സംഘ്പരിവാർ ഭീഷണിയെത്തുടർന്ന് സംസ്ഥാന സാഹിത്യ അക്കാദമി ജേതാവ് എസ്. ഹരീഷ് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ എഴുതിയ നോവൽ പിൻവലിച്ച സംഭവത്തിൽ കൽപറ്റ നാരായണെൻറ പ്രതികരണം:
തമിഴ്നാട്ടിലും മറ്റു പല സംസ്ഥാനങ്ങളിലും എഴുത്തുകാരനു നേരെ ഉയരുന്ന പ്രതിഷേധത്തെ തുടർന്ന് എഴുത്തുകാരന് കൃതികൾ പിൻവലിക്കേണ്ടി വരുന്ന സംഭവങ്ങൾ കേട്ടിട്ടുണ്ട്, പെരുമാൾ മുരുകന് എഴുത്ത് നിർത്തേണ്ടിവന്നതുതന്നെ ഒരുദാഹരണം മാത്രം. എന്നാൽ, ഇത് കേരളമാണ്. കേരളത്തിൽ ഇങ്ങനെയുണ്ടാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല, അതും തികച്ചും നിസ്സാരമായ ഒരു കാര്യത്തിന്. എസ്. ഹരീഷിെൻറ ആരോപണവിധേയമായ വാക്ക് അദ്ദേഹം നടത്തിയ പ്രസംഗത്തിൽനിന്നോ ലേഖനത്തിൽനിന്നോ ഉള്ളതല്ല. അദ്ദേഹത്തിെൻറ തീർത്തും അപ്രധാനമായ ഒരു കഥാപാത്രം നടത്തിയ അപ്രധാനമായ അഭിപ്രായത്തിെൻറ പേരിലാണ് ഈ ആക്രമണം ഉയർന്നിരിക്കുന്നത്.
ഇതിൽ ഒരുവിധ മതനിന്ദയുമില്ലെന്നും വിമർശിക്കുന്നവർ പരിഹാസ്യരായിത്തീരുകയേ ഉള്ളൂവെന്നും അവർ മനസ്സിലാക്കുന്നില്ല.
ഹരീഷ് എഴുതിയത് ഒരു നോവലാണെന്നോ ആ നോവലിലെ അപ്രസക്തമായ കഥാപാത്രത്തിെൻറ വാക്കാണെന്നോ പോലും മനസ്സിലാക്കാതെ, നോവലിസ്റ്റിെൻറ അഭിപ്രായമായി പരിഗണിച്ചാണ് അവർ ഭീഷണിയുയർത്തുന്നത്. ഭാവന പോലും സഹിക്കാനാവാത്ത ഒരു തീവ്രപക്ഷം വളർന്നുവരുന്നുണ്ടെന്നതാണ് ഇത് വ്യക്തമാക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള ഇതിലും വലിയ കടന്നുകയറ്റം നമ്മുടെ നാട്ടിലുണ്ടായിട്ടില്ല. എന്തും ആവിഷ്കരിക്കാൻ സ്വാതന്ത്ര്യം വേണമെന്ന് വിശ്വസിക്കുന്നയാളാണ് വ്യക്തിപരമായി ഞാൻ. എന്നാലിത് അത്രകണ്ട് ഗൗരവമുള്ള ഒരു വിഷയം പോലുമല്ലാതിരുന്നിട്ടും ഈ തരത്തിലൊരു ആക്രമണം ഭയപ്പെടുത്തുന്നതാണ്.
സമഗ്രാധിപത്യത്തിൽ സ്വപ്നങ്ങൾ പോലും നിയന്ത്രിക്കപ്പെടുമെന്നു പറഞ്ഞത് ജോർജ് ഓർവെൽ ആണ്. അപ്പോൾപോലും സങ്കൽപിക്കപ്പെട്ടിട്ടുണ്ടാവില്ല, ഭാവനക്ക് ഈ വിധത്തിലൊരു ശിക്ഷ വന്നുചേരുമെന്ന്. ഈ സംഭവം സമഗ്രാധിപത്യത്തിലേക്ക് എളുപ്പത്തിൽ വഴിതെളിക്കുന്നതായാണ് കണക്കാക്കേണ്ടത്. ലിറ്റററിസത്തിലേക്കുള്ള ചവിട്ടുപടിയാണിത്. ചില തീവ്രവിഭാഗത്തിെൻറ കടുത്ത സമ്മർദത്തെ തുടർന്ന് നോവൽ പിൻവലിക്കേണ്ടി വന്നതും വിരൽചൂണ്ടുന്നത് മാരക അപകടമായ ലിറ്റററിസത്തിലേക്കുതന്നെ. ഇത്തരത്തിൽ പ്രശ്നമുണ്ടാക്കുന്നവരിൽ ഹിന്ദു തീവ്രവാദികളും മുസ്ലിം തീവ്രവാദികളും വരും. അവർക്ക് ഉപനിഷത്തോ ഭഗവദ്ഗീതയോ ഖുർആനോ വായിച്ചാൽ മനസ്സിലാവണമെന്നില്ല. അക്ഷരാർഥമാണ് പലരും എടുക്കുന്നത്. നമ്മുടെ ഭാവനശേഷിക്കുവരെ ഭീഷണിയാവുന്ന ഒരുതരം തീവ്രവാദമാണിത്. ഒരെഴുത്തുകാരൻ അദ്ദേഹത്തിെൻറ കൃതി വിമർശനങ്ങളെ തുടർന്ന് പിൻവലിക്കേണ്ടിവരുന്നത് ആ സമൂഹത്തിനുതന്നെ അപമാനവും ലജ്ജയുമാണ്; തന്നെ മനസ്സിലാക്കാത്ത സമൂഹത്തിന് എഴുത്തുകാരൻ നൽകുന്ന ശിക്ഷയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.