‘ഏറ്റുമുട്ടല്‍’ കൊലകള്‍ സുപ്രീംകോടതി വിധിയുടെ ലംഘനം

നിലമ്പൂര്‍ വനത്തിലെ പൊലീസ് വെടിവെപ്പിനത്തെുടര്‍ന്ന് രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവം ‘വ്യാജ ഏറ്റുമുട്ടല്‍’ ആണെന്ന വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ 2014 സെപ്റ്റംബര്‍ 23ന് സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണ് അവിടെ നടന്നതെന്ന് വ്യക്തമാകുന്നു.
പി.യു.സി.എല്‍ സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ, ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ എന്നിവര്‍ ചേര്‍ന്ന സുപ്രീംകോടതി ബെഞ്ചിന്‍െറ നിര്‍ദേശമുണ്ടായത്. മുംബൈ പൊലീസ് 1995 മുതല്‍ 1997 വരെ നടത്തിയ 99 ‘ഏറ്റുമുട്ടലുകളില്‍’ 135 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിലെ പല സംഭവങ്ങളും സംശയാസ്പദമാണെന്ന് പരാതിപ്പെട്ടാണ് പി.യു.സി.എല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 141ാം അനുച്ഛേദപ്രകാരം സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമമാണ്. അത് നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് നിയമപരമായ ബാധ്യതയുണ്ട്. അതില്‍ വീഴ്ച വന്നാല്‍ കോടതിയലക്ഷ്യത്തിനും നടപടി സ്വീകരിക്കാം. പൊലീസ് ഏറ്റുമുട്ടല്‍ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഫലപ്രദവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പുവരുത്താന്‍ ഭരണകൂടം നിര്‍ബന്ധമായും അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളാണ് സുപ്രീംകോടതിയുടെ ഉത്തരവിലുള്ളത്.
1. കുറ്റകൃത്യത്തിനുള്ള നീക്കമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചാല്‍ ഇക്കാര്യം കേസ് ഡയറിയില്‍ രേഖപ്പെടുത്തണം. കഴിയുന്നതും അത് ഇലക്ട്രോണിക് രൂപത്തിലായിരിക്കണം. പിന്നീടുണ്ടാകാവുന്ന തിരുത്തല്‍ ഒഴിവാക്കാനാണ് ഈ ഒരു നിര്‍ദേശം.
2. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) രജിസ്റ്റര്‍ ചെയ്ത് കാലതാമസമില്ലാതെ കോടതിയില്‍ സമര്‍പ്പിക്കണം. ക്രിമിനല്‍ നടപടി നിയമത്തിലെ 158ാം വകുപ്പ് പ്രകാരമുള്ള നടപടികള്‍ പൂര്‍ണമായും പാലിക്കണം.
3. സി.ഐ.ഡിയോ, മറ്റൊരു പൊലീസ് സ്റ്റേഷനിലെ അന്വേഷണസംഘമോ ഏറ്റുമുട്ടല്‍ നടത്തിയ പൊലീസ് സംഘത്തിന്‍െറ മേധാവിയെക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‍െറ മേല്‍നോട്ടത്തില്‍ ഏറ്റുമുട്ടലിനെ സംബന്ധിച്ച് അന്വേഷണം നടത്തണം.
എ) കൊല്ലപ്പെട്ടവരെ തിരിച്ചറിയുകയും കളര്‍ ഫോട്ടോ എടുക്കുകയും വേണം.
ബി) തെളിവുകള്‍ നഷ്ടപ്പെടാതെ ശേഖരിക്കുകയും അവ സംരക്ഷിക്കുകയും വേണം. രക്തം പുരണ്ട മണ്ണ്, മുടി തുടങ്ങിയവ അടിയന്തരമായി ശേഖരിക്കണം.
സി)  പൊലീസ് നടപടികളുടെ ദൃക്സാക്ഷികളുടെ പേരും വിലാസവും ടെലിഫോണ്‍ നമ്പര്‍ മുതലായവ ശേഖരിക്കുകയും അവരുടെ മൊഴിയെടുക്കുകയും വേണം.
ഡി)  സംഭവത്തിന്‍െറ കാരണം, രീതി, സ്ഥലം, കൊല്ലപ്പെടുന്ന സമയം എന്നിവ കണ്ടത്തെണം. സ്കെച്ച് തയാറാക്കുകയും സാധ്യമെങ്കില്‍ സംഭവസ്ഥലത്തിന്‍െറ ഫോട്ടോ,  വിഡിയോ എന്നിവയും എടുക്കണം.
