ഭരണാധികാരികൾ നമുക്കൊന്നും തരുന്നില്ല

ഭരണാധികാരികൾ ജനങ്ങൾക്ക് ചെയ്​ത സഹായങ്ങളെ സംബന്ധിച്ച് എന്നും പറഞ്ഞുകൊണ്ടേയിരിക്കുന്നു. റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ, വിവിധ പെൻഷനുകൾ, സ്കോളർഷിപ്പുകൾ, ഭക്ഷ്യവസ്തുക്കളുടെ കിറ്റുകൾ, മറ്റു സഹായ പദ്ധതികൾ തുടങ്ങിയവ സംബന്ധിച്ച വാർത്തകളും പ്രചാരണങ്ങളും സ്​റ്റേജുകളിലും പേജുകളിലും നിറഞ്ഞുനിൽക്കുന്നു.

തെരുവോരങ്ങളിൽ അവ നൽകിയ മന്ത്രിമാർക്ക് അഭിനന്ദനങ്ങളും അനുമോദനങ്ങളും ആശംസകളുമറിയിക്കുന്ന ചിത്രങ്ങളോടുകൂടിയ പടുകൂറ്റൻ ബോർഡുകളും. എന്നാൽ, ഇതൊക്കെയും വിളിച്ചറിയിക്കുന്നത് നമ്മുടെ പൗരബോധത്തി​െൻറ അഭാവമാണ്. ഭരണാധികാരികൾ നമുക്കൊന്നും തരുന്നില്ലെന്ന തിരിച്ചറിവി​െൻറ അഭാവമാണിത് വിളംബരം ചെയ്യുന്നത്.

അൽപം ആലോചിച്ചാലറിയാം അവർ നമ്മെ തീറ്റിപ്പോറ്റുകയല്ല; നാം അവരെ തീറ്റിപ്പോറ്റുകയാണെന്ന്. നാം അവർക്ക് കൊടുക്കുന്നു. അവരോ, നമ്മിൽനിന്ന് എടുക്കുകയാണ്. നമ്മുടെ രാജ്യത്തെ പൊതുഖജനാവിലെ പണം ഇവിടത്തെ മുഴുവൻ മനുഷ്യരുടേതുമാണ്. ഒരു ചായയോ കാപ്പിയോ കുടിക്കുമ്പോൾ, ഒരു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ, ഒരു ഷർട്ടോ മുണ്ടോ ധരിക്കുമ്പോൾ, നമ്മുടെ വിയർപ്പി​െൻറ ഗന്ധവും രക്തത്തി​െൻറ ചുവപ്പും നിശ്വാസത്തി​െൻറ ചൂടുമുള്ള പണം പൊതുഖജനാവിലെത്തുന്നു.

നാം ഇവിടെ എന്തുപയോഗിച്ചാലും അതി​െൻറ വിലയുടെ നിശ്ചിതശതമാനം നികുതിയിനത്തിൽ സർക്കാറി​െൻറ കൈകളിൽ ചെന്നുചേരുന്നു. അതിനാൽ, ഭരണകൂടത്തി​െൻറ വശമുള്ള ഓരോ പൈസയും നമ്മുടെ ഓരോരുത്തരുടേതുമാണ്. അതോടൊപ്പം അവർ ഓരോ നിമിഷവും ഉപയോഗിക്കുന്നത് നമ്മുടെ പണമാണ്.

തെളിയിച്ചുപറഞ്ഞാൽ മന്ത്രിമാരും കുടുംബവും കുടിക്കുന്നതും കഴിക്കുന്നതും ധരിക്കുന്നതും സഞ്ചരിക്കുന്ന വാഹനവും ഡ്രൈവർക്കും കാവൽക്കാർക്കുമുള്ള ശമ്പളവുമെല്ലാം നൽകുന്നത് നാമാണ്. അതിനാൽ, അവരല്ല, നമ്മളാണ് യജമാനന്മാർ. നമ്മൾ അവരെ തീറ്റിപ്പോറ്റുകയാണല്ലോ. ഇത് തിരിച്ചറിയാനുള്ള പൗരബോധം നമുക്കില്ലാത്തത്​ ഭരണാധികാരികളുടെ മഹാഭാഗ്യം. നാടി​െൻറ ശാപവും അതുതന്നെ.

യഥാർഥ പൗരബോധം

ഡോക്ടർ സുകുമാർ അഴീക്കോട് പറഞ്ഞു: ''നാം തെരഞ്ഞെടുത്തവർ നമ്മുടെ കാവൽക്കാരാണെന്ന് ധരിച്ചതാണ് നമുക്കു പറ്റിയ തെറ്റ്. നമ്മൾ അവർക്കാണ് കാവൽ നിൽക്കേണ്ടത്. രാഷ്​ട്രീയക്കാർ അയനസ്കോവി​െൻറ നാടകത്തിലെ മൂല്യച്യുതിയുടെ പ്രതീകങ്ങളായ കാണ്ടാമൃഗങ്ങളായി മാറുന്നു. അവരെ കണ്ട് മറ്റുള്ളവരും കാണ്ടാമൃഗങ്ങളാകുന്നു. മക്കൾക്ക് അച്ഛ​െൻറ സദാചാരം മനസ്സിലാവുന്നില്ല. അവ​െൻറ തലയിൽ ബാല്യത്തിലേ കാണ്ടാമൃഗത്തി​െൻറ ഒറ്റക്കൊമ്പ് വളരുന്നു.

എല്ലാം പണത്തിെൻറ അളവുകോൽകൊണ്ട് അളക്കുന്ന ഈ നാളുകളിൽ നാം അവസാനത്തേതി​െൻറ തൊട്ടുതലേന്നാളത്തെ അത്താഴം കഴിക്കുകയാണെന്ന് മറക്കരുത്. സമ്പാദിക്കണമെങ്കിൽ മന്ത്രിയാവണം. ജനസേവനം സമ്പാദനത്തിനുള്ള കുറുക്കുവഴിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അഴിമതി പരസ്യമായിട്ടും മന്ത്രിമാർക്ക് അധികാരത്തിൽ തൂങ്ങിനിൽക്കാൻ നമ്മുടെ നാട്ടിലേ കഴിയൂ. അവരെ 'ബഹുമാനപ്പെട്ട' മന്ത്രിമാർ എന്ന് സംബോധന ചെയ്യുമ്പോൾ വാക്കുകൾക്ക് അർഥഭ്രംശം സംഭവിക്കുന്നു.''

പൗരജനം ഗാഢനിദ്രയിലാണ്. എല്ലാം നോക്കാൻ കാവൽക്കാരെ ഏൽപിച്ചിട്ടുണ്ടല്ലോ എന്നവർ സമാധാനിക്കുന്നു. അതിനാൽ, കാവൽക്കാരൻ ചുമര് തുരന്ന് കക്കുന്നത് അറിയുന്നില്ല. അറിഞ്ഞവർ തടയാൻ കെൽപില്ലെന്നു കരുതി ഉറക്കം നടിക്കുന്നു. എന്നാൽ, ജനനായകരും രാഷ്​ട്രനേതാക്കളും നമ്മെ കാക്കുമെന്ന് കരുതിയവർക്ക് തെറ്റി.

അവർ കക്കുകയാണ്. കക്കാത്തവരും അവിഹിതമായി സ്വന്തക്കാരെ അധികാരത്തിൽ അവരോധിക്കാത്തവരും പക്ഷപാതപരമായ നിലപാട് പുലർത്താത്തവരും നന്നേ കുറവാണ്. നീതി നടത്തുന്നവർ ഉണ്ടോ എന്നുപോലും സംശയം. കോർപറേറ്റ് മേധാവികളുടെ അംഗചലനത്തിനനുസരിച്ച് നീങ്ങാത്തവർ മർമസ്ഥാനങ്ങളിൽ വളരെ വിരളം. അഴിമതി ഉൾപ്പെടെയുള്ള കൊടിയ കുറ്റകൃത്യങ്ങൾ ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും പേരിനും പെരുമക്കും പ്രൗഢിക്കും പ്രതാപത്തിനും പോറലേൽപിക്കുകയില്ലെന്നുറപ്പ്. അതുകൊണ്ടുതന്നെ അവർ വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നു.

സംസ്ഥാനം നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും ആസന്നമായ തെരഞ്ഞെടുപ്പിലെ ചർച്ചകൾ ശ്രദ്ധിക്കുന്നവർക്കറിയാം നാട് നേരിടുന്ന പ്രശ്നങ്ങളിലൊന്നും മുഖ്യധാരാ രാഷ്​ട്രീയപാർട്ടികൾക്ക് ഒട്ടും താൽപര്യമില്ലെന്ന്. വർഗീയവിഷം പടർത്തി, വെറുപ്പ് വളർത്തി കുറുക്കുവഴികളിലൂടെ അധികാരം നേടാനുള്ള ഹീനശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.

തെറ്റു തിരുത്തേണ്ടത് നാംതന്നെ. ജനാധിപത്യം പരിരക്ഷിക്കാൻ നിരന്തരജാഗ്രത പുലർത്തിയേ പറ്റൂ. അധികാരിവർഗം നമ്മെ തീറ്റിപ്പോറ്റുകയാണെന്ന ധാരണ തിരുത്തണം. ഭരണവർഗത്തി​െൻറ ആഗ്രഹങ്ങൾക്കനുസരിച്ച് ആടുകയും പാടുകയും ചെയ്യുന്ന അവസ്ഥ മാറണം. ചവിട്ടുന്ന പാദങ്ങളെ പൂവിട്ടുപൂജിക്കുന്ന പതിതാവസ്ഥ ഇല്ലാതാവുകതന്നെ വേണം. അപ്പോഴേ തെരഞ്ഞെടുപ്പ് വരുമ്പോൾ നമ്മുടെ മുന്നിൽ വന്ന് കൈകൂപ്പി നിൽക്കുന്നവർ തെരഞ്ഞെടുക്കപ്പെട്ടാൽ തിരിഞ്ഞുനോക്കാതിരിക്കുകയും നാം അവരുടെ മുന്നിൽ കൈകൂപ്പി നിൽക്കേണ്ടിവരുകയും ചെയ്യുന്ന അവസ്ഥക്ക്​ അറുതിയുണ്ടാവുകയുള്ളൂ;ജനാധിപത്യം അർഥപൂർണവും ആരോഗ്യകരവുമാവുകയുള്ളൂ.

Tags:    
News Summary - The rulers give us nothing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.