ഖിലാഫത്തും നിസ്സഹകരണ പ്രസ്ഥാനവും രണ്ടല്ലെന്ന് മൗലാനാ ആസാദ്

ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണ സമരവും ഒന്നുതന്നെയാണെന്ന് വ്യക്തമാക്കുന്നു മൗലാനാ അബുൽ കലാം ആസാദിന്‍റെ പുസ്തകം 'ഇന്ത്യാ വിൻസ് ഫ്രീഡം'.

''ഖിലാഫത്ത് സമരം അക്രമത്തിലേക്ക് തിരിഞ്ഞതുകൊണ്ട് നിസ്സഹകരണ പ്രസ്ഥാനം പരാജയപ്പെട്ടു'',
''നിസ്സഹകരണ പ്രസ്ഥാനത്തിെന്‍റ നേതാക്കളെ മലബാറിലെ കടത്താത്തതിനാൽ ലഹള നിയന്ത്രിക്കാനായില്ല'' -തുടങ്ങിയ വാദങ്ങളാണ് കോൺഗ്രസ് ഭാഗത്തുനിന്ന് വന്നിട്ടുള്ളത്. ഖിലാഫത്ത് - നിസ്സഹകരണ പ്രസ്ഥാനങ്ങൾ എന്നാണ് പരാമർശിക്കാറുള്ളത്. രണ്ടും വേറിട്ട പ്രസ്ഥാനങ്ങളായിരുന്നു എന്ന സൂചനയാണ് പതിവ്. അതിനെ അസാധുവാക്കുന്നതാണ് മൗലനയുടെ സാക്ഷ്യം.

''ഇന്ത്യാ വിൻസ് ഫ്രീഡം'' എന്ന പ്രസിദ്ധ പുസ്തകം, അതിെന്‍റ പേര് സൂചിപ്പിക്കുന്നതു പോലെ സ്വാതന്ത്ര്യ ലബ്ധിയോട് അടുപ്പിച്ച് നടന്ന കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. ദേശീയ പ്രസ്ഥാനത്തിെന്‍റ മൊത്തം ചരിത്രമല്ല. 1935ന് ശേഷം 48 വരെയുള്ള കാര്യങ്ങളാണ് വിശദമായി പറയുന്നത്. എങ്കിലും ആമുഖത്തിനു ശേഷം ആദ്യത്തെ ഒരദ്ധ്യായം 1920ലെ കാര്യങ്ങൾ വിവരിക്കാനായി നീക്കിവെച്ചിരിക്കുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിനായുള്ള ആലോചനകൾ നിസ്സഹകരണ സമരത്തിലെത്തിയതെങ്ങനെ എന്നാണ് ആ വിവരണം.

1912 ജൂണിൽ 'അൽ-ഹിലാൽ' എന്ന വാരാന്ത പത്രം പ്രസിദ്ധീകരിച്ചു കൊണ്ടാണ് മൗലാന പൊതുമണ്ഡലത്തിലേക്ക് കടന്നു വരുന്നത്. അക്കാലത്ത് മുസ്​ലിം നേതൃത്വം അലീഗഢ് കക്ഷിക്കാരുടെ കൈയിലായിരുന്നു എന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. സർ സയ്യിദ് അഹമ്മദ് ഖാന്‍റെ സിദ്ധാന്തമാണ് അവർ പിന്തുടർന്നിരുന്നത്. സർക്കാരുമായി ഏറ്റുമുട്ടലിനു നിൽക്കാതെ മുസ്​ലിംകൾ വിദ്യഭ്യാസത്തിന് ഊന്നൽ കൊടുക്കണം എന്ന സിദ്ധാന്തം. ഇതിനെതിരെയാണ് 'അൽ-ഹിലാൽ' നിലകൊണ്ടത്.

മുസ്​ലിംകൾ സർക്കാർ വിരുദ്ധ സമരത്തിൽ ഇറങ്ങണമെന്ന വാദം സ്വാഭാവികമായും അധികൃതരെ ചൊടിപ്പിച്ചു. പല തവണ പിഴയടപ്പിച്ച് അവർ ആ പത്രം പൂട്ടിച്ചു. 1915ൽ പ്രസ്സ് തന്നെ പിടിച്ചെടുത്തു. പത്രത്തിന്‍റെ ലൈസൻസും റദ്ദാക്കി. അഞ്ചുമാസം മാസം കഴിഞ്ഞപ്പോൾ 'അൽ-ബലാഗ് ' എന്ന പത്രം തുടങ്ങിക്കൊണ്ടാണ് മൗലാന തിരിച്ചടിച്ചത്. ഈ സമയത്തൊക്കെയും അദ്ദേഹം കൽക്കട്ടയിലാണ്. 1916 ഏപ്രിൽ 16ന് അവിടെ നിന്ന് പുറത്താക്കി. പഞ്ചാബ്, ഡൽഹി, യു.പി, ബോംബെ പ്രവശ്യകളിലേക്ക് കടക്കരുതെന്ന് അവിടങ്ങളിലെ അധികൃതർ വിലക്കി. ആകെ നിൽക്കാൻ പറ്റുന്നത് ബീഹാറിൽ മാത്രം.

അങ്ങനെ മൗലാന റാഞ്ചിയിലെത്തി. അവിടെ തടങ്കലിലായി. 1919 ഡിസംബർ 3l വരെ ജയിലായിരുന്നു. 1920 ജനുവരി ഒന്നിനാണ് പുറത്തുവരുന്നത്. മൗലാന റാഞ്ചിയിൽ തടവിൽ കഴിയുമ്പോൾ ഗാന്ധിജി അവിടെയെത്തുന്നുണ്ട്. ചമ്പാരൻ ജില്ലയിലെ നീലം കൃഷിക്കാരെ കാണാനുള്ള യാത്രക്കിടയിലാണത്. ജയിലിൽ കഴിയുന്ന മൗലാനയെ കാണാൻ ഗാന്ധിജി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അധികൃതർ അനുമതി നൽകിയില്ല. അവർ തമ്മിൽ ആദ്യമായി കാണുന്നത് 1920 ജനുവരിയിൽ മൗലാന ഡൽഹി സന്ദർശിച്ചപ്പോഴാണ്.

തുർക്കി ഖിലാഫത്തിന്‍റെ ഭാവിയും അതിനോട് ബ്രിട്ടന്‍റെ സമീപനവുമാണ് അക്കാലത്തെ പ്രധാന ചർച്ചാവിഷയം. മക്കയും മദീനയുമടക്കം ലോകമുസ്​ലിംകളുടെ പുണ്യസ്ഥലങ്ങളെല്ലാം തുർക്കി ഖിലാഫത്തിനു കീഴിലാണ്. തുർക്കി ഭരിക്കുന്ന ഉസ്മാനിയാ ഭരണകൂടമാണെങ്കിൽ ലോകയുദ്ധത്തിൽ ബ്രിട്ടന്‍റെ എതിർപക്ഷത്താണ്. തുർക്കിയെ പരാജയപ്പെടുത്തി അതിനു കീഴിലെ ഭൂപ്രദേശങ്ങൾ പങ്കിട്ടെടുക്കാനാണ് ബ്രിട്ടന്‍റേയും സഖ്യകക്ഷികളുടേയും നീക്കമെന്ന് മുസ്​ലിംകൾ മനസ്സിലാക്കി. പുണ്യഗേഹങ്ങൾ ശത്രുക്കളുടെ കീഴിലാകുമെന്ന് മുസ്​ലിംകൾ ഭയന്നു. ഇന്ത്യൻ മുസ്​ലിംകളേയും ആ ഭയം ഗ്രസിച്ചിരുന്നു.

ഇക്കാര്യത്തിൽ ഇന്ത്യൻ മുസ്​ലിംകൾക്കുള്ള ആശങ്ക അറിയിക്കാൻ വൈസ്രോയിയുടെ അടുത്തേക്ക് നിവേദക സംഘത്തെ അയക്കണമെന്ന ഒരു നിർദ്ദേശം ഈ ഘട്ടത്തിൽ ഉയർന്നുവന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ചർച്ചയിൽ ഗാന്ധിജി പങ്കെടുത്ത കാര്യം മൗലാന വിവരിക്കുന്നുണ്ട്. ഗാന്ധിജി മുസ്​ലിംകളോട് പൂർണമായ അനുതാപം പ്രകടിപ്പിക്കുകയും നിവേദകസംഘം എന്ന നിർദ്ദേശത്തിൽ താൽപ്പര്യം കാണിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ മുസ്​ലിംകളോട് ചേർന്ന് പ്രവർത്തിക്കാൻ തയാറാണെന്നും ഗാന്ധിജി പ്രഖ്യാപിച്ചു.

1920 ജനുവരി 20 ന് ഇക്കാര്യത്തിന്നായി ദൽഹിയിൽ ഒരു യോഗം ചേർന്നു. ഖിലാഫത്തു പ്രശ്നത്തിൽ ഇന്ത്യൻ മുസ്​ലിംകളുടെ നിലപാടിനെ ഗാന്ധിക്ക് പുറമെ ലോകമാന്യ തിലകനും മറ്റു കോൺഗ്രസ് നേതാക്കളും പിന്തുണച്ചു.

പ്രതിനിധി സംഘം വൈസ്രോയിയെ കണ്ടു. അവരെ ലണ്ടനിലേക്ക് അയക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കാം എന്നായിരുന്നു വൈസ്രോയിയുടെ മറുപടി. ബ്രിട്ടീഷ് ഗവൺമെന്‍റിനു മുന്നിൽ നേരിട്ട് പ്രശ്നം അവതരിപ്പിക്കുന്നതാണ് നല്ലത്. തനിക്ക് ഒന്നും ചെയ്യാനാകില്ല എന്നും വൈസ്രോയി ചെംസ്ഫോഡ് പ്രഭു അറിയിച്ചു. നിവേദനത്തിൽ ഒപ്പുവെച്ചിരുന്നുവെങ്കിലും അത് സമർപ്പിക്കാൻ പോയ സംഘത്തിൽ താൻ ചേർന്നില്ല എന്നാണ് മൗലാന പറയുന്നത്. കാര്യങ്ങൾ നിവേദനങ്ങൾക്കും നിവേദക സംഘങ്ങൾക്കുമെല്ലാം അപ്പുറമെത്തി എന്നായിരുന്നു മൗലാനയുടെ കാഴ്ചപ്പാട്.

അടുത്ത നീക്കം എന്ത് എന്ന ചോദ്യം ഉയർന്നുവന്നു. അതാലോചിക്കാൻ ഒരു യോഗം ചേർന്നു. മൗലാനാ മുഹമ്മദലി, ഷൗക്കത്തലി, ഹക്കീം അജ്മൽ ഖാൻ, ലക്നൗവിലെ ഫിരങ്കി മഹലിന്‍റെ തലവനായ മൗലവി അബ്ദുൽ ബാരി എന്നിവരൊക്കെ പങ്കെടുത്തിരുന്നു. മൗലാനാ ആസാദുമുണ്ട്. പ്രതിനിധി സംഘങ്ങളുടേയും നിവേദനങ്ങളുടേയുമെല്ലാം കാലം കഴിഞ്ഞതായി ഗാന്ധിജി ആ യോഗത്തിൽ പറഞ്ഞു. നിസ്സഹകരണം എന്ന ആശയവും അതിനുള്ള പരിപാടികളും ഗാന്ധിജി അവതരിപ്പിച്ചു. "സർക്കാറിനു നൽകി വരുന്ന എല്ലാവിധ പിന്തുണയും നാം നിർബന്ധമായും പിൻവലിച്ചിരിക്കണം. എങ്കിലേ സർക്കാർ ആവശ്യങ്ങൾ പരിഗണിക്കൂ'' - എന്നായിരുന്നു ഗാന്ധിജിയുടെ വാദം. സർക്കാർ നൽകിയ പദവികളും സ്ഥാനമാനങ്ങളും തിരിച്ചുകൊടുക്കുക, കോടതികളും വിദ്യഭ്യാസ സ്ഥാപനങ്ങളും ബഹിഷ്ക്കരിക്കുക, സർക്കാർ ജോലിയിലുള്ള ഇന്ത്യക്കാർ രാജിവെക്കുക, പുതുതായി രൂപീകരിക്കുന്ന നിയമനിർമാണ കൗൺസിലുകളിൽ ഒരു വിധത്തിലും പങ്കുപറ്റാതിരിക്കുക -എന്നീ നിർദ്ദേശങ്ങളും ഗാന്ധിജി മുന്നോട്ടുവെച്ചു.

ഇതിനോട് പലതരത്തിലാണ് മറ്റുള്ളവർ പ്രതികരിച്ചത് എന്ന് മൗലാന വിവരിക്കുന്നുണ്ട്. പരിപാടിയെ കുറിച്ച് ആലോചിക്കാൻ തനിക്ക് കുറച്ച് സമയം വേണം എന്നതായിരുന്നു ഹക്കീം അജ്മൽ ഖാന്‍റെ നിലപാട്. താൻ സ്വയം അംഗീകരിക്കുന്നതുവരെ മറ്റുള്ളവരോട് പരിപാടി നിർദ്ദേശിക്കാൻ അജ്മൽ ഖാൻ ഇഷ്ടപ്പെട്ടില്ല.

ഗാന്ധിജിയുടെ നിർദ്ദേശങ്ങൾ ചില മൗലിക പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട് എന്നാണ് മൗലവി അബ്ദുൽ ബാരി പറഞ്ഞത്. അതിനാൽ ഇഹ്തിഖാഫിൽ (ഏകാന്ത ധ്യാനത്തിൽ) ഇരുന്ന് ദൈവീക മാർഗനിർദ്ദേശം തേടണം. അതിനു ശേഷമേ മറുപടി പറയാനാകൂ എന്ന് മൗലവി വ്യക്തമാക്കി. മൗലവിയുടെ തീരുമാനം വരുന്നതുവരെ തങ്ങൾ കാത്തു നിൽക്കും എന്നായിരുന്നു മൗലാനാ മുഹമ്മദലിയും സഹോദരൻ ഷൗക്കത്തലിയും പറഞ്ഞത്.

ഗാന്ധിജി തന്‍റെ നേരെ തിരിഞ്ഞപ്പോൾ ഒരു നിമിഷത്തെ വൈമനസ്യം പോലുമില്ലാതെ താൻ ആ പരിപാടി പൂർണമായി അംഗീകരിച്ചുവെന്ന് മൗലാനാ ആസാദ് പറയുന്നു. ''ജനങ്ങൾക്ക് യഥാർത്ഥത്തിൽ തുർക്കിയെ സഹായിക്കണം എന്നുണ്ടെങ്കിൽ ഗാന്ധിജി വരച്ചുകാട്ടിയ പദ്ധതി അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ല''.

ഇതേപോലെയൊരു ആശയം തന്‍റെ മനസ്സിൽ നേരത്തേ തന്നെ ഉണ്ടായിരുന്നുവെന്നും അതേക്കുറിച്ച് 'അൽ ബലാഗ്'ൽ എഴുതിയിരുന്നുവെന്നും മൗലാന ഓർക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ടോൾസ്റ്റോയ് ഇതേ പരിപാടി മുന്നോട്ടുവെച്ചിരുന്നുവെന്നാണ് മൗലാന ഓർത്തെടുക്കുന്നത്. 1901ൽ അരാജകവാദികൾ ഇറ്റലിയിലെ രാജാവിനെ ആക്രമിച്ചപ്പോഴാണത്. അന്ന് ടോൾസ്റ്റോയി അരാജകവാദികൾക്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. ''അക്രമം ധാർമ്മികമായി തെറ്റും രാഷ്ട്രീയമായി തുച്ഛം ഗുണം മാത്രം ചെയ്യുന്നതുമാണ്'' എന്നായിരുന്നു അതിലെ സന്ദേശം. ''അക്രമം കൂടുതൽ വലിയ അക്രമത്തെ വിളിച്ചുവരുത്തും എന്നതാണ് വസ്തുത. കൊല്ലപ്പെട്ട ഒരു പോരാളിയുടെ രക്തത്തിൽ നിന്ന് 999 പോരാളികൾ ഉയിർ കൊള്ളുന്ന കഥ ഗ്രീക്ക് ഇതിഹാസത്തിലുണ്ട്. രാഷ്ട്രീയ കൊലപാതകം വ്യാളിയുടെ പല്ലിനിടയിൽ പെടുന്നപോലെയാണ്'' -എന്ന് ടോൾസ്റ്റോയ് വിശദീകരിക്കുന്നുണ്ട്. അതിനാൽ നികുതി നിഷേധിച്ചും, ജോലി ചെയ്യാൻ വിസമ്മതിച്ചും സർക്കാർ സ്ഥാപനങ്ങളെ പിന്തുണക്കാതിരുന്നും സർക്കാരിനെ മുട്ടുകുത്തിക്കണം എന്നാണ് ടോൾസ്റ്റോയി ഇറ്റലിയിലെ അരാജകവാദികളെ ഉപദേശിച്ചത്. അത് തന്‍റെ ഉള്ളിൽ കിടക്കുന്നതുകൊണ്ടാണ്, ഗാന്ധിജി നിസ്സഹകരണം എന്ന ആശയം മുന്നോട്ടുവെച്ചപ്പോൾ ഉടനടി അംഗീകരിച്ചതെന്ന് മൗലാന പറയുന്നു.

ഏതാനും ആഴ്ചകൾ കഴിഞ്ഞ് മീറത്തിൽ ഒരു ഖിലാഫത്ത് സമ്മേനം വിളിച്ചുകൂട്ടി. അവിടെയാണ് ഗാന്ധിജി നിസ്സഹരണസമരത്തിനു വേണ്ടി ആദ്യമായി പൊതുവേദിയിയിൽ പ്രസംഗിച്ചത്. ഗാന്ധിജി പ്രസംഗിച്ചു കഴിഞ്ഞയുടൻ മൗലാനാ ആസാദ് പ്രസംഗിച്ചു. ഗാന്ധിജിക്ക് മൗലാന നിരുപാധിക പിന്തുണ നൽകി.

1920 സെപ്തംബറിൽ കോൺഗ്രസിന്‍റെ ഒരു പ്രത്യേക സമ്മേളനം കൽക്കത്തയിൽ ചേർന്നു. ഗാന്ധിജി തയാറാക്കിയ കർമ്മ പരിപാടികൾ പരിഗണിക്കുന്നതിന് വേണ്ടിയായായിരുന്നു ആ യോഗം. സ്വരാജ് നേടിയെടുക്കണമെങ്കിലും ഖിലാഫത്ത് പ്രശ്നം തൃപ്തികരമായി പരിഹരിക്കണമെങ്കിലും നിസ്സഹകരണ പരിപാടി അത്യാവശ്യമാണെന്ന് ഗാന്ധിജി യോഗത്തിൽ പറഞ്ഞു.

ലാലാ ലജ്പത് റായി ആയിരുന്നു യോഗത്തിന്‍റെ അധ്യക്ഷൻ. സി.ആർ ദാസ് പ്രധാന നേതാക്കളിലൊരാളാണ്. അവർ രണ്ടു പേരും ഗാന്ധിജിയോട് യോജിച്ചില്ല. ബ്രിട്ടീഷ് സർക്കാറിനോട് പൊരുതാനുള്ള ഏറ്റവും നല്ല ആയുധം ബ്രിട്ടീഷ് സാധനങ്ങൾ ബഹിഷ്ക്കരിക്കുകയാണ് എന്ന് ബിപിൻ ചന്ദ്ര പാൽ ശക്തമായി വാദിച്ചു. ഗാന്ധിജിയുടെ പരിപാടികളിൽ മറ്റൊന്നിലും അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നില്ല. ആ നേതാക്കളൊക്കെ എതിർത്തെങ്കിലും നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാനുള്ള പ്രമേയം മഹാ ഭൂരിപക്ഷത്തോടെ പാസായി.

തുടർന്നുള്ള മാസങ്ങളിൽ ഗാന്ധിജി രാജ്യത്തെ നിസ്സഹകരണ സമരത്തിന് ഒരുങ്ങുന്നതിനു വേണ്ടിയുള്ള നിരന്തര യാത്രയിലായിരുന്നു. "ഞാൻ ഏറെ സമയവും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു. മൗലാനാ മുഹമ്മദലിയും ഷൗക്കത്തലിയുമായിരുന്നു ഞങ്ങളുടെ കൂടെയുണ്ടായിരുന്നത്'' - മൗലാന പറയുന്നു.

1920 സിസംബറിൽ കോൺഗ്രസ്സിന്‍റെ വാർഷിക സമ്മേളനം നാഗ്പൂരിൽ ചേർന്നു. ജിന്ന എന്നന്നേക്കുമായി കോൺഗ്രസ്സിനോട് വിട പറഞ്ഞ് ഇറങ്ങിപ്പോയ സമ്മേളനമാണത്. ഈ സമയമായപ്പോഴേക്ക് രാജ്യത്തെ രാഷ്ട്രീയ മനോനിലക്ക് മാറ്റം വന്നിരുന്നു.
സി.ആർ ദാസ് പരസ്യമായി നിസ്സഹകരണ സമരത്തെ തുണച്ചു. ലാലാ ലജ്പത് റായി ആദ്യമൊന്ന് എതിർത്തു നിന്നു. പക്ഷേ പഞ്ചാബിലെ പ്രതിനിധികൾ പരിപാടി അംഗീകരിക്കുകയാണ് എന്ന് കണ്ടപ്പോൾ ലജ്പത് റായിയും ഗാന്ധിജിയുടെ പക്ഷത്തു ചേർന്നു. രാജ്യവ്യാപകമായിത്തന്നെ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു കൊണ്ടാണ് സർക്കാർ ഇതിനോട് പ്രതികരിച്ചത്.
- ഇത്രയും ചരിത്രവസ്തുതകൾ നിരത്തിക്കൊണ്ടാണ് മൗലാനാ അബുൽ കലാം ആസാദ് ഖിലാഫത്തും നിസ്സഹകരണ സമരവും തമ്മിൽ വേർപിരിക്കാനാവില്ല എന്ന് കാണിച്ചു തരുന്നത്. മൗലാന ആദ്യ ബാച്ചിൽ തന്നെ അറസ്റ്റിലായി. കൽക്കത്തയിലെ ആലിപ്പൂർ ജയിലിലായിരുന്നു തടവ്. 1923 ജനുവരി ഒന്നിനാണ് പുറത്തുവരുന്നത്.

* * * * * * * * * * * * * * * * * * * * * * *
മൗലാനാ അബുൽ കലാം ആസാദ് മക്കയിലാണ് ജനിച്ചത്. 1888ൽ. അദ്ദേഹത്തിന്‍റെ പൂർവ്വപിതാക്കന്മാർ മുഗൾ കൊട്ടാരത്തിലെ പ്രധാന ഉദ്യോഗസ്ഥരായിരുന്നു. 1857ലെ ശിപായി ലഹള തുടങ്ങുന്നതിനു മുമ്പു തന്നെ അദ്ദേഹത്തിന്‍റെ പിതാവ് മൗലാനാ ഖൈറുദ്ദീൻ മക്കയിലേക്ക് പോവുകയാണുണ്ടായത്. അവിടെ വെച്ച് വിവാഹിതനായി. ആസാദ് ജനിച്ചതിന് ശേഷം 1890ലാണ് അവർ കൽക്കത്തയിലേക്ക് തിരിച്ചു വരുന്നത്.

