ഹിന്ദുരാഷ്​ട്രത്തിന്‍റെ ഗൃഹപാഠം

ഹിന്ദുത്വ മിലിട്ടൻസിയുടെ ശക്തികേന്ദ്രമായിരുന്ന പുണെയിൽവെച്ച് 1934ലാണ് ഗാന്ധിക്കുനേരെ ആദ്യ വധശ്രമമുണ്ടായത്. ഹരിജൻയാത്രയുടെ ഭാഗമായാണ് ഗാന്ധി പുണെയിലെത്തിയത്. കൂടെ കസ്തൂർബയുമുണ്ടായിരുന്നു. ജൂൺ 25ന് പുണെ നഗരസഭ ഓഡിറ്റോറിയത്തിലെ കോൺഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ഗാന്ധി കാറിലെത്തി.

ഒരുപോലെയുള്ള രണ്ടു കാറുകളാണ് നഗരസഭയിലേക്കു കടന്നുവരുന്നത്. മുന്നിലുള്ളതിലല്ല, രണ്ടാമത്തേതിലാണ് ഗാന്ധി. പൊടുന്നനെ ബോംബേറ് നടന്നു. അത് ആദ്യ കാറിൽ പതിച്ച് നഗരസഭ സെക്രട്ടറിക്കും മറ്റു രണ്ടുപേർക്കും പരിക്കേറ്റു. ഗാന്ധിക്ക് ഒന്നും സംഭവിച്ചില്ല. പുണെയിലെ കോൺഗ്രസ് നേതാവായിരുന്ന കാകാസാഹെബ് ഗാഡ്ഗിലിന്റെ ആത്മകഥയിൽ ഒന്നാംവധശ്രമത്തെക്കുറിച്ച് പറയുന്നുണ്ട്.

‘Mahatma Gandhi - His Life and Times’ എന്ന ഗാന്ധിജിയുടെ ജീവചരിത്രം രചിച്ച ലൂയിസ് ഫിഷർ ചൂണ്ടിക്കാട്ടിയ നടുക്കുന്ന ഒരു കാര്യമുണ്ട്-രാജ്യത്തെ നടുക്കിയ ഈ ആക്രമണത്തിൽ പുണെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ല. അന്വേഷണവും നടത്തിയില്ല. പ്രതികളെ പിടിച്ചില്ല. പുണെ ജില്ല ഭരണകൂടത്തോട് ഫിഷർ ചോദിച്ചപ്പോൾ അവർക്കു പറയാനും ഒന്നും ഉണ്ടായിരുന്നില്ല.

രണ്ടാമത്തെ വധശ്രമം

1944ൽ ഗാന്ധിക്കെതിരെ മഹാരാഷ്ട്രയിൽ സതാര ജില്ലയിൽ പഞ്ചഗണിയിൽ നടന്ന ആക്രമണത്തിൽനിന്ന് ഗാന്ധിയെ രക്ഷിച്ചുവെന്നു പറയുന്ന ബിലാരി ഗുരുജി 2019ലാണ് മരിച്ചത്. ഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധി ബിലാരിയുടെ കൃത്യത്തെ അദ്ദേഹത്തിന്റെ പുസ്തകത്തിൽ അനുസ്മരിക്കുന്നുണ്ട്. 1944ൽ ആഗാഖാൻ പാലസ് ജയിലിൽനിന്ന് പുറത്തിറങ്ങിയ ഗാന്ധിക്ക് മലേറിയ പിടിപെട്ടിരുന്നു.

ഡോക്ടറുടെ നിർദേശാനുസാരം പുണെ പഞ്ചഗണിയിലുള്ള ദിൽഘുഷ് റിസോർട്ടിൽ അദ്ദേഹം വിശ്രമിക്കുകയായിരുന്നു. ഗാന്ധി അവിടെയുള്ളതറിഞ്ഞ് ഇരുപതോളം വരുന്ന യുവാക്കളുടെ സംഘം പ്രത്യേകം ബസിൽ പഞ്ചഗണിയിലേക്കു പുറപ്പെട്ടു. ഗാന്ധിക്കെതിരെ പ്രതിഷേധമറിയിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പറഞ്ഞിരുന്നത്. അവരുടെ നേതാവ് നാഥുറാം വിനായക് ഗോദ്സെയായിരുന്നു. ഗാന്ധി അയാളെ കാണാനാഗ്രഹിച്ചു. സംസാരിക്കാമെന്നു പറഞ്ഞു.

ഗോദ്സെ ക്ഷണം നിരസിച്ചു. പിന്നാലെ പ്രാർഥനാസമയത്ത് വൈകീട്ട് ഗോദ്സെ നെഹ്റുവിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. ഗാന്ധിയുടെ നേർക്ക് അടുത്തു. ഒരു വാൾ വലിച്ചെടുത്ത് ഗാന്ധിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയടുത്തു. ഈ സമയം പുണെ ശ്രുതി ലോഡ്ജിന്റെ ഉടമ മണിശങ്കർ, ബിലാരി ഗുരുജി എന്നിവർ ഗോദ്സെയെ പിടിച്ചുതള്ളി.

കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. 2008ൽ മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ ആ സംഭവം ബിലാരി ഗുരുജി വിശദീകരിച്ചു. ആ കൂട്ടത്തിൽ ഗോപാൽ ഗോദ്സെയും നാരായൺ ആപ്തെയും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചഗണി സംഭവം പ്യാരേലാൽ അദ്ദേഹത്തിന്റെ പുസ്തകത്തിലും പരാമർശിച്ചിട്ടുണ്ട്.

മൂന്നാമത്തെ ശ്രമം

മുഹമ്മദലി ജിന്നയുമായി സന്ധിസംഭാഷണത്തിന് ഒരുങ്ങുകയായിരുന്നു ഗാന്ധി. ഹിന്ദു മഹാസഭ ഇതിനെതിരെയായിരുന്നു. ഗോദ്സെയും എൽ.ജി. തട്ടെയും ഗാന്ധിക്കെതിരെ പരസ്യ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു. സെപ്റ്റംബർ ഒമ്പതിനു തുടങ്ങിയ സംഭാഷണം 18 ദിവസം നീണ്ടു. സേവാഗ്രാമിൽനിന്ന് മുംബൈയിലേക്ക് യാത്രചെയ്താണ് സംഭാഷണം.

പതിവുപോലെ ഒരു സംഘവുമായി ഗോദ്സെ എത്തി. ആശ്രമത്തിൽ അവർ ഗാന്ധിയെ തടഞ്ഞുവെച്ചു. ആശ്രമത്തിലെ ഡോ. സുശീല നയ്യാർ ഗാന്ധി കൊലപാതകം അന്വേഷിക്കുന്ന കപൂർ കമീഷനു മുന്നിൽ ഇക്കാര്യം പറഞ്ഞു. ഗോദ്സെയെ ഗാന്ധിയുടെ അടുത്തേക്ക് എത്താതെ അവർ തടഞ്ഞുവെച്ചുവെന്ന് മൊഴി നൽകി. അയാളുടെ കൈവശം ആയുധവുമുണ്ടായിരുന്നു. ആയുധം കണ്ടെത്തിയ കാര്യം പൊലീസ് കപൂർ കമീഷന്റെ മുന്നിൽ സ്ഥിരീകരിച്ചു.

ജൂൺ 1946

പുണെയിലേക്കുള്ള യാത്രയിലാണ് ഗാന്ധി. ആ വണ്ടിയെ ഗാന്ധി ട്രെയിൻ എന്നാണ് വിളിച്ചിരുന്നത്. നെറൂൽ-കർജാത്ത് സ്റ്റേഷനുകൾക്കിടയിൽ പാളത്തിൽ പാറക്കഷണങ്ങൾ കൂട്ടിയിട്ടിട്ടുണ്ടായിരുന്നു. പിന്നീട് ലോക്കോ പൈലറ്റിന്റെ റിപ്പോർട്ടിൽ അത് തീവണ്ടി പാളം തെറ്റിക്കാനുള്ള ശ്രമമായിരുന്നുവെന്ന് വ്യക്തമായി. ട്രെയിൻ പാറയിൽ തട്ടി. ട്രെയിനിന്റെ വേഗം കുറച്ചതിനാൽ അപകടം ഒഴിവായി. ദൈവാനുഗ്രഹത്താൽ ഞാൻ രക്ഷപ്പെട്ടു. ഞാൻ അങ്ങനെ മരിക്കില്ല. 125 വയസ്സുവരെ ജീവിക്കും എന്നാണ് ഗാന്ധി അതിനോട് പ്രതികരിച്ചത്.

1948 ജനുവരി 20

ബിർള ഭവനിൽ പ്രാർഥനക്കൊരുങ്ങുകയായിരുന്നു ഗാന്ധി. ശബ്ദസംവിധാനം പരാജയപ്പെട്ടതിനാൽ ഗാന്ധി പ്രാർഥനായോഗം ആരംഭിക്കാൻ വൈകി. മദൻലാൽ പഹ്‌വ, നാഥുറാം വിനായക് ഗോദ്സെ, നാരായൺ ആപ്‌തെ, വിഷ്ണു കർക്കറെ, ദിഗംബർ ബാഡ്‌ഗെ, ഗോപാൽ ഗോദ്സെ, ശങ്കർ കിസ്തയ്യ എന്നിവർ ബിർള ഭവനിൽ അന്ന് ഒത്തുകൂടി. മദൻലാലും വിഷ്ണുവും യോഗത്തിലുണ്ടായിരുന്നു.

