ബീഫ് വിവാദം അനാവശ്യം

ഇന്ന് നമ്മുടെ നാട്ടിലെ ഏറ്റവും പ്രധാന പ്രശ്നമെന്ന നിലയില്‍ മാധ്യമങ്ങളില്‍ നിറയുന്ന ബീഫ് വിവാദം തികച്ചും അനാവശ്യവും ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് പറയേണ്ടി വരും. അനുകൂലിച്ചും പ്രതികൂലിച്ചും ശക്തമായ വാദമുഖങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലും വിഷയത്തിലെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ മത ഘടകങ്ങള്‍ കൊണ്ടും ഈ വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുകയാണ് വേണ്ടത്.

ഹൈന്ദവര്‍ക്ക് പശു ഒരു വിശുദ്ധ മൃഗമാണെന്നും അതിനാല്‍ അവയെ കൊന്നുതിന്നുതും മാംസം ഭക്ഷിക്കുന്നതും നിരോധിക്കുകയോ തടയുകയോ വേണമെന്നുമാണ് ബീഫ് വിരോധികള്‍ വാദിക്കുന്നത്. എന്നാല്‍ എന്തു ഭക്ഷിക്കണം എന്നത് ഒരു വ്യക്തിയുടെ തികച്ചും സ്വകാര്യമായ കാര്യമാണെന്നും അതില്‍ സമൂഹത്തിനോ ഭരണകൂടത്തിനോ ഇടപെടാനാവില്ളെന്നുമാണ് ബീഫ്
അനുകൂലികളുടെ നിലപാട്. ദാദ്രി സംഭവത്തോടെ ദേശീയതലത്തിലും ഡെല്‍ഹി കേരള ഹൗസിലെ പോലീസ് നടപടിയിലൂടെ കേരളത്തിലും ബീഫ് വിവാദം ആളിക്കത്തുകയാണ്.  

ബീഫ് വിവാദത്തിനു പിന്നിലുള്ള ഏറ്റവും വലിയ അപകടം അതിനു പിന്നിലുള്ള മതപരമായ വിചാരധാരയാണ്. അതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട വസ്തുതയും. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചതിനുശേഷം അവര്‍ക്കെതിരെ ആദ്യമായി ഇന്ത്യക്കാരുടെ ചെറുത്ത് നില്പുണ്ടായത് ആയിരത്തിയെണ്ണൂറ്റി അന്‍പത്തിയേഴിലാണ്. ശിപായി ലഹള എന്നു ബ്രിട്ടീഷുകാര്‍ വിളിക്കുന്ന ഒന്നാം സ്വാതന്ത്ര്യസമര പോരാട്ടത്തിന് തിരികൊളുത്തിയത് പക്ഷെ പശുവുമായി ബന്ധപ്പെട്ട ചില വിവാദ വിഷയങ്ങളായിരുന്നു എന്നത് മറന്നുകൂടാ. ബ്രിട്ടീഷുകാര്‍ ഉപയോഗിക്കുന്ന തോക്കുകളിലെ തിരകള്‍ക്ക് ആവശ്യമായ നെയ്യ് പശുവിനെ കൊന്നാണ് ശേഖരിക്കുന്നതെന്നും അതിനെതിരെ ഹൈന്ദവര്‍ ഉണരണമെന്നുമുള്ള ചിന്തയില്‍ നിന്നാണ് അന്ന് കലാപം ഉണ്ടായത്. കലാപം ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയെങ്കിലും പശുവും അതിന്‍്റെ മതപരമായ പരിവേഷവും ഇന്ത്യയില്‍ പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ എത്രമാത്രം ആഴത്തില്‍ വേരോടിയിരിക്കുന്നു എന്ന് ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ബോധ്യമാക്കിക്കൊടുത്ത ഒരു സംഭവമായിരുന്നു അത്. 

ഈ ചരിത്ര വസ്തുത ഓര്‍മ്മിക്കേണ്ടി വന്നത് ബീഫ് വിവാദം വീണ്ടും പുകഞ്ഞുകൊണ്ടിരിക്കുന്ന വേളയിലാണ്. സമൂഹമനസ്സില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന ഒരു സംഗതി, പ്രത്യേകിച്ചും അതിന് മതപരമായ കാരണങ്ങള്‍കൂടിയുണ്ടെങ്കില്‍ ഒറ്റയടിയ്ക്ക് അതിനെ വകഞ്ഞുമാറ്റുക സാധ്യമല്ല എന്നത് നാം ഓര്‍ക്കേണ്ടതുണ്ട്. ഉത്തരേന്ത്യയിലെ ഹൈന്ദവ മനസ്സില്‍ പശു എന്ന വികാരം വളരെ ശക്തമാണ്. ഇക്കാര്യം മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് പുതിയ ബീഫ് വിവാദം ഉയര്‍ന്നു വരുന്നതും. എന്നാല്‍ വിവാദം ക്രമേണ വര്‍ഗ്ഗീയതയിലേക്കും വിഭാഗീയതയിലേക്കും വഴുതിവീഴുകയും അതുവഴി രാഷ്ര്ടീയ മുതലെടുപ്പിനു വഴിയൊരുക്കാനുള്ള തല്പരകക്ഷികളുടെ ശ്രമങ്ങളെ നാം കരുതിയിരിക്കേണ്ടതുണ്ട്. 

