സ്കൂളിൽനിന്ന് ചുവടുവെക്കാം, നവകേരളത്തിലേക്ക്

കോവിഡ് മഹാമാരി പ്രതിബന്ധം സൃഷ്ടിച്ച രണ്ടു വർഷങ്ങൾക്കുശേഷം വീണ്ടുമൊരു ജൂൺ മാസത്തിൽ നമ്മുടെ കുട്ടികൾ സ്‌കൂളുകളിലെത്തുന്നു. അവരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിപുല ക്രമീകരണങ്ങൾ ആണ് വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്.

സ്‌കൂൾകെട്ടിട അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. ശൗചാലയങ്ങൾ വൃത്തിയാക്കി. പാഠപുസ്തകങ്ങൾ സ്‌കൂളുകളിൽ എത്തിച്ചു. പൊതുജന സഹകരണത്തോടെ സ്‌കൂളും പരിസരവും ശുചിയാക്കി. കുഞ്ഞുങ്ങളുടെ മാനസികോല്ലാസം ലക്ഷ്യമാക്കി വർണശബളമായ അലങ്കാരങ്ങളും സജ്ജീകരിക്കുന്നുണ്ട്. വലിയ ആവേശത്തോടെയും സന്തോഷത്തോടെയും വരുന്ന കുട്ടികൾ നിരാശരാവില്ല എന്ന് ഉറപ്പിക്കാം.

വിദ്യാഭ്യാസ മേഖലയിൽനിന്ന് സർക്കാർ പിൻവാങ്ങണം എന്ന ആഗോളവത്കരണ ശക്തികളുടെ നിലപാടിന് അനുഗുണമായ നയങ്ങൾ ഉയർന്നുവരുമ്പോൾ പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുക എന്ന ബദൽ വിദ്യാഭ്യാസ നയസമീപനം കേരളത്തിലെ ഇടതുപക്ഷ സർക്കാർ മുന്നോട്ടു വെക്കുന്നു. കഴിഞ്ഞ ആറുവർഷത്തിനുള്ളിൽ പത്തര ലക്ഷം കുട്ടികൾ കൂടുതലായി പൊതുവിദ്യാലയങ്ങളിൽ പ്രവേശനം തേടി. ഇക്കൊല്ലവും ഈ സ്ഥിതി തുടരുമെന്നുതന്നെയാണ് സൂചനകൾ.

അക്കാദമിക മികവിലും നാം പിന്തള്ളപ്പെടരുത്. നവോത്ഥാന കേരളം ഇന്ന് വിജ്ഞാനസമൂഹമായി കുതിക്കുവാനുള്ള തയാറെടുപ്പിലാണ്. അതിനുള്ള അടിത്തറ ഒരുക്കേണ്ടത് സ്കൂളുകളിൽ ആണെന്ന് മറന്നുകൂടാ. അന്താരാഷ്ട്ര തലത്തിലുള്ള മത്സരപരീക്ഷകളിൽ കേരളത്തിലെ കുട്ടികൾ മുന്നിൽ എത്തണം. അതിനാവശ്യമായ വിദഗ്‌ധ പരിശീലനം പള്ളിക്കൂടങ്ങളിൽനിന്ന് ലഭിക്കണം. അവർക്ക് ആത്മവിശ്വാസവും പോസിറ്റിവായ മത്സരബുദ്ധിയും ഉണ്ടാകണം.

പഠനം കേവലം പരീക്ഷാ വിജയം മാത്രമല്ല. കുട്ടികൾക്ക് കടുത്ത മാനസിക സമ്മർദം നൽകികൊണ്ട് പരീക്ഷകളിൽ ഒന്നാമതാക്കുക എന്നതല്ല പൊതുവിദ്യാഭ്യാസ നയം. അതി സങ്കീർണവും പ്രശ്നാധിഷ്ഠിതവുമായ ഭാവിസമൂഹത്തിൽ അതിജീവിക്കുവാൻ പ്രാപ്തിനേടുക എന്നതും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്. പരിസ്ഥിതി ബോധം, ലിംഗാവബോധം, ശുചിത്വ ബോധം തുടങ്ങിയവ കുട്ടികൾക്ക് ഉണ്ടാകുന്നതിനും വിദ്യാഭ്യാസത്തിലൂടെ കഴിയണം.

നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. ജനാധിപത്യപരമായ വിദ്യാഭ്യാസരീതിയിലൂടെ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിദ്യാഭ്യാസം നൽകുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുവഹിക്കാനുണ്ട്. അത്തരത്തിൽ ഉയർന്നതലത്തിലേക്ക് വളരാൻ തങ്ങൾക്ക് കഴിയുന്നുണ്ടോ എന്ന് സ്വയം വിലയിരുത്താൻ അധ്യാപകരെ പരിശീലിപ്പിക്കാൻ ഇക്കൊല്ലം ശ്രമിക്കുന്നുണ്ട്.

