്ളത്, പലർക്കും ജീവനും നഷ്ടപ്പെട്ടു. സുജിത്തിനെ മർദിക്കുന്ന ദൃശ്യങ്ങൾ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യുന്ന അവസരത്തിൽ നിരവധി പേർ തങ്ങളുടെ അനുഭവങ്ങളും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നീതിനിഷേധങ്ങളും വെളിപ്പെടുത്തി മുന്നോട്ടുവന്നു. അവരിൽ ഭരണകക്ഷിയുടെ ഭാഗമായവരുമുണ്ട്. അടൂരിൽ പൊലീസ് തല്ലിക്കൊന്ന ജോയൽ എന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ പിതാവ്, മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമാണെന്ന് വെളിപ്പെടുത്തുകയുണ്ടായി.
കേരളത്തിൽ പിണറായി സർക്കാർ അധികാരത്തിലേറുന്നതിനായി മുന്നോട്ടുവെച്ച മുദ്രാവാക്യം ‘ഇടതുപക്ഷം വരും എല്ലാം ശരിയാകും’ എന്നായിരുന്നു. ഇങ്ങനെ ഭരണ തുടർച്ച നേടിയ സർക്കാറിന് കീഴിലാണ് പൊലീസ് സംവിധാനം അങ്ങേയറ്റം അധാർമികത പുലർത്തുന്നതായി മാറിയതെന്ന് ചില ഘടകകക്ഷികൾ വരെ കുറ്റപ്പെടുത്തുന്നുണ്ട്. പൊലീസിൽ ആർ.എസ്.എസിന്റെ ആജ്ഞാനുവർത്തികളായ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും സ്വർണക്കള്ളക്കടത്തിനും മയക്കുമരുന്ന് ബിസിനസിനും ഒത്താശ ചെയ്യുന്നവർ പൊലീസിന്റെ തലപ്പത്ത് വരെയുണ്ടെന്നും വെളിപ്പെടുത്തിക്കൊണ്ടാണ് ഭരണകക്ഷിയുടെ ഭാഗമായിരുന്ന പി.വി. അൻവർ നിലമ്പൂർ എം.എൽ.എ സ്ഥാനം രാജിവെച്ചത്. പുരോഗമന സമൂഹമെന്ന് സ്വയം അവകാശപ്പെടുന്ന കേരളമാണ് സമൂഹത്തിന്റെ ഏറ്റവും ദുർബല വിഭാഗമായ ആദിവാസികൾക്ക് എതിരെയുള്ള അതിക്രമങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ ഒന്നാമതായി ഉള്ളത്. ദലിത് മർദനത്തിൽ ഇന്ത്യയിൽ ഏഴാം സ്ഥാനമാണ് കേരളത്തിന്. 2022ൽ മാത്രം കേരളത്തിൽ 235 ദലിത് സ്ത്രീകൾ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരായി. അവരിൽ 137 പേർ കുട്ടികളാണ്. ഈ വർഷം ഏപ്രിൽ ഒന്നിന് കൽപറ്റ പൊലീസ് സ്റ്റേഷനിൽ ഗോകുൽ എന്ന 18 വയസ്സ് തികയാത്ത ആദിവാസി ബാലൻ കൊല്ലപ്പെട്ടു.
മേയ് മാസത്തിൽ പേരൂർക്കടയിൽ ബിന്ദു എന്ന ദലിത് വീട്ടമ്മ വ്യാജ മോഷണക്കേസിൽ പൊലീസ് ഒത്താശയോടെ പ്രതിയാക്കപ്പെട്ടു. കൊല്ലം ജില്ലയിൽ സുനിൽ എന്ന ചെറുപ്പക്കാരൻ പൊലീസ് മർദനം മൂലം സമനില തെറ്റി അനാഥനായി അലഞ്ഞുതിരിഞ്ഞു ജീവിക്കുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയും ഭരണവർഗവും ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത പൊലീസിന്റെ ഭാഗത്തുനിന്ന് എന്ത് ക്രിമിനൽ നടപടി ഉണ്ടായാലും അതിനെ ന്യായീകരിക്കുകയും ഇരകളെ അവഹേളിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. ഇതിനൊപ്പം പാർട്ടി നേതാക്കന്മാർ, പൊലീസ് വർഗസമൂഹത്തിന്റെ മർദക യന്ത്രമാണെന്നും അതിനെ നിലക്കുനിർത്താൻ തങ്ങൾക്ക് ബാധ്യതയില്ലെന്ന ‘വൈരുധ്യാത്മക സിദ്ധാന്തം’ പുലമ്പാനും മറക്കാറില്ല. ഇതേസമയം സമൂഹത്തിലെ ഉപരിവർഗക്കാർക്കും വരേണ്യർക്കും വേണ്ടി പൊലീസ് സംവിധാനത്തെ ഏതുവിധേനയും വഴപ്പെടുത്താനും ഇക്കൂട്ടർ സമർഥരാണ്. ഇതിനർഥം തങ്ങളുടെ അധികാരത്തിന്റെ സുസ്ഥിരത എന്നതല്ലാതെ മനുഷ്യാവകാശങ്ങളോടോ പൗരസമത്വത്തിനോടോ ഇവർക്ക് പ്രതിബദ്ധതയില്ലെന്നുതന്നെയാണ്.
