പേരിൽ അല്ലേ എല്ലാം

കാലത്തി​​െൻറ പ്രശ്നം അതിനു പിറകോട്ടുപോകാനാവില്ലെന്നതാണ്. അത് എപ്പോഴും മുന്നോട്ടു സഞ്ചരിച്ചുകൊണ്ടേയി രിക്കും. ഇതുതന്നെയാണ് ചരിത്രത്തി​​െൻറ കാര്യവും. ചരിത്രത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനാവും. പക്ഷേ, പിറകോട്ട് സഞ്ചരിച്ച് അതിനെ തിരുത്താനാകില്ല. എന്നാൽ, ‘ക്യുക്ക്സോട്ടിക്കാ’യ ഈ ശ്രമത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സംഘ്​പരിവാറും അവർ നയിക്കുന്ന ഭരണകൂടങ്ങളും. ഇതി​​െൻറ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് സ്​ഥലങ്ങളുടെ പുനർനാമകരണം.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 25 സ്​ഥലനാമങ്ങളാണ് ഈ വിധം മാറ്റപ്പെട്ടത്. അലഹബാദ് പ്രയാഗ്​​രാജായി മാറി. ഫൈസാബാദ് അയോധ്യയായി. മുസഫർനഗർ ലക്ഷ്​മിനഗറായി. യു.പിയുടെയും ബിഹാറി​​െൻറയും അതിർത്തിപ്രദേശത്ത് സ്​ഥിതിചെയ്യുന്ന മുഗൾസരായ്​ റെയിൽവേ സ്​റ്റേഷൻ ദീൻദയാൽ ഉപാധ്യായ എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. അഹ്​മദാബാദ് കർണാബതിയാകാൻ പോകുന്നു. തെലങ്കാനയിൽ തങ്ങൾ അധികാരത്തിൽ വന്നാൽ തലസ്​ഥാനമായ ഹൈദരാബാദി​​െൻറ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റുമെന്ന് സംസ്​ഥാന ബി.ജെ.പി നേതൃത്വം പറയുന്നു. ഇനിയും പലസ്​ഥലങ്ങളും പേരുമാറ്റത്തി​​െൻറ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഇതിനെ വെറും നാമമാറ്റം മാത്രമായി കാണാനാവില്ല. അതിനപ്പുറം ചരിത്രത്തെയും സംസ്​കാരത്തെയും മായ്ച്ചുകളയാനുള്ള ശ്രമമാണ്. ന്യൂനപക്ഷവിഭാഗങ്ങൾ -വിശേഷിച്ച് മുസ്​ലിംകൾ- ഇന്ത്യ എന്ന ആശയത്തെ സമ്പന്നമാക്കുന്നതിൽ വഹിച്ച പങ്കിനെ തമസ്​കരിക്കാനുള്ള ഗൂഢതന്ത്രം. അതുകൊണ്ടാണ് സ്​ഥലനാമങ്ങളുടെ മാറ്റത്തിനപ്പുറം മറ്റു പലതും സംഘ്​പരിവാറി​​െൻറ അജണ്ടയിൽ കടന്നുകൂടിയിരിക്കുന്നത്. വാഗൺ ദുരന്തത്തി​​െൻറ ഓർമ നിലനിർത്താൻ തിരൂർ റെയിൽവേ സ്​റ്റേഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഛായാചിത്രം മായ്ക്കാൻ പദ്ധതിയിടുന്നു. പുനർനാമകരണം ചെയ്യപ്പെട്ട അയോധ്യ ഡിവിഷനിൽ മദ്യവും മാംസവും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു. ജനങ്ങൾക്ക് ആരോഗ്യവും നല്ല ചിന്തയും ഉണ്ടാകാൻ ഇതാവശ്യമാണെന്നാണ് ഈ നീക്കത്തി​​െൻറ പിന്നിൽ പ്രവർത്തിക്കുന്ന സ്വാമി സത്യേന്ദ്രദാസി​​െൻറ അഭിപ്രായം.

സ്​ഥലമെന്ന ഓർമയും സംസ്​കാരവും
ഓരോ സ്​ഥലവും അതി​​െൻറ വിളിപ്പേരും നമുക്ക് പ്രദാനംചെയ്യുന്നത് ചില ഓർമകളും ജീവിതരീതികളും സംസ്​കാരവുമാണ്. അവക്ക്​ ചരിത്രവും വാസ്​തുവിദ്യയും കലയും സാഹിത്യവും ആത്മീയതയുമായൊക്കെ അഭേദ്യമായ ബന്ധമുണ്ട്. താജ്മഹൽ ഇല്ലാത്ത ആഗ്രക്കും സംഗീതവും സിനിമയും ഇല്ലാത്ത മും​ബൈക്കും ആത്മീയത ഇല്ലാത്ത വാരാണസിക്കും എന്ത് അസ്​തിത്വമാണുള്ളത്? ഇതു തന്നെയാണ് പട്നയുടെയും ഡൽഹിയുടെയും ​െകാൽക്കത്തയുടെയും അമൃത്​സറി​​െൻറയും കാര്യവും. ഈവിധം നഗരങ്ങൾ വളർന്ന് ചരിത്രത്തിൽ ഇടംപിടിച്ചതിൽ എല്ലാ വിഭാഗം ജനങ്ങളും ഈടുറ്റ സംഭാവനകൾ നൽകിയിട്ടുമുണ്ട്. ഇസ്​ലാമിനെ മാറ്റിനിർത്തി ഇന്ത്യയുടെ വാസ്​തുവിദ്യയെക്കുറിച്ചോ ആഹാരരീതിയെക്കുറിച്ചോ വേഷവിധാനത്തെക്കുറിച്ചോ സിനിമയും സംഗീതവുമടങ്ങുന്ന കലാപാരമ്പര്യത്തെക്കുറിച്ചോ ചർച്ചചെയ്യാനാകുമോ? ഇതുതന്നെയല്ലേ ഹിന്ദു, ബുദ്ധ, ജൈന, പാഴ്സി, ൈക്രസ്​തവ മതങ്ങളുടെ കാര്യവും?

ഈ തിരിച്ചറിവാണ് ഹിന്ദുക്കളോടും മുസ്​ലിംകളോടും ഭിന്നതകൾ വിസ്​മരിച്ചുകൊണ്ട് ഭാവിയിലേക്ക് ഉറ്റുനോക്കാനും സാംസ്​കാരികമായി ചേർന്നുനിൽക്കാനും സഹിഷ്ണുത പുലർത്താനും അരബിന്ദോ മഹർഷി ആഹ്വാനംചെയ്തത്. മതത്തിനു വെളിയിൽ രാഷ്​ട്രീയത്തിൽ ഉൗന്നിനിൽക്കുന്ന ദേശസ്​നേഹത്തെക്കുറിച്ചും ഇക്കാര്യത്തിൽ മുഗൾ ചക്രവർത്തിയായ അക്ബർ നൽകിയ വലിയ സംഭാവനയെക്കുറിച്ചും മറ്റൊരിടത്ത് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

ഭിന്നതകളെ സംഗമങ്ങളാക്കി മാറ്റുന്ന ഇത്തരം ഉദ്യമങ്ങളെ ധ്വനിപ്പിക്കാൻ സൽമാൻ റുഷ്ദി ഉപയോഗിക്കുന്നൊരു പ്രയോഗമുണ്ട്- വിവർത്തനം ചെയ്യപ്പെട്ട മനുഷ്യൻ. സ്വന്തം സാംസ്​കാരിക പൈതൃകത്തിലും മൂല്യങ്ങളിലും ഉറച്ചു വിശ്വസിക്കുമ്പോൾത്തന്നെ അയാൾ പൊതുഭാഗധേയത്തി​​െൻറ ഭാഗവും പങ്കാളിയുമാകാൻ തെല്ലും അമാന്തം കാണിക്കുന്നില്ല. ഈവിധം ഏകത്വത്തിൽനിന്ന് നാനാത്വത്തിലേക്കും തിരിച്ചും അയാൾ മൊഴിമാറ്റം ചെയ്യപ്പെടുന്നു. പുരാതന റോമാക്കാരുടെ സിവിൽ മതത്തി​​െൻറ ലക്ഷ്യവും ഏതാണ്ട് ഇതുതന്നെയാണ്. സമൂഹത്തെ ഒരുമിച്ചുനിർത്താൻ ശേഷിയുള്ള വിശ്വാസങ്ങളുടെയും കടപ്പാടുകളുടെയും സഞ്ചയമായാണ് അത് വിഭാവനം ചെയ്യപ്പെട്ടത്.