മറ്റുള്ളവർ ഗാന്ധിവധക്കേസിലെ പ്രോസിക്യൂഷന്റെ 14ാം സാക്ഷിയായ സുർജീത് സിങ് ഓടിച്ച ടാക്സിയിൽ പിൻവശത്തെ പ്രവേശനകവാടത്തിലൂടെ പ്രാർഥനാ യോഗത്തിൽ എത്തി. മദൻലാൽ പഹ്‍വ ബിർള ഭവനിലെ സേവകരുടെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഡ്രൈവർ ചോതുറാമിനെ പണം കൊടുത്തു വശത്താക്കി ഗാന്ധി പ്രസംഗിക്കാനിരുന്ന സ്ഥലത്തേക്കു കയറാനുള്ള സൗകര്യം നേടിയെടുത്തു. ഗാന്ധിയുടെ ഫോട്ടോ എടുക്കുകയും ചെയ്തു.

പിന്നിൽനിന്ന് ഗാന്ധിയുടെ ഫോട്ടോ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചോതുറാം ചോദിച്ചപ്പോൾ കാമറയുടെ പ്രശ്നം പറഞ്ഞു. പിന്നീട് മദൻലാൽ ടാക്സിയിലേക്കു മടങ്ങുന്നതുപോലെ നടന്നു. പോഡിയത്തിനു പിന്നിലെ മതിലിലേക്കു കയറി ബോംബ് പൊട്ടിച്ച് ആളുകളെ അകറ്റി ഗാന്ധിയെ വെടിവെച്ചുകൊല്ലാനായിരുന്നു പദ്ധതി. പ്ലാൻ വിജയിക്കുന്നില്ലെന്നു കണ്ട മറ്റുള്ളവർ ടാക്സിയിൽ കയറി രക്ഷപ്പെട്ടു.

ഗാന്ധിഹത്യക്കേസ് വിചാരണയിലെ പതിനഞ്ചാം സാക്ഷിയായ സുലോചന ദേവിയാണ് മദൻലാലിനെ തിരിച്ചറിഞ്ഞത്. ബിർള ഭവനിൽനിന്ന് 100 മീറ്ററിൽ താഴെയാണ് അവർ താമസിച്ചിരുന്നത്, അന്ന് അവിടെ മകനെ തേടിവന്നതായിരുന്നു അവർ. മദൻലാലാണ് കൃത്യത്തിന് മുതിർന്നതെന്ന് അവർ കപൂർ കമീഷനു മൊഴി നൽകി. ഒരു പൊലീസുകാരനാണ് മദൻലാലിനെ പിടികൂടിയത്.

ചോദ്യം ചെയ്യലിൽ, ഗാന്ധിയെ കൊല്ലാൻ ആഗ്രഹിച്ച ഏഴംഗ സംഘത്തിൽ താനുണ്ടെന്ന് സമ്മതിച്ചു. അന്നു രാത്രി പൊലീസ് മദൻലാലിനെ മറ്റു സംഘാംഗങ്ങൾ താമസിച്ചിരുന്ന ഹോട്ടലുകളിൽ കൊണ്ടുപോയി. അപ്പോഴേക്കും അവർ ഓടിരക്ഷപ്പെട്ടിരുന്നു. ഗോദ്സെയും ആപ്‌തെയും പിടിക്കപ്പെട്ടു. ജനുവരി 29ന് അവർ ഡൽഹിയിൽ തിരിച്ചെത്തി.

1948 ജനുവരി 30

ആറാമത് തവണ ഗാന്ധി കൊല്ലപ്പെട്ടു. ഗാന്ധിയെ കൊലപ്പെടുത്തിയ സംഭവങ്ങളുടെ വർണന ഇവിടെ ആവശ്യമില്ല. എങ്കിലും ചെറുതായി പറയുന്നത് നന്നായിരിക്കും. 1948 ജനുവരി 30ന് വൈകീട്ട് അഞ്ചു മണിക്ക് പതിവ് പ്രാർഥനായോഗം. സർദാർ വല്ലഭ ഭായി പട്ടേലുമായുള്ള അഭിമുഖസംഭാഷണത്താൽ കുറച്ച് വൈകി. 5.10ന് സംഭാഷണം നിർത്തി ഗാന്ധിജി പ്രാർഥനക്ക് പുറപ്പെട്ടു.

should be understood from the concept of Hindu Rashtraഈ സമയം നാഥുറാം വിനായക് ഗോദ്സെ അവിടെയുണ്ടായിരുന്നു. പോക്കറ്റിൽ കരുതിയിരുന്ന ബെരേറ്റ പിസ്റ്റൾ ഗാന്ധിജിക്കു നേരെ നീട്ടി. തടയാൻ ചെന്ന സഹായി മനുവിനെ തള്ളിമാറ്റി ‘നമസ്തേ ഗാന്ധിജി’ എന്നു പറഞ്ഞ് പിസ്റ്റൾകൊണ്ട് മൂന്നു തവണ വെടിയുതിർത്തു. ‘ഹേ റാം, ഹേ റാം’ എന്ന് ഉച്ചരിച്ച് നിലത്തുവീണു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ആക്രമണമായിരുന്നു ഗാന്ധിയുടെ കൊലപാതകം. 

Tags:    
News Summary - should be understood from the concept of Hindu Rashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT