കീഴാള സാമുദായികതയുടെ പ്രതികാരയുക്തി

ചരിത്രത്തിൽ ക്യാപ്റ്റൻ എന്ന വിളിപ്പേരുണ്ടായിരുന്ന ബഹുജന നേതാവാണ് അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൻ. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. തന്റെ കുട്ടിക്കാലത്ത് അമേരിക്കയിലെ തദ്ദേശ ജനതകൾക്കും ആഫ്രോ-അമേരിക്കക്കാർക്കുമെതിരെ ചില അതിക്രമങ്ങൾ നടത്താൻ അദ്ദേഹം നേതൃത്വം നൽകിയതായി പല ജീവചരിത്ര രചയിതാക്കളും രേഖപ്പെടുത്തിയിട്ടുണ്ട്.

എങ്കിലും പിൽക്കാലത്ത് ഒരു വളരുന്ന നേതാവായി ഉയർന്നപ്പോൾ അദ്ദേഹം അതേ ജനതയോട് നീതി പുലർത്താനും ശ്രമിച്ചിരുന്നു. വെള്ളക്കാരായ വംശീയവാദികളിൽ നിന്നുണ്ടായ കടുത്ത എതിർപ്പുകളെ നേരിട്ടുകൊണ്ടാണ് അത്തരമൊരു നിലപാട് സ്വീകരിച്ചത്. അതിനാൽ തന്നെ എന്തൊക്കെ വിമർശനങ്ങളുണ്ടെങ്കിലും അമേരിക്കയിലെ അരികുവത്കരിക്കപ്പെട്ടവരായ ജനവിഭാഗങ്ങൾ ഇപ്പോഴും എബ്രഹാം ലിങ്കനോടുള്ള ആദരവ് പുലർത്തുന്നുണ്ട്.

കേരളത്തിൽ ക്യാപ്റ്റൻ എന്ന് അനുയായികളാൽ വിളിക്കപ്പെടുന്ന നേതാവാണല്ലോ പിണറായി വിജയൻ. കഴിഞ്ഞ ഒമ്പതര വർഷക്കാലമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് അദ്ദേഹം തന്നെയാണ്. ഒരു ബഹുജന നേതാവും ഭരണാധികാരിയും എന്ന നിലയിൽ ഈ കാലയളവിൽ ഇവിടത്തെ കീഴാള ജനതക്ക് അദ്ദേഹത്തോട് സവിശേഷമായ ആദരവ് കാണിക്കേണ്ടതായ എന്തെങ്കിലും അവസ്ഥയോ, തങ്ങളുടെ ജീവിതത്തിൽ ഓർമിക്കപ്പെടേണ്ടതായ എന്തെങ്കിലും സംഭാവനയോ ചൂണ്ടിക്കാണിക്കാനാവുമോ?

പിണറായി വിജയൻ പിന്നാക്ക സമുദായ അംഗവും ദരിദ്ര പശ്ചാത്തലവുമുള്ള കുടുംബത്തിൽ നിന്നുവന്ന ആളുമാണ്. തൽഫലമായി നിരവധി ജാതി അധിക്ഷേപങ്ങൾക്കും വർഗപരമായ അപമാനീകരണങ്ങൾക്കും അദ്ദേഹം വിധേയനായിട്ടുണ്ട് എന്നത് വസ്തുതയാണ്. ഇപ്പോഴും സമൂഹത്തിലെ ആഢ്യമനോഭാവക്കാർക്ക് അദ്ദേഹത്തോടുള്ള വെറുപ്പിനുപിന്നിലും ഇതേ കാരണങ്ങൾ കണ്ടെത്താനാവും. ഇത്തരം കാര്യങ്ങളെ ധീരമായി അഭിമുഖീകരിച്ചുകൊണ്ട് തന്നെയാണ് അദ്ദേഹം പാർട്ടി സംവിധാനത്തിലും ഭരണ തലത്തിലും അപ്രമാദിത്വം ഊട്ടിയുറപ്പിച്ചത് എന്നതും അനിഷേധ്യമാണ്.

മുൻകാലത്ത് ഇ.എം.എസ്, എ.കെ.ജി പോലുള്ള മാർക്സിസ്റ്റ് നേതാക്കൾ പാർട്ടിക്കത്തും പുറത്തും സ്വീകാര്യരായത്, ‘ഇല്ലങ്ങളിൽ പിറന്നുവീണ ബുദ്ധിരാക്ഷസൻ’, ‘തറവാടുകളിൽനിന്നും ഇറങ്ങിവന്ന പാവങ്ങളുടെ പടത്തലവൻ’ തുടങ്ങിയ ബിംബാവലികളുടെ പിൻബലത്തിലായിരുന്നു. ഇപ്രകാരമുള്ള വരേണ്യകൽപനകളുടെ പിന്തുണയോ പിൻബലമോ ഇല്ലാത്ത പിണറായി വിജയന്റെ ഉയർച്ചയും ഭരണാധികാരിയെന്ന പദവിയും അരികുവത്കരിക്കപ്പെട്ട കീഴാള ജനതയുടെ ആത്മാഭിമാന പ്രചോദനമായി മാറേണ്ടതായിരുന്നു. എന്നാൽ, മേൽപറഞ്ഞ രീതിയിലുള്ള ആത്മാഭിമാനം രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ സ്ഥാനവും പദവിയും പൂർണ പരാജയമാണെന്ന് പറയേണ്ടതുണ്ട്.

ആധുനിക കേരളത്തിന്റെ ശിൽപി എന്നൊക്കെയാണ് മാർക്സിസ്റ്റുകൾ ഇ.എം.എസിനെ വാഴ്ത്തിപ്പാടിയിരുന്നത്. എങ്കിലും ജീവിച്ചിരിക്കുമ്പോൾ തന്നെ പുതിയ സാമൂഹിക ചലനങ്ങളോട് സംവദിക്കാൻ കഴിയാത്ത വിധത്തിൽ അദ്ദേഹം ബൗദ്ധിക രംഗത്ത് അപ്രസക്തനായി മാറിയിരുന്നു. ഇതിനുമപ്പുറം ഇ.എം.എസിനോടുള്ള കീഴാള ജനതയുടെ എതിർപ്പ് രൂപപ്പെട്ടത്, അദ്ദേഹം സാമുദായിക സംവരണത്തിന്റെ സാമൂഹിക നീതി മണ്ഡലത്തെ നിഷേധിച്ചുകൊണ്ട് സാമ്പത്തിക സംവരണത്തിനും, മെറിറ്റ് വാദം പോലുള്ള അറുപിന്തിരിപ്പൻ ആശയങ്ങളുടെ വക്താവായി നിലകൊണ്ടതും മൂലമാണ്. മാത്രമല്ല, ജാതി വ്യവസ്ഥയെയും സാമൂഹിക രൂപവത്കരണത്തെയും പറ്റിയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ നവബ്രാഹ്മണ്യവാദം തന്നെയാണെന്ന് കീഴാള ബുദ്ധിജീവികളും പ്രസ്ഥാനങ്ങളും തിരിച്ചറിഞ്ഞിരുന്നു.

മാർക്സിസ്റ്റ് പാർട്ടി മുഖ്യമന്ത്രിയായി അവരോധിച്ച വി.എസ്. അച്യുതാനന്ദനും കീഴാള-ന്യൂനപക്ഷ ജനതക്ക് അസ്വീകാര്യൻ തന്നെയായിരുന്നു. പാർട്ടിയിൽ നിന്നുള്ള ഉൾപ്പോരിന്റെ ഫലമായി അക്കാലത്തെ ചില ജനകീയ സമരങ്ങളുടെ വക്താവായി മാറിയെങ്കിലും അദ്ദേഹത്തിന്റെ ഭരണകാലത്ത് നടന്ന ചെങ്ങറ, അരിപ്പ മുതലായ ദലിത് സമരങ്ങളോട് അടിച്ചമർത്തലിന്റെയും അവഹേളനത്തിന്റെയും ഭാഷയാണ് ഉപയോഗിച്ചത്. ഇന്ന് ഹിന്ദുത്വവാദികൾ ദേശീയ തലത്തിൽ മുസ്‍ലിംകളെ അപരവത്കരിക്കാനായി ഉപയോഗിക്കുന്ന നിരവധി സംജ്ഞകളും വ്യാജകുറ്റാരോപണങ്ങളും വി.എസ്. അച്യുതാനന്ദനിൽനിന്ന് നേരിട്ട് പകർത്തിയതാണെന്ന് അവർ തന്നെ പ്രചരിപ്പിക്കുന്നുണ്ട്.

