• ഭാഗം -2

നപ്പുറത്തിരിക്കുന്നവന്​ പട്ടിയെ പേടിക്കേണ്ട എന്ന പഴമൊഴി എല്ലാവരും കേട്ടിട്ടുണ്ടാവും. പക്ഷേ, പട്ടിക്കേസ്​ നടത്തുമ്പോൾ ആനയെ പേടിക്കണമെന്ന്​ മനസിലായത്​ ബ്രൂണോ പട്ടി കേസിൽ (WPC 13204/2021(S)) 2023 മാർച്ച്​ 29 ന്​ ഹൈോടതി പുറപ്പെടുവിച്ച വിധിയിലെ നാലാം ഖണ്ഡിക വായിക്കു​മ്പോഴാണ്​. അത്​ ഇങ്ങനെയാണ്​.

ആനത്താരകളെന്നു നേരത്തെ തന്നെ കണ്ടെത്തിയ സ്ഥലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ ഭൂരഹിതര്‍ക്കും മറ്റും ഭൂമി പതിച്ചു നല്‍കി എന്നതിനെപ്പറ്റി അന്വേഷണം/പഠനം നടത്തണം. മനുഷ്യരുടെ ആക്രമണത്തിനുള്ള ശാശ്വത പരിഹാരം കണ്ടെത്താന്‍ ഈ വിഷയങ്ങളൊക്കെ പഠന വിധേയമാക്കണം. 2023 മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 19 വരെയുള്ള അരിക്കൊമ്പന്‍ കേസിലെ വിധികള്‍ക്കുള്ളിലെ ആനസങ്കേതങ്ങള്‍/ ആനത്താര സ്ഥാപനത്തിനുവേണ്ടിയുള്ള മറ്റു ജുഡീഷ്യൽ നിര്‍ദ്ദേശങ്ങളിങ്ങനെ.

അഞ്ചാം ഖണ്ഡിക.

വനാതിര്‍ത്തികളിലുള്ള കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും കൃഷിപരമായും മറ്റും ദൈനംദിന പ്രവര്‍ത്തനങ്ങളിലും എന്തൊക്കെ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നതിനെപ്പറ്റി സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കണം. അതോടൊപ്പം തന്നെ ആനത്താരകളെന്ന് അടയാളപ്പെടുത്തിയിരിക്കുന്ന മേഖലകളിലും എന്തൊക്കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നതിനെപ്പറ്റിയും സര്‍ക്കാര്‍ ആലോചിക്കണം.

ബ്രൂണോ പട്ടി കേസില്‍ (WPC 13204/2021) 2023 ഏപ്രില്‍ അഞ്ചിനു നല്‍കിയ വിശദമായ വിധിയിലെ 10-ാം ഖണ്ഡികയില്‍ ആനയിറങ്ങല്‍ ദേശീയ ഉദ്യാനം, ആനയിറങ്ങള്‍ കണ്‍സര്‍വേഷന്‍ റിസര്‍വ്, ആനയിറങ്ങള്‍ കമ്മ്യൂണിറ്റി റിസര്‍വ് എന്നിവ സ്ഥാപിക്കണമെന്ന സംസ്ഥാന വനംവകുപ്പിന്റെ 'ആനകളെ സംരക്ഷിക്കുന്നതിനായി ആനയിറങ്ങല്‍, ചിന്നക്കനാല്‍, ദേവികുളം റേഞ്ച്, മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷന്‍ ആനകളെ സംരക്ഷിക്കുന്ന പദ്ധതി' അടിയന്തിരമായി നടപ്പാക്കേണ്ടതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ആയതിനാല്‍ കോടതി നിയമിച്ച കമ്മറ്റി ഓഫ് എക്‌സ്‌പേര്‍ട്ട്‌സ് റവന്യു വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുമായും ഇടുക്കി കളക്ടറുമായും അടിയന്തിര മീറ്റിംഗുകള്‍ നടത്തി ആനയിറങ്ങലിലെ ആനസംരക്ഷണ നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കാനുള്ള നീക്കം നടത്തണം. അതുപോലെ തന്നെ 2010 ആഗസ്റ്റ് 31ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച എലിഫന്റ് ടാസ്‌ക് ഫോഴ്‌സിന്റെ പഠന റിപ്പോര്‍ട്ട് വിശദമായി പഠിച്ച് അതില്‍ നിർദേശിച്ചിരിക്കുന്ന ആനത്താരകളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കണം.

