അടുക്കള എന്ന പേടിസ്വപ്നവും ഇനിയും കണ്ണുതുറക്കാത്ത 'ഭരണാധികാരികളും'

അടുക്കള എന്നത് നിരന്തരം ഒരു പേടിസ്വപ്നമായിക്കൊണ്ടിരിക്കുകയും നെഞ്ചിടിപ്പ് കൂടി എപ്പോഴും ബാത്​റൂമിലേക് ഓടുന്ന അവസ്ഥയും ഭീകരമായി എന്നെ അലട്ടിക്കൊണ്ടിരുന്ന്, ഒരു മാനസികവിഭ്രാന്തിയുടെ വക്കിലെന്നോണം എത്തി നിൽക്കുമ്പോഴാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയിലൂടെ കുറച്ചുകൂടി തുറന്നുപറയാനുള്ള ധൈര്യം ജിയോ ബേബി സമ്മാനിച്ചത്. അതിന്​ ഒരായിരം നന്ദി. ഒരു പുരുഷ സംവിധായകൻ മാറിനിന്ന് നിരീക്ഷിക്കുന്ന അന്യന്‍റെ (outsider) തെറ്റിദ്ധാരണകൾ ഒട്ടും കലരാതെ അടുക്കള ജീവിതത്തിന്‍റെ പച്ചയായ സത്യങ്ങൾ തുറന്നുകാണിക്കാൻ കഴിഞ്ഞത് തികച്ചും അഭിനന്ദനാർഹമാണ്. പലരും പറഞ്ഞപോലെ എന്നെ തന്നെയാണ് ഞാൻ ആ സിനിമയിൽ കണ്ടത് എന്ന് പറയാൻ വയ്യ. പക്ഷേ, എന്‍റെ ചില മുഖങ്ങളും നിമിഷയിൽ കണ്ടു.

'സ്ത്രൈണത' എന്ന സങ്കൽപ്പത്തെ സമൂഹം എങ്ങിനെ സൃഷ്​ടിച്ചെടുക്കുന്നു എന്നും അതിനെ വിവാഹത്തിലൂടെയും ലൈംഗികതയിലൂടെയും ഇന്നത്തെ സ്ത്രീകൾ എങ്ങിനെയാണ് പുനരാലോചനക്ക് വിധേയമാക്കുന്നത് എന്നും ഗവേഷണം ചെയ്യുന്ന ഞാൻ ഇനിയും ഇത് പറയാതിരിക്കുന്നതിൽ അർഥമില്ല. ഭർത്താവിന്‍റെ വീട്ടിലേക്ക്​ കയറിവരുന്ന നവവധു സുന്ദരിയായിരിക്കുക (വെളുത്ത നിറം, ഒത്ത ശരീരം എന്നിങ്ങനെ നീളും ആ മാനദണ്ഡങ്ങൾ) എന്നതാണ് അവളുടെ സ്ത്രൈണതയെ അടയാളപ്പെടുത്തുന്ന ആദ്യത്തെ ഗുണം. നിമിഷയെ ആദ്യമായിട്ട് കാണുന്ന, പാലുകൊണ്ടുവരുന്ന ആ കൊച്ചുപെൺകുട്ടി ഭർതൃവീട്ടുകാരുടെ ഭാവത്തിൽ നിമിഷക്ക് മാർക്ക് കൊടുക്കാൻ മറന്നില്ല -'നല്ല സുന്ദരിയാട്ടോ'. എന്‍റെ ചുറ്റിലുമുള്ള ഒരുപാട് പെൺകുട്ടികളെ ആ കുട്ടിയിൽ ഞാൻ കണ്ടു.