ഇതേ മാർക്സിസ്റ്റ് പാർട്ടി സ്ഥാനപ്പെടുത്തിയ രണ്ടു മുഖ്യമന്ത്രിമാരിൽനിന്നും വ്യത്യസ്തമായ സ്വീകാര്യതയാണ് പിണറായി വിജയന് കീഴാളരും ന്യൂനപക്ഷങ്ങളും നൽകിയത്. ശരീഅത്ത് വിവാദമുണ്ടാക്കി മുസ്‍ലിംകളെ പ്രാകൃതരായി ചിത്രീകരിക്കാൻ ശ്രമിച്ച ഇ.എം.എസിനെയും, മുസ്‍ലിംകൾക്കെതിരെ അപരവത്കരണത്തിന്റെ വ്യാകരണം പ്രയോഗിച്ച അച്യുതാനന്ദനെയും പോലെയല്ല പിണറായി വിജയൻ എന്ന പൊതുബോധം ന്യൂനപക്ഷങ്ങളിൽ വലിയ തോതിൽ പരക്കെയുണ്ടായിരുന്നു. അതേ പോലെ ദലിതരും പിന്നാക്കക്കാരുമായ ജനവിഭാഗങ്ങളും ഉറച്ച പിന്തുണയാണ് നൽകിയത്.

എന്നാൽ, തന്റെ മുഖ്യമന്ത്രി സ്ഥാനത്തിലൂടെ അദ്ദേഹം ഈ വിഭാഗങ്ങൾക്ക് മടക്കി നൽകിയതെന്താണ്? അവരുടെ ഭാവിജീവിതത്തെ തന്നെ ദൂരവ്യാപകമായി പ്രതിസന്ധിയിലാക്കുന്ന സവർണ സംവരണമടക്കമുള്ളവ നടപ്പിലാക്കിയതിന്റെ ക്രെഡിറ്റാണ് പിണറായിക്കുള്ളത്. അടിത്തട്ടിലെ ജനത ഇത്രമാത്രം അവഗണിക്കപ്പെടുകയും ലോക്കപ്പ് മർദനങ്ങൾക്കും അനീതികൾക്കും വിധേയമാവുകയും ചെയ്ത മറ്റൊരു കാലഘട്ടം സംസ്ഥാനത്ത് ഉണ്ടായിട്ടില്ല.

ദലിതരെ സംബന്ധിച്ച് അവർക്ക് അർഹമായ മന്ത്രിസ്ഥാനം നൽകാത്ത ആദ്യ ഭരണകൂടമാണ് പിണറായി വിജയന്റേത്. അപ്പോൾതന്നെ ജനസംഖ്യയിൽ ന്യൂനപക്ഷമായ നായർ സമുദായത്തിൽനിന്ന് പത്തുപേരെ മന്ത്രിസഭയിൽ കുത്തിനിറച്ചതിൽ എന്തെങ്കിലും അനീതിയുള്ളതായി ഇവർക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല. ദലിത് വിദ്യാർഥികളുടെ ഇ-ഗ്രാന്റും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയതോടെ നൂറുകണക്കിനുപേരാണ് പഠനം നിർത്തിപ്പോയത്. സംസ്ഥാനമൊട്ടാകെ കരാർ ജോലികൾ വ്യാപിപ്പിച്ചതോടെ നാമമാത്രമായ സംവരണം പോലും ദലിതർക്ക് അപ്രാപ്യമായി. ബജറ്റ് വിഹിതം ചെലവഴിക്കുന്നതിൽ കാണിച്ചത് കെടുകാര്യസ്ഥത എന്നല്ല ബോധപൂർവമായ അവഗണന എന്നുതന്നെയാണ് പറയേണ്ടത്.

പിണറായി നയിക്കുന്നത് വലിയൊരു സ്ത്രീപക്ഷ ഭരണകൂടമാണ് എന്നാണ് വാഴ്ത്തുപാട്ടുകാർ അവകാശപ്പെടാറുള്ളത്. ഇക്കൂട്ടരുടെ സ്ത്രീവാദം സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള ഉപരിമധ്യ വർഗങ്ങളിൽവരെ മാത്രമേ എത്താറുള്ളു എന്നതാണ് നേരനുഭവം. ആദിവാസികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനവും ദലിതുകൾക്കെതിരായ അതിക്രമങ്ങളിൽ ഏഴാം സ്ഥാനവുമാണ് ഈ ഭരണത്തിന്റെ ബാക്കിപത്രം. കൊട്ടിഘോഷിച്ച അതിദരിദ്രമുക്ത കേരളം വെറും പ്രചാരണങ്ങളിൽ മാത്രമുള്ളതാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയത് സമുന്നതരായ സാമൂഹിക ചിന്തകർ തന്നെയാണ്.

‘ലൈഫ്’ പോലുള്ള പദ്ധതികൾ പുതിയൊരു അരിക് വിഭാഗത്തെ നിർമിക്കും എന്നതിനപ്പുറം കീഴാള ജനതയുടെ ഉന്നതിയെ ലക്ഷ്യം വെക്കുന്നതല്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിലവിലുള്ള സാമൂഹിക പെൻഷനുകളെ ഭരണകൂടത്തിന്റെ ഔദാര്യമായാണ് വർണിക്കപ്പെടുന്നത്.

പിണറായി ഭരണവും പാർട്ടിസംവിധാനവും മുസ്‍ലിം സമുദായത്തിൽ എത്രമാത്രം മുറിവുകളും അവിശ്വാസവുമാണ് സൃഷ്ടിച്ചത് എന്ന് ഇവിടെ വിവരിക്കുന്നില്ല. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റവും മൂന്നാംവട്ട ഭരണത്തുടർച്ചയും പ്രതീക്ഷിച്ചിരുന്ന ഇടതുമുന്നണിക്ക് അടിതെറ്റിയത് ദലിത്- പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളുടെ പ്രതികാര വോട്ടുകൾ കൊണ്ടാണെന്ന വസ്തുതയാണ് പലരും കാണാതെ പോകുന്നത്. അതായത്, ഇടതുമുന്നണിയുടെ അതിരുകടന്ന ആത്മവിശ്വാസത്തിന് കാരണമായത് അവർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സോഷ്യൽ എൻജിനീയറിങ് വിജയകരമാവും എന്ന കണക്കുകൂട്ടലാണ്. ഇതേ സോഷ്യൽ എൻജിനീയറിങാണ് ദലിത്- പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളുടെ പ്രതികാര വോട്ടുകളിലൂടെ ചിതറിത്തെറിച്ചുപോയത്.

രണ്ടാം പിണറായി സർക്കാറിന്റെ ഭരണ തുടർച്ചക്ക് സഹായകമായ സാമുദായിക വോട്ടിങ് നിലയെപ്പറ്റി ‘ദി ഹിന്ദു’ ദിനപത്രം 2021 മേയ് ആറിന് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. അതിൽ പറയുന്ന പ്രകാരം ഇന്നത്തെ ഇടത് സർക്കാറിന് 69 ശതമാനം ദലിത് വോട്ടുകളാണ് ലഭിച്ചത്. 2016ൽ അത് 51 ശതമാനമായിരുന്നു. വർധന 18 ശതമാനം. ഈഴവേതര പിന്നാക്ക സമുദായങ്ങളുടേത് 61 ശതമാനമാണ്, മുൻ തെരഞ്ഞെടുപ്പിൽ അത് 49 ശതമാനമായിരുന്നു. വർധന 12 ശതമാനം. ഈഴവ സമുദായത്തിന്റെ വോട്ടുകൾ ഇരുമുന്നണികൾക്കായി വീതിച്ചു പോയെങ്കിലും ബി.ജെ.പിക്ക് കിട്ടിയ ഈഴവ വോട്ടുകളിൽ 15 ശതമാനത്തിന്റെ കുറവുണ്ടായി. ഇതിൽ കൂടുതലും ഇടതുപക്ഷത്തിനാണ് ലഭിച്ചത്. മുസ്‍ലിം സമുദായത്തിന്റെ വോട്ടുകളിൽ ഒമ്പതുമുതൽ 20 ശതമാനം വരെ ഇടതുപക്ഷത്തിനനുകൂലമായ വർധനവുണ്ടായി. ഇതേ സമയം മുന്നാക്ക സമുദായങ്ങളിൽ നിന്ന് ഇടതുപക്ഷത്തിന് അനുകൂലമായ നേരിയ ചലനം പോലുമുണ്ടായില്ല.

