സാക്ഷരത യജ്ഞം വീണ്ടുമെത്തു​മ്പോൾ

മൂന്ന് പതിറ്റാണ്ടുമുമ്പ് കൈവരിച്ച സമ്പൂർണ സാക്ഷരതയിൽനിന്ന് വിവിധ കാരണങ്ങൾകൊണ്ട് പലരും പിന്നോട്ടുപോയി. പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തിൽ ഇപ്പോഴും നിരക്ഷരരുണ്ടെന്ന തിരിച്ചറിവിലാണ് ഇപ്പോൾ പുതിയ സാക്ഷരത പരിപാടി ആരംഭിച്ചത്.
കേവല സാക്ഷരതക്കപ്പുറം ജീവിത നൈപുണികൾ വികസിപ്പിക്കാനും സ്വന്തം തൊഴിൽ മെച്ചപ്പെടുത്താനും നിത്യജീവിതത്തിൽ അനിവാര്യമായ സാങ്കേതിക വിജ്ഞാനം നേടാനും ഉതകുംവിധത്തിലാണ്​ പരിപാടി തയാറാക്കിയിട്ടുള്ളത്

സാക്ഷരത യജ്ഞം നാടിൻ മോചനത്തിനുവേണ്ടി....അറിവിൻ നാളമുയർത്തീടാൻ പടയണിചേരൂ സഹോദരരേ... 1980കളുടെ ഒടുക്കത്തിലും '90കളുടെ ആദ്യപാതിയിലും കേരളമൊട്ടാകെ മുഴങ്ങിയ ഗാനമാണിത്​. സാക്ഷരത വളന്റിയർമാർ നാടൊട്ടുക്ക്​ ഓടിനടന്ന്​ സഹജീവികളെ അക്ഷരങ്ങളുടെ ലോകത്തേക്ക്​ കൊണ്ടുവന്നു. അതി​ന്റെ ഗുണഫലമെന്നോണം '91 ഏപ്രിൽ 18ന് കോഴിക്കോടുവെച്ച് സമ്പൂർണ സാക്ഷരത പ്രഖ്യാപനം നടന്നപ്പോൾ കേരളം 90 ശതമാനം സാക്ഷരതയാണ് കൈവരിച്ചിരുന്നത്. 90 ശതമാനം ജനങ്ങൾ സാക്ഷരരായാൽ സമ്പൂർണ സാക്ഷരത കൈവരിച്ചതായി കണക്കാക്കാമെന്ന യുനെസ്കോയുടെ മാനദണ്ഡമനുസരിച്ചായിരുന്നു അത്​.

സമ്പൂർണ സാക്ഷരത കൈവരിച്ച കേരളത്തിൽ പരിപൂർണ സാക്ഷരത ഉറപ്പാക്കുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ (NILP) ഭാഗമായി പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടപ്പിലാക്കുന്നത്.

സമ്പൂർണ സാക്ഷരത പ്രഖ്യാപനത്തിനുശേഷവും കേരളത്തിൽ തുടർ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. 1998ൽ രൂപവത്​കരിച്ച സാക്ഷരത മിഷ​ന്റെ നടന്നുവരുന്ന തുല്യത കോഴ്സുകളാണ്​ എടുത്തുപറയേണ്ട നേട്ടം.

2001ൽ നാലാം തരം, 2005ൽ ഏഴാം ക്ലാസ്, 2007ൽ പത്താം ക്ലാസ്, 2015ൽ ഹയർസെക്കൻഡറി തുല്യത ക്ലാസുകൾ ആരംഭിച്ചു. 45 ദിവസംകൊണ്ട് പൂർത്തിയാക്കുന്ന പത്താം ക്ലാസ് തുല്യത ക്ലാസിന്റെ 16ാം ബാച്ചാണ് ഇപ്പോൾ നടക്കുന്നത്. ഹയർസെക്കൻഡറി ക്ലാസിന്റെ ഏഴുബാച്ചുകളും ഇതിനകം പൂർത്തിയാക്കി.

മൂന്ന് പതിറ്റാണ്ടുമുമ്പ് കൈവരിച്ച സമ്പൂർണ സാക്ഷരതയിൽനിന്ന് വിവിധ കാരണങ്ങൾകൊണ്ട് പലരും പിന്നോട്ടുപോയി. പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തിൽ ഇപ്പോഴും നിരക്ഷരരുണ്ടെന്ന തിരിച്ചറിവിലാണ് ഇപ്പോൾ പുതിയ സാക്ഷരത പരിപാടി ആരംഭിച്ചത്. കേവല സാക്ഷരതക്കപ്പുറം ജീവിത നൈപുണികൾ വികസിപ്പിക്കാനും സ്വന്തം തൊഴിൽ മെച്ചപ്പെടുത്താനും നിത്യജീവിതത്തിൽ അനിവാര്യമായ സാങ്കേതിക വിജ്ഞാനം നേടാനും ഉതകുംവിധത്തിലാണ്​ പരിപാടി തയാറാക്കിയിട്ടുള്ളത്.

ദേശീയതലത്തിൽ 15 മുതൽ 35 വയസ്സുവരെയുള്ളവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയതെങ്കിലും കേരളത്തിന്റെ പ്രത്യേക സാഹചര്യം മുൻനിർത്തി 15 മുതൽ 60 വയസ്സുവരെയുള്ളവരെ പരിപാടിയിൽ ഉൾപ്പെടുത്താൻ അനുമതിയുണ്ട്​. സംസ്ഥാനതലത്തിൽ പഠിതാക്കളെ കണ്ടെത്താനുള്ള സർവേ ഇതിനകം പൂർത്തിയാക്കി. സംസ്ഥാന- ജില്ലതലത്തിൽ റിസോഴ്സ് പേഴ്സന്മാർക്കുള്ള പരിശീലനവും സംഘടിപ്പിച്ചു. സ്റ്റേറ്റ് റിസോഴ്സ് സെന്റർ പഠിതാക്കൾക്കുള്ള പാഠപുസ്തകവും എസ്.സി.ഇ.ആർ.ടി അധ്യാപകർക്കുള്ള കൈപ്പുസ്തകവും തയാറാക്കിയിട്ടുണ്ട്.

