എഴുപത്തിരണ്ട് പിന്നിട്ട മുസ്​ലിം ലീഗ്

1947 ഡിസംബർ 14. കറാച്ചി ബന്ദർ റോഡിലെ ഖാലിഖ് ദാന ഹാളിൽ സർവേന്ത്യാ മുസ്​ലിംലീഗി​​െൻറ അവസാന കൗൺസിൽ യോഗം മുഹമ്മദലി ജ ിന്നയുടെ അധ്യക്ഷതയിൽ നടക്കുകയാണ്. 250ൽ പരം പേർ പങ്കെടുത്ത യോഗത്തിൽ അന്നത്തെ മദിരാശി സംസ്ഥാനത്തുനിന്ന് മുഹമ്മദ് ഇസ്മാഈൽ സാഹിബ്, കെ.എം. സീതി സാഹിബ് എന്നിവർ ഉൾപ്പെടെ അഞ്ചു പേർ. ഇന്ത്യ വിഭജിക്കപ്പെട്ട പശ്ചാത്തലത്തിൽ ഇനി സർവേന് ത്യാ മുസ്​ലിംലീഗ് ഇല്ലെന്നും സ്വതന്ത്രമായ രണ്ട് സംഘടനകളായി രണ്ടു യൂനിയനുകളിലും പ്രവർത്തിക്കുമെന്നും തീരുമാ നമായി.

പാക്​ യൂനിയൻ കൺവീനറായി ലിയാഖത്തലി ഖാനും ഇന്ത്യൻ യൂനിയ​നിലേക്ക്​ മുഹമ്മദ് ഇസ്മാഇൗലും തെരഞ്ഞെടുക്കപ ്പെട്ടു. അവിഭക്തലീഗി​​െൻറ ഫണ്ടിൽ ബാക്കിയുണ്ടായിരുന്ന 17 ലക്ഷം രൂപ നിശ്ചിത അനുപാതത്തിൽ വിഭജിക്കാമെന്നതായിരുന് നു അടുത്ത തീരുമാനം. ഉണ്ടാവാനിടയുള്ള ആരോപണങ്ങളെ മുൻകൂട്ടിക്കണ്ട് നിയുക്ത കൺവീനർ ഇസ്മാഇൗൽ സാഹിബ് അത് നിരസിച്ചു . പാകിസ്​താ​​െൻറ പണം കണ്ടാണ് ഇസ്മാഇൗലും അനുയായികളും പ്രവർത്തിക്കുന്നതെന്ന് പിന്നീടൊരിക്കൽ ഭരണഘടന നിർമാണസഭയ ിൽ സർദാർ പട്ടേൽ നടത്തിയ പ്രസ്താവന ആ നിലപാട് ശരിയെന്ന് തെളിയിച്ചു.

രാജാജി ഹാളിലെ തുടക്കം

1948 മാർച്ച് 10ന് മദിരാശിയിലെ രാജാജ ി ഹാളിലാണ് ഇസ്മാഇൗൽ സാഹിബി​​െൻറ നേതൃത്വത്തിൽ പുതിയ ഇന്ത്യൻ യൂനിയൻ മുസ്​ലിംലീഗി​​െൻറ പ്രവർത്തനങ്ങൾക്ക് തുടക ്കം കുറിക്കുന്നത്. വിഭജനാനന്തര ഇന്ത്യയിൽ മുസ്​ലിംകൾ രാഷ്​ട്രീയമായി സംഘടിക്കുന്നത് അവർക്കുതന്നെ ദോഷകരമാണെന് നും കോൺഗ്രസി​​െൻറ ദേശീയ മുഖ്യധാരയിൽ ലയിക്കുക മാത്രമാണ് അവർക്കു മുന്നിലുള്ള വഴിയെന്നുമുള്ള ഉപദേശങ്ങളെ അവഗണി ച്ച് മതനിരപേക്ഷ രാജ്യത്ത് സാമുദായികമായി സംഘടിപ്പിക്കാൻ നടത്തിയ സാഹസികമായ ശ്രമത്തി​​െൻറ പേരാണ് ഇന്ത്യൻ യൂനി യൻ മുസ്​ലിംലീഗ്.

വിഭജനത്തി​​െൻറ ഭാരം മുഴുവനായും മുഹമ്മദലി ജിന്നയുടെ സർവേന്ത്യ മുസ്​ലിംലീഗിനാണെന്ന പൊതുബ ോധം ശക്തമായി നിലനിന്ന ഘട്ടത്തിലാണ് ഇസ്മാഇൗൽ സാഹിബ് മുസ്​ലിം ലീഗ് സംഘാടനം എന്ന വെല്ലുവിളിയുമായി രംഗത്തുവരുന്നത്. സമുദായ കേന്ദ്രീകൃത രാഷ്​ട്രീയത്തെ വർഗീയതയായിക്കണ്ട് നെഹ്റുവടക്കമുള്ള ആളുകൾ പടക്കിറങ്ങിയിട്ടും തങ്ങൾ തുടങ്ങിയ സംരംഭത്തെ മുഖ്യധാര രാഷ്​ട്രീയത്തി​ൽതന്നെ നങ്കൂരമിട്ട് നിർത്താൻ ലീഗിന് കഴിഞ്ഞു.

പ്രയാസങ്ങളുടെ ആദ്യ നാളുകൾ

കഠിനതരമായിരുന്നു ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗി​​െൻറ ആദ്യ നാളുകൾ. മൗലാന ആസാദി​​െൻറ നേതൃത്വത്തിൽ 1947 ഡിസംബറിൽ ലഖ്​നോയിൽ ചേർന്ന അറുപതിനായിരത്തോളം ആളുകൾ പങ്കെടുത്ത ഇന്ത്യൻ യൂനിയൻ മുസ്​ലിം കോൺഫറൻസ് എല്ലാ സാമുദായിക രാഷ്​ട്രീയ സംഘാടനങ്ങളും അവസാനിപ്പിക്കാനും കോൺഗ്രസിൽ ചേരാനും ആഹ്വാനം ചെയ്തു. ലീഗ്​ നേതാക്കളിൽ പലരും മാറിയ സാഹചര്യത്തിൽ രാഷ്​ട്രീയപ്രവർത്തനം അവസാനിപ്പിച്ചു.

ഭരണഘടന നിർമാണസഭയിലെ ലീഗ് അംഗങ്ങളിലൊരു വിഭാഗം യു.പിയിലെ നവാബ് ഇസ്മാഇൗൽ ഖാ​​െൻറ നേതൃത്വത്തിൽ യോഗംചേർന്ന് സഭയിലെ ലീഗ് പക്ഷം പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. മുസ്​ലിംലീഗിന് കാര്യമായ സ്വാധീനമുണ്ടായിരുന്ന ബോംബെ സംസ്ഥാനത്ത്, മുസ്​ലിംലീഗ് ലെജിസ്ലേച്ചർ പാർട്ടി ‘ഫോർത്ത് പാർട്ടി’ എന്ന പേരിൽ പുതിയ പാർട്ടിയായി. മുസ്​ലിംലീഗ് എന്നപേരിൽ പ്രവർത്തനം വേണ്ടെന്ന ശക്തമായ നിലപാടിലായിരുന്നു പിന്നീട് പാകിസ്​താനിലേക്ക് പോയ സുഹ്രവർദിയും.

കറാച്ചി കൺവെൻഷനിൽ പങ്കെടുത്ത ചില ലീഗ് നേതാക്കൾ പോലും കോൺഗ്രസിൽ ചേർന്നു. പാകിസ്​താ​​െൻറ അഞ്ചാം പത്തികളെന്നാരോപിച്ച് സർക്കാറി​​െൻറ വേട്ടയാടൽ തുടർന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ കൂടിയ മുപ്പതിൽപരം ആളുകൾ പങ്കെടുത്ത കൺവെൻഷൻ, ഒരു പാട് വാദപ്രതിവാദങ്ങൾക്കുശേഷം ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗ് എന്ന പേരിൽ മുന്നോട്ടുപോകാൻ തീരുമാനിക്കുകയും മുഹമ്മദ് ഇസ്മാഇൗൽ സാഹിബിനെ പ്രസിഡൻറും മഹ്ബൂബ് അലി ബെയ്ഗിനെ സെക്രട്ടറിയുമായി തെരഞ്ഞെടുക്കുകയുംചെയ്​തു.

