സമാധാനമായി പള്ളി പണിയാൻ ഗണപതിയോട് പ്രാർത്ഥിച്ച് കന്യാസ്ത്രീ; എന്താണ് സത്യം

ഗണപതിയുടെ ചിത്രത്തിന് മുന്നിൽ പ്രാർത്ഥിക്കുന്ന കന്യാ സ്ത്രീയുടെ ചിത്രം അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സമാധാനമായി ക്രിസ്ത്യൻ പള്ളി പണി പൂർത്തിയാക്കാൻ ഭഗവാൻ ഗണപതിയോട് പ്രാർത്ഥിക്കുന്ന കന്യാ സ്ത്രീ എന്ന കുറിപ്പോടെയാണ് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളിൽ വാർത്തയും ചിത്രവും പ്രചരിച്ചത്.

ഗണപതിയുടെ ഫോട്ടോയിൽ കത്തോലിക്കാ കന്യാസ്ത്രീയുടെ വേഷത്തിൽ പ്രാർത്ഥിക്കുന്ന സ്ത്രീയുടെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇടത് വശത്ത് സ്കൂൾ യൂനിഫോമിൽ കുറച്ച് കുട്ടികളും വലതുവശത്ത് ചില പുരുഷന്മാരും ഉള്ള ഒരു മതപരമായ സമ്മേളനത്തിലാണ് പ്രാർത്ഥന നടക്കുന്നത്. ചിത്രത്തിന് മുകളിൽ തമിഴിൽ എഴുതിയിരിക്കുന്ന വാചകം കാണാം, "പള്ളി പണിയുമ്പോൾ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ അവർ ഗണപതി പൂജ നടത്തുന്നു" -ഇതാണ് അടിക്കുറിപ്പ് ആയി കൊടുത്തിരിക്കുന്നത്.

ഈ ഫോട്ടോ ആയിരക്കണക്കിന് പേർ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലും ഇത് വ്യാപകമായി പ്രചരിക്ക​പ്പെട്ടു. നിലവിൽ ചിത്രത്തിന്റെ വസ്തുത സംബന്ധിച്ച് അന്വേഷണം നടത്തി യഥാർത്ഥ വിവരം പുറത്തെത്തിച്ചിരിക്കുകയാണ് വസ്തുതാന്വേഷണ വെബ്സൈറ്റായ 'ആൾട്ട് ന്യൂസ്'. ചിത്രത്തിന്റെ ആധികാരികത അന്വേഷിച്ച് യഥാർത്ഥ വസ്തുത കണ്ടെത്തി പുറത്തെത്തിക്കണമന്ന് നിരവധി വായനക്കാർ തങ്ങളോട് ആവശ്യപ്പെട്ടെന്ന് ആൾട്ട് ന്യൂസ് പറയുന്നു.

വസ്തുതാ പരിശോധന:

ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, ഒംലങ്ക എന്ന വെബ്‌സൈറ്റിന്റെ റിപ്പോർട്ടിൽ നിന്നാണ് ഫോട്ടോകൾ തെരഞ്ഞെടുത്തതെന്ന് ആൾട്ട് ന്യൂസ് കണ്ടെത്തി. വെബ്‌പേജോ വെബ്‌സൈറ്റോ ആക്‌സസ് ചെയ്യാൻ കഴിയില്ല.

എന്നിരുന്നാലും, വെബ്‌സൈറ്റിന്റെ ഒരു ആർക്കൈവ് വേബാക്ക് മെഷീനിൽ ലഭ്യമാണ്. ഇത് മുൻകാലങ്ങളിൽ വിവിധ സമയങ്ങളിൽ വെബ്‌സൈറ്റുകൾ എങ്ങനെയായിരുന്നുവെന്ന് കാണാൻ സഹായിക്കുന്നു. ഈ സേവനത്തിലൂടെ ലേഖനം വീണ്ടെടുത്തു. 2016 ജനുവരി 20ലെ ലേഖനത്തിന്റെ സ്ക്രീൻഷോട്ട് എടുത്തു. സോണൽ വിദ്യാഭ്യാസ ഡയറക്ടർ സഹദുൽ നജീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീല സിരി നിർമ്മലേശ്വര കുരുക്കൾ പൂജകൾ നടത്തി. ഈ പരിപാടിയുടെ സ്‌നാപ്പ്‌ഷോട്ടുകളായി തോന്നിയതിൽ നിന്ന് മറ്റ് നിരവധി വൈറൽ ചിത്രങ്ങളും കണ്ടെത്തി.