അഫ്താബ് ഇല്ലത്ത് എഴുതുന്നു: ‘‘സാമൂഹിക പുരോഗതിക്ക് മാതൃകയായി സ്വയവും മറ്റുള്ളവരാലും പ്രശംസിക്കപ്പെടുന്ന കേരളവും സിവിലിറ്റിയുടെ മറവിൽ ക്രൂരത നടപ്പാക്കുന്നതിൽ ഒട്ടും പിന്നാക്കമല്ല. പിണറായി സർക്കാറിന്റെ ആദ്യത്തെ അഞ്ച് വർഷത്തിൽ ഒമ്പത് നിരായുധരായ മാവോവാദികളെയാണ് കൊന്നൊടുക്കിയത്. മുഖ്യമന്ത്രി തന്നെ 17 കസ്റ്റഡി മരണങ്ങൾ നിയമസഭയിൽ അംഗീകരിച്ചു. എന്നാൽ, അതിലും കൂടുതൽ കൊലപാതകങ്ങൾ കേരള പൊലീസ് നടത്തിയിട്ടുണ്ടെന്ന് പത്രവാർത്തകൾ പിന്തുടരുന്നവർക്ക് അറിയാം. സുപ്രീം കോടതിയുടെ അടക്കം ധാരാളം ഉത്തരവുകൾ ഉണ്ടായിട്ടും ഒരിക്കലും യഥാർഥ അന്വേഷണങ്ങൾ നടക്കാറില്ല. അന്വേഷണ പ്രഹസനങ്ങളാവട്ടെ പ്രതികളെ രക്ഷിക്കാനാണ് നടക്കുന്നത്. അപ്പോൾ എന്താണ് ഇതിന്റെ അർഥം? ഇത് സിസ്റ്റത്തിന്റെ വീഴ്ചയല്ല. ഇത് സിസ്റ്റം തന്നെയാണ്.
കസ്റ്റഡി പീഡനം എന്നത് ഇന്ത്യയിലെ ഭരണത്തിന്റെ ജീവനാഡിയാണ്. വംശീയതയും അപര വിദ്വേഷവും മർദനവുമാണ് ഭരണം. പീഡനങ്ങൾക്കെതിരായ യു.എൻ കൺവെൻഷനോട് പൊരുത്തപ്പെടുന്ന ഒരു ദേശീയ പീഡന വിരുദ്ധ നിയമം കൊണ്ടുവരാൻ എന്തുകൊണ്ടാണ് ഇന്ന് സമരം ചെയ്യുന്നവർ അടക്കം ഒരു രാഷ്ട്രീയ കക്ഷിയും ആവശ്യപ്പെടാത്തത്? കേരളത്തിനുതന്നെ ഈ കാര്യത്തിൽ ഒരു സംസ്ഥാന നിയമം പാസാക്കാൻ എന്താണ് തടസ്സം? പൊലീസ് ഭീകരതയെ നിരീക്ഷിക്കാൻ സ്വതന്ത്രമായ എന്ത് സംവിധാനമാണ് കേരളത്തിലും ഇന്ത്യയിലും ഉള്ളത്? പല്ലും നഖവും ഇല്ലാത്ത കുറെ കമീഷനുകൾ അല്ലാതെ ഭരണകൂടത്തിന്റെ പീഡനങ്ങളിൽ നിന്നുള്ള എന്ത് പൗരസുരക്ഷാ സംവിധാനങ്ങളാണ് നമുക്കുള്ളത്?’’
ചുരുക്കിപ്പറഞ്ഞാൽ പൊലീസ് മർദനങ്ങളെ വെള്ളപൂശുകയോ ഭരണകൂട യന്ത്രത്തിന്റെ ഭാഗമാണെന്ന് പറഞ്ഞൊഴിയുകയോ അല്ല ഭരിക്കുന്നവർ ചെയ്യേണ്ടത്. മറിച്ച്, പൊലീസ് സംവിധാനത്തെ സിവിൽ ധാർമികതക്കും പൗരരുടെ അവകാശങ്ങൾക്കും അനുസൃതമായി പുതുക്കുകയാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.