പാലക്കാട്: മധ്യമേഖലയിൽ ഇക്കുറി യു.ഡി.എഫ് നില മെച്ചെപ്പെടുത്തും. എന്നാൽ, എൽ.ഡി.എഫിന്റെ ആധിപത്യം മറികടക്കാൻ മാത്രമുള്ള മുന്നേറ്റത്തിന്റെ സൂചനകളില്ല. പാലക്കാട്, തൃശൂർ, എറണാകളും, ഇടുക്കി എന്നീ നാലു ജില്ലകളിലായി 44 മണ്ഡലങ്ങളിൽ നിലവിൽ 31 എണ്ണം എൽ.ഡി.എഫിനാണ്. യു.ഡി.എഫിന് 13 എണ്ണം മാത്രം. യു.ഡി.എഫ് അത് ഇക്കുറി 20 വരെ ഉയർത്താം. അതിനപ്പുറം പോകണമെങ്കിൽ യു.ഡി.എഫ് തരംഗം ഉണ്ടാകണം. എന്നാൽ, അവസാന ലാപ്പിലും തരംഗ സൂചനകൾ പ്രകടമല്ല.
പാലക്കാട് സീറ്റിലെ പ്രതീക്ഷ മാത്രമാണ് മധ്യമേഖലയിൽ എൻ.ഡി.എക്കുള്ളത്. രമേശ് പിഷാരടിക്ക്, ശോഭാ സുരേന്ദ്രൻ നല്ല മത്സരം നൽകുന്നുണ്ട്. സി.പി.എം സ്വതന്ത്രൻ എൻ.എം.ആർ റസാഖ്, കോൺഗ്രസിന് കിട്ടേണ്ട മുസ്ലിം വോട്ട് കാര്യമായി പിടിച്ചില്ലെങ്കിൽ പാലക്കാട്ട് ഇക്കുറി പിഷാരടി തന്നെ. മണ്ണാർക്കാട് മുസ്ലിംലീഗിലെ എൻ. ഷംസുദ്ദീൻ ഉറപ്പിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃത്താലയിൽ മന്ത്രി എം.ബി രാജേഷിനെതിരെ വി.ടി ബൽറാം, മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ തട്ടകമായ ചിറ്റൂരിൽ യു.ഡി.എഫിലെ സുമേഷ് കെ. അച്യുതൻ എന്നിവർ യു.ഡി.എഫിനായി അട്ടിമറി വിജയം നേടിയേക്കും. എന്നാൽ, സി.പി.എം വിമതൻ പി.കെ ശശി യു.ഡി.എഫ് പിന്തുണയിൽ മത്സരിക്കുന്ന ഒറ്റപ്പാലം, വി.എസ് അച്യുതാനന്ദന്റെ പെഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ് കോൺഗ്രസിനായി മൽസരിക്കുന്ന മലമ്പുഴ എന്നിവക്കൊപ്പം ഷൊർണൂർ, തരൂർ, ആലത്തൂർ എന്നിവിടങ്ങളിൽ എൽ.ഡി.എഫിനാണ് മേൽക്കെ. പട്ടാമ്പി, കോങ്ങാട്, നെന്മാറ എന്നിവിടങ്ങിൽ നല്ല മത്സരമുണ്ട്.
തൃശൂർ ജില്ലയിൽ 12 സീറ്റിൽ ചാലക്കുടി മാത്രമാണ് നിലവിൽ യൂ.ഡി.എഫിനൊപ്പമുള്ളത്. ഇക്കുറി തൃശൂർ മണ്ഡലത്തിൽ മുൻ മേയർ കൂടിയായ കോൺഗ്രസിലെ രാജൻ ജെ. പല്ലൻ അട്ടിമറി വിജയം ഉറപ്പിച്ചിട്ടുണ്ട്. യു.ഡി.എഫിനായി മണലൂരിൽ ടി.എൻ പ്രതാപനും മികച്ച മൽസരം കാഴ്ചവെക്കുന്നുണ്ട്. ഗുരുവായൂരിലും നല്ല മൽസരമുണ്ട്. സി.പി.ഐ മന്ത്രി കെ. രാജന്റെ ഒല്ലൂരർ, പുതുക്കാട്, കുന്നംകുളം, വടക്കാഞ്ചേരി, നാട്ടിക, കൊടുങ്ങല്ലൂർ, ചേലക്കര, ഇരിങ്ങാലക്കുട, കയ്പമംഗലം, കുന്നംകുളം എന്നിവിടങ്ങളിൽ എൽ.ഡി.എഫിനാണ് മേൽക്കൈ.
