സമരോത്സുകമായ അലീഗഢ്, ജാമിഅ
അലീഗഢ് മുസ്ലിം സർവകലാശാലയിലെ പൂർവ വിദ്യാർഥി സബ ഹൈദരി യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഇലിനോയിസ് സ്റ്റേറ്റ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും അലീഗഢ് സർവകലാശാലയിൽ നശ്റ നഈം എന്ന ഒരു ഹിജാബി വനിത വിദ്യാർഥി യൂനിയൻ ഉപാധ്യക്ഷയായതും ഒരുപോലെ ആഘോഷിക്കുകയാണ് അലിഗറിയന്മാർ. മുസ്ലിം ന്യൂനപക്ഷത്തിന്റെ, വിശിഷ്യാ മുസ്ലിം സ്ത്രീകളുടെ ശാക്തീകരണത്തെക്കുറിച്ച് ആശങ്കപ്പെടുന്നവർക്കും അതുകേട്ട് അപകർഷബോധത്താൽ കാലം കഴിക്കുന്നവർക്കും കാലം നൽകിയ മറുപടിയായിരുന്നു സബയുടെയും നശ്റയുടെയും വിജയങ്ങൾ.
യു.എസിലും ഇന്ത്യയിലും ഇസ്ലാമോഫോബിയ ഒരു പോലെ കത്തിപ്പടർന്ന നേരത്താണ് അസ്തിത്വ ഭീഷണിയിൽ കഴിയുന്ന മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള രണ്ട് സ്ത്രീകൾ ന്യൂനപക്ഷ പദവി കൊണ്ടവരെ പ്രതിനിധാനം ചെയ്യുന്ന സർവകലാശാലയുടെ യശസ്സ് മിന്നുന്ന ജയം കൊണ്ടുയർത്തിപ്പിടിച്ചത്. മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണത്തിൽ യു.എസിനേക്കാൾ ഒരു പടി ഇന്ത്യ മുന്നിലായതുകൊണ്ടാണ് സബയുടെ ജയത്തേക്കാൾ മാധ്യമങ്ങളും അലിഗറിയന്മാരും ഉത്തർപ്രദേശിലെ ഹിന്ദുത്വ ലബോറട്ടറിയിൽ നിന്നുള്ള നശ്റയുടെ വിജയം കൊണ്ടാടിയത്. ഇസ്ലാമോഫോബിയ കാലത്ത് മുസ്ലിം സ്ത്രീത്വത്തെ ഉയർത്തിപ്പിടിച്ച് അതിജീവനത്തിന്റെ പ്രതിബിംബമാകുകയായിരുന്നു അവർ.
അലിഗഢിലെ വിദ്യാർഥി സമരം
എട്ടുവർഷത്തിനുശേഷം അലീഗഢിലേക്ക് വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് തിരിച്ചുകൊണ്ടുവന്ന വിദ്യാർഥി സമരത്തിന് മുന്നിൽ നിന്ന പോരാളിയായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകത്തിൽ നിന്നുള്ള നശ്റ നഈം. നശ്റ നഈമിന്റെ വിജയത്തിന് ഏകദേശം അഞ്ച് ദശകം മുമ്പ് 1980ൽ വിജയിച്ച റൂഹി സുബൈരിയാണ് അലീഗഢ് വിദ്യാർഥി യൂനിയന്റെ പ്രഥമ വനിതാ വൈസ് പ്രസിഡന്റ്. നശ്റയുടെ വിജയവാർത്ത അറിഞ്ഞപ്പോൾ തനിക്കൊട്ടും അത്ഭുതമേ തോന്നിയില്ലെന്നാണ് അലീഗഢ് വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ ഡൽഹിയിൽ നിന്നുപോയ ‘വയർ ഉറുദു’ എഡിറ്റർ മഹ്താബ് ആലം പറഞ്ഞത്. സർവകലാശാലയിൽ സംസാരിച്ച വിദ്യാർഥികളിൽ മിക്കവരും, മൗലികമായ പ്രതിഭാധനത്വം കൊണ്ട് പ്രചാരണത്തിൽ വേറിട്ടുനിന്ന ഈ ബി.