ഈ വസ്തുതയിലൂടെ കടന്നുപോകുമ്പോൾ വ്യക്തമാവുന്നത്, കേരളത്തിലെ ഇടതുപക്ഷത്തെ അനിഷേധ്യ ശക്തിയായി നിലനിർത്തുന്നതും ബി.ജെ.പിയുടെ വ്യാപനത്തെ തടയുന്നതും ദലിത്-പിന്നാക്ക- മുസ്‍ലിം സാമുദായിക വോട്ടുകളാണെന്നാണ്. ഈ യാഥാർഥ്യത്തെ അവഗണിച്ചുകൊണ്ട് ദലിതരും പിന്നാക്കക്കാരും മുസ്‍ലിംകളും, തങ്ങളുടെ പാർട്ടി അടിമത്തത്തിന്റെ ശാശ്വത നുകം പേറുന്നവരാണെന്നും ഭരണകൂടത്തിന്റെ ബലത്തിൽ അവരെ എക്കാലവും അടക്കി നിർത്താമെന്നുമുള്ള വ്യാമോഹത്തെയാണ് ഇതേ ജനങ്ങൾ കടപുഴക്കിയത്.

ഇതിനൊപ്പം ശക്തികേന്ദ്രങ്ങളായി കണക്കാക്കിയിരുന്ന പലയിടങ്ങളിലും പാർട്ടി വോട്ടുകളിൽ വലിയ ചോർച്ചയുണ്ടായി. 2021ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ ഇത് വ്യക്തമായതാണ്. ഇതിനർഥം, പാർട്ടി അണികൾക്ക് നേതൃത്വത്തിൽ വിശ്വാസമില്ലാതെയായി എന്നതാണ്. മാത്രമല്ല, രാഷ്ട്രീയ നേതൃത്വം തന്നെ അപ്രസക്തമാവുകയും ചെയ്തിരിക്കുന്നു.

ഇതേസമയം ഐക്യജനാധിപത്യ മുന്നണി സമൂഹത്തിലെ ‘ചെറു ഘടകങ്ങളുമായി’ ഒരു ബന്ധം സ്ഥാപിച്ചിരുന്നു. ആശാസമരം പോലുള്ളവ മാത്രമല്ല, തിരുവിതാംകൂറിലെ നിരവധി ദലിത് സംഘടനകളുമായും ചില മുസ്‍ലിം സംഘടനകളുമായും അവർ നീക്കുപോക്കുണ്ടാക്കി. ഹിന്ദു ഭൂരിപക്ഷ വോട്ടുകൾ ഏകീകരിക്കുക എന്ന പിണറായി വിജയന്റെ സോഷ്യൽ എൻജിനീയറിങ്ങിന് യഥാർഥത്തിൽ ബദലായത് ഇത്തരം നീക്കുപോക്കുകളും സംവാദാത്മകതയുമാണ്.

ചുരുക്കിപ്പറഞ്ഞാൽ, പുതുകാലത്തെയും ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും തിരിച്ചറിയാനാവാതെ ഭൂതകാല വിസ്മൃതികളിൽനിന്ന് പുറത്തുവരാൻ കഴിയാത്തതിന്റെ പ്രതിസന്ധികളാണ് മാർക്സിസ്റ്റ് പാർട്ടിയെയും ഭരണകൂടത്തെയും ഇപ്പോൾ വേട്ടയാടുന്നത്.

Tags:    
News Summary - The revenge logic of the grassroots community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.