ചുരുക്കത്തില്‍ അരിക്കൊമ്പനില്‍ നിന്നും വിഷയം മറ്റു മേഖലകളിലേക്ക് കടന്നുകയറി എന്നു വ്യക്തം. ബ്രൂണോ പട്ടി കേസിലെ 2023 ഏപ്രില്‍ അഞ്ചിലെ വിധിയോടെയാണ്​ ‘ഗജ’ റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തില്‍ സജീവമാകുന്നത്​. ഗജ റിപ്പോര്‍ട്ടിന്റെ നാലാം ആധ്യായത്തിലെ പാര്‍ട്ട് (b) ആനത്താരകള്‍ സംരക്ഷിക്കും (Securing Corridors) എന്ന ഭാഗത്ത് 'റൈറ്റ് ഓഫ് പാസേജ് എലിഫന്റ് കോറിഡോര്‍ ഓഫ് ഇന്ത്യ 2003' എന്ന ഏഷ്യന്‍ നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന രണ്ട് സ്വകാര്യ എന്‍.ജി.ഒ.കള്‍ ചേര്‍ന്നു തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട്​ പ്രതിപാദിക്കുന്നുണ്ട്. അരിക്കൊമ്പന്‍ വിഷയത്തില്‍ കേരള ഹൈകോടതി നിയമിച്ച അഞ്ചംഗ വിദഗ്ധ സമിതിയിലെ രണ്ട് അംഗങ്ങളായ ഡോ. എന്‍.വി.കെ. അഷറഫും ഡോ. വി.എസ്. ഈസയും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന സ്വകാര്യ എന്‍.ജി.ഒയുടെ ഭാരവാഹികളാണ്.

 

ആനയിറങ്ങല്‍ ആനകൾക്ക്​

ആനയിറങ്ങലില്‍ ആനകളെ സംരക്ഷിക്കാനായി മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനിലെ ദേവികുളം റേഞ്ചിലെ ആനയിറങ്ങല്‍, ചിന്നക്കനാല്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ആനയിറങ്ങല്‍ ആനസങ്കേതം വേണമെന്ന നിര്‍ദ്ദേശം 2019 ജൂലൈയിലായിരുന്നു മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചത്. 31 പേജുകളുളള ഈ റിപ്പോര്‍ട്ടിനെ ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ശക്തമായി എതിര്‍ത്തു.

1962ല്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് നിർമിച്ചതും നാലു ച.കി.മീ. വീതിയില്‍ ജലാശയവുമുള്ള ആനയിറങ്ങല്‍ ഡാമിന്റെ തെക്കേ അതിര് ഹാരിസണ്‍ മലയാളത്തിന്റെ തേയിലത്തോട്ടമാണ്​. അതിന്റെയും പുറത്തായി മതികെട്ടാന്‍ഷോല. പടിഞ്ഞാറു ഭാഗത്തായി ബി.എല്‍. റാം ജനവാസ കേന്ദ്രവും ചിന്നക്കനാല്‍ വില്ലേജിലെ തിദിര്‍ നഗറും (Thidir Nagar) വടക്കുഭാഗത്തായി സൂര്യനെല്ലി, ചിന്നക്കനാല്‍ പട്ടണങ്ങളും സ്ഥിതി ചെയ്യുന്നു. കിഴക്കു ഭാഗത്ത് ടാറ്റാ ഗ്ലോബല്‍ ബിവറേജസിന്റെ തേയിലത്തോട്ടങ്ങള്‍.

ആനയിറങ്കല്‍ ഡാം നിർമാണം കഴിഞ്ഞപ്പോള്‍ വനനിയമത്തിനു കടകവിരുദ്ധമായി ആനയിറങ്കല്‍ ഡാമിന്റെ ജലസംഭരണ മേഖലയില്‍ വനംവകുപ്പ് യൂക്കാലിയും പൈന്‍ മരങ്ങളും നട്ടു. അതിനുശേഷം യൂക്കാലി പ്ലാന്റേഷന്‍ സിങ്കുകണ്ടത്തേക്കും ബി.എല്‍. റാം, സൂര്യനെല്ലി, പന്താടികുളം, ചിന്നക്കനാല്‍, 80 ഏക്കര്‍, വിളക്ക് നാഗമല എന്നിവിടങ്ങളിലേക്കും വനംവകുപ്പ് നിയമവിരുദ്ധമായി വ്യാപിപ്പിച്ചു. ഇതിന്റെ കൂടെ യൂക്കാലി പ്ലാന്റേഷനായി 365 ഹെക്ടര്‍ സ്ഥലം വനംവകുപ്പ് ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റിന് പാട്ടത്തിന് നല്‍കി. 2002 ആഗസ്റ്റ്​ 27ലെ മന്ത്രിസഭാ തീരുമാനപ്രകാരം ആനയിറങ്കല്‍ ജലാശയത്തിന്റെ അരികിലുള്ള 276 ഹെക്ടര്‍ സ്ഥലം 559 ഭൂരഹിത കുടുംബങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തു. വനംവകുപ്പ് യൂക്കാലി, പൈന്‍ എന്നിവ വളര്‍ത്തിയ സ്ഥലങ്ങള്‍ക്ക്​ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ പട്ടയം നല്‍കിയത്. ആനയിറങ്കല്‍, ചിന്നക്കനാല്‍, സിങ്കുകണ്ടം മേഖലയില്‍ അവശേഷിക്കുന്ന സ്ഥലം മുഴുവന്‍ ചെറുതും വലുതുമായ തേയിലത്തോട്ടങ്ങളാണ്.

ആനയിറങ്കലില്‍ 2019ല്‍ ആകെയുള്ളത് 28 മുതല്‍ 32 വരെ ആനകളാണെന്നാണ് 2019ലെ റിപ്പോര്‍ട്ടില്‍ വനംവകുപ്പ് സര്‍ക്കാരിനെ അറിയിച്ചത്.

 

2011-19 കാലഘട്ടത്തില്‍ മൂന്നാര്‍ വനം ഡിവിഷനില്‍ 539 വന്യജീവി ആക്രമണങ്ങൾ ഉണ്ടായി. 2011നും 2019നും ഇടയില്‍ 26 പേര്‍ മരിക്കുകയും ചെയ്തു. ആനയിറങ്കലില്‍ തന്നെ 20 പേരെ കാട്ടാനകള്‍ കൊന്നു. ആളെ കൊന്നതു കൂടാതെ തേയില, ഏലം, കാപ്പി, കുരുമുളക്, ഉള്ളി തുടങ്ങിയ കൃഷികളും കാട്ടാനകള്‍ നശിപ്പിച്ചുവെന്ന്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടു.

മൂന്നാര്‍ വനം ഡിവിഷണല്‍ ഓഫിസറുടെ അഭിപ്രായത്തില്‍ 2003ല്‍ പട്ടയം നല്‍കിയ സ്ഥലങ്ങള്‍ ആയിരുന്നു ആനകളുടെ വിഹാര രംഗം എന്ന് പറയുമ്പോഴും അതേ മേഖലയില്‍ വനംവകുപ്പ് നട്ട യൂക്കാലി/ പൈന്‍മരങ്ങളൊന്നും ആന ചവുട്ടി നശിപ്പിച്ചില്ല എന്നതില്‍ നിന്നുതന്നെ മൂന്നാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥാപിത താത്പര്യം വ്യക്തമാകുന്നുവെന്ന്​ കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ആനയിറങ്കല്‍ ഡാം നിര്‍മാണമാണ് ആനയിറങ്കലിലെ ആനത്താരകള്‍ നശിപ്പിച്ചതെന്ന് പറയുന്ന വനംവകുപ്പ് ഡാം വേണ്ടെന്നു വയ്ക്കണ്ട, പകരം പട്ടയവും ആധാരവുമുള്ള കര്‍ഷകരെയും പട്ടികവര്‍ഗ്ഗക്കാരെയും ആദിവാസികളെയും കുടിയൊഴിപ്പിക്കണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ട്രൈബല്‍ സെറ്റില്‍മെന്റുകളും പട്ടികവര്‍ഗ്ഗ/ആദിവാസി സങ്കേതങ്ങളുമുള്ളത് ആനയിറങ്കലിലാണ്. ചെമ്പകതൊഴുക്കുടി, കോഴിപന്നക്കുടി, താകുക്കുടി, പച്ചപുല്‍ക്കുടി, ആടുവിലാന്‍തന്‍ക്കുടി തുടങ്ങി നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുതുവാന്‍ കുടികള്‍ ഇവിടുണ്ട്​.