എ.എൽഎൽ.ബി വിദ്യാർഥിനിക്ക് ജയസാധ്യത കൽപിച്ചിരുന്നു. എന്തുകൊണ്ട് വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് എന്ന ചോദ്യത്തിന്, മുസ്ലിം സമുദായത്തെ നയിക്കാനുള്ള നേതൃനിരയെ സൃഷ്ടിച്ചെടുക്കാൻ യൂനിയനും തെരഞ്ഞെടുപ്പും അനിവാര്യമാണെന്നായിരുന്നു വോട്ടെടുപ്പിന് തലേന്ന് നശ്റ നൽകിയ ഉത്തരം. മുസ്ലിം വിദ്യാർഥിനികളടെ അഭൂതപൂർവമായ പങ്കാളിത്തമായിരുന്നു അലീഗഢ് വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിന്റെ സവിശേഷത. 13 ഭാരവാഹികളിൽ ആറും വനിതകളായതോടെ അലീഗഢ് വിദ്യാർഥി യൂനിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീപ്രാതിനിധ്യത്തിനാണ് ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്.
അങ്ങനെ അലീഗഢ് ഒരിക്കൽ കൂടി അജണ്ട നിർണയിച്ചിരിക്കുന്നു. പ്രതിസന്ധികളുടെ ആപത്ഘട്ടത്തെ മുസ്ലിം യുവത എങ്ങനെ നേരിടണമെന്നതിന് അലീഗഢ് മുസ്ലിം സർവകലാശാല ഒരിക്കൽ കൂടി ഉത്തരം നൽകിയിരിക്കുന്നു. അലീഗഢിൽ നിന്നും ഉരുവപ്പെട്ട സമരത്തിന്റെ കാറ്റാണ് ജാമിഅ മില്ലിയയിലും ആന്ദോളനം തീർത്തത്. വിദ്യാർഥി യൂനിയന്റെ പുനഃസ്ഥാപനത്തിനായി നടത്തിയ സമരം അലീഗഢിൽ വിജയം കണ്ടതിൽ നിന്നാണ് അതേ ലക്ഷ്യത്തിനായി സമരരംഗത്തിറങ്ങാൻ ജാമിഅ മില്ലിയ ഇസ്ലാമിയയിലെ വിദ്യാർഥികളെ പ്രേരിപ്പിച്ചത്. പൗരത്വസമരത്തെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടുകയും ആ സമരം മുന്നിൽനിന്ന് നയിച്ച മുസ്ലിം വിദ്യാർഥി യുവജന നേതാക്കളെ ഒന്നടങ്കം ജയിലിലടക്കുകയും ചെയ്ത ശേഷം മുസ്ലിം വിദ്യാർഥി യുവജനങ്ങളിൽ നിന്ന് ഇനിയൊരു സമര ഭീഷണി ഉണ്ടാകില്ലെന്ന ഭരണകൂടത്തിന്റെ മിഥ്യാധാരണയാണ് അലീഗഢ് മുസ്ലിം സർവകലാശാലയിലെയും ജാമിഅ മില്ലിയ ഇസ്ലാമിയയിലെയും വിദ്യാർഥികൾ ചേർന്ന് പൊളിച്ചടുക്കിയത്. കേന്ദ്രത്തിൽ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സർക്കാർ രംഗത്തുവന്ന ശേഷം അലീഗഢിൽ വൈസ് ചാൻസലറുടെയും രജിസ്ട്രാറുടെയും നേതൃത്വത്തിൽ നടക്കുന്നതെല്ലാം ജാമിഅയിലും നടക്കുന്നുണ്ട്. പ്രവേശനത്തിലും നിയമനങ്ങളിലുമെല്ലാം ആർ.എസ്.എസിന്റെ ദൃശ്യമായ കരങ്ങൾ തന്നെയുണ്ട്.
ജാമിഅയിലെ വിദ്യാർഥി മുന്നേറ്റം
വിദ്യാർഥി സമരത്തെ തുടർന്ന് അലീഗഢ് സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ജാമിഅ മില്ലിയ ഇസ്ലാമിയയിലും വിദ്യാർഥികൾ സമരം തുടങ്ങുന്നത്. സർവകലാശാല പൂർണമായും സംഘ് പരിവാർ നിയന്ത്രണത്തിലായതുതൊട്ട് വിദ്യാർഥികൾ നേരിടുന്ന വിവേചനങ്ങൾ അധികൃതരുടെ മുഖത്തുനോക്കി ചോദിക്കാനുള്ള അവസരമെങ്കിലും വിദ്യാർഥി യൂനിയനിലൂടെ ലഭിക്കുമെന്നവർ കരുതി. ജാമിഅയിലെ സെൻട്രൽ കാന്റീനിൽ നിന്ന് ഇന്ത്യ അറബ് കൾചറൽ സെന്ററിലെ എം.എ വിദ്യാർഥിയായ ജാസിം ഖാൻ, താൻ നിരാഹാരമിരിക്കാൻ പോകുകയാണെന്ന് പൊടുന്നനെ പ്രഖ്യാപിച്ചപ്പോഴേക്കും പ്രത്യക്ഷ പിന്തുണയുമായി കാമ്പസ് ഒന്നടങ്കം അണിനിരന്നത് അതുകൊണ്ടാണ്. പ്രത്യക്ഷ രാഷ്ട്രീയ ചായ് വൊന്നും കാണിക്കാതിരുന്ന ജാസിം ഖാൻ ഒക്ടോബർ 12ന് നിരാഹാരം തുടങ്ങിയപ്പോൾ മലയാളിയായ എൻ.എസ്.യു-ഐക്കാരൻ എബിൻ ബാസിലും മേവാത്തിൽനിന്നുള്ള ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ റഹാൻ ഖാനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാര സമരത്തിലേക്ക് കടന്നു. എൻ.എസ്.യു.ഐ, ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്നിവക്ക് പിന്നാലെ എം.എസ്.എഫ്, എസ്.എഫ്.ഐ, ഐസ, എസ്.ഐ.ഒ, എ.ഐ.ആർ.എസ്.ഒ, ഡി.ഐ.എസ്.എസ്.സി, ദിശ തുടങ്ങിയ വിദ്യാർഥി സംഘടനകളും സമരത്തിനിറങ്ങിയതോടെ കാമ്പസ് ഒന്നാകെ സമരഭൂമിയായി.
ഉരുക്കുമുഷ്ടി പ്രയോഗങ്ങൾ
ഡൽഹി പൊലീസിനെയും ജാമിഅ സെക്യൂരിറ്റി ജീവനക്കാരെയും വിന്യസിച്ച് അതിനെ നേരിടാമെന്നാണ് സർവകലാശാല കണക്കുകൂട്ടിയത്. വിദ്യാർഥികളുടെ വർധിതവീര്യത്തിന് മുന്നിൽ ആ കണക്കുകൂട്ടലുകളെല്ലാം പാളി. ഗേറ്റടച്ചുപൂട്ടി ഉരുക്കുമുഷ്ടി പ്രയോഗിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ ഡൽഹി കലാപകാലത്ത് ചെയ്തതുപോലെ പ്രശ്നങ്ങളുണ്ടാക്കാൻ ഏജൻസികൾ പെയ്ഡ് സമരക്കാരെ ഇറക്കിയെങ്കിലും സമരക്കാർ അവരെ കൈയോടെ പിടികൂടി. കാമ്പസിലേക്ക് കടത്തിവിട്ട ഈ അപരിചിതർ വിദ്യാർഥികൾക്കൊപ്പം സമരത്തിൽ നുഴഞ്ഞുകയറുകയും പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കിയതും ചുവരെഴുത്തുകൾ നടത്തിയതും ദേശീയ തലത്തിൽ വിവാദമാക്കി സമരം അടിച്ചമർത്താനുള്ള തന്ത്രവും പൊളിഞ്ഞു. വിദ്യാർഥികളെ പുറത്താക്കി ഗേറ്റുകൾ അടച്ചുപൂട്ടിയെങ്കിലും സമരക്കാരിൽ നല്ലൊരു പങ്ക് കാമ്പസിനകത്ത് തമ്പടിച്ച് സമരം തുടർന്നു. പുറത്തുനിന്ന് വിദ്യാർഥികൾ പൊലീസിനെയും സെക്യൂരിറ്റി ഗാർഡുകളെയും മറികടന്ന് എത്തിച്ചുകൊടുത്ത ഭക്ഷണത്തിലാണ് നിരാഹാരക്കാർക്കൊപ്പം അകത്ത് തമ്പടിച്ച സമരക്കാർ സമരത്തിന്റെ അവസാന നാളുകൾ തള്ളിനീക്കിയത്. ഇതിനിടയിൽ മലയാളിയടക്കമുള്ള ഏതാനും വിദ്യാർഥികളെ അറസ്റ്റ്ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് തിഹാർ ജയിലിലേക്കുമയച്ചു. സർവകലാശാല പൂർണമായും അടച്ചുപൂട്ടി ക്ലാസുകൾ ഓൺലൈൻ രീതിയിലേക്ക് മാറ്റിയപ്പോൾ വിദ്യാർഥികൾ തങ്ങളുടെ ചിത്രങ്ങൾക്കുപകരം സമര പോസ്റ്ററുകൾ പ്രൊഫൈൽ ചിത്രങ്ങളാക്കി പ്രതിഷേധം തുടർന്നു.
അനുരഞ്ജനം
ഗത്യന്തരമില്ലെന്ന് കണ്ടതോടെ ഒക്ടോബർ 25ന് ഓഖ്ല എം.എൽ.എ അമാനതുല്ലാ ഖാൻ നടത്തിയ അനുരഞ്ജന ശ്രമത്തിൽ വിദ്യാർഥി യൂനിയൻ തത്ത്വത്തിൽ സമ്മതിച്ച അധികൃതർ ലിങ്ദോ കമ്മിറ്റി ശിപാർശ പ്രകാരം വിദ്യാർഥി യൂനിയൻ ഭരണഘടനയുണ്ടാക്കി 15 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്താമെന്ന് പറഞ്ഞു. എന്നാൽ, ഭരണഘടന എന്നുണ്ടാക്കുമെന്ന് രേഖാമൂലം സർവകലാശാല എഴുതിനൽകണമെന്ന് വിദ്യാർഥികൾ വ്യവസ്ഥ വെച്ചു. ഒക്ടോബർ 29ന് സർവകലാശാലയുടെ 106ാം സ്ഥാപക ദിനത്തിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാ എം.പി ഹാരിസ് ബീരാൻ നടത്തിയ അനുരഞ്ജന ചർച്ചയിൽ വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയായിരുന്നു. 2027 മേയ് 15നകം വിദ്യാർഥി യൂനിയൻ ഭരണഘടന അംഗീകരിക്കുമെന്നും, അടുത്ത അധ്യയന വർഷം ആരംഭിച്ച് ആറാഴ്ചക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നും സർവകലാശാല ഔദ്യോഗികമായി കുറിപ്പിറക്കിയതോടെ ചരിത്രം കുറിച്ച സമരത്തിന് വിജയപരിസമാപ്തിയായി. ആ സമര നായകരിൽ നിന്നുയർന്നുവന്ന നേതാക്കൾ യൂനിയൻ നേതാക്കളാകുന്നത് കാണാൻ അടുത്ത വർഷം വരെ കാത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.