ഇത്തവണ അധ്യാപകർക്ക് ഉത്തരവാദിത്തം കൂടുതലായിരിക്കും. കാരണം, രണ്ടുവർഷം വീടുകളിൽ മാത്രം കഴിഞ്ഞ കുട്ടികൾക്ക് പലരീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടായേക്കാം. പ്രൈമറി ക്ലാസിൽ ആദ്യമായി സ്‌കൂളിൽ വരുന്ന കുട്ടികളാണെന്ന് ഓർക്കുക. ഏകാന്തതയും ഒറ്റപ്പെടലും അനുഭവിച്ച കുട്ടികൾക്ക് കൂട്ടംകൂടാനോ കൂട്ടത്തിൽ ജീവിക്കുവാനോ ഉള്ള അറിവ് ഉണ്ടാവില്ല. സ്ക്രീൻ അഡിക്ഷന് പല കുട്ടികൾക്കും ചികിത്സ ആവശ്യമായിപോലും വന്നിരുന്നു.

ഇക്കാരണങ്ങളാൽ സാധാരണ പഠനവിടവ് മാത്രം പരിഗണിക്കുന്ന സ്ഥാനത്ത് വൈകാരിക, സാമൂഹിക, മാനസിക പ്രശ്നങ്ങൾ കൂടി അധ്യാപകർ അനുതാപത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിനാൽ ഈ മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ സ്വരൂപിച്ചുകൊണ്ടാണ് സർക്കാർ അധ്യാപകർക്ക് ഇക്കൊല്ലം പരിശീലനം നൽകിയത്. കുട്ടിയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തിയാൽ മാത്രമേ പഠനനിലവാരവും മെച്ചപ്പെടൂ.

അധ്യാപകരുടെ പ്രഫഷനലിസം വികസിപ്പിക്കുക എന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനു അനിവാര്യമാണ്. അധ്യാപക പരിശീലനം റെസിഡൻഷ്യൽ മാതൃകയിൽ ആക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ ഇക്കൊല്ലം ഒരു ശ്രമം തുടങ്ങിവെച്ചിട്ടുണ്ട്.

സമ്പൂർണ സാക്ഷരമാണ് കേരളമെങ്കിലും ഇനിയും ഏറെ ദൂരം മുന്നോട്ടുപോയാൽ മാത്രമേ നമുക്ക് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സമത്വാധിഷ്ഠിത സമൂഹത്തിലേക്ക് എത്താൻ കഴിയൂ. ലിംഗ, ജാതി, മത, ഭൂമിശാസ്ത്രപരമായ വിവേചനങ്ങൾ ഇല്ലാതാക്കുന്നതിന് ബോധപൂർവമായ ശ്രമം വിദ്യാഭ്യാസ മേഖലയിൽ നടത്തുന്നതിന് ക്രിയാത്‌മക പദ്ധതികൾ പരിഗണനയിലാണ്. വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുക എന്നതിന് സർക്കാർ മുൻഗണന നൽകുന്നു. കടലോര, ആദിവാസി മേഖലകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.

2018 -19 അധ്യയനവർഷം മുതൽ പൊതുവിദ്യാഭ്യാസ വകുപ്പ് അക്കാദമിക മാസ്റ്റർ പ്ലാൻ തയാറാക്കുന്നുണ്ട്. സ്‌കൂൾ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുവാനുള്ള അടിസ്ഥാനരേഖയാണിത്. ഇക്കൊല്ലം അക്കാദമിക മാസ്റ്റർ പ്ലാൻ ഘട്ടം -2 ആണ് തയാറാക്കുന്നത്. അധ്യാപകരെയും രക്ഷിതാക്കളെയും സജ്ജരാക്കാനുള്ള ഒരു പരിവർത്തന പദ്ധതിയാണിത്. സമഗ്രമായ ഒരു മാസ്റ്റർ പ്ലാൻ തയാറാക്കുകയും അത് പ്രവർത്തനപാതയിൽ എത്തിക്കുകയും വേണം.

നവകേരള സൃഷ്ടിക്ക് ഉതകുന്ന ഒരു കരുത്തുറ്റ തലമുറയെ വാർത്തെടുക്കാൻ വിദ്യാഭ്യാസത്തിലൂടെ കഴിയും എന്ന ആത്മവിശ്വാസം സർക്കാറിനുണ്ട്. ലക്ഷ്യസാക്ഷാത്കാരത്തിന് രക്ഷാകർത്താക്കളും അധ്യാപകരും പൊതുസമൂഹവും സർക്കാറിനൊപ്പം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

(പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി)

Tags:    
News Summary - You can step out of school and into the new world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.