പാഠപുസ്തകങ്ങളിലെ വിദ്വേഷ രാഷ്ട്രീയം-2

ഭാരതീയചരിത്രത്തിൽ നാളിതുവരെ നിലനിന്നിരുന്ന സമന്വയസംസ്കാരം, ബഹുസ്വരത എന്നീ സങ്കല്പങ്ങളെ പാർശ്വവത്കരിച്ച്, മധ്യകാലത്തെ ആഭ്യന്തരയുദ്ധങ്ങളെ പിൽക്കാലത്ത് യൂറോപ്യൻ സാമ്രാജ്യത്വത്തിനെതിരെ ഉയർന്നുവന്ന സ്വാതന്ത്ര്യസമരത്തോട് സമീകരിക്കാനാണ് പുതിയ പാഠപുസ്തകങ്ങൾ ശ്രമിക്കുന്നത്. ഇവിടെ ജീവിച്ച്, കൊട്ടാരങ്ങളും സ്മാരകങ്ങളും റോഡുകളും പണിത്, ഈ മണ്ണിന്റെ ഭാഗമായി മാറിയ മുഗളരെയും, സമ്പത്ത് കൊള്ളയടിച്ച് വിദേശത്തേക്ക് കടത്തിയ ബ്രിട്ടീഷ് കൊളോണിയൽ ശക്തികളെയും ഒരേ തട്ടിൽ അളക്കുന്ന സംഘപരിവാർ യുക്തിയാണിത്.

ഡൽഹി സുൽത്താനേറ്റിനെയും മുഗൾസാമ്രാജ്യത്തെയും മാറ്റിനിർത്തിക്കൊണ്ടുള്ള ഇന്ത്യൻ ചരിത്രപഠനം തികഞ്ഞ അസംബന്ധമാണെന്നാണ് ചരിത്രപണ്ഡിതയായ മൃദുല മുഖർജി അഭിപ്രായപ്പെട്ടത്. മുഗൾകാലഘട്ടത്തിന്റെ ചരിത്രം പാഠപുസ്തകത്തിൽനിന്ന് വെട്ടിമാറ്റുന്നതിന് പകരം, ആ കാലം നമുക്ക് എന്തെല്ലാമാണ് ബാക്കിവെച്ചത് എന്ന പഠനങ്ങളും സംവാദങ്ങളുമാണ് നടക്കേണ്ടത്. ഇന്ത്യയുടെ സമന്വയസംസ്കാരത്തെ രാകിമിനുക്കിയെടുക്കുന്നതിൽ വലിയ സ്ഥാനമുള്ള കാലമായിരുന്നു അത്.

സാമ്രാജ്യവികസനത്തിനായി യുദ്ധം നയിച്ച അതേ അക്ബറുടെ ഭരണകാലത്താണ് രാമായണം, മഹാഭാരതം, ഭാഗവതപുരാണം തുടങ്ങിയവ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്. ഔറംഗസീബിന്റെ യുദ്ധങ്ങളെക്കുറിച്ച് പഠിക്കുമ്പോൾത്തന്നെ, സഹോദരനായിരുന്ന ദാരാ ശിക്കോ വേദാന്തവും സൂഫിസവും തമ്മിലുള്ള സാമ്യങ്ങൾ വിശകലനം ചെയ്ത് 1657-ൽ രചിച്ച ‘മജ്മ-ഉൽ-ബഹ്റൈൻ’ (രണ്ട് സമുദ്രങ്ങളുടെ സംഗമം) എന്ന വിഖ്യാതഗ്രന്ഥവും ചർച്ചയാകേണ്ടതുണ്ട്. ഒൻപതുവർഷത്തെ ഗവേഷണത്തിനും ഹിന്ദു സന്യാസിമാരുമായുള്ള സംവാദങ്ങൾക്കും ശേഷമാണ് ഈ കൃതി രചിക്കപ്പെട്ടത്. ഇതിന്റെ സംസ്കൃതവിവർത്തനം ‘സമുദ്രസംഗമം’ എന്ന പേരിൽ പിൽക്കാലത്ത് പ്രസിദ്ധീകരിച്ചു. ദാരാ ശിക്കോയുടെ നേതൃത്വത്തിൽ ബ്രാഹ്മണപണ്ഡിതരുടെ സഹായത്തോടെ 52 ഉപനിഷത്തുകൾ പേർഷ്യനിലേക്ക് വിവർത്തനം ചെയ്തു. ‘സിർ-ഇ-അക്ബർ’ (മഹത്തായ രഹസ്യം) എന്ന പേരിൽ പൂർത്തിയായ ഈ കൃതിയിൽ, ഉപനിഷത്തുകളെ ഖുർആനിൽ പരാമർശിക്കുന്ന ‘‘മറഞ്ഞിരിക്കുന്ന ഗ്രന്ഥം’’ (കിതാബ് അൽ-മക്നൂൻ) ആയി അദ്ദേഹം കണക്കാക്കി. പേർഷ്യൻ-അറബിക് രാഗങ്ങളെ ഇന്ത്യൻ സംഗീതവുമായി സമന്വയിപ്പിച്ച് ഖവ്വാലി, ഖയാൽ തുടങ്ങിയ സംഗീതരൂപങ്ങൾ സൃഷ്ടിച്ച അമീർ ഖുസ്റുവും സൂഫി-ഭക്തിവഴികളിലൂടെ സഞ്ചരിച്ച കബീർ, ഗുരു നാനാക്ക്, ബുല്ലേ ഷാ തുടങ്ങിയ പ്രമുഖരും ജീവിച്ച കാലഘട്ടത്തെ ഏതാനും സംഭവങ്ങൾമാത്രം തിരഞ്ഞുപിടിച്ച് ‘പ്രതിരോധത്തിന്റെ കാലഘട്ടം’ ആയി ചിത്രീകരിക്കുന്നത് കൊളോണിയൽ ചരിത്രരചന മുന്നോട്ടുവെച്ച ഭിന്നിപ്പിച്ചുഭരിക്കലിന്റെ യുക്തിയോടാണ് ചേർന്നുനിൽക്കുന്നത്.

ഇന്ന് വില്ലനായി മാത്രം ചിത്രീകരിക്കപ്പെടുന്ന ഔറംഗസീബിന്റെ മറ്റൊരു ചിത്രം ഓഡ്രി ട്രൂഷ്കെയുടെ ‘ഔറംഗസീബ്: ദ മാൻ ആൻഡ് ദ മിത്ത്’ എന്ന പുസ്തകം തുറന്നുകാട്ടുന്നുണ്ട്. നശിപ്പിച്ചതിനേക്കാൾ കൂടുതൽ ക്ഷേത്രങ്ങളെ സംരക്ഷിക്കുകയും, അക്ബറുടെ കാലത്തേക്കാൾ ഏകദേശം 50 ശതമാനം അധികം ഹിന്ദു ഉദ്യോഗസ്ഥരെ ഉയർന്ന പദവികളിൽ നിയമിക്കുകയും, ചിത്രകൂടിലെ ബാലാജി ക്ഷേത്രത്തിന് നികുതിരഹിതഭൂമി വിട്ടുനൽകുകയും ചെയ്ത ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം.

 

ഓഡ്രി ട്രൂഷ്കെ

ഇത് ഔറംഗസീബിനെ വിശുദ്ധനാക്കാനല്ല, മറിച്ച് അദ്ദേഹത്തിന്റെ നടപടികൾക്ക് പിന്നിൽ മതത്തേക്കാൾ രാഷ്ട്രീയ പ്രായോഗികതയായിരുന്നു എന്ന വസ്തുത ചൂണ്ടിക്കാട്ടാനാണ്. മധ്യകാലത്ത് ഹിന്ദു രാജാക്കന്മാർ ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിച്ചതിനും മുസ് ലിം ഭരണാധികാരികൾ പരസ്പരം യുദ്ധം ചെയ്തതിനും രാഷ്ട്രീയസഖ്യങ്ങൾ ഉണ്ടാക്കിയതിനും ചരിത്രത്തിൽ ധാരാളം തെളിവുകളുണ്ട്.

ഗാന്ധിജി പറഞ്ഞതുപോലെ: ‘‘വിദ്യാലയങ്ങളിലും കോളജുകളിലും വികലമായ ചരിത്രം പഠിപ്പിക്കുന്നിടത്തോളം കാലം ഈ രാജ്യത്ത് സാമുദായിക സൗഹാർദം ശാശ്വതമായി സ്ഥാപിക്കാൻ കഴിയില്ല’’. വികലമായ ചരിത്രാഖ്യാനത്തിന്റെ ഏറ്റവും ഗുരുതരമായ പ്രത്യാഘാതം വിദ്യാർഥികളിലുണ്ടാകുന്ന മാനസിക മാറ്റമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ, പ്രത്യേകിച്ച് പാഠപുസ്തകങ്ങൾ, യുവജനങ്ങളുടെ ചിന്തയെയും പെരുമാറ്റത്തെയും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നു.

വിദ്വേഷമെഴുത്തിലൂടെയും വികലമായ ചരിത്രാധ്യാപനത്തിലൂടെയും, ഈ സ്ഥാപനങ്ങൾ മറ്റ് സമൂഹങ്ങളെക്കുറിച്ച് ആഴത്തിൽ വേരൂന്നിയ മുൻവിധികൾ സൃഷ്ടിക്കാനും പരസ്പരശത്രുതയിലേക്ക് നയിക്കാനും മാത്രമാണ് കാരണമാകുന്നത്. ഇത്തരം പാഠങ്ങൾ വിമർശനാത്മകചിന്തയുടെ വികാസത്തെ തടയുക മാത്രമല്ല, സാമൂഹികവിഭജനത്തിന്റെയും അസഹിഷ്ണുതയുടെയും വിത്തുകൾ വിതയ്ക്കുകയും ചെയ്യുന്നു. ചരിത്രത്തെ ഒരു ഏകശിലാ ആഖ്യാനമായി ചുരുക്കുമ്പോൾ, വിദ്യാർഥികൾക്ക് ഭൂതകാലത്തിന്റെ സങ്കീർണതയെയും വൈവിധ്യത്തെയും മനസ്സിലാക്കാനുള്ള അവസരം നഷ്ടപ്പെടുന്നു.

സത്യം മറച്ചുവെച്ച് വിദ്യാർഥികളെ ഒരു ദിശയിൽമാത്രം ചിന്തിക്കാൻ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തിലൂന്നി പാഠപുസ്തകങ്ങളിലൂടെ ഭൂരിപക്ഷ രാഷ്ട്രീയ ആഖ്യാനത്തിന് അനുയോജ്യമായി ചരിത്രം പുനർനിർമിക്കാനുള്ള ഒരു കേന്ദ്രീകൃതപദ്ധതിയുടെ ഭാഗമായി വേണം എൻ.സി.ഇ.ആർ.ടിയുടെ തുടർച്ചയായുള്ള ഇത്തരം നീക്കങ്ങളെ കാണാൻ.

(മുക്കം എം.എ.എം.ഒ കോളജ് ചരിത്രവിഭാഗം മേധാവിയാണ് ലേഖകൻ)

ajmalmueen@mamocollege.org

(അവസാനിച്ചു)

Tags:    
News Summary - Rewriting History: The Mughal Era and India’s Composite Culture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.