ഫീസല്ല, പിഴയല്ളോ സുഖപ്രദം

തൊട്ടതിനും പിടിച്ചതിനുമൊക്കെ വിദ്യാര്‍ഥികള്‍ക്ക് പിഴയോ... അതിശയിക്കേണ്ട. ഇതാണ് മാനേജ്മെന്‍റുകള്‍ക്കുള്ള ഇന്‍സെന്‍റിവ്. ഫീസിനു പുറമെയുള്ള ഈ ആദായം പരമാവധി വര്‍ധിപ്പിക്കുകയാണ് പ്രിന്‍സിപ്പല്‍മാരുടെ ദൗത്യം. ലാഭത്തിന്‍െറ പങ്ക് പിരിച്ചെടുക്കുന്നവനും കിട്ടുമെന്നതാണ് നാട്ടുനടപ്പ്.

കളന്‍തോട് കെ.എം.സി.ടി പോളിടെക്നിക്കിന് പിഴ വഴിയുള്ള വരുമാനം ചില്ലറയല്ല. കറുത്ത ഷൂസും ബെല്‍റ്റുമാണ് യൂനിഫോം. ഷൂവിന്‍െറ ലെയ്സ് കെട്ടാന്‍ മറന്നാല്‍ 1000 രൂപയാണ് പിഴ. ബെല്‍റ്റ് കെട്ടാന്‍ മറന്നാലും 1000 രൂപ പിഴയടക്കണം. ടാഗ് ഇട്ടില്ളെങ്കിലും താടി വളര്‍ത്തിയാലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംസാരിച്ചിരുന്നാലും ക്ളാസ് വിട്ടശേഷം കാമ്പസില്‍ കുറച്ചുനേരം അധികമിരുന്നുപോയാലും പിഴ 1000 തന്നെ.

ആണ്‍-പെണ്‍ സംസാരം വഴിയാണേല്‍ പിഴസംഖ്യ കൂടും. രണ്ടു പേരില്‍നിന്ന് ഈടാക്കാമെന്ന സൗകര്യത്തിനൊപ്പം കൂടിക്കാഴ്ചയുടെ ദൈര്‍ഘ്യമനുസരിച്ച് പിഴയുടെ മീറ്റര്‍ കറങ്ങും. ആണ്‍കുട്ടികള്‍ ഇന്‍സൈഡ് ചെയ്യാന്‍ മറന്നാലും പിഴയുണ്ട്.

ഇതൊക്കെ നിരീക്ഷിക്കാന്‍ പ്രത്യേക ജീവനക്കാരനെതന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ബെഞ്ചിലിരുന്നാലും ലെറ്റര്‍ കൊടുക്കാതെ ലീവെടുത്താലും

കാന്‍റീനില്‍ പോയിരുന്നാലും വേറെയാണ് പിഴ.
സഹികെട്ട വിദ്യാര്‍ഥികള്‍ കഴിഞ്ഞയാഴ്ച കോളജിലേക്ക് മാര്‍ച്ച് നടത്തി. സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ പോളി വിദ്യാര്‍ഥികളും പങ്കെടുത്തു; മുഖം ടൗവല്‍കൊണ്ട് മറച്ച്.
ഇന്‍േറണല്‍ മാര്‍ക്കെന്ന വാളുയര്‍ത്തിയാണ് എല്ലാ വിരട്ടലും. അവസാന വര്‍ഷ പരീക്ഷയില്‍ ഇയര്‍ ഒൗട്ട് ആക്കാന്‍ ശ്രമിച്ച കഥകളാണ് മണാശ്ശേരിയിലെ എന്‍ജി. കോളജില്‍നിന്നുള്ള പ്രധാന പരാതി. ഇങ്ങനെയൊക്കെയായിട്ടും നിലവാരം കണ്ണുതള്ളിപ്പിക്കുന്നതാണെന്നതാണ് ഏറെ ആശ്ചര്യകരം. ഒന്നാം വര്‍ഷ ബി.ടെക് പരീക്ഷയെഴുതിയ 250ല്‍ 14 പേരാണ് പാസായത് -വെറും 5.60 ശതമാനം.

സ്വാശ്രയ കോളജുകളിലെ മെറിറ്റ് സീറ്റിലത്തെുന്നവരില്‍നിന്ന് ഈടാക്കേണ്ട ഫീസ് എത്രയെന്ന് കൃത്യമായി സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ അങ്ങനെ പല തമാശയും പറയുമെന്നാണ് ജില്ലയിലെ ഭവന്‍സ് ലോ കോളജിന്‍െറ നിലപാട്. എല്‍എല്‍.ബിക്ക് 15,000 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച സെമസ്റ്റര്‍ ഫീസ്. ഭവന്‍സിന്‍െറ കണക്കില്‍ ഇത് 43,000 രൂപയാണ്. അടക്കാന്‍ വൈകിയാല്‍ 5000 പിഴ. ഫീസ് വൈകിയാല്‍ കുട്ടിയുടെ ഭാവി ചൂണ്ടിക്കാട്ടി കുറെ കത്തുകള്‍ രക്ഷിതാക്കള്‍ക്ക് അയക്കുന്നതും ഇവരുടെ പതിവു വിനോദം. പിടിച്ചുനില്‍ക്കാനാവാതെ കുട്ടികള്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി. പിഴ ഈടാക്കുന്നത് നിര്‍ത്തുമെന്ന് രേഖാമൂലം ഉറപ്പുനല്‍കി പ്രിന്‍സിപ്പല്‍. ഫീസിന്‍െറ കാര്യം ചോദ്യം ചെയ്ത് ഹൈകോടതിയെ സമീപിക്കാനിരിക്കുകയാണ് വിദ്യാര്‍ഥികള്‍.
സംഘടന സ്വാതന്ത്ര്യം കൂടിയാലോ?

സ്വാശ്രയ കോളജുകളില്‍ സംഘടന  സ്വാതന്ത്ര്യമില്ലാത്തതാണ് സകല കുഴപ്പങ്ങള്‍ക്കും കാരണമെന്നാണ് രാഷ്ട്രീയക്കാരുടെ പക്ഷം. ഒരു പരിധിവരെ ശരിയുമാണ്. എന്നാല്‍, സംഘടനാസ്വാതന്ത്ര്യം കൂടിയാലും പ്രശ്നംതന്നെ. അതാണ് കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനമായ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയുടെ സ്ഥിതി.

ധനസമ്പാദനം ലക്ഷ്യമിട്ടാണ് സ്വാശ്രയ കോളജ് തുടങ്ങാന്‍ സര്‍വകലാശാല തീരുമാനിച്ചത്. സീറ്റിന് കോഴയൊന്നുമില്ല. കെട്ടിടവും കളിസ്ഥലവുമൊക്കെ ധാരാളം. എന്നാല്‍, സമരമൊഴിഞ്ഞ നേരമില്ളെന്നതാണ് പ്രശ്നം. ഇത്രയും അടിപിടിയും സമരവും നടക്കുന്ന സ്വാശ്രയ കോളജ് സംസ്ഥാനത്തുതന്നെ അപൂര്‍വം. മിക്ക സംഘടനകളുടെയും കൊടി ആകാശം മുട്ടെ കാമ്പസില്‍ പറക്കും. ഇപ്പോള്‍ ഒരാഴ്ചയായി കോളജ് അടച്ചിട്ടിരിക്കുകയാണ്. ഏഴ് അധ്യാപകരുടെ യോഗ്യതയാണ് വിദ്യാര്‍ഥികള്‍ ചോദ്യംചെയ്തത്.
ഇന്‍േറണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട ഉടക്കാണ് യോഗ്യത തേടി വിവരാവകാശ അപേക്ഷയില്‍ വിദ്യാര്‍ഥികളെ എത്തിച്ചത്. വിദ്യാര്‍ഥികളുടെ ശ്രമം വിഫലമായില്ല. രണ്ട് അധ്യാപകര്‍ ബി.ടെക്കുകാര്‍. മൂന്നുപേര്‍ അധ്യാപകരായിരിക്കെ റെഗുലറായി എം.ടെക് ചെയ്തവര്‍. ഒരേ സമയം റെഗുലര്‍ വിദ്യാര്‍ഥിയും അധ്യാപകനുമാവാന്‍ കഴിഞ്ഞതിലെ മായാജാലമൊക്കെയാണ് കാമ്പസിലെ ഇപ്പോഴത്തെ സംസാരം.

 

Tags:    
News Summary - problems in self finacing colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.