ചിത്രം: ബൈജു കൊടുവള്ളി

സമത്വത്തിന്‍റെ സ്വപ്നം

പകലും രാത്രിയും ഒരേ ദൈർഘ്യത്തിൽ വരുന്നതിനെയാണ് വിഷു സംക്രമം എന്ന് പറയുന്നത്. വിഷു കേരളത്തിൽ മാത്രമുള്ളതല്ല. ബിഹു എന്ന പേരിൽ അസമിലും ബൈശാഖി എന്ന പേരിൽ പഞ്ചാബിലും ​പൊയ്​ലാ ബൊയ്​ശാഖ്​ എന്ന പേരിൽ ബംഗാളിലും പല നാടുകളിൽ പല പേരിൽ ആഘോഷിക്കുന്നു. ഗൃഹാതുരത്വം നിറഞ്ഞ ബാല്യകാലസ്മരണ കൂടിയാണ് എനിക്ക് വിഷു. ഒാട്ടുരുളിയിൽ കൊന്നപ്പൂവും സ്വർണവും മാമ്പഴവും നാളികേരവും എല്ലാമുണ്ടാകും. ഞങ്ങൾ കുട്ടികൾ അതിരാവിലെ ഉണർന്ന് അതിന് മുന്നിലിരുന്ന് കണികാണും. മനുഷ്യരെ മാത്രമല്ല, വീട്ടിലെ വൃക്ഷങ്ങളെയും വളർത്തുമൃഗങ്ങളെയും ഇങ്ങനെ കണികാണിച്ചിരുന്നു. വിഷുവിന് പ്രത്യേകിച്ച് ഒരു കളിയില്ല. സദ്യയുണ്ടാക്കും. ഒാലപ്പടക്കം കൊണ്ട് വീട്ടിൽ ചെറിയൊരു വെടിക്കെട്ട് തീർക്കും. ഇവിടെ ഡൽഹിയിൽ സാധ്യമായ രീതിയിൽ ഞങ്ങൾ വിഷു ആഘോഷിക്കാറുണ്ട്. അടുത്ത സുഹൃത്തുക്കളെ ക്ഷണിക്കും. അങ്ങനെ അതൊരു സൗഹൃദത്തിെൻറ ആഘോഷം കൂടിയാക്കിമാറ്റും.


നമ്മുടെയൊക്കെ മനസ്സിലുള്ള സമത്വത്തെക്കുറിച്ച സ്വപ്നവും, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അവിഭാജ്യമായ ജൈവബന്ധത്തെക്കുറിച്ച ദർശനവും വിഷു ആഘോഷത്തിന് പിന്നിലുണ്ട്. കണികാണുന്നതെല്ലാം കൃഷിയുമായി ബന്ധപ്പെട്ടതാണ്. പകലും രാത്രിയും തുല്യമായി വരുന്ന ദിനത്തിെൻറ ആഘോഷമെന്ന നിലക്ക് അതിൽ തുല്യതയെക്കുറിച്ച സങ്കൽപം കൂടിയുണ്ട്. ഇതാണ് വിഷുവിന് ജൈവികവും സാമൂഹികവുമായ അർഥം നൽകുന്നത്. അതിലൊരു തിരികൊളുത്തലുണ്ട്, ആഘോഷത്തിെൻറ അംശമുണ്ട്, പ്രകൃതിയുമായുള്ള ബന്ധമുണ്ട്.