എറണാകുളം ജില്ലയിൽ യു.ഡി.എഫ് ആധിപത്യം തുടരും. സിറ്റിങ്ങ് എം.എൽ.എമാരായ വി.ഡി സതീശൻ (പറവൂർ), മാത്യു കുഴൽനാടൻ (മുവാറ്റുപുഴ), ഉമ തോമസ് (തൃക്കാക്കര), അനൂപ് ജേക്കബ് (പിറവം), ടി.ജെ വിനോട് (എറണാകുളം), അൻവർ സാദത്ത് (ആലുവ), റോജി എം. ജോൺ (അങ്കമാലി) എന്നിവർ വിജയം ആവർത്തിക്കും. പെരുമ്പാവൂരിൽ മാറ്റി നിർത്തപ്പെട്ട സിറ്റിങ്ങ് എം.എൽ.എ എൽദോസ് കുന്നപ്പള്ളിക്ക് പകരം വന്ന മനോജ് മുത്തേടത്തിനും മേൽക്കൈയുണ്ട്. എൽ.ഡി.എഫിൽ മന്ത്രി പി.രാജീവ് (കളമശ്ശേരി), ആന്റണി ജോൺ (കോതമംഗലം) എന്നിവർക്ക് വിജയ സാധ്യതയുണ്ട്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും കെ.ജെ മാക്സിയും നേർക്കുനേർ വരുന്ന കൊച്ചി, ഇടതുകോട്ടയായ വൈപ്പിൻ എന്നിവിടങ്ങളിൽ ഇക്കുറി മൽസരം കടുത്തതാണ്. എങ്ങോട്ടും മറിയാം. മുൻമന്ത്രി കെ. ബാബു ഒഴിഞ്ഞ തൃപ്പൂണിത്തുറയിലെ മത്സരം ഇക്കുറി ശ്രദ്ധേയമായത് എൻ.ഡി.എ - സി.പി.എം ഡീൽ ആരോപണം കൊണ്ടാണ്. ഇവിടെയും കടുത്ത മൽസരമാണ്.
കോർപ്പറേറ്റ് സംഘടനയായ ട്വന്റി-20യുടെ ശക്തമായ സാന്നിധ്യമുള്ള കുന്നത്തുനാട്ടിൽ ഇക്കുറിയും ത്രികോണ പോരാട്ടമാണ്. എന്നാൽ, എൻ.ഡി.എയിൽ ചേക്കേറിയതിനാൽ ട്വന്റി 20യിൽനിന്ന് ചോരുന്ന വോട്ടിലാണ് ഇടത് വലത് മുന്നണികളുടെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി-20 ദുർബലമായ വാർഡുകളിൽ ശക്തമായ തിരിച്ച് വരവ് നടത്തിയത് കോൺഗ്രസാണ്. അത് ആവർത്തിച്ചാൽ കുന്നത്തുനാട് യു.ഡി.എഫിനാകാനാണ് സാധ്യത.
അഞ്ചു സീറ്റ് മാത്രമുള്ള ഇടുക്കി ജില്ലയിൽ കേരള കോൺഗ്രസ് പി.കെ. ജോസഫിന്റെ തട്ടകമായ തൊടുപുഴ മാത്രമാണ് യു.ഡി.എഫിന്റെ ഏക സീറ്റ്. പി.ജെ. ജോസഫിന്റെ പിൻഗാമി മകൻ അപു ജോൺ ജോസഫിന് ഇവിടെ വിജയം ഉറപ്പാണ്. കേരള കോൺഗ്രസ് എമ്മിലെ മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കിയിൽ കടുത്ത മൽസരത്തിലാണ്. ജോസഫ് വിഭാഗത്തിൽനിന്ന് നിന്ന് കോൺഗ്രസ് പിടിച്ചുവാങ്ങിയ ഇടുക്കി കോൺഗ്രസ് അട്ടിമറി നടത്തിയേക്കാം.
സി.പി.എമ്മിന്റെ മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പിക്ക് സ്ഥാനാർഥിയായതിലൂടെ ശ്രദ്ധ നേടിയെങ്കിലും ദേവീകുളം മാറില്ല. ഇക്കുറിയും സി.പി.എമ്മിലെ എ.രാജക്ക് വിജയം ഉറപ്പാണ്. എം.എം മണി മാറിയ ഉടുമ്പൻചോലയിൽ ഇക്കുറി നല്ല മത്സരമുണ്ടെങ്കിലുംസി.പി.എമ്മിനെ കൈവിടാൻ സാധ്യതയില്ല. അതേസമയം, പീരുമേട്ടിൽ സി.പി.ഐയുടെ ജില്ല സെക്രട്ടറി കെ.സലീം കുമാറും സിറിയക് തോമസും തമ്മിൽ കടുത്ത മൽസരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.