301 ഏക്കര്‍ കോളനി, 80 ഏക്കര്‍ കോളനി, പനത്തടിക്കാലം കോളനി, വിളക്കു കോളനി, സൂര്യനെല്ലി കോളനി എന്നിവയാണ് ആനയിറങ്കലിലെ മറ്റ് ജനവാസ കേന്ദ്രങ്ങള്‍. ഇവ കൂടാതെ സിങ്കുകണ്ടം, ബി.എല്‍. റാം, തിതിര്‍ നഗര്‍, ഷണ്‍മുഖ വിലാസം, മുത്തമ്മന്‍ തുടങ്ങിയ കോളനികളില്‍ അര നൂറ്റാണ്ടായി ജനങ്ങള്‍ താമസിക്കുന്നു.കൊച്ചി ധനുഷ്‌കോടി ദേശീയപാത ആനയിറങ്കല്‍ ഭാഗത്തുകൂടിയാണ് വളഞ്ഞുപുളഞ്ഞു പോകുന്നത്. പശുവിനെ വളര്‍ത്തലാണ് ആനയിറങ്കലിലെ ജനങ്ങളുടെ മുഖ്യ വരുമാന മാര്‍ഗ്ഗം.

2010ലെ ഗജ റിപ്പോര്‍ട്ടിലും 2012ലെ കര്‍ണ്ണാടക ഹൈകോടതി നിയോഗിച്ച കര്‍ണ്ണാടക ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ടിലും കേരള ഹൈകോടതിയിലെ തന്നെ പല കേസുകളിലും കാട്ടാന/കാട്ടുമൃഗ ശല്യം ഒഴിവാക്കാനായി മനുഷ്യവാസ മേഖലകളില്‍ വൈദ്യുതി വേലികള്‍ സ്ഥാപിക്കുമെന്ന് ഉറപ്പ്​ നൽകിയിട്ടുള്ളതാണ്​. എന്നാൽ, മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ 2019ലെ റിപ്പോര്‍ട്ടില്‍ പറയുന്നത് വൈദ്യുതി വേലികളാണ് കൂടുതല്‍ ആന ആക്രമണത്തിന് കാരണമെന്നാണ്.

ആനയിറങ്കലിലെ ആന ആക്രമണങ്ങള്‍ തടയാന്‍ മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസറുടെ ഉപദേശങ്ങളിങ്ങനെ.

1) ജനങ്ങളെ കുടിയൊഴിപ്പിക്കുക

2) ആനത്താരകള്‍ തെളിക്കുക

3) ആനയിറങ്കലിലെ ആനകളെ ഉപയോഗപ്പെടുത്തി പ്രദേശവാസികളുടെ വരുമാനം വർധിപ്പിക്കുക.

 

ആനകള്‍ക്ക് വളരെ വിശാലമായ പ്രദേശം വേണം വളരാന്‍. എന്നാല്‍ അങ്ങനെയുള്ള ഭൂമി ആനയിറങ്കലില്‍ ലഭ്യമല്ല എന്ന് വനംമേധാവി സമ്മതിക്കുന്നു. ആയതിനാല്‍ പരമാവധി ജനങ്ങളെ കുടിയിറക്കി ആനകള്‍ക്ക് തിമിര്‍ക്കാന്‍ പരമാവധി കൃഷിയിടങ്ങള്‍ ആന സങ്കേതങ്ങളാക്കുക എന്നതാണ് ആനയിറങ്കല്‍ ആന സങ്കേത പദ്ധതിയുടെ കാതല്‍.