തായ് പൊങ്കൽ ആഘോഷവേളയിൽ ശ്രീലങ്കയിലെ സമ്മൻതുറൈ ജില്ലയിൽ നിന്നുള്ള ആചാരമായിരുന്നു ഇതെന്ന് ലേഖനത്തിൽ പറയുന്നു. ഈ പ്രത്യേക പ്രദേശത്ത്, ബുദ്ധമത, ക്രിസ്ത്യൻ, മുസ്ലീം മത നേതാക്കൾ ഒരുമിച്ചാണ് ഉത്സവം ആഘോഷിക്കുന്നത്.

ഒരു കീവേഡ് സെർച്ച് നടത്തിയപ്പോൾ, 2015ൽ ദി മരാസു എഴുതിയ ലേഖനത്തിൽ സമ്മന്തുറയിലെ വിദ്യാഭ്യാസ ഡയറക്ടർ സഹദുൽ നജീമിന്റെ ഫോട്ടോകൾ ഞങ്ങൾ കണ്ടെത്തി. തമിഴിലാണ് ലേഖനം എഴുതിയിരിക്കുന്നത്. "അന്താരാഷ്ട്ര ശിശുദിനത്തോടനുബന്ധിച്ച് സമ്മന്തുറ സോണൽ എജ്യുക്കേഷൻ ഓഫീസ് സംഘടിപ്പിച്ച ജില്ലാതല ശിശുദിന പരിപാടികൾ ഇന്ന് സവൽക്കട വീരട്ടിടൽ അൽ ഹിദായ മഹാ വിദ്യാലയത്തിൽ വെച്ച് നടന്നു" എന്ന് പരിഭാഷപ്പെടുത്തിയ ലേഖനത്തിന്റെ ആദ്യ ഖണ്ഡിക പറയുന്നു.

സമ്മന്തുറ മേഖലാ വിദ്യാഭ്യാസ മന്ത്രി സഹദുൽ നജീമാണ് രണ്ട് പരിപാടികൾക്കും നേതൃത്വം നൽകിയത്. വൈറലായ ഫോട്ടോ ശ്രീലങ്കയിലെ സമ്മൻതുറൈയിൽ നിന്നുള്ളതാണെന്ന് ഇത് കൂടുതൽ സ്ഥിരീകരിക്കുന്നു.

ശ്രീലങ്കയുടെ ചില ഭാഗങ്ങളിൽ ഇത്തരമൊരു സംഭവം നടക്കാൻ സാധ്യതയുണ്ടോ എന്ന് ചോദിക്കാൻ ആൾട്ട് ന്യൂസ് ശ്രീലങ്കൻ മാധ്യമപ്രവർത്തക ദിൽരുക്ഷി ഹന്ദുനെറ്റിയെ ഇ മെയിൽ വഴി സമീപിച്ചു. ശ്രീലങ്കയിലെ തമിഴ് ഹിന്ദു സമൂഹമാണ് തായ് പൊങ്കൽ ആഘോഷിക്കുന്നതെന്ന് അവർ ഞങ്ങളോട് പറഞ്ഞു. "വൈദികർ ഉൾപ്പെടെയുള്ള മറ്റ് മതസ്ഥർ ആഘോഷങ്ങളിൽ പങ്കുചേരുന്നത് പതിവാണ്. എന്നിരുന്നാലും, ബഹുമത, ബഹു-സാംസ്കാരിക പരിപാടികൾ പ്രോത്സാഹിപ്പിക്കുന്ന പുതിയ പ്രസ്ഥാനങ്ങളും ശ്രീലങ്കയിലുണ്ട്. ആഘോഷങ്ങളിൽ പങ്കുചേരാൻ പ്രദേശത്തെ ആളുകളെയും ക്ഷണിക്കും" -അവർ പറഞ്ഞു.

ശ്രീലങ്കയിലെ സമ്മൻതുറൈയിൽ നടക്കുന്ന ഒരു സർവമത ആഘോഷമാണിത്, അവിടെ മറ്റ് മതങ്ങളിൽ നിന്നുള്ള ആളുകൾ ഫെസ്റ്റിൽ പങ്കെടുക്കുന്നത് പതിവാണ്. പ്രസ്തുത ചിത്രമാണ് ഇന്ത്യയിൽ കന്യാ സ്ത്രീ ഗണപതിയെ പൂജിക്കുന്നു എന്ന പേരിൽ ഹിന്ദുത്വ സംഘടനകൾ പ്രചരിപ്പിക്കുന്നത്. 

Tags:    
News Summary - Christians praying to Hindu deity for peacefully building church?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.