പരമ്പരാഗത രീതിയിലായിരുന്നു വിദ്യഭ്യാസം. അറബി, ഉർദു, പേർഷ്യൻ ഭാഷകളും ഖുർആനും അനുബന്ധ വിഷയങ്ങളും വീട്ടിലിരുത്തി പഠിപ്പിച്ചതാണ്. പ്രധാനമായും ഉപ്പ തന്നെയാണ് പഠിപ്പിച്ചത്. വിവിധ വിഷയങ്ങൾക്ക് അധ്യാപകരേയും നിയമിച്ചു. ഇംഗ്ലീഷ് പിന്നീട് മൗലാന സ്വയം പഠിച്ചതാണ്. ഗുലാം മുഹയുദ്ദീൻ അഹ്മദ് എന്നാണ് പേര്. അബുൽ കലാം ആസാദ് എന്നത് തൂലികാ നാമമാണ്.

രാഷ്ട്രീയ നേതാവും എഴുത്തുകാരനും വിദ്യഭ്യാസ വിചക്ഷണനുമായ പ്രൊഫ. ഹുമയൂൺ കബീറിന്‍റെ നിർബന്ധത്തിനു വഴങ്ങിയാണ് മൗലാന ഈ പുസ്തകം എഴുതിയത്. സ്വാതന്ത്ര്യം നേടിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എഴുതിയാൽ പലരുടേയും നിലപാടുകൾ വിമർശിക്കേണ്ടിവരും. അതിനാൽ എഴുതുന്നില്ല എന്നായിരുന്നു മൗലാനയുടെ നിലപാട്. ഹുമയൂൺ കബീർ നിരന്തരം നിർബന്ധിച്ചു. ഒടുവിൽ മൗലാന ഉർദുവിൽ എഴുതിത്തുടങ്ങി. ചിലപ്പോഴൊക്കെ സംസാരിച്ചു. ഹുമയൂൺ കബീർ അതെല്ലാം ഇംഗ്ലീഷിലാക്കി.

1957 സെപ്തംബറിൽ പുസ്തകം പൂർത്തിയായി. പക്ഷേ പലയിടത്തു നിന്നായി 30 പേജുകൾ ഒഴിവാക്കണമെന്ന് മൗലാന നിർദ്ദേശിച്ചു. ഒരു നേതാവിന്‍റെ വ്യക്തിപരമായ പ്രതിഛായ പ്രതിഫലിക്കുന്ന പരാമർശങ്ങളായിരുന്നു അവ. പുസ്തകത്തിന്‍റെ പൂർണ രൂപത്തിലുള്ള ഒരോ പ്രതികൾ കൽക്കത്തയിലെ നാഷനൽ ലൈബ്രററിയിലും ഡൽഹിയിലെ നാഷനൽ ആർക്കേവ്സിലും സൂക്ഷിക്കാനായി ഏൽപ്പിച്ചു.

ഒഴിവാക്കിയ ഭാഗങ്ങൾ 30 വർഷങ്ങൾക്ക് ശേഷം പ്രസിദ്ധീകരിച്ചാൽ മതിയെന്ന് മൗലാന നിർദ്ദേശം നൽകി. 1958 സെപ്തംബറിൽ തന്‍റെ എഴുപതാം പിറന്നാളിന് പുസ്തകം പ്രകാശനം ചെയ്യണം എന്നായിരുന്നു മൗലാന ആഗ്രഹിച്ചത്. പക്ഷേ അതിനു മുമ്പ് അദ്ദേഹം നിര്യാതനായി.

ഇപ്പോൾ പുസ്തകം പൂർണ രൂപത്തിൽ ലഭ്യമാണ്. ഓറിയന്‍റ് ബ്ലാക്ക്സ്വാൻ ആണ് പ്രസാധനം. 283 പേജ്. 425 രൂപ വില.

Tags:    
News Summary - malabar rebellion-malayalam article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.