ആനയിറങ്കല്‍ ആന സങ്കേതത്തിനായി ആനയിറങ്കല്‍ ദേശീയ ഉദ്യാനം സൃഷ്ടിക്കണമെന്നാണ് വനംവകുപ്പിന്റെ നിര്‍ദ്ദേശം. ഇതിനായി 1252.83 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം. ഇതില്‍ 276 ഹെക്ടര്‍ പട്ടയ സ്ഥലമാണെങ്കില്‍ 655.83 ഹെക്ടര്‍ റവന്യു ഭൂമിയാണ്. ബാക്കിയുള്ളത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യേണ്ട 200 ഹെക്ടര്‍ റവന്യു ഭൂമിയാണ്. ആനയിറങ്കലില്‍ വനംവകുപ്പിന് ദേശീയ ഉദ്യാനമുണ്ടാക്കണമെങ്കില്‍ റവന്യു വകുപ്പിന്റെ കീഴില്‍ ഉള്ള കൃഷിക്ക് യോഗ്യമായ ഭൂമിയല്ല ഉപയോഗിക്കേണ്ടത്. തൊട്ടടുത്ത് കിടക്കുന്ന നിരവധി വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും കൂട്ടിച്ചേര്‍ത്തായിരിക്കണം ആനയിറങ്കല്‍ ആനസങ്കേതം ഉണ്ടാക്കേണ്ടത്. ആനയിറങ്കല്‍ ആന സങ്കേതത്തിനായി മൂന്നാര്‍ വനംമേധാവി ആവശ്യപ്പെടുന്ന 1252.83 ഹെക്ടര്‍ ഭൂമിയില്‍ 12.50 ഹെക്ടര്‍ ഭൂമി മാത്രമാണ് വെസ്റ്റഡ് ഫോറസ്റ്റ് എന്നും മനസ്സിലാക്കണം.

വൈദ്യുതി ബോര്‍ഡിന്റെ കൈവശമിരിക്കുന്നതടക്കം 1375 ഹെക്ടര്‍ സ്ഥലം ആണ് ആനസങ്കേതത്തിനായി വനംവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ കൂടെ ആനയിറങ്കലില്‍ നിന്നും മതികെട്ടാനിലെത്താന്‍ 50 മീറ്റര്‍ വീതിയില്‍ കൃഷിയിടങ്ങളിലൂടെ ആനത്താര ഉണ്ടാക്കാന്‍ 85 ഹെക്ടര്‍ ഭൂമിയും ഈ ആനത്താരകളുടെ രണ്ടുവശത്തും 20 മീറ്റര്‍ വീതിയില്‍ ബഫര്‍ സോണ്‍ ഉണ്ടാക്കാന്‍ മറ്റൊരു 30 ഹെക്ടര്‍ റവന്യൂ കൃഷിഭൂമിയും കെ.ആര്‍. വിജയ എസ്റ്റേറ്റിന്റെ 400 ഹെക്ടര്‍ ഭൂമിയും ആനസങ്കേതത്തിനായി ഏറ്റെടുക്കണം. 28 ആനകളെ സംരക്ഷിക്കാന്‍ 1763 ഹെക്ടര്‍ റവന്യു കൃഷി ഭൂമി ഏറ്റെടുത്ത് പട്ടിക വിഭാഗം ആദിവാസികളടക്കം ആയിരക്കണക്കിന് കര്‍ഷകരെ കുടിയിറക്കുന്നതിനുപകരം ഈ 28 ആനകളെ ഒഡീഷയിലേക്കോ മേഘാലയത്തിലേക്കോ അരുണാചല്‍പ്രദേശിലേക്കോ സംസ്ഥാന സര്‍ക്കാര്‍ ചിലവില്‍ സ്ഥലംമാറ്റിയാല്‍ (Translocate) പ്രശ്‌നം തീരില്ലെ എന്നാണ് മലയോര കര്‍ഷകരുടെ മറുചോദ്യം.

Tags:    
News Summary - what is inside arikomban verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT