‘ഇത് അവസാനിപ്പിച്ചേ മതിയാകൂ. ഞങ്ങൾക്കിവിടെ ജീവിക്കണം’ -കൊൽക്കത്തയിലെ ഭവാനിപുരിൽനിന്ന് കേട്ട ആ 15കാരിയുടെ ശബ്ദം നാലര പതിറ്റാണ്ടിനിപ്പുറം ഡൽഹിയിലും ആവർത്തിച്ചിരിക്കുന്നു. അന്ന്, നക്സലുകളുടെ ആയുധ പരിശീലനത്തെ തടയാനായിരുന്നുവെങ്കിൽ ഇന്ദ്രപ്രസ്ഥത്തിൽ അത് മുഴങ്ങിയത് സാക്ഷാൽ നരേന്ദ്ര മോദിക്കു നേരെയാണ്. ഇനിയും ഇൗ ഭരണം സഹിക്കാനാകില്ല. പ്രധാനമന്ത്രി ആരായാലും കുഴപ്പമില്ല; ബി.ജെ.പിയെ താഴെ ഇറക്കിയേ മതിയാകൂ. അതിനുവേണ്ടി േസാണിയ ഗാന്ധി മുതൽ ജോസ് കെ. മാണി വരെയുള്ളവരെ കാണാൻ മടിയൊട്ടുമില്ല. കൊൽക്കത്തയിൽനിന്ന് ഡൽഹിയിലേക്ക് വെച്ചുപിടിച്ചത് ആ ഒരൊറ്റ അജണ്ടയിലാണ്. പ്രാദേശിക പാർട്ടികൾ ദേശീയ രാഷ്ട്രീയത്തിെൻറ ദിശ നിർണയിക്കുന്ന കാലത്ത്, എണ്ണംപറഞ്ഞ രണ്ടോ മൂന്നോ ‘േലാക്കലു’കൾ ഒത്തുചേർന്നാൽ ഏത് ‘ദേശീയ’നെയും കെട്ടുകെട്ടിക്കാമെന്നിരിക്കെയാണ് ദീദിയുടെ ഡൽഹി മാർച്ചെന്നോർക്കണം. പൊളിറ്റിക്കൽ ഡിക്ഷനറിയിൽ ‘വിശാല സഖ്യം’ എന്നാണ് ഇൗ നീക്കത്തിന് നൽകിയിരിക്കുന്ന വിശേഷണം. മമതയുടെ ചരിത്രമറിയുന്ന ആർക്കാണ് ഇതിനെ തൃണവദ്ഗണിക്കാനാവുക? അതിനാൽ, തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങും മുേമ്പ, ഗോദയിൽ പോർവിളി തുടങ്ങിയിരിക്കുന്നു. പതിവിൽനിന്ന് ഭിന്നമായി പ്രതിപക്ഷം തമ്പടിച്ചിരിക്കുന്നത് വംഗനാട്ടിലാണെന്നു മാത്രം. അസമിലെ പൗരത്വപ്പട്ടികയും ആയുധമായുണ്ട്. പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടവരോടൊപ്പമാണ് താനും പാർട്ടിയുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. വേണ്ടിവന്നാൽ, ആ 40 ലക്ഷത്തെ ബംഗാളിലേക്ക് കൊണ്ടുവരുമെന്നുമാണ് ന്യായം.
സാധ്യതകളുടെ കലയാണ് രാഷ്ട്രീയം. മമതയുടെ കാര്യത്തിൽ അത് അസാധ്യമായ സ്വപ്നങ്ങളെ യാഥാർഥ്യമാക്കുന്ന കളിയും പോരാട്ടവുമാണ്. തൃണമൂൽ കോൺഗ്രസ് എന്നാണ് പാർട്ടിയുടെ പേര്. ‘അടിവേര്’ എന്ന് മലയാളം. വംഗനാട്ടിൽ ഏറെ ആഴത്തിലുറപ്പിച്ചിട്ടുള്ള ആ തൃണവർഗത്തിന് പലപ്പോഴും തീ പിടിച്ചിട്ടുണ്ട്. അങ്ങനെയൊരിക്കൽ അത് കത്തിപ്പടർന്നപ്പോഴാണ് ബംഗാളിൽ വിപ്ലവ പാർട്ടി മാഞ്ഞുപോയത്. ആരെങ്കിലും കരുതിയിരുന്നോ അവിടെ സി.പി.എം കടപുഴകുമെന്ന്? പണ്ടേ അങ്ങനെയാണ്. പാട്ടും നൃത്തവും തുടങ്ങി ആത്മഹത്യ ശ്രമം വരെ രാഷ്ട്രീയായുധമാക്കിയാണ് മുന്നോട്ടു നീങ്ങിയത്. അടിയന്തരാവസ്ഥക്കാലത്ത്, ഇന്ദിരക്കെതിരെ പ്രസംഗിക്കാൻ വന്ന ജയപ്രകാശ് നാരായണെൻറ കാറിെൻറ ബോണറ്റിൽ കയറി നൃത്തം ചവിട്ടിയതോെടയാണ് മമത ബാനർജി എന്ന പേര് ദേശീയ രാഷ്ട്രീയത്തിൽ കേട്ടുതുടങ്ങിയത്. അന്ന് കോൺഗ്രസിെൻറ വിദ്യാർഥി സംഘടനയിലായിരുന്നു. 90ൽ, ബസ്ചാർജ് വർധനക്കെതിരായ പ്രതിഷേധം നയിക്കവെ, ജാഥക്കു നേരെ ചീറിപ്പാഞ്ഞെത്തിയ കാറിൽനിന്ന് വന്ന വെടിയുണ്ട പതിച്ചത് തലയിൽ. 24 തുന്നുകളുമായി മാസങ്ങളോളം ആശുപത്രിയിൽ. പക്ഷേ, അത് തലവര മാറ്റി. ആ കൊല്ലം സംസ്ഥാന യൂത്ത് കോൺഗ്രസിെൻറ അധ്യക്ഷയാക്കി രാജീവ് ഗാന്ധി പ്രമോഷൻ നൽകി.
90കളുടെ രണ്ടാം പകുതിയിൽ കോൺഗ്രസിെൻറ സി.പി.എം പ്രീണനത്തിൽ പ്രതിഷേധിച്ച് ആത്മഹത്യ ശ്രമം നടത്തി പാർട്ടിയെ മുൾമുനയിൽ നിർത്തി. പിന്നെ ഉൾപ്പാർട്ടി സമരത്തിെൻറ ചരിത്രമാണ്. 97ൽ കോൺഗ്രസ് വിട്ടു സ്വന്തമായി പാർട്ടിയുണ്ടാക്കിയപ്പോൾ രാഷ്ട്രീയ പണ്ഡിതരൊന്നും ഒരു സാധ്യതയും കൽപിച്ചില്ല. പക്ഷേ, ഒരു വ്യാഴവട്ടം പിന്നിട്ടപ്പോഴേക്കും പാർട്ടി ബംഗാൾ കൈയടക്കി. 20ാം വർഷത്തിൽ കേന്ദ്രം പിടിക്കാനും കഴിയുമെങ്കിൽ പ്രധാനമന്ത്രി കസേരയിലൊന്ന് ഇരിക്കാനുംതന്നെയാണ് തലസ്ഥാനത്തെത്തിയിരിക്കുന്നത്.
വംഗദേശത്ത് ‘ചുവപ്പൻ വസന്ത’ത്തിന് തളിരിട്ട കാലത്തുതന്നെ വിദ്യാർഥി രാഷ്ട്രീയത്തിലുണ്ട്. കോൺഗ്രസിെൻറ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് തുടക്കം. പിന്നെ മഹിള കോൺഗ്രസിെൻറ സംസ്ഥാന സെക്രട്ടറിയായി. 1984ൽ ജാദവ്പുരിൽ സോമനാഥ് ചാറ്റർജിയോട് മത്സരിക്കാൻ ആരും തയാറാകാതെ വന്നപ്പോഴാണ് ചാവേറായി മമതയെ കോൺഗ്രസ് രംഗത്തിറക്കിയത്. എല്ലാവരെയും അദ്ഭുതപ്പെടുത്തി മമത വിജയിച്ചു. പേക്ഷ, കോൺഗ്രസ് ഭരണവിരുദ്ധ വികാരത്തിൽ 89ൽ തോറ്റു. അതിനുശേഷം, തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 91, 96, 98, 99, 2004, 2009 വർഷങ്ങളിലൊക്കെ ദക്ഷിണ കൊൽക്കത്തയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. പലവട്ടം കേന്ദ്ര മന്ത്രിയായി. അപ്പോഴും ബംഗാളും അവിടത്തെ ചുവന്ന മണ്ണുമായിരുന്നു പ്രകോപിപ്പിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് ഇന്ദ്രപ്രസ്ഥത്തേക്കാൾ എപ്പോഴും രാഷ്ട്രീയ ശ്രദ്ധ കൊൽക്കത്തയിൽ പതിപ്പിച്ചു. അങ്ങനെയാണ് 2011ൽ സി.പി.എമ്മിനെ കടപുഴക്കിയത്. ഏഴു വർഷത്തിലധികമായി മുഖ്യമന്ത്രിക്കസേരയിലുണ്ട്. ആദ്യ ടേമിൽ 184 സീറ്റാണ് പാർട്ടിക്ക് ലഭിച്ചതെങ്കിൽ 2016ൽ ‘കൈയരിവാൾ’ സഖ്യത്തോട് വിജയിച്ച് നിയമസഭയിലെത്തിയത് 212 തൃണമൂലുകാരാണ്. ശാരദ, നാരദ തുടങ്ങിയ അഴിമതി ആരോപണങ്ങളൊന്നും വിലപ്പോയില്ല. 34 പേർ ലോക്സഭയിലും 14 അംഗങ്ങൾ രാജ്യസഭയിലുമുണ്ട്. 2019ഒാടെ പാർലമെൻറ് അംഗങ്ങളുടെ എണ്ണം 50 കടന്നാൽ പിന്നെ വിശാല സഖ്യത്തിന് മറ്റൊരു നേതാവിെന തിരയേണ്ടി വരില്ല. മമതയുടെ തേരോട്ടം ഇടതു പാർട്ടികളുടെ മറ്റൊരു പ്രതിസന്ധിയാണ്. കൈയരിവാൾ സഖ്യം പരാജയപ്പെട്ടതോടെ ബംഗാളിൽ സഖാക്കൾക്ക് രക്ഷയില്ല. കിട്ടുന്ന അടിയുടെ എണ്ണം കൂടിയെന്നു പറഞ്ഞാൽ മതിയല്ലോ. ഇൗ സാഹചര്യത്തിൽ എങ്ങനെയാണ് വിശാല സഖ്യത്തിെൻറ ഭാഗമാവുക എന്നാണ് എ.കെ.ജി ഭവനിൽനിന്നുള്ള ചോദ്യം.
ബാനർജി -ഗായത്രി ദേവി ദമ്പതികളുടെ മകളായി 1955 ജനുവരി അഞ്ചിന് കൊൽക്കത്തയിൽ ജനനം. ജോഗ മായ ദേവി കോളജിൽനിന്ന് ബിരുദം. കൊൽക്കത്ത സർവകലാശാലയിൽനിന്ന് ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം. തുടർന്ന്, നിയമത്തിലും ബിരുദം കരസ്ഥമാക്കി. ഇൗ കാലത്താണ് രാഷ്ട്രീയം തലക്കുപിടിച്ചത്. കുടുംബ ഭാരമൊന്നുമില്ല. അവിവാഹിതയാണ്. ലളിതമായ ജീവിതം. എഴുത്തും വായനയും ചിത്രമെഴുത്തുമൊക്കെ ദൗർബല്യങ്ങളാണ്. നിരവധി പെയിൻറിങ്ങുകൾ വിൽപന നടത്തുക വഴി പാർട്ടിക്ക് ചെറുതല്ലാത്ത സമ്പാദ്യം കൈവന്നിട്ടുണ്ട്. പെയിൻറിങ് വിറ്റ വകയിൽ കിട്ടിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പോയി. 45 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അതിെൻറ റോയൽറ്റിയാണ് ജീവിതമാർഗം. പേരിൽ മമതയുണ്ടെങ്കിലും ആ പേരിനോട് മാത്രമാണ് മമതയെന്നാണ് മമതയെക്കുറിച്ചുള്ള ആക്ഷേപം. ശരിയായിരിക്കാം. പക്ഷേ, ഇപ്പോൾ പൗരത്വത്തിെൻറ പേരിൽ ഒരു ജനത കുടിയിറക്കപ്പെടാനിരിക്കെ അവരോട് െഎക്യപ്പെടാൻ ദീദിയല്ലാതെ മറ്റാരെയും കാണുന്നില്ല. തിരസ്കൃതരോടും മോദി വിരുദ്ധരോടും മമതയുള്ള ദീദിയുടെ ‘വിശാല സഖ്യം’ നീണാൾ വാഴ്ക!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.