വളരെ ഇരുണ്ട ഒരുകാലത്ത് ജീവിക്കുന്ന നമ്മൾ കണികാണാൻ ആഗ്രഹിക്കുന്നത് വളരെ വ്യത്യസ്തമായ സമൂഹത്തെയാണ്. തുല്യതയുള്ള, ഏകാധിപത്യ പ്രവണതകളില്ലാത്ത, ഒരു മനുഷ്യനും അപരനാക്കപ്പെടാത്ത സമൂഹം. അത്തരമൊരു സമൂഹത്തിെൻറ പ്രതീകം കൂടിയാണ് വിഷു. കൃഷിയുമായി വിഷു ആഘോഷത്തിന് ജൈവിക ബന്ധമുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട് വ്യാകുലമായ ഒാർമകളാണ് ഇപ്പോഴുള്ളത്. ഡൽഹിയിൽ ഞങ്ങൾ താമസിക്കുന്നിടത്തുനിന്ന് വളരെ അകലെയല്ല കർഷക സമരം നടക്കുന്ന സ്ഥലം. മഴയും വെയിലും മഞ്ഞും സഹിച്ച് സമരം ചെയ്യുന്ന നിസ്സഹായരായ കർഷകർക്ക് ചെവികൊടുക്കാതെ, അവരെ അവഗണിച്ച് നിശ്ശബ്​ദരാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. അതിനാൽ, വിഷുവിനെയും കൃഷിയെയും കുറിച്ചുള്ള ചിന്ത കർഷക സമരത്തിലേക്കും അതിെൻറ ശാഖകളിലേക്കും നമ്മെ നയിക്കുന്നു. കർഷക സമരത്തിെൻറ വേദനകളെക്കുറിച്ച ഒാർമകളില്ലാതെ ഇന്ന് കണികാണാൻ കഴിയില്ല.

ഒാരോ കാലവും ഒാരോ ആഘോഷത്തിനും പുതിയ അർഥങ്ങൾ നൽകുന്നു. വിഷുവും ഇൗദും ഇൗസ്​റ്ററുമെല്ലാം മുന്നോട്ടുവെക്കുന്നത് സമത്വത്തെക്കുറിച്ചും ജനതയുടെ ഉയിർത്തെഴുന്നേൽപിനെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചുമുള്ള സ്വപ്നങ്ങളാണ്. പുതിയകാലത്ത് രാഷ്്ട്രീയമായ ഒരു ഉപപാഠം ഇൗ ആഘോഷങ്ങൾക്കെല്ലാമുണ്ട്.

നമ്മൾ പ്രകൃതിയുടെ യജമാനന്മാരല്ല, പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളുമായും ഒരുമിച്ച് കഴിയേണ്ടവരാണെന്ന് അവ നമ്മോട് വിളിച്ചുപറയുന്നു. കർഷകൻ കഷ്​ടപ്പെടുേമ്പാൾ കൃഷിയുമായി ബന്ധപ്പെട്ട ഒരു ആഘോഷം നിലവിലെ അവസ്ഥകൾക്കെതിരായ വികാരം നമ്മളിൽ നിറക്കുന്നത് സ്വാഭാവികം. വിഷു പറയുന്നത് പ്രകൃതിയുമായുള്ള പഴയ ജൈവബന്ധം പുനഃസ്ഥാപിക്കാനാണ്. മനുഷ്യരാശി നേരിടുന്ന ദുരിതങ്ങളുടെ അടിസ്ഥാനകാരണം പ്രകൃതിയുമായുള്ള ബന്ധത്തിൽ വന്ന മാറ്റങ്ങളാണ്. പ്രകൃതിയുമായി സ്നേഹബന്ധം പുലർത്തിയിരുന്ന നമ്മൾ, ഇന്ന് മൂലധനത്തിെൻറ ആർത്തികൾക്ക് പ്രകൃതിയെ ദുരുപയോഗം ചെയ്യുന്നവരായി മാറി. സാമൂഹിക മൂല്യങ്ങൾ ഇല്ലാതാകുന്ന ഒരുകാലത്ത് അവ വീണ്ടെടുക്കാനുള്ള സന്ദേശമാണ് വിഷുപോലുള്ള ഒാരോ ആഘോഷത്തിൽനിന്നും ഉൾക്കൊള്ളേണ്ടത്. ഏതെങ്കിലും മതത്തിെൻറ ചടങ്ങ് എന്നതിലുപരി ആഘോഷങ്ങളെ പ്രതീകാത്മകമായി കാണണം. അപ്പോൾ മതങ്ങൾക്കതീതമായ അർഥങ്ങളും ധ്വനികളും അവയിൽ കണ്ടെത്താൻ കഴിയും.

Tags:    
News Summary - vishu: dream of equality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.