പാരിസ് ലൂവ്രെ മ്യൂസിയത്തിലെ റോമൻ ശില്പം
ദേശീയതയുടെ ചരിത്ര സ്മരണകൾ സമാഹരിക്കപ്പെടുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഇടങ്ങൾ എന്ന നിലയിലാണ് ആധുനിക കാലത്ത് മ്യൂസിയങ്ങൾക്ക് പ്രാധാന്യമുള്ളത്. സന്ദർശകർക്ക് കാണാനും വിദ്യാർഥികൾക്കും ഗവേഷകർക്കും പഠിക്കാനും സഹായകരമാകുന്നു എന്നതിനൊപ്പം ദേശീയതയുടെ ചിഹ്നപരതയെ കാലബന്ധിതമായി അടയാളപ്പെടുത്തുന്നു എന്നതാണ് ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ സവിശേഷത.
പാരിസിലെ ലൂവ്രെ മ്യൂസിയമടക്കം യൂറോപ്പിലെ ഒട്ടേറെ രാജ്യങ്ങളിലെ പ്രധാനപ്പെട്ട മ്യൂസിയങ്ങൾ ഈ ലേഖകൻ സന്ദർശിക്കുകയുണ്ടായി. അവയിലെ കാഴ്ചകളിലൂടെ കടന്നുപോകുമ്പോൾ ശ്രദ്ധേയമായി അനുഭവപ്പെട്ട ഒരു കാര്യം; യൂറോപ്പിലെ എല്ലാ ദേശരാഷ്ട്രങ്ങൾക്കും ബാധകമായ അടിമത്തത്തെയും അധിനിവേശത്തെയുംകുറിച്ചുള്ള രേഖകളും പുരാവസ്തുക്കളും ഇവിടങ്ങളിൽ അപൂർവമായി മാത്രമേ പ്രദർശിപ്പിക്കപ്പെടുന്നുള്ളൂ എന്നതാണ്.
ഇതേസമയം, യൂറോപ്പിന്റെ ഭൂതകാല മഹത്വത്തെയും വെള്ളക്കാരായ ഭരണവർഗങ്ങളുടെ വംശീയ മേന്മയെയും ഉദ്ഘോഷിക്കുന്ന ചരിത്ര വസ്തുക്കളും കലാശേഖരങ്ങളും നിറഞ്ഞുകാണുകയും ചെയ്യും. രാജാക്കന്മാരുടെയും പ്രഭുക്കളുടെയും ബിഷപ്പുമാരുടെയും പുരാതനമായ പാരമ്പര്യവഴികളും യുദ്ധസ്മരണകളും സാഹസിക സഞ്ചാരികളുടെ യാത്രാവിവരണങ്ങളും അതീവ സൂക്ഷ്മമായിത്തന്നെ ക്രമീകരിച്ചുവെച്ചിട്ടുള്ളതായി കാണാവുന്നതാണ്.
അവർ കൈയ്യാളിയിരുന്ന പദവികളെ സൂചിപ്പിക്കുന്ന അലങ്കാര ചിഹ്നങ്ങളും വിദേശത്തുനിന്നും സ്വദേശത്തുനിന്നും കിട്ടിയ പുരാവസ്തുക്കളും പാരിതോഷികങ്ങളും ഇത്തരം പ്രദർശന വസ്തുക്കളിൽ ഉൾപ്പെടും.
എല്ലാറ്റിനും ഉപരിയായി യൂറോപ്പിന്റെ അതിവിദൂര ഭൂതകാലത്തെ മായികമായും സ്വപ്നസമാനമായും രേഖപ്പെടുത്തുന്ന ഒട്ടേറെ പ്രതീകങ്ങൾ മ്യൂസിയങ്ങളിൽ എല്ലായിടങ്ങളിലും സുലഭമായി പ്രദർശിപ്പിക്കുന്നുണ്ട്. ഈ മിത്തിക്കൽ അനുഭൂതി മണ്ഡലത്തിന്റെ അപരസ്ഥാനത്ത് നിലകൊള്ളുന്നു എന്നതിനാലാവാം അടിമത്തത്തിന്റെയും അധിനിവേശത്തിന്റെയും അനുഭവങ്ങൾ ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടുന്നതെന്ന് വിചാരിക്കാവുന്നത്.
യൂറോപ്പിലെ സ്വതന്ത്രമായ ഓരോ ദേശരാഷ്ട്രവും അവയിലെ ഭരണാധികാര വർഗവും സ്വന്തം കഴിവും ബുദ്ധിശക്തിയും വിഭവങ്ങളും മാത്രമുപയോഗിച്ചുകൊണ്ട്, പരസഹായമില്ലാതെ സ്വയം സമ്പൂർണതയിലേക്ക് ഉയർന്നു എന്ന പ്രതീതിയാണ് മേൽപറഞ്ഞ മ്യൂസിയങ്ങൾ പ്രദാനം ചെയ്യുന്നത്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇന്നത്തെ യൂറോപ് ചരിത്രത്തിന്റെ ചാലകശക്തിയായി നിലനിൽക്കുന്നു എന്നും സ്വയം അവകാശപ്പെടുന്നത് തങ്ങൾ ഒറ്റക്കും പരസഹായമില്ലാതെയും വികസിക്കുകയാണ് ചെയ്തതെന്ന മേന്മാവാദത്തിന്റെ പിൻബലത്തിലാണ്.
യഥാർഥത്തിൽ ഇത്തരം അവകാശവാദങ്ങളുടെ പിന്നാമ്പുറത്തുള്ളത് നഗ്നമായ കൊള്ളയടികളും രക്തച്ചൊരിച്ചിലുകളും തന്നെയാണ്. ഏഷ്യൻ-ആഫ്രിക്കൻ നാടുകളിലെ തദ്ദേശീയ ജനതകളെ കൂട്ടക്കശാപ്പ് ചെയ്തും അവരുടെ വിഭവങ്ങളെയും ഈ പ്രദേശങ്ങളെയും അതിക്രൂരമായി അധിനിവേശപ്പെടുത്തിയുമാണ് യൂറോപ്പിന്റെ മഹനീയ മാതൃകകൾ ഓരോന്നും പടുത്തുയർത്തിയിട്ടുള്ളത്.
ആദ്യമായി സാഹിത്യത്തിനുള്ള പുലിറ്റ്സർ ൈപ്രസും നൊബേൽ പുരസ്കാരവും ലഭിച്ച ആഫ്രോ-അമേരിക്കൻ എഴുത്തുകാരിയാണ് റ്റോണി മോറിസൺ. അവരുടെ പ്രശസ്തമായ ‘ബിലവഡ്’ എന്ന നോവൽ സമർപ്പിച്ചിട്ടുള്ളത് അടിമത്തം മൂലം മരിച്ചുപോയ 60 കോടി മനുഷ്യർക്കാണ്. ഈ സംഖ്യ ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണോ എന്ന് ഒരു അഭിമുഖ സംഭാഷണത്തിൽ ചോദ്യമുന്നയിക്കപ്പെട്ടപ്പോൾ പറഞ്ഞ മറുപടി ഇപ്രകാരമാണ്. ‘‘ഇരുന്നൂറ് കോടി മരിച്ചുവെന്നാണ് ചില ചരിത്രകാർ പറയുന്നത്. എനിക്ക് കിട്ടിയ ഏറ്റവും ചെറിയ സംഖ്യയാണ് അറുപത് കോടതി. കോംഗോ വലിയൊരു നദിയാണ്. അതിലൂടെ യാത്ര ചെയ്ത ചിലരുടെ യാത്രാവിവരണങ്ങളിൽ പറയുന്നത്-നദിയിലൂടെ തോണിയിറക്കാൻ ഞങ്ങൾക്ക് പറ്റിയില്ല, മൃതദേഹങ്ങളായിരുന്നു നദി നിറയെ. തടികൾ കൂട്ടിയിട്ട് കടക്കാൻ പറ്റാത്തതുപോലെ അത്രയധികം പേരാണ് മരിച്ചത്. പകുതി ആളുകൾ ഇറങ്ങുന്നതിനുമുമ്പ് കപ്പലുകളിൽ തന്നെ മരിച്ചു. ഇപ്പോഴത്തെ കറുപ്പിന്റെ കാര്യം പോലെയായിരുന്നു അടിമക്കച്ചവടം. നിയമവിരുദ്ധമാണ്. എങ്കിലും ആരുമത് തടഞ്ഞില്ല. മനുഷ്യജീവിക്ക് ആയിരം ഡോളർ കിട്ടുന്നത് സങ്കൽപിച്ചുനോക്കൂ. വലിയ പണമാണത്. ഈ രാജ്യത്ത് ആ രീതിയിൽ വലിയ സമ്പത്താണ് ഉണ്ടായിട്ടുള്ളത്. ഞാനെഴുതിയ കൃതികളിൽ ഏറ്റവും കുറച്ചു വായിക്കപ്പെടേണ്ട കൃതിയാണ് ഇതെന്ന് ഞാൻ ചിന്തിച്ചു. കാരണം, കഥാപാത്രങ്ങൾ ഓർക്കാൻ ആഗ്രഹിക്കാത്ത ഒന്നിനെ കുറിച്ചാണിത്. ഓർക്കാൻ എനിക്കാഗ്രഹമില്ല. കറുത്തവർക്ക് ഓർക്കാൻ ആഗ്രഹമില്ല. വെള്ളക്കാർക്ക് ഓർക്കാൻ ആഗ്രഹമില്ല, ഞാനുദ്ദേശിച്ചത് ദേശീയമായ വിസ്മൃതിയാണ് അത് എന്നാണ്’’!!
അടിമത്തം പലയിടങ്ങളിലും ദേശീയമായ വിസ്മൃതികളിലേക്ക് പിന്തള്ളപ്പെട്ടെങ്കിലും, മുതലാളിത്ത വളർച്ചയുടെയും സാമ്രാജ്യത്വ വികാസത്തിന്റെയും ഭാഗമായി അധിനിവേശം അതിന്റെ ആഴത്തിലുള്ള ഹിംസപരതയോടെ ഇപ്പോഴും തുടരുകയാണ്. ‘പുരോഗമനത്തിന്റെ അനിഷേധ്യത’ നാഗരികതയുടെ പുനഃസംഘടന, പടിഞ്ഞാറൻ മാനവികതയുടെ വ്യാപനം മുതലായ ആധുനികതയുടെ യുക്തികളുടെ ഓരംചേർന്ന് തന്നെയാണ് അധിനിവേശവും സാർവത്രികത പദവി കൈവരിച്ചിട്ടുള്ളത്. ഇതേസമയം, അധിനിവേശമെന്നത് സാമ്പത്തിക മേധാവിത്വമുറപ്പിക്കലും പ്രകൃതി വിഭവങ്ങളുടെ അധീനപ്പെടുത്തലും മാത്രമാണെന്നത് ചുരുക്കെഴുത്താണ്. മറിച്ച് തദ്ദേശീയ ജനതകളുടെ അപരവത്കരണവും അവരുടെ ആത്മീയ-സാംസ്കാരിക മൂലധനങ്ങളുടെ അപഹരണവും നിറഞ്ഞ സങ്കീർണമായ അവസ്ഥയാണത്.
അധിനിവേശ ശക്തികൾ തദ്ദേശീയ ജനതകളെ മൃഗവത്കരിച്ചും പിശാചുവത്കരിച്ചും പ്രതിപാദിക്കുകയാണ് ചെയ്യുക. അതിലൂടെ അധിനിവേശ ഹിംസകൾ സ്വയം ന്യായീകരിക്കപ്പെടുന്നു. അതായത് സംസ്കാരത്തിന് പുറത്തുള്ളവരെ അകത്താക്കാനുള്ള ചരിത്രഗതിയുടെ അനിവാര്യതയായും പരിഷ്‍കരണ ദൗത്യവുമായും അധിനിവേശം ചിത്രീകരിക്കപ്പെടുന്നു.
ഫ്രാൻസ് ഫാനോ എഴുതുന്നു -‘‘അധിനിവേശകർ തദ്ദേശീയ ജനതകളെ പിശാചിന്റെ രൂപാന്തരീകരണമായിട്ടാണ് വർണിക്കുന്നത്. തദ്ദേശീയ സമൂഹം മൂല്യബോധമില്ലാത്ത ഒരു ലളിതസമൂഹമാണെന്നല്ല, മറിച്ച് അവരിൽ ഒരു മൂല്യവും ഒരിക്കലും ഉണ്ടായിരുന്നില്ലെന്നാണ് വിവക്ഷിക്കപ്പെടുന്നത്. ഈ അർഥത്തിൽ അവർ പൈശാചികതയുടെ ഭാരം പേറുന്നവരും നശീകരണ പ്രവണതയുടെ രാസവസ്തുക്കളുമാണ്. അവരെ സമീപിക്കുന്ന എന്തിനെയും അവർ നശിപ്പിക്കും. സൗന്ദര്യാത്മകവും സർഗാത്മവുമായ എന്തിനെയും വികലമാക്കും. എല്ലാ കൊള്ളരുതായ്മകളുടെയും മൂർത്തീരൂപമായ അവർ സ്വയമറിയാതെ തിന്മയുടെ വീണ്ടെടുക്കാനാവാത്ത നിക്ഷേപവും ചട്ടുകവുമാവുന്നു. തെളിച്ച് പറഞ്ഞാൽ അവർ മൃഗാവസ്ഥ പിന്നിടാത്തവരാണ്’’.
പാശ്ചാത്യ മാനവികതാ വാദത്തിന്റെയും പരിഷ്‍കരണ ദൗത്യത്തിന്റെയും മുഖംമൂടി ധരിച്ച അധിനിവേശവും തദ്ദേശീയ ജനതകളെ ചരിത്രമില്ലാത്തവരും സ്വയം പ്രതിനിധീകരിക്കാൻ ശേഷിയില്ലാത്തവരുമായി പകർത്തിയെഴുതുന്നു. ഫ്രാൻസ് ഫാനോ തുടർന്നെഴുതുന്നു. ‘‘അധിനിവേശകർ ചരിത്രം സൃഷ്ടിക്കുന്നു. അവന്റെ ജീവിതം ഒരു ഇതിഹാസം ചമക്കുന്നു. ഒരു ഒഡീസി. നിതാന്തതയുടെ ആരംഭം കുറിച്ചത് അവനാണ്. ഈ ഭൂമി ഞങ്ങൾ സൃഷ്ടിച്ചതാണ്. ഞങ്ങൾ വിട്ടുപോയാൽ എല്ലാം നശിക്കും. രാജ്യം മധ്യയുഗങ്ങളിലേക്ക് മടങ്ങിപ്പോകും. അവന്റെ അഭാവത്തിൽ തദ്ദേശീയർ പുതുമകളിലേക്ക് പ്രവേശിക്കാനാവാതെ വിറങ്ങലിച്ച് നിർജീവരായി പരമ്പരാഗതമായ ആചാരങ്ങളുടെ പാപക്രിയക്ക് ജീവിതം ഹോമിക്കുന്ന ജന്തുക്കളായി മാറും. എന്നാൽ, അധിനിവേശകർ എഴുതുന്ന ചരിത്രം അയാളുടെ കൊള്ളക്ക് വിധേയമാകുന്ന രാജ്യത്തിന്റെയും മറിച്ച് എല്ലാറ്റിനെയും പുറന്തള്ളുന്ന എല്ലാറ്റിനെയും ദരിദ്രമാക്കുന്ന അവന്റെ മാതൃരാജ്യത്തിന്റെ ചരിത്രം തന്നെയാണ്’’.
തദ്ദേശീയ ജനതയെ പിശാചുക്കളും മൃഗങ്ങളുമായി ചിത്രീകരിച്ചാൽ അവരെ പറ്റിയുള്ള ഭയം മറ്റുള്ളവരിൽ രൂപപ്പെടുത്താനും പ്രചരിപ്പിക്കാനും എളുപ്പമാണ്. 1950കളിൽ വിയറ്റ്നാം അടക്കമുള്ള ഇന്തോ-ചൈന പ്രദേശങ്ങളിലേക്ക് സാമ്രാജ്യത്വശക്തികൾ അധിനിവേശം നടത്തിയപ്പോൾ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ഐസനോവർ പറഞ്ഞത് ‘‘മഞ്ഞക്കുള്ളന്മാരുടെ പിച്ചാത്തികളിൽനിന്ന് അമേരിക്കൻ ജനതയെ രക്ഷിക്കാൻ വേണ്ടിയാണ്’’ യുദ്ധം നടത്തുന്നതെന്നാണ്. ഇറാഖിൽ അന്താരാഷ്ട്ര തലത്തിലുള്ള ഗൂഢാലോചനയുടെ പിന്തുണയോടെ അധിനിവേശം നടത്തിയപ്പോൾ ഇതേ ശക്തികൾ പറഞ്ഞത്, ആ രാജ്യത്തിന്റെ ആയുധ കലവറകളിൽ മനുഷ്യരാശിയെ മുഴുവൻ ഇല്ലാതാക്കാൻ കഴിവുള്ള ജൈവായുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും ന്യൂയോർക് പോലുള്ള നഗരങ്ങളിലേക്ക് വെടിയുതിർക്കാൻ കഴിയുന്നത്ര റേഞ്ചുള്ള പീരങ്കികൾ അവർക്കുണ്ടെന്നുമാണ്.