ഈ വർഷത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ സാക്ഷരത നിരക്ക് 77.7 ശതമാനമാണ്. ഇതിൽ പുരുഷന്മാരുടേത് 84.7 ശതമാനവും സ്ത്രീകളുടേത് 70.3 ശതമാനവുമാണ്. 63.8 ശതമാനമുള്ള ബിഹാറാണ് ഏറ്റവും പിന്നിൽ. 97.4 ശതമാനത്തോടെ കേരളം ഒന്നാമതായി നിൽക്കുന്നു. കേരളത്തിൽ പുരുഷന്മാരിൽ 97.4 ശതമാനവും സ്ത്രീകളിൽ 95.2 ശതമാനവുമാണ് സാക്ഷരത നിരക്ക്. പഠിതാക്കളെ കണ്ടെത്താൻ ഇപ്പോൾ നടന്ന സർവേയിൽ കേരളത്തിൽ 94487 പേർ

നിരക്ഷരരാണെന്നാണ് വ്യക്തമായത്. തിരുവനന്തപുരം: 6575, ആലപ്പുഴ: 6666, കണ്ണൂർ: 9200, കൊല്ലം: 8395 കോഴിക്കോട്: 10304 പത്തനംതിട്ട: 2342, മലപ്പുറം: 9661, വയനാട്: 1703, പാലക്കാട്: 10272, തൃശൂർ: 7984 കോട്ടയം: 1625, കാസർകോട്: 7791, എറണാകുളം: 6232, ഇടുക്കി: 5337 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

ദലിത്, ആദിവാസി, തീരദേശ, മലയോര, ട്രാൻസ് ജെൻഡർ, മറ്റ് പാർശ്വവത്കൃത ജനവിഭാഗങ്ങൾ തുടങ്ങി പല കാരണങ്ങളാൽ അറിവിന്റെ മേഖലകളിലേക്ക് എത്തിപ്പെടാൻ കഴിയാത്തവരെയെല്ലാം ചേർത്താണ് ഈ പരിപാടി നടപ്പിലാക്കുന്നത്. തീക്ഷണ ജീവിതാനുഭവങ്ങളും വ്യത്യസ്ത പ്രായപരിധിയിലുമുള്ള ഈ വിഭാഗത്തിന് ഒരുപക്ഷേ എഴുതാനും വായിക്കാനും മാത്രമാണ് പരിമിതിയുള്ളത്. ജീവിതാനുഭവങ്ങളിൽനിന്നും ലഭിച്ച ഭാഷാശേഷിയും ഗണിതത്തിലെ അടിസ്ഥാന ശേഷികളുമുള്ളവരാണ് അവർ. ഇതെല്ലാം പരിഗണിച്ചാണ് പഠനപ്രക്രിയകളും പാഠപുസ്തകവും തയാറാക്കിയിട്ടുള്ളത്. ക്ഷേമ പെൻഷനുകൾ, ബാങ്ക് നടപടികൾ, മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ സാങ്കേതിക മേഖലകളെയും പരിചയപ്പെടുത്തുന്നുണ്ട്. 120 മണിക്കൂർ പഠനത്തിലൂടെയും നിരന്തര മൂല്യനിർണയത്തിലൂടെയും ഒപ്പം നടന്ന്​ മൂന്നുമാസത്തിനൊടുവിൽ സംഘടിപ്പിക്കുന്ന മികവുത്സവത്തിലേക്ക് അവരെ എത്തിക്കുകയാണ് ചെയ്യുന്നത്. മികവുത്സവത്തിൽ വിജയിക്കുന്നവർക്ക് സർക്കാർ വക സർട്ടിഫിക്കറ്റുകളും നൽകും. ഇത് ഉപയോഗിച്ച് അവർക്ക് തുല്യത ക്ലാസുകളിലൂടെ തുടർ പഠനം നടത്താനാവും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സാക്ഷരത പ്രേരക്മാർ, യുവജന സംഘടനകൾ, ലൈബ്രേറിയന്മാർ, പൊതുവിദ്യാഭ്യാസ വകുപ്പ്, മറ്റ് സർക്കാർ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവർ ഈ യജ്ഞത്തിൽ പങ്കാളികളാണ്. എട്ടു മുതൽ പത്തുവരെ പഠിതാക്കൾക്ക് ഒരു സന്നദ്ധ അധ്യാപകൻ എന്ന നിലയിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. പത്താം ക്ലാസ് പാസായ താല്പര്യമുള്ള യുവതീ യുവാക്കൾ സന്നദ്ധരെങ്കിൽ അവർക്ക്​ അധ്യാപക പരിശീലനവും നൽകും. സമ്പൂർണ സാക്ഷരത യജ്ഞത്തിലൂടെ ലോകത്തിന് മാതൃകയാവുകയും ദേശീയതലത്തിൽ മറ്റു സംസ്ഥാനങ്ങൾ പിന്തുടരുകയും ചെയ്ത കേരളം നവഭാരത സാക്ഷരത പരിപാടിയിലും തിളക്കം കാത്തുസൂക്ഷിക്കുമെന്ന്​ പ്രത്യാശിക്കാം.●

Tags:    
News Summary - kerala Literacy Mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.