ഇന്ത്യൻ യൂനിയനിലെ മുസ്​ലിംകളുടെ മത, സാംസ്​കാരിക, വിദ്യാഭ്യാസ, സാമ്പത്തിക താൽപര്യങ്ങളിൽ ഊന്നി പ്രവർത്തിക്കുമെന്നുപറഞ്ഞ് സമ്മേളനം അംഗീകരിച്ച മുഖ്യപ്രമേയം ‘രാഷ്​ട്രീയം’ എന്ന വാക്ക് വിട്ടുകളഞ്ഞത് കൺവെൻഷനിലെ വിരുദ്ധാഭിപ്രായങ്ങളുടെ ഫലമായിരുന്നു. 1930കൾ മുതൽ ഇന്ത്യൻ മുസ്​ലിംകളുടെ ഏക രാഷ്​ട്രീയപ്രാതിനിധ്യം അവകാശപ്പെട്ട രാഷ്​ട്രീയ ശക്തിക്ക് പ്രവർത്തനലക്ഷ്യങ്ങളിൽ രാഷ്​ട്രീയമെന്ന പദം വെക്കാൻകൂടി കഴിയാത്ത സാഹചര്യമുണ്ടായി എന്നതിൽനിന്ന് വിഭജനം സൃഷ്​ടിച്ച പരിക്കി​​െൻറ ആഴം വ്യക്തമാകും.

പിന്നീട് 1951 സെപ്​റ്റംബർ ഒന്നിന് അംഗീകരിച്ച ഭരണഘടനയിൽ ‘രാഷ്​ട്രീയ, ഔദ്യോഗിക, ഭരണനിർവഹണ മേഖലകളിലെ സമുദായത്തി​​െൻറയും മറ്റു ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾക്കു വേണ്ടി ശ്രമിക്കും’ എന്ന് ലീഗ് കൂട്ടിച്ചേർത്തു.

ഇറയത്തുനിന്ന്​ മുഖ്യധാരയിലേക്ക്​

മുഖ്യധാര രാഷ്​ട്രീയത്തിൽ നിലയുറപ്പിക്കാൻ ലീഗ് ശ്രമം നടത്തുമ്പോഴൊക്കെ വിഭജനവും പാകിസ്​താനും പറഞ്ഞ് അരികുവത്​കരിക്കാൻ ശ്രമമുണ്ടായി. വിഭജനത്തിന് തൊട്ടുടനെ ഇന്ത്യയിൽ നിൽക്കുമെന്ന് തീരുമാനിച്ച് പിന്നീട് പാകിസ്​താനിലേക്ക് പോയ ചില ലീഗ് നേതാക്കളുടെ നടപടി ലീഗിനുണ്ടാക്കിയ പരിക്കും ചെറുതല്ല. അർധരാത്രിയിലെ സ്വാതന്ത്ര്യസന്ദർഭത്തിൽ ഇന്ത്യൻ പാർലമ​െൻറിൽ പ്രസംഗിച്ച ചൗധരി ഖലീഖുസ്സമാൻ, കോൺഗ്രസ് പോലുള്ള രാഷ്​ട്രീയ സംഘടനകളോടൊത്ത് നീങ്ങുന്നതിലാണ് ഭാവി എന്നുപറഞ്ഞ സുഹ്രവർദി, കോൺസ്​റ്റിറ്റ്യുവൻറ്​ അസംബ്ലി അംഗം സത്താർ സേട്ട് തുടങ്ങി പലരും ഇവരിലുൾപ്പെടും.

പോയവർ പലരും പാകിസ്​താനിൽ ഉന്നതസ്ഥാനങ്ങൾ സ്വീകരിച്ചത്, അവിടെ സ്ഥാനം കിട്ടുന്നതുവരെയാണ് ഇവിടത്തെ കൂറ് എന്ന് അധിക്ഷേപിക്കാൻ ലീഗ് വിരുദ്ധർക്ക് അവസരം നൽകി. പാകിസ്​താൻ ചാപ്പയിൽനിന്ന് മുക്തരാവാൻ ലീഗിന് പെട്ടെന്ന് സാധ്യമാകാൻ കഴിയാതെ വന്നതി​​െൻറ ഫലമായി വിഭജനശേഷമുള്ള ലീഗി​​െൻറ പ്രവർത്തനം വിഭജനദുരന്തം ഒട്ടും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത ദക്ഷിണേന്ത്യൻ ഭാഗങ്ങളിലൊതുങ്ങി.

ദക്ഷിണേന്ത്യയിലെ ലീഗ് പ്രവർത്തനവും എളുപ്പമായിരുന്നില്ല. 1948ലെ ഹൈദരാബാദ് സൈനികനടപടിയുടെ കാലത്ത് കേരളത്തിലടക്കം മുസ്​ലിംലീഗ് നേതാക്കൾ വ്യാപക അറസ്​റ്റുകൾക്ക് വിധേയരായി. പ്രതികൂലമായ കാലാവസ്ഥകൾക്കിടയിലും വേണ്ടുവോളം വിട്ടുവീഴ്ച ചെയ്ത് രാഷ്​ട്രീയാസ്​തിത്വം ഉറപ്പിക്കാൻ ഖാഇദേ മില്ലത്ത് (സമുദായ നേതാവ്) എന്ന പേരിനെ അന്വർഥമാക്കി ഇസ്മാഈൽ സാഹിബ് സീതിസാഹിബ്, ബി. പോക്കർ സാഹിബ്, ഉപ്പി സാഹിബ് എന്നിവരോടൊന്ന് ചേർന്ന് കഠിനാധ്വാനം ചെയ്തു. 1952ലെ മദിരാശി നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്​ലിംലീഗിനെ പരാജയപ്പെടുത്താൻ അഹോരാത്രം പരിശ്രമിച്ച കോൺഗ്രസിനെ മന്ത്രിസഭയുണ്ടാക്കാൻ ലീഗ് പിന്തുണച്ചു. സഖ്യം കോൺഗ്രസ് പരസ്യമായി നിഷേധിച്ചിട്ടും മദിരാശി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ലീഗ് കോൺഗ്രസിനെ കൈവിട്ടില്ല.

1957 ലെ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പിൽ പി.എസ്.പിയുമായി സഖ്യമുണ്ടാക്കാൻ കഴിഞ്ഞത് ലീഗിന് പിന്നീട് കിട്ടിയ പൊതു അംഗീകാരത്തി​​െൻറ തുടക്കമായിരുന്നു. അറുപതുകളിൽ കോൺഗ്രസുമായും കമ്യൂണിസ്​റ്റ്​ പാർട്ടികളുമായും ഉണ്ടാക്കിയ സഖ്യങ്ങൾ പല വിമർശനങ്ങൾക്കും ഇടയാക്കി​െയങ്കിലും വർഗീയസംഘടന എന്ന ഇമേജിനെ മറികടന്ന് സാമുദായിക രാഷ്​ട്രീയ സംഘടന എന്ന നിലയിലേക്ക് വളരാൻ സഹായിച്ച രാഷ്​ട്രീയ കാൽവെപ്പുകളായിരുന്നു.മതപരമായ കർത്തവ്യം എന്ന നിലയിൽ തന്നെ ഭരണഘടനക്കകത്തുനിന്ന് മുസ്​ലിംസമുദായത്തി​​െൻറ രാഷ്​ട്രീയ ശാക്തീകരണത്തിന്​ ലീഗ് ശ്രമിച്ചു. വർഗീയ കലാപങ്ങൾ, അലീഗഢ് യൂനിവേഴ്സിറ്റി തുടങ്ങിയ വിഷയങ്ങളിലൊക്കെ പാർലമ​െൻറിലെ പ്രാതിനിധ്യം വഴി ഇടപെട്ട ലീഗ് എൺപതുകളുടെ മധ്യത്തിൽ ശരീഅത്ത് സംരക്ഷണ കാമ്പയിൻ കാലത്ത് സംഘാടക റോളിലുണ്ടായിരുന്നു.

അതേസമയം, കോൺഗ്രസിനോടുള്ള രാഷ്​ട്രീയബാന്ധവം നിമിത്തം അടിയന്തരാവസ്ഥ, ബാബരി മസ്ജിദ് ധ്വംസനം തുടങ്ങിയ സങ്കീർണഘട്ടങ്ങളിൽ ലീഗ് കൈക്കൊണ്ട ‘അടവുനയം’ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ വിപരീത ദിശയിലുള്ളതായിരുന്നു എന്ന വിമർശനമുണ്ട്. രൂപവത്​കരണത്തി​​െൻറ ആദ്യ 20 വർഷങ്ങളിൽ തങ്ങളെ രാഷ്​ട്രീയമായി ഒറ്റപ്പെടുത്താൻ ശത്രുക്കൾ ഉപയോഗിച്ച വർഗീയ ആരോപണ കാർഡ് തന്നെ, അഭിപ്രായവ്യത്യാസം പുലർത്തിയവരെ നേരിടാൻ ഇത്തരം ഘട്ടങ്ങളിൽ ലീഗ്​ ഉപയോഗിച്ചിട്ടുണ്ട്​. എന്നാൽ മാറിക്കൊണ്ടിരിക്കുന്ന ആഗോള ദേശീയ സാഹചര്യങ്ങളിൽ സമുദായത്തിനുള്ളിലെ പ്രതിയോഗികൾക്കെതിരെ ഉപയോഗിച്ചുകൊണ്ടിരുന്ന തീവ്രവാദമുദ്രകൾ സ്വന്തം രാഷ്​ട്രീയ നിലപാടുതറയെ തന്നെയാണ്​ അപകടപ്പെടുത്തുക എന്ന് ലീഗ് പിന്നീട്​ തിരിച്ചറിഞ്ഞിട്ടുണ്ട്.

മാറിയ ഇന്ത്യയും ലീഗും

മോദിയുടെ രണ്ടാംവരവോടെ മുഖം മാറിയ ഇന്ത്യയിൽ പഴയ രാഷ്​ട്രീയലൈനും മുദ്രാവാക്യങ്ങളും ഫലപ്രദമാവില്ല. ആർ.എസ്​.എസി​​െൻറ വംശീയവൈരത്തി​​െൻറ ആഴവും പരപ്പുമറിയാതെ പുതിയ സാഹചര്യത്തെ നേരിടാൻ പഴയ ടൂളുകളും കൊണ്ടിറങ്ങുന്നവർ പരാജയപ്പെടും.ആർ.എസ്​.എസി​​െൻറ പ്രഥമ ഇരകളായ മുസ്​ലിംകളുടെ സുരക്ഷയും രാഷ്​ട്രീയ പ്രാതിനിധ്യവും ലക്ഷ്യമാക്കിയ ലീഗി​​െൻറ ഉത്തരവാദിത്തം ഈ സാഹചര്യത്തിൽ വലുതാണ്.

രാഷ്​ട്രീയ രംഗത്ത് മുസ്​ലിംകളുടെ പ്രത്യേകസംഘാടനം വർഗീയതയാണെന്ന ആരോപണങ്ങളെ നേരിട്ടാണ് ലീഗ് പിച്ചവെച്ച് തുടങ്ങിയത്. എന്നാൽ രാഷ്​ട്രത്തിൽ മുസ്​ലിംസാന്നിധ്യം പരിഗണനീയമേ അല്ല എന്ന് തീരുമാനിച്ച ഒരു ആശയം ഭരണകൂടമായി മാറിയ സന്ദർഭത്തിലാണ് 72 വർഷങ്ങൾക്കുശേഷം ലീഗ് എത്തിപ്പെട്ടിരിക്കുന്നത്. ഈ മാറിയ സമയത്തോട് ക്രിയാത്മകമായി പ്രതികരിച്ച് ആത്മവിശ്വാസത്തോടെ സമുദായത്തെ എങ്ങനെ മുന്നോട്ട് നയിക്കാമെന്നതിലാണ് ലീഗ് രാഷ്​ട്രീയത്തി​​െൻറ ഭാവി.

പൗരത്വസമരം ആവർത്തിച്ചോർമപ്പെടുത്തിയ രണ്ട് വസ്തുതകളുണ്ട്. കൊളോണിയലിസത്തി​​െൻറ ഒന്നാം നാൾ തൊട്ട് അതിനെ ചെറുക്കുന്നതിൽ മുസ്​ലിം സമുദായം മറ്റുള്ളവരോടൊപ്പം വഹിച്ച നേതൃപരമായ പങ്കാണ് ഒന്നാമത്തേത്. ദേശീയതയുടെ വക്താക്കളായിച്ചമയുന്ന സംഘ് പരിവാർ സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ എവിടെയുമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ബ്രിട്ടീഷ് സാമ്രാജ്യത്വത്തി​​െൻറ പാദസേവയായിരുന്നു അവർ നിർവഹിച്ച ശ്രമം എന്നതാണ് രണ്ടാമത്തേത്.

ഈ വസ്തുതകളുടെ വെളിച്ചത്തിൽ കെട്ടിയേൽപിക്കപ്പെട്ട വിഭജനത്തി​​െൻറ ഭാരം കുടഞ്ഞെറിയാനും ബഹുസ്വര ഇന്ത്യ സാധ്യമാക്കാൻ നടത്തിയ സ്വാതന്ത്ര്യപ്രക്ഷോഭങ്ങളുടെ നേരവകാശം നെഞ്ചേറ്റാനും സാധ്യമാവുമ്പോഴാണ് ലീഗടക്കമുള്ള മുസ്​ലിം കേന്ദ്രീകൃത രാഷ്​ട്രീയത്തി​​െൻറ വക്താക്കൾക്ക് സംഘ് വംശവെറിയെ അഭിമുഖീകരിക്കാൻ സാധ്യമാവുക.

Tags:    
News Summary - Muslim league 72 yers old -opinion news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.