നിലനിൽക്കുന്ന സ്ത്രൈണതാ സങ്കൽപങ്ങൾക്കനുസരിച്ച്​ എങ്ങിനെ ഒരു നവവധുവിനെ പരിഗണിക്കണം എന്നത് തികച്ചും മനഃപൂർവം രക്ഷിതാക്കൾ പെൺകുട്ടികളെ പഠിപ്പിച്ചെടുക്കുന്ന സ്വഭാവഗുണമാണ്. സൗന്ദര്യം ഒരു മോശമായ കാര്യമായത് കൊണ്ടല്ല, പകരം സൗന്ദര്യം മാത്രമാണ് പലപ്പോഴും അളവുകോലാവുന്നത്. അതിലും കറുപ്പ് / ഇരുണ്ട നിറം എന്നെപോലെ സ്ത്രൈണത കുറവുള്ള പെണ്ണുങ്ങൾക്കായിരിക്കും. അങ്ങനെയുള്ള പെണ്ണുങ്ങളുടെ കുട്ടികൾക്ക്​ അമ്മമാരുടെ നിറമോ രൂപമോ കിട്ടിയിട്ടുണ്ടെങ്കിൽ അതുകൂടി കേൾക്കാൻ അവർ ബാധ്യസ്ഥരാണ്.

ബുദ്ധിശൂന്യത കൊണ്ട് മാത്രം നിങ്ങൾ പടച്ചുണ്ടാക്കുന്ന സ്ത്രൈണത സങ്കല്പങ്ങളിലേക്ക് ചുറ്റിലുമുള്ള ഒരുപാട് കൊച്ചു പെൺകുട്ടികളെ വളർത്തിക്കൊണ്ടുവരുന്നത് കാണുമ്പോൾ അവിടെ പ്രതികരിച്ചാൽ എന്‍റെ സ്ത്രൈണത വീണ്ടും ഇടിഞ്ഞു. അത് ഇടിഞ്ഞാലും ഇടിഞ്ഞില്ലെങ്കിലും കോൺക്രീറ്റ് ചെയ്ത ഉറപ്പു വരുത്തിയ ആണുങ്ങളുടെയും ആൺവീട്ടുകാരുടെയും 'പ്രിവിലേജസി'ന് കോട്ടം തട്ടാതെ സൂക്ഷിക്കാൻ ഒരുപാട് വേറെ പെണ്ണുങ്ങളും ഉണ്ടാവും. പെണ്ണ് പ്രതികരിച്ചാലും പോറലേൽക്കാത്ത കുറെ ആൺ ശീലങ്ങളിൽ നിന്നുയരുന്ന ദുർഗന്ധവും നിരാശയും അസഹനീയമായത് കൊണ്ടാണ് സിനിമയുടെ ആദ്യമൊന്നും പ്രതികരിക്കാത്ത അവൾ അവസാനം സ്വന്തം വഴി നോക്കി ഓടി രക്ഷപ്പെടുന്നത്.

സ്വന്തം പാത്രം കഴുകിവെക്കാനും സ്വന്തം വസ്ത്രം അലക്കാനും സ്വന്തം വീട് വൃത്തിയാക്കാനും കാര്യപ്രാപ്തിയെത്താത്ത നിങ്ങളൊക്കെ എന്തിനാണ് ഇതൊക്കെ നിങ്ങളുടേത് എന്ന വിളിക്കുന്നത്? ഇതിനൊക്കെ അവിടേക്ക് നിങ്ങളൊരു വേലക്കാരിയെ കല്യാണം കഴിച്ചു കൊണ്ടുവന്നിട്ടുണ്ടല്ലോ. പൈപ്പ് പൊട്ടിയപ്പോൾ അത് നന്നാക്കാൻ പ്ലമ്പറിനെ വിളിക്കാനുള്ള ഉത്തരവാദിത്തം പോലും കാണിക്കാത്ത ഭർത്താവും, സ്വന്തം ബ്രഷും ചെരിപ്പും എടുക്കാനറിയാത്ത അച്ഛനും ജീവിതം കൊണ്ട് പകർന്നുകൊടുക്കുന്നത് സിങ്കിൽ കെട്ടിനിൽക്കുന്ന ആ വെള്ളത്തിന്‍റെ അതേ ദുർഗന്ധമാണ്. ഒപ്പം ഒഴുകാൻ ഇടമില്ലാതെ ദുർഗന്ധം കൊണ്ട് കെട്ടിനിൽക്കുന്ന നിരാശയുമുണ്ട് അവളുടെ മനസ്സിൽ. ഒരു അടുക്കള എത്രത്തോളം പെണ്ണിനെ ചങ്ങലക്കിടുന്നുണ്ട് എന്നതിന്‍റെ പ്രതിഫലനം തന്നെ ആണ് സിനിമയിലുടനീളം നിങ്ങൾക്ക്​ തോന്നിയ ആവർത്തന വിരസത.