ചെറിയ കാര്യങ്ങളുടെ ദേവന്മാർ
ചെറിയ കാര്യങ്ങളുടെ ദേവന്മാരായ നമ്മുടെ ഭരണവർഗത്തിന് പക്ഷേ, ഇതൊന്നും പഥ്യമാവുന്നില്ല. ചരിത്രപരമായ പരാതികളുടെ നോട്ടുപുസ്​തകവുമായി നടക്കുകയാണ് അവർ, രാഷ്​ട്രീയമായി പകരംവീട്ടാൻ. ഇവിടെ വലിയൊരു വൈരുധ്യവുമുണ്ട്- മതത്തി​​െൻറ അടിസ്​ഥാനത്തിൽ ഇന്ത്യയെ വിഭജിച്ചത് തെറ്റായിപ്പോയെന്ന് കരുതുന്നവർതന്നെ ഇപ്പോൾ അതേ മാനദണ്ഡം ഉപയോഗിച്ചുകൊണ്ട് ജനങ്ങളെ കലഹിപ്പിക്കുന്നു. കലയുടെയും പ്രത്യയശാസ്​ത്രത്തി​​െൻറയും അഭിപ്രായ സ്വാതന്ത്ര്യത്തി​​െൻറയും സെൻസറിങ്ങിൽനിന്ന് ചരിത്രത്തി​​െൻറ സെൻസറിങ്ങിലേക്ക് ഇവർ കടന്നിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ഇളക്കിവിട്ട് അധികാരം എങ്ങനെയും നിലനിർത്തുക എന്നതുമാത്രമാണ് ഇവരുടെ ലക്ഷ്യം. നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെടുന്ന എല്ലാ ഭരണാധിപന്മാരുടെയും പതിവ് രീതിയാണിത്. ഭരണകൂടങ്ങൾക്ക് വാഗ്ദാനങ്ങൾ ഭിത്തിയിൽത്തറച്ച ആണിപോലെയാണ്. ഒരിക്കൽ തറച്ചുകഴിഞ്ഞാൽ പിന്നെ അതിനെ ആരും ശ്രദ്ധിക്കാറില്ല. എന്നാൽ, ജനങ്ങൾ ആണിയിൽ എന്തെങ്കിലും തൂക്കാൻ ശ്രമിച്ചുകൊണ്ടുമിരിക്കും. അങ്ങനെവരുമ്പോൾ അധികാരം നിലനിർത്താൻ മറ്റുപലതിനെയും ആശ്രയിക്കേണ്ടതായിവരും. വർത്തമാനകാലത്ത് വിഭാഗീയതക്കും വർഗീയവിദ്വേഷത്തിനുമാണ് കൂടുതൽ വിപണനമൂല്യം.

ജനാധിപത്യത്തെ മലീമസമാക്കുന്നതാണ് വിദ്വേഷത്തി​​െൻറ രാഷ്​ട്രീയമെന്ന ചരിത്രസത്യമാണ് ഇവിടെ നാം വിസ്​മരിക്കുന്നത്. ഈ ചരിത്ര വസ്​തുത മനസ്സിലാക്കിയതുകൊണ്ടാണ് ദെറീദ സാഹോദര്യത്തി​​െൻറ രാഷ്​ട്രീയത്തെക്കുറിച്ച് പറയുന്നത്. സത്യവും സ്വാതന്ത്ര്യവും സമത്വവുമാണ് ഇതി​​െൻറ ഉള്ളടക്കം. രാഷ്​ട്രീയത്തി​​െൻറ ലക്ഷ്യം അധികാരം മാത്രമാകുമ്പോൾ അതിനുള്ളിലെ വിമോചനത്തി​​െൻറ നീരുറവകൾ വറ്റിവരളുകയും അത് സാധ്യതയുടെ കലയായി തരംതാഴുകയും ചെയ്യുന്നു. ഇതാണ് നമ്മുടെ മുന്നിൽ മുടി അഴിച്ചാടുന്ന വർത്തമാനകാല യാഥാർഥ്യം. ഇന്ത്യൻ ജനാധിപത്യം ക്രിയ അല്ലാതാവുകയും വെറും നാമം (മാത്രമായി ചുരുങ്ങുകയും ചെയ്തിരിക്കുന്നു.

Tags:    
News Summary - Name Changes - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.