കാലം വിളിക്കുന്നു; അനീതികളെ തിരുത്താൻ
അനീതിക്കെതിരെ യുവത്വം തെരുവിലിറങ്ങിയ കാലമാണിത്. യുവരോഷം കടുത്തതോടെ അധികാരക്കസേര വിട്ട് ഒരു കേന്ദ്രമന്ത്രിക്ക് രാജിവെക്കേണ്ടി വന്നതും ഇക്കാലത്താണ്. രാജ്യത്തെ മതനിരപേക്ഷ സമൂഹവും കേന്ദ്രസർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ സമരമുഖത്താണ്. ലോകത്തെമ്പാടുനിന്നും വന്നുകൊണ്ടിരിക്കുന്നത് ഇത്തരം പ്രതീക്ഷയുടെ വാർത്തകളാണ്. പ്രത്യേകിച്ചും യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേതൃത്വം നൽകുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് അടിതെറ്റിയ വാർത്ത.
ഇന്ത്യയുടെ ആത്മാവ് നിലനിൽക്കുന്നത് ജനാധിപത്യത്തിലും മതനിരപേക്ഷതയിലുമാണ്. ഇവ രണ്ടും രാജ്യത്തിന്റെ കണ്ണുകളാണ്. അവയിലൊന്നിന് കോട്ടം തട്ടിയാൽ രാജ്യത്ത് കൂരിരുൾ പരക്കും. വർത്തമാന ഇന്ത്യയെ ഇരുട്ടിലാഴ്ത്താൻ ഭരണകൂടം ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ പൗരസമൂഹം സുസജ്ജമാണെന്നാണ് സമകാലിക സമരങ്ങൾ വ്യക്തമാക്കുന്നത്. നീതിനിഷേധം തുടരുമ്പോൾ ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെ ശത്രുക്കളായി കാണുകയും വിയോജിപ്പിനെ രാജ്യവിരുദ്ധതയായി ചിത്രീകരിക്കുകയും ചെയ്യുന്ന സാഹചര്യം ജനാധിപത്യത്തിന്റെ ആത്മാവിനെയാണ് മുറിവേൽപ്പിക്കുന്നത്. നീതി ചോദിക്കുന്നവരുടെ ശബ്ദം അടിച്ചമർത്തപ്പെടുമ്പോൾ, ആ മൗനത്തെ ഭേദിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്വം യുവതലമുറയുടെ ചുമലിലേക്കാണ് വരുന്നത്. അതുകൊണ്ടുതന്നെ, ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്നത് ഒരു സമ്മേളനപ്രമേയം മാത്രമല്ല; കാലം യുവജനങ്ങളോട് ആവശ്യപ്പെടുന്ന രാഷ്ട്രീയവും ധാർമികവുമായ ദൗത്യമാണ്.
പല മതങ്ങളും ഭാഷകളും സംസ്കാരങ്ങളും ജീവിതരീതികളും ചേർന്ന് രൂപപ്പെടുത്തിയ ചരിത്രപരമായ ഒരു ജനാധിപത്യാനുഭവമാണ് ഇന്ത്യ. എന്നാൽ, രാജ്യസ്നേഹത്തെ ഒരു പ്രത്യേക മതപരമായ സ്വത്വവുമായി ബന്ധിപ്പിക്കുകയും അതിൽനിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നവരെ സംശയത്തോടെ കാണുകയും ചെയ്യുമ്പോൾ ദേശീയത ഉൾക്കൊള്ളലിന്റെ മൂല്യം നഷ്ടപ്പെടുത്തുന്നു. ഭൂരിപക്ഷത്തിന്റെ വിശ്വാസവും സംസ്കാരവും ബഹുമാനിക്കപ്പെടേണ്ടതുപോലെ ന്യൂനപക്ഷങ്ങളുടെ വിശ്വാസവും അന്തസ്സും സുരക്ഷയും തുല്യമായി സംരക്ഷിക്കപ്പെടണം. ജനാധിപത്യം എന്നത് ഭൂരിപക്ഷം ഭരിക്കുന്ന സംവിധാനമാണ്; എന്നാൽ അതോടൊപ്പം ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ ഭൂരിപക്ഷത്തിന്റെ ഇഷ്ടത്തിന് വിട്ടുകൊടുക്കാത്ത ഭരണഘടനാക്രമവുമാണ്.
വർത്തമാന ഇന്ത്യ ഉയർത്തുന്ന പ്രധാന ചോദ്യങ്ങളെ ചരിത്രബോധമുള്ള ഒരു സമൂഹത്തിന് അവഗണിക്കാനാവില്ല. നിയമങ്ങൾ, നിയമനങ്ങൾ, ഭരണനടപടികൾ, കോടതിവിധികൾ, മനുഷ്യാവകാശ റിപ്പോർട്ടുകൾ, ജനങ്ങളുടെ ദൈനംദിന ജീവിതാനുഭവങ്ങൾ എന്നിവയുടെ വെളിച്ചത്തിൽ ഗൗരവമായി പരിശോധിക്കേണ്ട വിഷയങ്ങളാണവ. പൗരത്വത്തിന്റെ മാനദണ്ഡങ്ങളിൽ മതം ഇടംപിടിക്കുന്നത് എങ്ങനെയെന്ന ചോദ്യം പൗരത്വതുല്യതക്ക് ഭീഷണിയാണ്. രേഖകളുടെ അഭാവം, ദാരിദ്ര്യം, കുടിയേറ്റം, പേരുകളിലെ വ്യത്യാസങ്ങൾ എന്നിവ കാരണം ദുർബലവിഭാഗങ്ങൾക്ക് അവകാശങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. വിദ്വേഷപ്രസംഗങ്ങളുടെ സാധാരണവൽക്കരണവും മതന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പ്രസംഗങ്ങളും സാമ്പത്തിക ബഹിഷ്കരണത്തിനുള്ള ആഹ്വാനങ്ങളും രാജ്യത്തിന്റെ മതേതരത്വത്തിനേറ്റ ആഴമുള്ള മുറിവുകളാണ്.
ആൾക്കൂട്ട ആക്രമണങ്ങൾ, പശുസംരക്ഷണത്തിന്റെ മറപിടിച്ച് നടത്തുന്ന കൊലപാതകങ്ങൾ, ‘ബുൾഡോസർ നീതി’ നടപ്പാക്കൽ എന്നിവയെല്ലാം ഇന്നിന്റെ ആശങ്കകളാണ്. ആരാധനാലയങ്ങളുടെയും മതപരമായ പൈതൃകങ്ങളുടെയും സംരക്ഷണവും സവിശേഷ ശ്രദ്ധയാവശ്യപ്പെടുന്ന വിഷയമാണ്. പള്ളികളുടെയും ദർഗകളുടെയും ചരിത്രപരമായ പദവിയെക്കുറിച്ചുള്ള തർക്കങ്ങൾ ഉയരുമ്പോൾ അവ നിയമപരമായും ചരിത്രപരമായും തെളിവുകളുടെ അടിസ്ഥാനത്തിലും പരിഹരിക്കപ്പെടണം. വഖ്ഫ് സ്വത്തുക്കളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും വേണം. വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ഇന്ന് കടുത്ത വെല്ലുവിളി നേരിടുന്നു.
യു.എ.പി.എ പോലുള്ള കർശന നിയമങ്ങളുടെ പ്രയോഗത്തിലും നീണ്ടുനിൽക്കുന്ന വിചാരണത്തടങ്കൽ, വിദ്യാർഥികൾക്കും സാമൂഹിക പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കുമെതിരായ കേസുകൾ എന്നിവയിലും അനീതിയുടെ ചോദ്യങ്ങളുണ്ട്. വിദ്യാഭ്യാസ, തൊഴിൽരംഗങ്ങളിലെ തുല്യാവസരങ്ങൾ, യുവജനങ്ങൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം, തൊഴിൽ, മത്സരപരീക്ഷകൾ, സംരംഭകത്വം, പാർപ്പിടസൗകര്യങ്ങൾ എന്നിവയിൽ തുല്യാവസരങ്ങൾ ലഭിക്കുന്നുണ്ടോ എന്നതും ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. നിയമത്തിന്റെ തുല്യപ്രയോഗവും ഭരണകൂടത്തിന്റെ ഉത്തരവാദിത്വവും യുവത്വം ഉയർത്തുന്ന ചോദ്യങ്ങളാണ്.
ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഓരോ പൗരരുടെയും ജീവിതത്തിൽ ഒരുപോലെ അനുഭവപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുമ്പോഴാണ് അനീതിയുടെ വ്യാപ്തി വെളിപ്പെടുന്നത്. മുസ്ലിം ലീഗിന്റെയും മുസ്ലിം യൂത്ത് ലീഗിന്റെയും രാഷ്ട്രീയ പാരമ്പര്യത്തെ വിലയിരുത്തേണ്ടതും ഈ പശ്ചാത്തലത്തിലാണ്. ഒരു ജനവിഭാഗത്തിന്റെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നത് മറ്റൊരു ജനവിഭാഗത്തിനെതിരെ നിലകൊള്ളലല്ല. വിദ്യാഭ്യാസം, സാമൂഹികനീതി, മതസ്വാതന്ത്ര്യം, രാഷ്ട്രീയപ്രാതിനിധ്യം, ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടം ജനാധിപത്യത്തെ കൂടുതൽ സമ്പന്നമാക്കുന്ന പ്രവർത്തനമാണ്. ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ കേൾക്കപ്പെടുമ്പോഴാണ് ജനാധിപത്യം കൂടുതൽ ഉൾക്കൊള്ളുന്നതാകുന്നത്. അതിനാൽ, അവകാശങ്ങൾക്കുവേണ്ടിയുള്ള ശബ്ദത്തെ വിഭാഗീയതയായി മുദ്രകുത്തുന്നതിനു പകരം, ആ ആശങ്കകൾക്ക് കാരണമാകുന്ന സാഹചര്യങ്ങളെ പരിഹരിക്കുകയാണ് രാഷ്ട്രീയനേതൃത്വം ചെയ്യേണ്ടത്.
കേരളത്തിന്റെ സാമൂഹികചരിത്രം മതസാമുദായിക വൈവിധ്യത്തിനിടയിലും പൊതുജീവിതം പങ്കിടാൻ കഴിയുമെന്ന് തെളിയിച്ചിട്ടുള്ളതാണ്. ആ പാരമ്പര്യം സംരക്ഷിക്കേണ്ടത് എല്ലാ മതവിഭാഗങ്ങളിലെയും യുവാക്കളുടെ കൂട്ടുത്തരവാദിത്വമാണ്. മുസ്ലിം യുവാക്കൾ നേരിടുന്ന അനീതികളെക്കുറിച്ച് സംസാരിക്കുമ്പോൾ ക്രൈസ്തവരും ദലിതരും ആദിവാസികളും മറ്റു പിന്നാക്കവിഭാഗങ്ങളും നേരിടുന്ന പ്രശ്നങ്ങളോടും ഐക്യദാർഢ്യം പുലർത്താൻ കഴിയണം. അതുപോലെ, മറ്റുള്ളവരുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നവർക്കും മുസ്ലിംകളുടെ നീതിപൂർവമായ ആവശ്യങ്ങളെ പിന്തുണയ്ക്കാൻ കഴിയണം. നീതി ഒരു സമൂഹത്തിന്റെ മാത്രം ആവശ്യമല്ല; എല്ലാവർക്കും ഒരുപോലെ ലഭിക്കേണ്ട സാമൂഹിക ഉറപ്പാണ്.
ചരിത്രം യുവതയോട് ചോദിക്കുന്ന ചോദ്യം ലളിതമാണ്: അനീതി കണ്ടപ്പോൾ നാം മൗനം പാലിച്ചോ, അതോ നീതിയുടെ പക്ഷത്ത് നിലകൊണ്ടോ? മലപ്പുറത്തെ ഭാഷാസമരത്തിൽ ജീവൻ നൽകിയ യുവാക്കളുടെ ഓർമയും ഡൽഹിയിലെ തെരുവുകളിൽ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന പുതിയ തലമുറയും തമ്മിൽ കാലത്തിന്റെ അകലമുണ്ടാകാം; എന്നാൽ അവരെ ബന്ധിപ്പിക്കുന്ന ജനാധിപത്യപരമായ ചോദ്യം ഒന്നുതന്നെയാണ്: അധികാരത്തിന്റെ മുന്നിൽ സത്യം പറയാനുള്ള ധൈര്യം നമുക്കുണ്ടോ? അനീതിയുടെ ഇരയാകുന്നവരുടെ മതമോ ഭാഷയോ രാഷ്ട്രീയമോ നോക്കാതെ അവരുടെ കൂടെ നിൽക്കാൻ നമുക്കാകുമോ? അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്നത് പഴയ മുദ്രാവാക്യങ്ങളുടെ ആവർത്തനമല്ല. അത് പുതിയ അറിവും പുതിയ രാഷ്ട്രീയബോധവും പുതിയ സാമൂഹിക ഉത്തരവാദിത്വവും ചേർന്ന ഒരു ജനാധിപത്യപ്രതിജ്ഞയാണ്. അധികാരത്തെ ഭയപ്പെടാത്തതും മനുഷ്യനെ വെറുക്കാത്തതും വസ്തുതകളിൽ ഉറച്ചുനിൽക്കുന്നതും ഭരണഘടനയെ വഴികാട്ടിയാക്കുന്നതുമായ യുവതലമുറയാണ് ഇന്ത്യയുടെ പ്രതീക്ഷ. ആ പ്രതീക്ഷയെ രാഷ്ട്രീയപ്രവർത്തനമാക്കി മാറ്റുക എന്നതാണ് ഇന്നത്തെ ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.