പെൺകുട്ടികൾ എന്നും അപരവൽക്കരണത്തിന്‍റെ ഇരകൾ

കാലാകാലങ്ങളായി മാതൃത്വത്തിന്‍റെ മഹത്വം പാടിയും പറഞ്ഞും അമ്മ ഭൂമിയാണെന്നും മാങ്ങയാണെന്നും തേങ്ങയാണെന്നും പറഞ്ഞും ആണുങ്ങൾ മുതലെടുപ്പിന്‍റെ ചരിത്രകാരന്മാരായി. അവരുടെ മുതലെടുപ്പ് ചരിത്രത്തിൽ അവർ കഥയിലെ അമ്മായിയേയും എം.എ കഴിഞ്ഞു ജോലിക്ക് പോവാതെ മക്കളെ നോക്കിയ അമ്മായിഅമ്മയെയും പോരാത്തതിന് പെണ്ണിന്‍റെ അമ്മയുടെ 'നീ ഒരു വീട്ടിൽ ചെന്ന് കയറേണ്ടതല്ലേ, ഇനിയെല്ലാം പഠിക്ക്' എന്നീ ഉപദേശങ്ങളെയും കൃത്യമായ റഫറൻസോടെ സൈറ്റ് ചെയ്യാൻ മറക്കാറില്ല. 'പൗരത്വ പ്രതിസന്ധി' എന്ന് ഞാൻ പേരിട്ടു വിളിക്കുന്ന ആ ദയനീയാവസ്ഥ ഭൂരിഭാഗം പെൺകുട്ടികളും അനുഭവിക്കുന്നതാണ്. സ്വന്തം വീട്ടിൽ നിന്നു മറ്റൊരു വീട്ടിലേക്ക്​ പോകേണ്ടവളും മറ്റേ വീട്ടിൽ അവൾ കേറിചെന്നവളും.

ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്.-ഇതെന്താ തൊണ്ടിമുതലോ? പെൺകുട്ടികൾ എന്നും എവിടെയും അപരവൽക്കരണത്തിന്‍റെ ഇരകളാണ്. ഇന്ന് നമുക്കിടയിലൊക്കെ കാണപ്പെടുന്ന 'Pseudo Progressive' ആയ കുറെ ആണുങ്ങളെ സിനിമയിൽ വെളിച്ചത്തേക്ക്​ കൊണ്ടുവരുന്നു. 'ഞാൻ ജോലിക്കു പോണ്ടാന്ന് പറഞ്ഞില്ലല്ലോ ഇപ്പോ പോ​േവണ്ടാന്നല്ലേ പറഞ്ഞുള്ളു', 'വിരുന്നുകാർ വന്നപ്പോൾ പാചകം ചെയ്തത്​ ആണുങ്ങളല്ലേ, പിന്നെ എന്താണ് അടുക്കളയിൽ ഇനി പണി' എന്നീ അമ്പുകൾ... അതെ നിങ്ങൾക്ക്​ നേരെ തന്നെയാണ്.

എപ്പോഴെങ്കിലും സത്കാരങ്ങൾക്കും മറ്റു ചടങ്ങുകൾക്കും മാത്രം പാചകം ചെയ്യുകയും നാലാളുടെ മുന്നിൽ അതിന്‍റെ പോരിശ പറഞ്ഞുപോവുകയും ചെയ്യുന്ന ഇവർക്ക് അതിന്‍റെ ബാക്കിയുള്ള വൃത്തിയാക്കൽ പരിപാടികൾ ഏറ്റെടുക്കാൻ കഴിയാറില്ല. വലിയ മേശയും കസേരയും കട്ടിലും ഒക്കെ ഏറ്റുന്ന ഇവർ അധികമായി അടുക്കളയിൽ നിന്നു വിയർക്കുന്നത് കാണാനുള്ള ത്രാണി പാവം ഭാര്യമാർക്കും നൊന്തു പെറ്റ അമ്മയ്ക്കും ഉണ്ടാവാറില്ല. കഷ്ടം. നിങ്ങൾ ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചുകൊണ്ടുവരുന്ന ഒരു പെൺകുട്ടി നിങ്ങളുടെ വീട്ടിൽ എത്ര അസ്വസ്ഥരാവുന്നുണ്ടെങ്കിലും ഭയത്തോടെ ജീവിക്കുകയാണെങ്കിലും എന്ത് വിഷമം അനുഭവിച്ചാലും മാനസിക സമ്മർദ്ദം അനുഭവിച്ചു ഒരു രോഗിയായാലും ശരി, അച്ഛന്‍റെയും അമ്മയുടെയും വികാരം വ്രണപ്പെടുമോ എന്ന നിങ്ങളുടെ അന്താരാഷ്​ട്ര പ്രശ്നമാണ് 'അച്ഛന്‍റെ മുന്നിൽ ഇപ്പോൾ ഞാൻ' എന്ന് പറയുന്ന സുരാജിലും നമ്മൾ കണ്ടത്. ഇങ്ങനെ അവരുടെ മുൻഗണനകൾക്ക് മാത്രം വേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ നിങ്ങൾക്ക് കല്യാണം കഴിക്കാതെ ജീവിച്ചാൽ പോരെ? എന്തിന് സഹിക്കാൻ മാത്രം ഒരുവളെ കൊണ്ടുവരുന്നു? ലൈംഗികതയെ കുറിച്ചുള്ള അവബോധം പെണ്ണിനുണ്ടാവുക എന്നത് തന്നെ ആണിന് ഉൾക്കൊള്ളാനാവുന്നില്ല. കാരണം ആരും പറഞ്ഞുകൊടുക്കുകയോ കേൾക്കാൻ അനുവദിക്കുകയോ ചെയ്യാതെ പെൺകുട്ടികളെ വളർത്തിയത് ആണിന്‍റെ കാമവെറി തീർക്കാൻ തന്നെയായിരുന്നു.

ഇനിയും പെൺകുട്ടികൾ പ്രതികരിക്കാത്ത ഇരകളായി കീഴ്പ്പെടും എന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണ്. അമ്മായിയമ്മ എന്ന കഥാപാത്രത്തെ സിനിമയിൽ മനഃപൂർവം അരങ്ങത്ത് നിന്ന് മാറ്റിനിർത്തിയതും നിങ്ങക്ക് നേരെയുള്ള അമ്പ് തന്നെയാണ്. അനാവശ്യമായി അധികാരം കാണിക്കുന്ന ഒരു അമ്മായിയമ്മ കൂടിയുണ്ടെങ്കിൽ അത് 'സ്ത്രീ തന്നെയാണ് സ്ത്രീയുടെ ശത്രു' എന്ന പരമ്പരാഗത കുടക്ക് പിന്നിൽ ഒളിച്ചിരിക്കാൻ ശ്രമിക്കുന്ന ആണുങ്ങളെ പ്രതിസ്ഥാനത്തേക് കൊണ്ടുവരാൻ തന്നെയായിരുന്നു. നിമിഷ അവളുടെ വീട്ടിൽ ചെന്ന സന്ദർഭത്തിൽ വെള്ളം ചോദിക്കുന്ന അനിയനോട് കയർത്തു സംസാരിച്ചപ്പോൾ പലപ്പോഴും എന്‍റെ ശബ്ദത്തിൽ അസ്വാരസ്യങ്ങൾ അനുഭവപ്പെട്ട് നീരസം പ്രകടിപ്പിച്ച പല മുഖങ്ങളെയും ഞാൻ കണ്ടു.

