കോൺഗ്രസിനെ  നവീകരിക്കുമ്പോൾ 

ലോകം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. എല്ലാം സമകാലികമായി പരിഷ്കരിക്കപ്പെടുമ്പോഴും ഇന്ത്യൻ രാഷ്​ട്രീയം ഒരു മാറ്റത്തിനും വിധേയമാകാതെ പരമ്പരാഗത ശൈലിയിലാണ് മുന്നോട്ടുപോകുന്നത്. ഇത്​ മുൻനിർത്തി കോൺഗ്രസ്​ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യ വിദേശ സന്ദർശനത്തിന്​ ബഹ്‌റൈനിൽ എത്തിയ രാഹുൽഗാന്ധിയോട് ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്​ൾ ഓഫ് ഇന്ത്യൻ ഒറിജിൻ (ഗോപിയോ) സമ്മേളനത്തിൽ ഈ  ലേഖകൻ ചോദിച്ചു: ‘‘ഇന്ത്യൻ രാഷ്​ട്രീയം നവീകരിക്കാൻ കോൺഗ്രസിന് എന്തുചെയ്യാൻ സാധിക്കും?’’

കോൺഗ്രസ്​ പാർട്ടി ഉൾപ്പെടുന്ന ഇന്ത്യൻ രാഷ്​ട്രീയത്തെക്കുറിച്ചുള്ള ചോദ്യത്തി​​​െൻറ മർമമറിഞ്ഞ രാഹുൽ ഗാന്ധിയിൽനിന്ന്​ വളരെ പെട്ടെന്നുതന്നെ മറുപടി വന്നു: ‘‘ആറുമാസ സമയം തരൂ. കോൺഗ്രസിനെ ഞങ്ങൾ കാലത്തിനനുസരിച്ച് പരിഷ്‌കരിക്കും’’. ഉറച്ചശബ്​ദത്തിൽ രാഹുൽ ഗാന്ധി ഇത്​ പറയുമ്പോൾ അദ്ദേഹത്തി​​​െൻറ പിതാവ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത്  ശാസ്ത്ര-സാങ്കേതിക ഉപദേഷ്​ടാവും ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ, ഐ.ടി എന്നീ മേഖലകളെ വിപ്ലവാത്മകമായി നവീകരിച്ച നയരൂപവത്കരണ വിദഗ്​ധനുമായ സാം  പി​​ത്രോഡയും കൂടെ വേദിയിലുണ്ടായിരുന്നു. പ്രധാനമന്ത്രി മൻമോഹൻ സിങ്ങി​​​െൻറ കീഴിൽ ഇന്ത്യയുടെ പ്രഥമ ദേശീയ നവീകരണ കൗൺസിലി​​​െൻറ (National Innovation Council) ചെയർമാൻകൂടിയായിരുന്ന സാം പി​​ത്രോഡ രാഹുലി​​​െൻറ മറുപടി നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു.  

സംഘടനാപ്രവർത്തന രീതികളിലും പാർട്ടിയുടെ ഘടനയിലും കാതലായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ കോൺഗ്രസിനകത്തു നേരത്തേതന്നെ തുടങ്ങിയിരു​െന്നന്ന് വ്യക്തമാക്കുന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ. 2015 നവംബറിൽ ബംഗളൂരു മൗണ്ട് കാർമൽ കോളജിലെ വിദ്യാർഥിനികളോട് സംവദിക്കുമ്പോൾ പാർട്ടിയെ ഉടച്ചുവാർക്കുന്നതിനെക്കുറിച്ചും പുതിയ മുഖം നൽകുന്നതിനെക്കുറിച്ചും രാഹുൽ ഗാന്ധി സംസാരിച്ചിരുന്നു. പാർട്ടിക്ക് പുതിയ കാഴ്ചപ്പാട് നൽകുന്ന പ്രസ്തുത രൂപരേഖ അന്തിമ ഘട്ടത്തിലെത്തിക്കൊണ്ടിരിക്കുകയാണെന്നുവേണം കരുതാൻ. ബഹ്റൈനിൽ സദസ്സുമായി സംവദിക്കുന്നതിനിടയിൽ  ഒരു കാര്യം കൂടി രാഹുൽ ഗാന്ധി പറഞ്ഞു: ‘‘പാർട്ടിക്കും നേതാക്കന്മാർക്കും  തെറ്റുപറ്റിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്കും  തെറ്റുകൾ സംഭവിച്ചിട്ടുണ്ട്.എന്നാൽ, തെറ്റുകൾ തിരുത്തി നമ്മൾ മുന്നോട്ടുപോകും’’. സത്യസന്ധതയോടെ കാര്യങ്ങൾ തുറന്നു പറയുകയും മറ്റുള്ളവരുടെ ചോദ്യങ്ങളെ പുഞ്ചിരിയോടെ നേരിടുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ നേതൃപ്രഭാവം ആരെയും ആകർഷിക്കാൻ പോന്നതായിരുന്നു.

‘‘ഞാൻ നിങ്ങളെ കാണാൻ ബഹ്‌റൈനിൽ വന്നത് നിങ്ങൾ രാജ്യത്തിന് വളരെ വേണ്ടപ്പെട്ടവരാണെന്ന് പറയാനാണ്. അങ്ങ് നാട്ടിൽ വളരെയധികം പ്രശ്നങ്ങൾ നടക്കുന്നു. ആ പ്രശ്നങ്ങളുടെ പരിഹാരത്തി​​​െൻറ ഭാഗമാണ് നിങ്ങൾ. ഇവിടെയോ ഈ ലോകത്ത് എവിടെയായിരുന്നാലും വിദേശത്ത് കഴിയുന്ന ഇന്ത്യൻ പൗരന്മാരായ നിങ്ങൾ നാടുമായി ഒരു പാലം പണിയണമെന്ന് ഓർമിപ്പിക്കാനാണ് ഞാൻ വന്നത്’’^അദ്ദേഹം പറഞ്ഞു. വിവിധ സമുദായത്തിലും മതത്തിലും പിറന്നവരെ ഐക്യത്തോടെ ജീവിക്കാൻ പഠിപ്പിച്ച കോൺഗ്രസ്​ പാർട്ടിയുടെ ശാക്തീകരണത്തിൽ വിദേശ ഇന്ത്യക്കാരെ പങ്കാളികളാക്കാനാണ് സാം പി​​ത്രോഡയെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസി​​​െൻറ ചെയർമാനായി അവരോധിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഈ നീക്കവും കോൺഗ്രസ്​ നവീകരണ പ്രക്രിയയുടെ ഭാഗമായി വേണം കാണാൻ.

യു.എസ് പര്യടനത്തിനിടയിൽ മൗണ്ട് കാർമലിൽ നെഹ്​റുവിയൻ ആശയത്തിലൂന്നിയും കാലിഫോർണിയയിലെ ബർക്കിലി യൂനിവേഴ്‌സിറ്റിയിൽ ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിയും രാഹുൽ ഗാന്ധി ലോകശ്രദ്ധ പിടിച്ചുപറ്റിയ പ്രഭാഷണം നടത്തിയപ്പോൾ സാം പി​​ത്രോഡയും ഒപ്പമുണ്ടായിരുന്നു. കോൺഗ്രസിൽ പഴയ ശീലങ്ങൾ മാറാൻ സമയമായെന്ന് നേതൃത്വത്തെ ആദ്യം ധരിപ്പിച്ചതും സാം പി​​ത്രോഡതന്നെയായിരുന്നു. 2004 ൽ  പ്രധാനമന്ത്രി വാജ്‌പേയിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സഖ്യം  ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യമുയർത്തി ​െതരഞ്ഞെടുപ്പിനെ നേരിട്ടത് ഐ.ടി രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ നിരത്തിയായിരുന്നു. ഈ നേട്ടങ്ങൾക്ക് കാരണം നാലുവർഷത്തെ എൻ.ഡി.എ ഭരണമായിരുന്നു എന്നായിരുന്നു അവരുടെ അന്നത്തെ  പ്രചാരണം. എന്നാൽ ഈ നേട്ടത്തിലേക്ക് ഇന്ത്യയെ നയിച്ചത്  രാജീവ് ഗാന്ധിയായിരുന്നുവെന്ന്  ഏറ്റവും നന്നായി അറിയാവുന്ന, അദ്ദേഹത്തോടൊപ്പം പ്രസ്തുത പുരോഗതിക്ക് വിത്തിട്ട സാം പി​​ത്രോഡ യു.എസിൽനിന്ന് സ്വന്തം നിലക്ക് ബി.ജെ.പിയുടെ പ്രചാരണത്തി​​​െൻറ മുനയൊടിക്കാൻ അന്ന്  ഇന്ത്യയിലേക്ക് പറന്നെത്തി. രാജീവ് ഗാന്ധിയോടൊപ്പം ഒരു പതിറ്റാണ്ട് പ്രവർത്തിച്ച സാം പി​​ത്രോഡ രാജീവ് ഗാന്ധി കൊല്ലപ്പെട്ടശേഷം വീണ്ടും യു.എസിൽ ഐ.ടി ബിസിനസ്​ രംഗത്തേക്ക് തിരിച്ചുപോയതായിരുന്നു. ബി.ജെ.പിയുടെ പ്രചാരണത്തി​​​െൻറ പൊള്ളത്തരം തുറന്നുകാട്ടാൻ ഇന്ത്യയിലെ  ഐ.ടി നഗരങ്ങളായ ബംഗളൂരുവിലും ഹൈദരാബാദിലുമെല്ലാം അദ്ദേഹം വാർത്തസമ്മേളനങ്ങൾ വിളിച്ചുചേർത്തു. രാജീവ് ഗാന്ധിയുടെ പ്രത്യേക താൽപര്യത്തിൽ ഐ.ടി രംഗത്ത് തുടങ്ങിവെച്ച പല പദ്ധതികളെയും എതിർത്തിരുന്ന ബി.ജെ.പിയുൾപ്പെടുന്ന അന്നത്തെ പ്രതിപക്ഷം പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും സാം പി​​ത്രോഡ ഉൾപ്പെടുന്ന സംഘത്തെയും ‘കമ്പ്യൂട്ടർ ബോയ്സ്’ എന്നു  വിളിച്ചാണ്​ ആക്ഷേപിച്ചിരുന്നത്.

അന്നത്തെ ദോഷൈകദൃക്കുകൾ ചാമ്പ്യന്മാരായി രംഗപ്രവേശനം ചെയ്ത് രാജീവ്ഗാന്ധി വിത്തിട്ട നേട്ടങ്ങളുടെ വിളവെടുപ്പ് നടത്തി. അതെല്ലാം തങ്ങളുടെ നേട്ടമാണെന്ന് അവകാശവാദമുന്നയിക്കുന്നതി​​​െൻറ പൊള്ളത്തരം സാം പി​​ത്രോഡ അന്ന് തുറന്നുകാട്ടി.  ഇന്ത്യൻ ഗ്രാമങ്ങളിലേക്കുകൂടി  രാജീവ് ഗാന്ധി തുടങ്ങിവെച്ച മിഷൻ വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കിയാണ് ‘ചെയ്​ഞ്ച്​ ഏജൻറ്​’ അഥവാ മാറ്റത്തി​​​െൻറ പ്രതിനിധിയായി വിശേഷിപ്പിക്കപ്പെടുന്ന സാം പി​​ത്രോഡ വീണ്ടും ഇന്ത്യയിൽ സജീവമായത്.  കോൺഗ്രസിന് നവ വീര്യം പകരാനുള്ള ഒരു പദ്ധതി 2004ൽതന്നെ അദ്ദേഹം കോൺഗ്രസ്​  പ്രസിഡൻറ്​ സോണിയഗാന്ധിക്ക് കൈമാറിയിരുന്നു. പ്രസ്തുത നിർദേശങ്ങൾ കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കാൻ സഹായിച്ച ഘടകങ്ങളിൽ ഒന്നായിരുന്നു.

ഇന്ന് കോൺഗ്രസ്​ നവീകരണ മിഷനിൽ രാഹുൽ ഗാന്ധിയോടൊപ്പമുള്ള പ്രധാന  ടീമംഗങ്ങളിൽ ഒരാളാണ് സാം പി​​ത്രോഡ. ജനനംകൊണ്ട് ഒഡിഷക്കാരനാണെങ്കിലും ഗുജറാത്തുമായും അദ്ദേഹത്തിന് നല്ല ബന്ധമാണുള്ളത്. ഗാന്ധിയൻ ചിന്തയിൽ ആകൃഷ്​ടനായ അദ്ദേഹത്തി​​​െൻറ പിതാവ് നന്നേ ചെറുപ്പത്തിൽതന്നെ പി​​ത്രോഡയെ മഹാത്മഗാന്ധിയെക്കുറിച്ച് പഠിക്കാൻ ഗുജറാത്തിൽ അയക്കുകയായിരുന്നു. പിന്നീട് പി​​ത്രോഡ എൻജിനീയറിങ് പഠനവും ഗുജറാത്തിലാണ് പൂർത്തിയാക്കിയത്. വിദേശ ഇന്ത്യക്കാരായ ഗുജറാത്തി സമൂഹവുമായി നല്ല ബന്ധമാണ്​ അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ടെക്നോക്രാറ്റും ഗാന്ധിയൻ ചിന്തകനുമായ പി​​ത്രോഡയെ രാഹുൽ ഗാന്ധി ഗുണപരമായി  ഉപയോഗപ്പെടുത്തുകയുണ്ടായി. ജീവിതത്തി​​​െൻറ സകല മേഖലകളിലും സാങ്കേതികത വരിഞ്ഞ് മുറുക്കുന്ന ടെക്​നോട്രോണിക് യുഗത്തിൽ രാഷ്​ട്രീയത്തിൽ അതിനു സമാന്തരമായ മാറ്റങ്ങൾ ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് രാഹുൽ ഗാന്ധി തിരിച്ചറിയുന്നു. 

പഴയ ശൈലിയും രീതികളുമായി പുതിയ കാലത്തെ വെല്ലുവിളികളെ  നേരിടാനാവില്ല. കോൺഗ്രസിൽ നൂതനമായ  മാറ്റങ്ങൾ അനിവാര്യമാണ്. ഏകപക്ഷീയമായ ചിന്തകളും പ്രവൃത്തികളും മാറണമെന്നു വിശ്വസിക്കുന്ന നേതാവാണ് കോൺഗ്രസിനെ ഇപ്പോൾ നയിക്കുന്നത്. എല്ലാ വിഷയങ്ങളിലും രാഹുൽ ഗാന്ധി തുറന്നസംവാദവും സമീപനവും ഇഷ്​ടപ്പെടുന്നു. ഒരാൾമാത്രം സംസാരിക്കുകയും മറ്റുള്ളവർ അതെല്ലാം ശരിയാണെന്ന് തലകുലുക്കി അംഗീകരിക്കുകയും  ചെയ്യുന്നതല്ല ജനാധിപത്യമെന്ന് രാഹുൽ ഗാന്ധി പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് പങ്കെടുക്കുന്ന പ്രധാന യോഗങ്ങളിലെല്ലാം സദസ്സുമായി ആശയവിനിമയം നടത്താൻ അദ്ദേഹം തയാറാവുന്നത്. ഒരാൾക്ക് മാത്രമായി എല്ലാം മാറ്റാൻ കഴിയില്ലെന്നും  അദ്ദേഹം പറയാറുണ്ട്. വരാൻ പോകുന്ന മാറ്റത്തിൽ അണിചേരാനുള്ള ആഹ്വാനമാണ് ബഹ്‌റൈനിൽനിന്ന്  രാഹുൽ ഗാന്ധിയിലൂടെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ശ്രവിച്ചത്.

കൂടുതൽ വിദേശ ഇന്ത്യക്കാരുമായി പാർട്ടിയെ ബന്ധിപ്പിക്കുക, അവരുമായി ആശയവിനിമയം നടത്തുക എന്നീ  നയപരിപാടിയുടെ ഭാഗമായി രാഹുൽ ഗാന്ധി അടുത്തുതന്നെ കാനഡ, സിംഗപ്പൂർ, ദു​ബൈ എന്നീ രാജ്യങ്ങളും സന്ദർശിക്കും.എല്ലാ യാത്രകളിലും തികച്ചും സാധാരണക്കാരനായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു എന്നതുപോലെ അവരെ കേൾക്കാനും അവരിലൊരാളായി ഇടപഴകാനും അദ്ദേഹത്തിന്  കഴിയുന്നു. വിമാനത്താവളങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും സാധാരണക്കാരെപ്പോലെ ക്യൂ നിൽക്കുന്ന, സ്വന്തം ബ്രീഫ്കേസ് കൈയിലേന്തി വിമാനത്താവളത്തിൽനിന്നു പുറത്തുകടക്കുന്ന തികച്ചും സാധാരണക്കാരനായ നേതാവ്. എന്നാൽ, ജനങ്ങൾക്ക് വേണ്ടി ശബ്​ദിക്കുമ്പോൾ ആ സ്വരം കനക്കുന്നു. മുഖത്ത് ഭാവങ്ങൾ മിന്നിമറയുന്നു. കോൺഗ്രസി​​​െൻറ മാത്രമല്ല,  ഇന്ത്യയുടെ മാറ്റത്തി​​​െൻറ പ്രതീക്ഷയും ഇനി രാഹുൽ ഗാന്ധിയിലാണ്.

mansoorpalloor@gmail.com (ഓവർസീസ് കോൺഗ്രസി​​​െൻറ ഗ്ലോബൽ വക്താവാണ് ലേഖകൻ)

Tags:    
News Summary - To Renew Congress - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.