അതിനുമുമ്പ് ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും നിതാന്തമായ പട്ടാള അട്ടിമറികൾ നടത്തുകയും രാഷ്ട്രനേതാക്കളെ വധിക്കുകയും വലിയ ആഭ്യന്തര കലാപങ്ങളിലേക്ക് അവിടത്തെ ജനതയെ വലിച്ചിഴക്കുകയും ചെയ്തിട്ടുണ്ട് ഇതേ അധിനിവേശകർ. ഹോളോകോസ്റ്റുകൾക്ക് സമാനമായ നിരവധി മനുഷ്യക്കുരുതികളാണ് രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള കാലയളവിൽ ഏഷ്യൻ-ആഫ്രിക്കൻ-അറബ് നാടുകളിൽ നടത്തിയിട്ടുള്ളത്. ഒപ്പം കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന വിധത്തിലുള്ള പ്രകൃതിനാശവും വരുത്തിവെച്ചിട്ടുണ്ട്.
ഇപ്പോൾ ഫലസ്തീനുമേൽ ഇസ്രായേൽ അധിനിവേശകർ നടത്തുന്ന വംശഹത്യകൾ ലോകമനഃസാക്ഷിക്ക് മുന്നിൽ തുറന്ന മുറിവുമായി തുടരുകയാണ്. വെനിസ്വേലയുടെ ഭരണാധികാരിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും പിടിച്ചുകൊണ്ടുപോയി അമേരിക്കൻ നിയമത്തിന് വിധേയമാക്കിയിരിക്കുന്നു. ക്യൂബക്കുമേൽ പണ്ടേയുള്ള ഉപരോധത്തിനൊപ്പം ഇപ്പോൾ ആ രാജ്യത്തെ ഇരുട്ടിലാഴ്ത്തിക്കൊണ്ട് വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയിരിക്കുന്നു. പിന്നാലെ, ഗൾഫ് മേഖലയെ ഒട്ടാകെ മാത്രമല്ല, ലോകത്തിനുതന്നെ ഭീഷണിയാകുന്ന വിധത്തിൽ ഇറാനെതിരെ നടത്തിയ ആക്രമണ യുദ്ധം.
ഇറാനിലും വെനിസ്വേലയിലും മറ്റു പല ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിലും നിലനിൽക്കുന്ന ഭരണകൂടങ്ങൾ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും സ്ത്രീവിരുദ്ധ നിയമങ്ങളുടെയും പേരിൽ അധിനിവേശത്തിന്റെ ഹിംസകളെ സാധാരണീകരിക്കുന്ന പ്രചാരണങ്ങൾ നമ്മുടെ നാട്ടിലും ശക്തിപ്പെടുന്നതായാണ് കാണുന്നത്. അധിനിവേശ ശക്തികൾ ഉന്നയിക്കുന്ന ‘ന്യായമായ യുദ്ധം’ എന്ന പ്രയോഗം വിമോചനത്തെ സൂചിപ്പിക്കുന്നതല്ലെന്ന വസ്തുതയാണ് ഇത്തരം പ്രചാരണങ്ങളെ ഏറ്റുപിടിക്കുന്നവർ മനസ്സിലാക്കേണ്ടത്. ഇത്തരമൊരു തിരിച്ചറിവില്ലെങ്കിൽ അധിനിവേശ ഹിംസകളും ചരിത്ര വിസ്മൃതിയായി മാറുകയാണ് ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.