ഇനിയും കണ്ണുതുറക്കാത്ത അടുക്കള ഭരണാധികാരികൾ

അടുക്കളയിലൂടെ ഗ്യാസ്‌ സ്റ്റൗവിന്‍റെയും അടുപ്പിന്‍റെയും ഇടയിലൂടെ കിതച്ചു പായുന്ന നിമിഷയെ കണ്ടപ്പോളാണ് ഓർത്തത്. ഇങ്ങിനെയൊരു ഓട്ടം ഞാൻ ഓടാറില്ല. അങ്ങിനെ ഓടിത്തീർത്ത്​ മാർക്ക് വാങ്ങി ഇവിടെ ആരും കപ്പ് തരാനൊന്നും പോവുന്നില്ല എന്ന കൃത്യമായ ബോധമുള്ളത് കൊണ്ട് തന്നെ. ഒരുകാലത്തു അങ്ങനെയൊക്കെ ഓടിനോക്കിയിട്ടുണ്ട്. പക്ഷേ, വിചാരിക്കാത്ത കോണുകളിൽ നിന്നൊക്കെ അമ്പെയ്ത്ത്​ ഏൽക്കാൻ തുടങ്ങിയപ്പോൾ കാര്യം ഏകദേശം കൃത്യമായി. ഓടിത്തളർന്നു എല്ലാം തീർത്താൽ അപ്പുറത്ത്​ അമ്പെയ്ത്തിന് പുതിയ വകുപ്പുകൾ ഉണ്ടായിരിക്കും. പിന്നെ എന്തിന് ഓടിത്തളരണം? സ്ത്രൈണതയുടെ അളവുകോൽ വെച്ചു അളന്നാൽ ഞാൻ പെട്ടെന്ന് വീട്ടുജോലി തീർക്കാൻ കഴിവുള്ളവളല്ല. കാരണം എന്‍റെ വർക്ക് എക്സ്പീരിയൻസും ക്വാളിഫിക്കേഷനും അടുക്കളയിൽ നിന്നല്ല. ഇനി ആളുകൾ എന്ത് പറയുമെന്ന് പേടിച്ചു അണിഞ്ഞൊരുങ്ങി സുന്ദരിയായി നടക്കാനും എന്നെക്കൊണ്ട് പറ്റില്ല. പരസ്പരം അടുക്കളകളിലേക്ക് മാറിമാറി ഗോൾ അടിച്ചുകൊണ്ടിരിക്കുന്ന കഥകൾ കേട്ട് ചിരിക്കാനും എനിക്ക് താൽപര്യമില്ല.

ഒരുപാടധികം ഒലിപ്പിച്ച്​ എല്ലാവരേയും ഇണക്കി നിർത്താനുള്ള താക്കോൽ ഞാൻ സൂക്ഷിക്കാമെന്നും ഏറ്റിട്ടില്ല. സംസാരത്തിൽ കുറച്ച് ഗൗരവം ഒക്കെ ഉള്ള ആൾ തന്നെയാണ് ഞാൻ. ഇപ്പറഞ്ഞ കാരണങ്ങൾ കൊണ്ട് നല്ലൊരു പെണ്ണിന്‍റെ ഗണത്തിൽ എന്നെ ഉൾപ്പെടുത്തുന്നില്ല എങ്കിൽ എനിക്ക് അതിൽ സന്തോഷമേയുള്ളൂ. കാരണം ഒരു നല്ല പെണ്ണ് എന്ന ടാഗിന്‍റെ ഭാരം ജീവിതകാലം മുഴുവൻ ചുമന്ന് നടക്കേണ്ടത് ഇല്ലല്ലോ. പുഷ്പംപോലെ വിരിയാനും വാടാനും നിങ്ങളാരും വിത്തുപാകി മുളപ്പിച്ച പെണ്ണല്ല ഞാൻ.

തികച്ചും അനാരോഗ്യകരമായ (workplace culture ഇല്ലാത്ത, വേതനമില്ലാത്ത) ഒരു സംവിധാനത്തിൽ പരാതികളോ പരിഭവങ്ങളോ എന്തിന് മുഖത്തൊരു ഭാവമാറ്റം പോലുമില്ലാതെ, ഏതു നെഗറ്റീവ് കമന്‍റ്​സും ഏത് ജോലിയും വളരെ സൗമ്യമായി സ്വീകരിക്കണം എന്നാണെങ്കിൽ നിങ്ങൾക്ക് ആളുമാറി ട്ടോ. ഈ പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ ഒരേ വീട്ടിലിരുന്ന് ഒരു ആണിനും പെണ്ണിനും നിത്യേന ചെയ്യേണ്ട ഒരു ഉദ്യോഗം ഉണ്ടെങ്കിൽ, അവിടെ ആണിന് സ്വസ്ഥമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുങ്ങുകയും പെണ്ണിന് തീർ എഴുതി വെച്ചത് വരുമാനമില്ലാത്ത ജോലി ആയതിനാൽ, അവൾക്ക് അവളുടെ ഉദ്യോഗത്തെകുറിച്ച് ചിന്തിക്കാന് പോയിട്ട് ഓർക്കാൻ പോലും സമയമോ സാഹചര്യമോ ഉണ്ടാകില്ല.