ഉത്തരേന്ത്യയിലെ രാഷ്ര്ടീയമത വിചാരങ്ങള്‍ ദക്ഷിണേന്ത്യയില്‍ നിന്നും (പ്രത്യേകിച്ച് കേരളത്തിന്‍്റെ) തികച്ചും വ്യത്യസ്തമാണെന്നതുകൂടി നാം ഓര്‍ക്കേണ്ടതുണ്ട്. ഒരുവേള കേരളത്തിലെ സാമൂഹിക സാഹചര്യങ്ങള്‍ വച്ച് ഉത്തരേന്ത്യയിലെ സ്ഥിതിഗതികളെ അളക്കുന്നത് ഹിമാലയന്‍ മണ്ടത്തരമാകും. ജാതിമത സമവാക്യങ്ങളുടെയും പിന്‍തിരിപ്പന്‍ ആശയങ്ങളുടെയും വിളഭൂമിയായ ഉത്തരേന്ത്യയുടെ മനസ്സ് എളുപ്പത്തില്‍ ആളിക്കത്തിക്കാന്‍ കഴിയുന്നതുകൊണ്ടാണല്ളോ ഘോരമായ കലാപങ്ങളും അക്രമങ്ങളും പല തവണ അവിടെ അരങ്ങേറുന്നത്. 

പശു അടക്കമുള്ള മാടുകളുടെ മാംസം രണ്ടായിരത്തി പതിനൊന്നിലെ അറവുശാലാ ചട്ടങ്ങളനുസരിച്ച് ഭക്ഷ്യയോഗ്യമാണ്. എന്നാല്‍ കേരളം, ത്രിപുര, അരുണാചല്‍, മേഘാലയം, മിസോറം, നാഗലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലൊഴിച്ച് ഗോവധത്തിന് നിയന്ത്രണങ്ങളുണ്ട്. അതിനു പിന്നില്‍ തീര്‍ച്ചയായും ബഹുജന താല്പര്യം ഉണ്ടായിരിക്കുമെന്നുള്ളതും നിസ്തര്‍ക്കമാണല്ളോ. ചുരുക്കത്തില്‍ ബീഫ് വിവാദം പോലുള്ള രാഷ്ര്ടീയ മത മാനങ്ങളുള്ള വിവാദങ്ങള്‍ക്കു പിന്നില്‍ നിക്ഷിപ്ത താല്പര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നു എന്നതാണ് സത്യം. അതിനാല്‍ തന്നെ കാര്യങ്ങളെ ആഴമായി മനസിലാക്കാതെ ഇത്തരം വിവാദങ്ങളിലേക്ക് എടുത്തു ചാടുന്നത് ആപത്കരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും. ഇത് മുന്നില്‍ കണ്ടുകൊണ്ട് വേണം ബീഫ് വിവാദം പോലുള്ള സംഗതികളില്‍ പൊതുസമൂഹം ഇടപെടേണ്ടത്. സമൂഹത്തില്‍ വിഭാഗീയത വളര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികളുടെ കരുക്കളായി നാം മാറിക്കൂടാ. 

ഇവിടെ നാം മറന്നുപോകുന്ന മറ്റു ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. നാല്പത് കോടിയിലേറെ ജനങ്ങള്‍ പട്ടിണി കിടക്കുന്ന നാടാണ് നമ്മുടേത്. ഇത് അമേരിക്കയിലെ ജനസംഖ്യയെക്കാള്‍ കൂടുതലാണ് എന്നോര്‍മ്മിക്കണം. അവിടുത്തെ ആകെ ജനസംഖ്യ 33 കോടി മാത്രമാണ്. വികസനത്തിന്‍്റെയും മുേന്നറ്റത്തിന്‍്റെയുമൊക്കെ പളുപളുത്ത കഥകള്‍ കേട്ടിട്ടുപോലുമില്ലാത്ത ദരിദ്രനാരായണന്‍മാര്‍. വിദ്യാഭ്യാസം ചെയ്യാനാവാതെ ബാലവേലയ്ക്കിറങ്ങുന്നകുട്ടികള്‍, ഒരു നേരത്തെ ആഹാരത്തിനുവേണ്ടി കച്ചവടം ചെയ്യപ്പെടുന്ന പെണ്‍കുട്ടികള്‍, ആധുനിക ലോകത്തിന്‍്റെ കരാളതകളോടും കച്ചവട താല്പര്യങ്ങളോടും പിടിച്ചു നില്ക്കാനാവാതെ ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍, പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍, എല്ലാ മേഖലകളിലുമുള്ള അഴിമതിയും ബ്യൂറോക്രസിയുടെ നീരാളിപ്പിടുത്തവും, പിന്നോക്ക ഗ്രാമങ്ങളിലെ ഫ്യൂഡല്‍ മാടമ്പിത്തത്തിന്‍്റെയുംജാതി മത വര്‍ഗീയശക്തികളുടെയും അഴിഞ്ഞാട്ടവും അക്രമങ്ങളും.... ഇന്ത്യ എന്നും കണ്ണീര്‍ വാര്‍ക്കുകയാണ്.

സ്വാതന്ത്ര്യം കൈവന്ന് എഴുപതാണ്ടുകള്‍ക്ക് ശേഷവും എന്തെല്ലാം ഹീനതകളുടെ വിഴുപ്പുഭാണ്ഡവും പേറിയാണ് ഭാരതമാതാവിന്‍്റെ നില്പ്. ഭാരതാംബയുടെ കണ്ണീര്‍ തുടയ്ക്കേണ്ട ചുമതലയാണ് ഓരോ ഭാരത പൗരന്‍്റെയും കടമ. നമുക്ക് വേണ്ടത് മുദ്രാവാക്യങ്ങളോ വര്‍ഗീയതയോ അല്ല സമഗ്ര വികസനമാണ്. സമ്പത്തുകൊണ്ടു മാത്രം യഥാര്‍ത്ഥ വികസനം വെന്നത്തുകയില്ല. ഇന്ത്യയുടെ മനസ്സ് ഇന്നും അര്‍ദ്ധ ഫ്യൂഡലിസത്തിന്‍്റെയും ജന്മിത്തത്തിന്‍്റെയും മതാത്മകതയുടെയും മനസ്സാണ്. മതേതരത്വം ഭരണഘടനയില്‍ എഴുതി വച്ചിരിക്കുന്ന വാചകം മാത്രമായിക്കൂടാ. രാഷ്ട്രീയപ്പാര്‍ട്ടികളുടെ മുദ്രാവാക്യം മാത്രമായിക്കൂടാ. സമൂഹത്തിലേക്ക് മതേതരത്വം ഇറങ്ങി വരേണ്ടിയിരിക്കുന്നു.

ഇക്കഴിഞ്ഞ ദിവസം പ്രമുഖ ചരിത്രകാരി റോമില ഥാപ്പര്‍ പറഞ്ഞ അഭിപ്രായം ഏറ്റവും ശ്രദ്ധേയവും സുപ്രധാനവുമായ ഒന്നാണ്. ഇന്ത്യയുടെ പൊതുമനസ്സ് ഇനിയും മതേതരവത്കരിക്കപ്പെട്ടില്ല എന്നാണ് അവര്‍ ചൂണ്ടി ക്കാട്ടിയത്. മതേതരത്വത്തിന് പരമ പ്രാധാന്യം കൊടുക്കുന്ന ഭരണഘടനയും ഭരണകൂടങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെയുള്ള ഇന്ത്യയില്‍ പൊതുസമൂഹത്തില്‍മതത്തിന്‍്റെ ഇടപടല്‍ വളരെ ശക്തമാണ്. ദുരഭിമാന കൊലകള്‍ നടത്തുന്ന ഖാപ് പഞ്ചായത്തുകളും മതാധിഷ്ഠിതവും ജാത്യാധിഷ്ഠിതവുമായ മുന്‍വിധികളോടെ പ്രവര്‍ത്തിക്കുന്ന പൊതുമനസ്സും ഇന്ത്യന്‍ മതേതരത്വത്തിന് വെല്ലുവിളിയായി തുടരുന്ന കാര്യം മുംബൈയില്‍ നടന്ന ഒരു സെമിനാറില്‍ സംസാരിക്കവെ ശ്രീമതി ഥാപ്പര്‍ അടിവരയിട്ട് പറയുകയുണ്ടായി. ഇന്ത്യയുടെ യഥാര്‍ത്ഥ വികസനം സാധ്യമാകണമെങ്കില്‍, അതിനായി ആദ്യം തന്നെ വേണ്ടി വരുന്നത്  വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങിയവ സാര്‍വ്വലൗകികമാക്കുകയാണ് എന്ന പ്രമുഖ പത്രപ്രവര്‍ത്തകനായ പ്രവീണ്‍ സ്വാമി ചൂണ്ടിക്കാട്ടിയതും അടുത്തിടെയാണ്. നമ്മുടെ തിളച്ചു മറിയുന്ന വിഷയങ്ങളായ ബീഫ് വിവാദവും മറ്റും യഥാര്‍ത്ഥത്തില്‍ ഒരു ആധുനിക സമൂഹമെന്നനിലയിലുള്ള നമ്മുടെ പരിമിതികളെയും പരാധീനതകളെയുമാണ്
പ്രതിഫലിപ്പിക്കുന്നത്. നമ്മുടെ പൊതുസമൂഹത്തെ മതേതരവത്കരിക്കുന്നതിനും പുരോഗമനോന്മുഖമാക്കുന്നതിനുമുള്ള കൂട്ടായ പരിശ്രമമാണ് ഇത്തരുണത്തില്‍ നമുക്ക് ആവശ്യമായിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.