ഇ) കൊല്ലപ്പെട്ടവരുടെ വിരലടയാളങ്ങള്‍ സുരക്ഷിതമായി രാസപരിശോധനക്ക് അയച്ചെന്ന് ഉറപ്പുവരുത്തണം. രണ്ട് ഡോക്ടര്‍മാരെക്കൊണ്ട് പോസ്റ്റ്മോര്‍ട്ടം നടത്തിക്കണം. അതിലൊരാള്‍ ജില്ല ആശുപത്രിയുടെ മേധാവിയായിരിക്കണം. പോസ്റ്റ്മോര്‍ട്ടം വിഡിയോവില്‍ പകര്‍ത്തി സൂക്ഷിക്കണം.
എഫ്) സംഭവവുമായി ബന്ധപ്പെട്ട ആയുധങ്ങള്‍ തോക്ക്, കാട്രിഡ്ജ് കേയ്സസ് എന്നിവ ശേഖരിച്ചു സൂക്ഷിക്കണം. ആവശ്യമായ സാഹചര്യങ്ങളില്‍ വെടിവെപ്പുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങള്‍ പരിശോധനക്ക് വിധേയമാക്കണം.
ജി) മരണകാരണം കണ്ടത്തെണം. സ്വാഭാവിക മരണമോ അപകട മരണമോ ആത്മഹത്യയോ നരഹത്യയോ ഇവയിലേതാണെന്ന് നിര്‍ണയിക്കണം.
4. പൊലീസ് വെടിവെപ്പിനെക്കുറിച്ച് ക്രിമിനല്‍ നടപടി നിയമത്തിലെ 176ാം വകുപ്പ് പ്രകാരമുള്ള മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുകയും അധികാരപരിധിയിലുള്ള ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് റിപ്പോര്‍ട്ട് നല്‍കുകയും വേണം.
5. സംഭവത്തിന്‍െറ വിശദാംശങ്ങള്‍ ഏറ്റവും പെട്ടെന്ന് മനുഷ്യാവകാശ കമീഷനുകളെ അറിയിച്ചിരിക്കണം.
6. പൊലീസ് നടപടിയില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കുകയും മജിസ്ട്രേറ്റോ മെഡിക്കല്‍ ഓഫിസറോ അവരുടെ ആരോഗ്യാവസ്ഥ സാക്ഷ്യപ്പെടുത്തുകയും വേണം.
7. എഫ്.ഐ.ആര്‍, ഡയറിയില്‍ രേഖപ്പെടുത്തല്‍, സ്കെച്ച് എന്നിവ തയാറാക്കുന്നതില്‍ കാലവിളംബം ഉണ്ടായിട്ടില്ളെന്ന് ഉറപ്പുവരുത്തണം.
8. സംഭവത്തെ സംബന്ധിച്ച് പൂര്‍ണമായ അന്വേഷണം നടത്തിയശേഷം ബന്ധപ്പെട്ട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിചാരണക്കായി കുറ്റപത്ര സമര്‍പ്പണം വേഗത്തിലായിരിക്കണം.
9. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളെ ഏറ്റവും വേഗം അറിയിക്കണം.
10. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കേസുകളുടെ എല്ലാ വിശദാംശങ്ങളും ആറുമാസത്തിലൊരിക്കല്‍ ദേശീയ മനുഷ്യാവകാശകമീഷനും സംസ്ഥാന പൊലീസ് മേധാവിക്കും സമര്‍പ്പിച്ചിരിക്കണം. എല്ലാ ജനുവരി, ജൂലൈ മാസങ്ങളിലും 15ാം തീയതിക്ക് മുമ്പ് ഈ റിപ്പോര്‍ട്ടുകള്‍ ലഭിച്ചെന്ന് ഉറപ്പുവരുത്തണം. ഈ റിപ്പോര്‍ട്ടില്‍ താഴെ പരാമര്‍ശിക്കുന്ന രേഖകളും വിവരങ്ങളും ഉണ്ടായിരിക്കണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ്, അന്വേഷണ റിപ്പോര്‍ട്ട്, സംഭവസ്ഥലം, തീയതി, പൊലീസ്സ്റ്റേഷന്‍, ജില്ല, പൊലീസ് നടപടിയിലേക്ക് നയിച്ച സാഹചര്യം, സംഭവത്തില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരുടെ പേര്, പദവി, അവരുടെ ബലപ്രയോഗം നീതീകരിക്കത്തക്കതാണോ തുടങ്ങിയ വിശദാംശങ്ങളും അതിലുണ്ടായിരിക്കണം.
11. അന്വേഷണത്തില്‍ പൊലീസിന്‍െറ ആയുധ ഉപയോഗം ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകൃത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും വേണം.
12. പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ക്രിമിനല്‍ നടപടി നിയമത്തിലെ 357-എ വകുപ്പ് പ്രകാരമുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്.
13. സംഭവത്തില്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥരുടെ ആയുധങ്ങള്‍ ഫോറന്‍സിക്, ബാലസ്റ്റിക് പരിശോധനകള്‍ക്ക് വിധേയമാക്കണം.
14. സംഭവവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റമോ സര്‍വിസ് അവാര്‍ഡുകളോ ഉടന്‍തന്നെ നല്‍കരുത്. ഉദ്യോഗസ്ഥരുടെ നടപടി സംശയാതീതമായി നിയമപരമാണെന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രമേ അത്തരത്തിലുള്ള അവാര്‍ഡുകള്‍ക്ക് ശിപാര്‍ശ ചെയ്യാവൂ.
15. ഈ നടപടിക്രമങ്ങള്‍ ഏതെങ്കിലും പാലിക്കുന്നതില്‍ വീഴ്ച വന്നുവെന്നോ അധികാര ദുര്‍വിനിയോഗമുണ്ടായെന്നോ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണമോ നടന്നിട്ടില്ളെന്നോ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ സെഷന്‍സ് കോടതിയില്‍ പരാതി നല്‍കാവുന്നതാണ്. സംഭവം നടന്ന സ്ഥലത്ത് അധികാരമുള്ള സെഷന്‍സ് ജഡ്ജി ഇക്കാര്യം പരിശോധിച്ച് അവരുടെ പരാതിക്ക് പരിഹാരമുണ്ടാക്കണം.
സായുധസേനയും പൊലീസും ‘സ്വയരക്ഷാവാദം’ ഉന്നയിച്ച് നടത്തുന്ന കൊലപാതകങ്ങള്‍ ഈയിടെ അപൂര്‍വമല്ലാതായിരിക്കുന്നു. ഇന്ത്യന്‍ കരസേന നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ സംഭവത്തിന്‍െറ പേരില്‍ കേണല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷതന്നെ കോര്‍ട്ട് മാര്‍ഷല്‍ നടപടിക്കുശേഷം വിധിക്കപ്പെട്ടു. പക്ഷേ, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സംഭവിച്ച തീരാനഷ്ടത്തിന് ഇത് എന്ത് പരിഹാരം നല്‍കും എന്ന ചോദ്യവും പ്രസക്തമാണ്. തൊണ്ണൂറുകളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ രാജ്യത്ത് വ്യാപകമായിരുന്നു. മുംബൈയിലെ അധോലോക സങ്കേതത്തെ ഒതുക്കാന്‍ പൊലീസ് വ്യാപകമായി ഈ രീതി ഉപയോഗിച്ചു. അന്നത്തെ സംഘത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥരെ ‘എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റ്’ എന്നാണ് വിളിച്ചിരുന്നത്. ഈ കാലഘട്ടത്തില്‍ 1200 പേരാണ് കൊല്ലപ്പെട്ടത്. 1224 വ്യാജ ഏറ്റുമുട്ടലുകള്‍ ഉണ്ടായെന്ന് ആരോപണമുയരുകയും 16 കേസുകളില്‍ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ ഉത്തരവിടുകയും ചെയ്തു. 1993 ഒക്ടോബര്‍ മുതല്‍ 2560 കേസുകളാണ് കമീഷനില്‍ എത്തിയത്. അതില്‍ 1224 കേസുകള്‍ വ്യാജ ഏറ്റുമുട്ടലുകളാണെന്ന് കണ്ടത്തെി.
ഏറ്റുമുട്ടലുകള്‍ പലതും മൗലികാവകാശത്തിന്‍െറയും മനുഷ്യാവകാശങ്ങളുടെയും ധ്വംസനങ്ങളാണ്. ഭരണഘടനയുടെ 21ാം അനുച്ഛേദം പൗരന് നല്‍കുന്ന അവകാശങ്ങളുടെ നഗ്നമായ ധ്വംസനമാണ്. നിയമപരമായ നടപടിയിലൂടെയല്ലാതെ ഒരു പൗരന്‍െറ ജീവനും വ്യക്തിസ്വാതന്ത്ര്യവും ഹനിക്കാന്‍ പാടില്ല. ഇവിടെ അതിന് സംരക്ഷണം നല്‍കേണ്ട സ്റ്റേറ്റ് തന്നെയാണ് ധ്വംസനം നടത്തുന്നത് എന്ന വൈരുധ്യം നിലനില്‍ക്കുന്നു. കേരളത്തില്‍ നടന്ന സംഭവത്തിന്‍െറ പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍  സുപ്രീംകോടതി വിധിയിലെ നിര്‍ദേശങ്ങള്‍ പലതും പാലിച്ചിട്ടില്ല എന്ന് വ്യക്തമാണ്. മനുഷ്യാവകാശ കമീഷന് ഏറ്റവും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് കമീഷന്‍ വിവരം ആവശ്യപ്പെട്ടിരിക്കുന്നത്.

 

Tags:    
News Summary - maoist encounter killing: breach of supreme court verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.