ഈ സംവിധാനത്തിന്‍റെ ഇരകൾ ഇനിയും സൗമ്യമായി പെരുമാറുന്ന, ആരോടും ദേഷ്യപ്പെടാത്ത, ശബ്ദത്തിൽ അല്പംപോലും ഗൗരവം കലരാതെ ശ്രദ്ധിക്കുന്ന, എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന, മറ്റുള്ളവർക്ക് വേണ്ടി അവനവന്‍റെ സമയവും ആരോഗ്യവും നിസ്വാർഥമായി ചെലവഴിക്കണം എന്നും നിങ്ങൾ ഇപ്പോഴും ചിന്തിക്കുന്നുണ്ടെങ്കിൽ നിങ്ങൾ മനസ്സിലാക്കേണ്ടത് നിലനിൽക്കുന്ന പുരുഷാധിപത്യ സംവിധാനത്തിന്‍റെ അനീതികളിലേക്കും അതിൽ സാമൂഹികവത്​കരിക്കപ്പെട്ട്​ അതിനുവേണ്ടി മാത്രം പാകപ്പെട്ടു വന്ന നിങ്ങൾ ഇനിയും കണ്ണു തുറന്നിട്ടില്ല എന്നതാണ്.

ഇനി ഇതൊക്കെ മുതിർന്ന അടുക്കള ഭരണാധികാരികളെ കാണിച്ചു മാറ്റം കൊണ്ടുവരാം എന്നൊന്നും ചിന്തിക്കേണ്ട. അവർ ഒറ്റവാക്കിൽ ഇതിനെ വരിഞ്ഞുകെട്ടി പറയാൻ പോവുന്ന ഡയലോഗ് ഇതാണ്-'ഇതിൽ ഇപ്പോ എന്താ, ഇതേപോലെ തന്നെ അല്ലേ അയലോക്കത്തെ അമ്മായിന്‍റെ വല്യ മരുമോൾ കുടിപ്പണിയെടുത്തു മതിയായപ്പോ ഓളോടുക്ക് തെറ്റിപ്പോയത്. അതുകൊണ്ടെന്താ ഓൾക്ക് പോയി. ഓന്​ ഇനീം പെണ്ണ് കിട്ടുവല്ലോ'. അതെ, നമ്മളുടെ പ്രൊജക്റ്റിൽ നഷ്ടം പെണ്ണിന് മാത്രമാണ്. അങ്ങനെ ആദ്യമേ ഡിസൈൻ ചെയ്ത് വെച്ച ഒരു പ്രൊജക്റ്റ് ആണിത്. ആൺവീട്ടുകാരുടെ ബന്ധുക്കളെയും അവിടുത്തെ നിബന്ധനകളെയും എത്രയും വേഗം മനസ്സിലാക്കി ഉൾക്കൊണ്ട് അവരെ സന്തോഷിപ്പിച്ച്​ നിർത്താനായി ഒരു പ്രത്യേകതരം പടപ്പിനെ ഇങ്ങു പടച്ചോൻ പറഞ്ഞയച്ചതായിട്ടാണ് നിങ്ങൾ മനസ്സിലാക്കുന്നതല്ലേ. സ്ത്രൈണത ഇനിയും അളക്കാൻ മുട്ടുന്നവരോട്-വരൂ, ഇനിയും ഈ പോസ്റ്റിലേക്ക് ഒരുപാട് ഗോൾ അടിക്കാം!

(മദ്രാസ്​ ഐ.ഐ.ടിയിൽ ഹ്യുമാനിറ്റീസ്​ ആൻഡ്​ സോഷ്യൽ സയൻസസ്​ വിഭാഗം റിസർച്ച്​ സ്​കോളറാണ്​ ലേഖിക) 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.