മണ്ണു വിഴുങ്ങിയ ദേഹങ്ങൾ തിരഞ്ഞ്
നനഞ്ഞു കുഴഞ്ഞ മണ്ണിൽ രണ്ടര മീറ്ററോളം താഴ്ചയിലായിരുന്നു ആ മൃതദേഹം. ജീർണിച്ചു തു ടങ്ങിയ ശരീരം കൈകളിൽ കോരിയെടുത്തു. 12 അടിയോളം ഉയരത്തിൽ കുമിഞ്ഞുകൂടിയ മണ്ണിൽനിന ്ന് തണുത്ത് വിറങ്ങലിച്ച മൃതദേഹങ്ങൾ വാരിയെടുക്കുേമ്പാൾ സ്വന്തം ജീവനെക്കുറിച്ച ച ിന്ത മറന്നുപോയിരുന്നു. ശനിയാഴ്ച മുതൽ മൃതദേഹങ്ങൾ എടുക്കാൻ തുടങ്ങിയതാണ്.
സ ഹപ്രവർത്തകൻ പാലക്കാെട്ട ശിഹാബിനൊപ്പമാണ് രണ്ടര മീറ്റർ താഴ്ചയിൽനിന്ന് മൃതദേഹം എടുത്തത്. ഞായറാഴ്ച രാവിലെ ഏഴു മുതൽ 12 വരെ നടത്തിയ ദീർഘമായ പ്രയത്നത്തിനുശേഷം ഏറെ ദുഷ്കരമായ സ്ഥലത്തുനിന്നാണ് അലീനയെന്ന നാലു വയസ്സുകാരിയുടെ മൃതദേഹം കിട്ടിയത്. ഇരച്ചെത്തിയ മണ്ണും മരങ്ങളും അലീനയുെട വീടിന് മുകളിലേക്ക് പതിച്ചു. കോൺക്രീറ്റ് സ്ലാബുകൾ മണ്ണിനൊപ്പം നിലംപൊത്തി. കോൺക്രീറ്റ് ഭിത്തിയുടെയും അതിന് മുകളിൽ വീണ വെട്ടുകല്ലിെൻറയും ഇടയിലായിരുന്നു കുഞ്ഞ് അലീന. അമ്മയുടെയും അച്ഛെൻറയും കൂടപ്പിറപ്പിെൻറയും കൺമുന്നിലാണ് അലീന മരണത്തിലേക്ക് താണുപോയത്. തെൻറ കൈയിൽനിന്ന് മകളെ മരണം തട്ടിയെടുത്തതിെൻറ അമ്പരപ്പിൽനിന്ന് ആ അച്ഛനിപ്പോഴും മോചിതനായിട്ടില്ല.
കമ്പിപ്പാര ഉപയോഗിച്ച് വെട്ടുകല്ലും കോൺക്രീറ്റും കുത്തിപ്പൊട്ടിച്ചാണ് വീടിനകത്തേക്ക് ഇറങ്ങിയത്. ഒരുവേള അപകടം പിടിച്ച ദൗത്യം ഏറ്റെടുക്കണോ എന്നുപോലും ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു. എന്നാൽ, രണ്ടും കൽപിച്ചിറങ്ങാമെന്ന് അദ്ദേഹത്തോട് ഉറപ്പിച്ചു പറഞ്ഞു. ജീവൻ കൈയിൽ പിടിച്ചങ്ങ് ഇറങ്ങുകയായിരുന്നു. അഗ്നിശമന രക്ഷാപ്രവർത്തകരും മൺകൂമ്പാരത്തിന് മുകളിലായി സഹായത്തിനുണ്ടായിരുന്നു. അഞ്ചു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ അലീനയുടെ കുഞ്ഞുശരീരം പുറത്തെടുത്തു. ജീവനറ്റ ആ ശരീരവും ചുമന്ന് റോഡിൽ നിർത്തിയിട്ട ആംബുലൻസിലെത്തിച്ചു. അവിടെനിന്ന് നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക്. മോർച്ചറിയുടെ തണുപ്പിൽ കിടന്ന അലീനയുടെ മൃതദേഹം കാണിച്ചപ്പോൾ പൊട്ടിക്കരയുന്ന അച്ഛെൻറ മുഖം അടുത്തൊന്നും മനസ്സിൽനിന്നു മായില്ല.
പാലക്കാട്ടു നിന്നുള്ള ശിഹാബ്, നിലമ്പൂരുകാരൻ സലീം, ചെർപ്പുളശ്ശേരിയിലെ ജാഫർ...ഇങ്ങനെ കുറെ മനുഷ്യരുണ്ട് കവളപ്പാറയിൽ കൂടെ. കഴിഞ്ഞദിവസം രാവിലെ ഏഴിന് മരങ്ങൾ വെട്ടി മണ്ണുമാന്തിക്ക് വഴിയൊരുക്കി. മുത്തപ്പൻകുന്നിന് മുകളിലെ വീട്ടിലായിരുന്നു തിരച്ചിൽ. മണ്ണുമാന്തുന്നതിനിടെ ഒരു തല കണ്ടു. വീടിെൻറ കോൺക്രീറ്റ് ജനലിൽ സ്റ്റീൽ അലമാര വന്നടിഞ്ഞതിനിടയിൽ കുരുങ്ങിക്കിടക്കുന്നു. മണ്ണുമാന്തിയുടെ കൈഉപയോഗിച്ച് സ്റ്റീൽ അലമാര പൊക്കിമാറ്റി. അപ്പോൾ അകത്ത് തെങ്ങിെൻറ മുരട്. മണ്ണുമാന്തി ഉപേയാഗിച്ച് അതും മാറ്റി. പതുക്കെ മൃതദേഹത്തിനടുത്തെത്തി. ദിനങ്ങൾ പിന്നിട്ടതിനാൽ വലിച്ചെടുക്കാനാവില്ല. വെള്ളം അകത്തുചെന്ന് ജീർണാവസ്ഥയിലായിരുന്നു. കൈകൊണ്ട് മൃതദേഹത്തിനിടയിൽനിന്ന് പതുക്കെ മണ്ണു മാറ്റിയാണ് അഴുകിയ ശരീരം പുറത്തെടുത്തത്. ഗൃഹനാഥനാണെന്നു തോന്നുന്നു.
ഒരു കുട്ടിയുടെ ശരീരഭാഗങ്ങൾ കിട്ടിയെങ്കിലും തലയുണ്ടായിരുന്നില്ല. ആദ്യം കിട്ടിയ കുഞ്ഞിെൻറ തലയും കൈ കാലുകളും വേറിട്ടനിലയിലായിരുന്നു. മറ്റൊരു വീട്ടിനുള്ളിൽ ഒരമ്മയുടെ കാൽ മണ്ണിലാണ്ടുപോയിരുന്നു. ഗ്രില്ലുള്ള ജനലിന് സമീപം ഇരിക്കുന്ന നിലയിലായിരുന്നു അവർ. ശക്തിയുപയോഗിച്ച് വലിച്ചാൽ അത് വേറിട്ടുപോരുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് ഏറെ പണിപ്പെട്ട് ശരീരത്തിനടിയിലൂടെ കൈകൾ കടത്തി മണ്ണ് മാന്തി നീക്കിയാണ് ആ മൃതദേഹം പുറത്തെടുത്തത്. കൊച്ചിയിൽനിന്നെത്തിയ കബീറും ഫൈസലും സുബൈർ കുമ്പളവും ചേർന്നാണ് വീടിനുള്ളിലേക്ക് ഉരുണ്ടുവന്ന പാറക്കല്ലിനിടയിൽ കുടുങ്ങിയ സ്ത്രീയുടേതടക്കമുള്ള മൃതദേഹങ്ങൾ മണ്ണിനുള്ളിൽനിന്നെടുത്തത്.
അഴുകി തുടങ്ങിയ മൃതദേഹങ്ങൾ തിരഞ്ഞ് കുറെ മനുഷ്യർ കവളപ്പാറ മുത്തപ്പൻകുന്നിന് ചുവടെ ഇപ്പോഴുമുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ സേവന വിഭാഗമായ ഐ.ആർ.ഡബ്ല്യുവിെൻറ വളണ്ടിയർമാർ വിവിധ സമയങ്ങളിലായി കവളപ്പാറ ദുരന്തമുഖത്തുണ്ട്. ഉരുൾപൊട്ടിയതിെൻറ പിറ്റേന്ന് വെള്ളിയാഴ്ച എത്തിയതാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് വെള്ളിയാഴ്ചയും വളൻറിയർമാെരത്തി. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവർ ഇവിടെതന്നെ ക്യാമ്പുചെയ്യുന്നു. മരം മുറിക്കുന്ന കട്ടറുകൾ, മോട്ടോറുകൾ, ജനറേറ്റർ, ഫോൾഡിങ് സ്െട്രച്ചർ എന്നിവയടക്കം സർവസജ്ജമായാണ് സംഘം കവളപ്പാറയിൽ ദുരന്തഭൂമിയിൽ മണ്ണിനടിയിൽ മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുന്നത്.
(ഐ.ആർ.ഡബ്ല്യു സംസ്ഥാന ജനറൽ കൺവീനറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.