മുന്നാക്ക സംവരണം അടിമുടി ഭരണഘടനവിരുദ്ധമാണ്

ഭരണഘടനാശിൽപി ഡോ. ബി.ആർ. അംബേദ്കർ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: 'നമ്മുടെ രാജ്യം രണ്ടു രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്ന്, മേൽത്തട്ടുകാർ; രണ്ട്, താഴെതട്ടുകാർ.' സാമ്പത്തികസംവരണത്തിനുള്ള 103ാം ഭരണഘടനാഭേദഗതി ശരിവെച്ച സുപ്രീംകോടതി വിധി ഡോ. അംബേദ്കറുടെ ഈ പ്രസ്താവന വലിയ ശരിയായിരുന്നുവെന്ന് ഒന്നുകൂടി ഉറപ്പിക്കുകയാണ്.

സംവരണത്തിന്റെ യഥാർഥ ലക്ഷ്യത്തെയും അർഥത്തെയും അപഹസിക്കുന്ന നടപടിയാണ് മുഖ്യധാരാ പാർട്ടികളുടെ പിന്തുണയോടെ 2019ൽ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന സവർണ സംവരണം. ജാതീയമായും ഗോത്രപരമായും അടിച്ചമർത്തപ്പെട്ടും അപമാനവീകരിക്കപ്പെട്ടും ജീവിക്കുന്ന ഇന്ത്യൻ ജനസംഖ്യയിലെ സിംഹഭാഗം വരുന്ന മനുഷ്യരെ നൂറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന മർദനത്തിന്റെയും വിവേചനത്തിന്റെയും പടുകുഴികളിൽനിന്ന് കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ടാണ് ഭരണഘടനാശിൽപികൾ സംവരണം എന്ന ആശയം കൊണ്ടുവരുന്നത്.

വിദ്യാഭ്യാസവും തൊഴിലും അധികാരപങ്കാളിത്തവും നിഷേധിച്ച്, സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് തൂത്തെറിയപ്പെട്ട ജനതയെ ആധുനിക പൗരസമൂഹത്തിന്റെ ഭാഗമായി മാറ്റാനുള്ള സർഗാത്മകമായ പദ്ധതിയാണിത്. മൃഗങ്ങൾക്ക് സഞ്ചരിക്കാൻ സ്വാതന്ത്ര്യമുള്ള പൊതുവഴിയിൽക്കൂടി നടക്കാൻപോലും അനുമതി നിഷേധിക്കപ്പെട്ട ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപിനും സാമൂഹിക പുരോഗതിക്കുംവേണ്ടി രൂപപ്പെടുത്തിയ സംവരണം എന്ന ആശയത്തെയും അതിന്റെ പ്രയോഗത്തെയും റദ്ദ് ചെയ്യാൻ തന്നെയാണ് സർക്കാർ ഭരണഘടനാഭേദഗതി നടപ്പാക്കിയത്.

അതിനിപ്പോൾ കോടതിയിൽനിന്നുള്ള സാധുതയും ലഭിച്ചിരിക്കുന്നു. ആർ.എസ്.എസിന്റെ ബ്രാഹ്മണിക്കൽ രാഷ്ട്രീയ അജണ്ടയിലെ മുഖ്യഇനങ്ങളിലൊന്നാണ് ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ സംവരണവും മുന്നേറ്റവും ഇല്ലാതാക്കൽ. വി.പി. സിങ് പ്രധാനമന്ത്രിയായിരിക്കെ മണ്ഡൽ കമീഷൻ ശിപാർശകൾപ്രകാരം പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തിയത് സവർണ വർഗത്തെ അത്യന്തം പ്രകോപിപ്പിച്ചിരുന്നു.

ആ സർക്കാർ അകാലത്തിൽ അട്ടിമറിക്കപ്പെട്ടതിനു പിന്നിലും ഈ സവർണപ്പകയുണ്ട്. സാമ്പത്തിക സംവരണമെന്ന പേരിൽ സവർണർക്ക് സംവരണമൊരുക്കാൻ പല കോണുകളിൽനിന്നും ശ്രമങ്ങൾ പണ്ടേയുണ്ട്. ഉയർന്ന ജാതിയിൽ ജനിച്ചുപോയതിനാൽ ജോലി കിട്ടിയില്ലെന്നും അഡ്മിഷൻ കിട്ടിയില്ലെന്നുമൊക്കെയുള്ള മേൽജാതി കണ്ണീർക്കഥകൾ വാർത്താമാധ്യമങ്ങളിലൂടെയും സിനിമ, നാടകം തുടങ്ങിയ ജനപ്രിയ മാധ്യമങ്ങളിലൂടെയും സാഹിത്യകൃതികളിലൂടെയും വ്യാപകമായി പ്രചരിപ്പിച്ച് അതിനുതകുന്ന പൊതുബോധവും സൃഷ്ടിക്കപ്പെട്ടു.

സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടശേഷവും സ്കൂളിലെ കുടിവെള്ളപ്പാത്രത്തിൽ സ്പർശിച്ചതിന്റെ പേരിൽ അടിച്ചുകൊല്ലപ്പെടാവുന്നത്ര അരക്ഷിതരായ ദലിതുകളുടെ കഷ്ടപ്പാടുകളും സങ്കടങ്ങളുമെല്ലാം റദ്ദുചെയ്തുകൊണ്ടാണ് മേൽജാതി സംവരണവാദക്കാർ ആഖ്യാനങ്ങൾ ചമക്കുന്നത്.

ദലിത് സംവരണം മൂലം സീറ്റും ജോലിയും കിട്ടിയില്ല എന്ന് വിലപിക്കുന്ന അതേ സവർണ വിഭാഗങ്ങളാണ് സർക്കാർ-അർധസർക്കാർ, സ്വകാര്യ മേഖല ജോലികളിൽ ഭൂരിഭാഗവും എക്കാലവും കൈയടക്കിവെച്ചിരിക്കുന്നത്. രാജ്യത്തെ കോടതികളിലെ ജഡ്ജിമാരുടെ കണക്കെടുത്താൽ ആ തസ്തികയിലേക്ക് മേൽജാതി സംവരണമുണ്ടെന്ന് തോന്നിപ്പോകും. എല്ലാ ഉയർന്ന സർവിസുകളിലും ഇതുതന്നെയാണ് സ്ഥിതി.

ആദിവാസികളിൽ പല വിഭാഗത്തിനും ഇന്ന് ഗോത്രപദവി ലഭ്യമായിട്ടില്ല. അതുകൊണ്ടുതന്നെ അവർക്ക് സംവരണവുമില്ല. അതേസമയം, പിന്നാക്കക്കാരല്ലാത്ത പല സവർണവിഭാഗങ്ങളെയും പിന്നാക്കലിസ്റ്റിൽ ഉൾപ്പെടുത്തി സംവരണ ആനുകൂല്യം ലഭ്യമാക്കുന്നത് ഇന്ന് വ്യാപകമായിരിക്കുന്നു.

അത്യന്തം ഹീനമായ രീതിയിലാണ് സംവരണത്തെ ഭരണകൂടം അട്ടിമറിക്കുന്നത്. എസ്.സി-എസ്.ടി, മുസ്‍ലിം പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ള ഉദ്യോഗാർഥി മെറിറ്റ് ലിസ്റ്റിൽ വന്നാൽ ആ വ്യക്തിക്ക് അതിൻപ്രകാരം ജോലിയോ അഡ്മിഷനോ നൽകാതെ എസ്.സി, എസ്.ടി കാറ്റഗറിയിൽ ഉൾപ്പെടുത്തുകവഴി ജാതി-പിന്നാക്ക സംവരണത്തിന്റെ എണ്ണം കുറക്കുകയാണ് വർഷങ്ങളായി സർക്കാറുകൾ അനുവർത്തിച്ചുവരുന്ന രീതി.

ജാതിരഹിത സമൂഹത്തിന് സംവരണം ഇല്ലാതാക്കണം എന്ന സുപ്രീംകോടതി നിരീക്ഷണം, സ്ത്രീ-പുരുഷ സ്ഥിതിസമത്വം കൊണ്ടുവരുന്നതിന് സ്ത്രീകൾക്കു നൽകുന്ന സവിശേഷ പരിഗണനയും സ്ത്രീശാക്തീകരണവും ഇല്ലാതാക്കണം എന്നു പറയുംപോലെയുള്ള അബദ്ധ നിരീക്ഷണമാണ്.

ജാതിവ്യവസ്ഥയെയും അതിന്റെ സാമൂഹിക-സാംസ്കാരിക പ്രത്യാഘാതങ്ങളെയും തീർത്തും മറച്ചുപിടിക്കുന്നവർക്കു മാത്രമേ അത്തരമൊരു ചിന്ത മുന്നോട്ടുവെക്കാനാവൂ. ഇന്ന് ഇന്ത്യയിൽ നടക്കുന്ന സ്ത്രീപീഡനങ്ങളും ദലിത് ഹത്യകളുമെല്ലാം ഊർജംകൊള്ളുന്നത് ജാതിവ്യവസ്ഥയിൽനിന്നാണ്.

ഭരണഘടന വിഭാവനംചെയ്യുന്ന തുല്യത എന്ന സങ്കൽപത്തിലേക്ക് രാഷ്ട്രത്തെയും പൗരജനങ്ങളെയും നയിക്കണമെങ്കിൽ ജാതിപീഡനങ്ങൾക്കുനേരെ കണ്ണടക്കുകയല്ല, കണ്ണു തുറക്കുകയാണ് വേണ്ടത്. ജാതി എന്നത് ഒരു സാമൂഹിക ഗണത്തിന്റെ കേവലനാമമല്ല മറിച്ച്, അത് ഒരു ജനതക്കു മേൽ തങ്ങൾ ചെയ്യാത്ത തെറ്റിന് അധിനിവേശ വർഗങ്ങൾ അടിച്ചേൽപിക്കുന്ന മർദനം, ദാരിദ്യ്രം, വിവേചനം, പ്രാതിനിധ്യമില്ലായ്മ എന്നിവയുടെയെല്ലാം ശാപഗ്രസ്തമായ പേരാണ്.

ഇടതുപക്ഷ നിലപാട്

ഇന്ത്യയിലെ സവർണാധിനിവേശ ശക്തികൾ ജാതിസംവരണത്തിനെതിരെ വിറളിപൂണ്ട് ഭരണകൂടത്തിൽ സമ്മർദംചെലുത്തിയെടുത്ത സാമ്പത്തിക സംവരണ നയം ആദ്യമായി പ്രയോഗത്തിൽ വരുത്തിയ സംസ്ഥാനം കേരളമാണ്.

സി.പി.എം താത്ത്വികാചാര്യൻ ഇ.എം.എസ്. നമ്പൂതിരിപ്പാട് വർഷങ്ങൾക്കുമുമ്പേ സാമ്പത്തിക സംവരണ വാദം ശരിവെച്ചിരുന്നു. സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ വേണ്ടിയല്ല സംവരണം എന്ന പ്രാഥമിക തത്ത്വംപോലും ഇടതുപക്ഷം മറന്നു. സാമ്പത്തിക പിന്നാക്കാവസ്ഥയും ദാരിദ്യ്രവും തൊഴിൽ സംരംഭങ്ങൾ, ക്ഷേമപദ്ധതികൾ തുടങ്ങിയ പ്രവർത്തനങ്ങളും സാമ്പത്തിക പാക്കേജുകളും ആവിഷ്കരിച്ചാണ് ഏതൊരു രാജ്യവും നേരിടുന്നത്.

ഇത് തിരിച്ചറിയാതെ സവർണർക്കുവേണ്ടി ഭരണഘടനാതത്ത്വത്തെ അട്ടിമറിക്കുന്നതിന് കൂട്ടുനിൽക്കുന്ന സമീപനം തികച്ചും മാർക്സിസ്റ്റുവിരുദ്ധമാണ്. ദലിതരായും ആദിവാസികളായും ജനിച്ചുപോയതിനാൽ മനുഷ്യരെ തല്ലിക്കൊല്ലുന്ന സംസ്ഥാനമായി കേരളംപോലും മാറുമ്പോൾ ജാതീയ സംവരണം നിലനിർത്താൻ വേണ്ടിയുള്ള ശക്തമായ പ്രക്ഷോഭം അനിവാര്യമായിരിക്കുകയാണ്.

പരമാധികാരി ആര്?

ഇന്ത്യൻ ജനതയുടെ മഹത്തായ തീരുമാനത്തിന്റെ ഫലമാണ് ഭരണഘടന എന്നുള്ളത്. അതായത്, ഭരണഘടനയുടെ യഥാർഥ പ്രണേതാക്കളും പരമാധികാരികളും ജനങ്ങളാണ്. ജനങ്ങളാണ് രാഷ്ട്രത്തെ രൂപപ്പെടുത്തിയത്. ഭരണകൂടവും കോടതികളും ഉദ്യോഗസ്ഥവൃന്ദവുമെല്ലാം ജനത എന്ന പരമാധികാരിയുടെ പ്രതിനിധാനങ്ങൾ മാത്രമാണ്. എക്സിക്യൂട്ടിവും കോടതികളും ഒരു തീരുമാനം എടുക്കുമ്പോൾ അതിന് ജനകീയ അംഗീകാരം തേടുന്ന പതിവ് ആധുനിക ജനാധിപത്യ സംവിധാനത്തിനില്ല.

രാഷ്ട്രീയ നേതാക്കളുടെ ഇച്ഛകളും തീരുമാനങ്ങളും ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നത് ഔപചാരികമായി മാത്രമാണ്. തങ്ങൾ തെരഞ്ഞെടുക്കുന്ന നേതാക്കളെ തിരിച്ചുവിളിക്കാനുള്ള സംവിധാനം ഇവിടെയില്ലാത്തതിനാൽ ജനവിരുദ്ധവും ജനങ്ങളുടെ ഇച്ഛക്ക് വിരുദ്ധവുമായ തീരുമാനങ്ങളും നടപടികളും ജനങ്ങൾ സഹിക്കുക മാത്രമേ ഇവിടെ സാധ്യമാവുകയുള്ളൂ. കോടതിയുടെ വിധികളിലും ഇതുതന്നെയാണ് നടക്കുന്നത്.

ദലിത് സമൂഹത്തിൽ ജനിച്ചുപോയതുകൊണ്ട് കുഞ്ഞുങ്ങൾപോലും നിരന്തരമായി കൂട്ടബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെടുന്ന ഇന്ത്യയിൽ ജാതിസംവരണം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നു പറയുന്ന കോടതികൾ ആരുടെ താൽപര്യത്തിനൊപ്പമാണ്?

Tags:    
News Summary - Prior reservation is strictly unconstitutional

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT