ഗ്ലാമർ പോരാട്ടം, തലസ്ഥാനത്ത് അടിയൊഴുക്കാണ്​ താരം

നെയ്യാറിലെ നീരൊഴുക്ക്​ പോലെയാണ്​ തിരുവനന്തപുരം മണ്ഡലത്തിന്‍റെ രാഷ്ട്രീയ മനസ്സ്​​. ശാന്തമായ തെളിനീരാണെന്ന്​ തെറ്റിദ്ധരിച്ച്​ കുമ്പിളിലൊതുക്കാനുറച്ചവർ പലരും കുത്തൊഴുക്കിൽ നിലതെറ്റിയിട്ടുണ്ട്​​. ഒരു പ്രതീക്ഷയുമില്ലാതെ രണ്ടും കൽപ്പിച്ച്​ ഒഴുക്കിനെതിരെ നീന്താനുച്ച്​ എടുത്തുചാടിയവരെ സുരക്ഷിതമായി മറുകരയിലെത്തിച്ചിട്ടുമുണ്ട്​. കരയണയുമെന്ന പ്രതീക്ഷ അവസാനം വരെ നൽകി, തൊട്ടുതൊട്ടില്ലെന്ന മട്ടിൽ നിൽക്കേ നടുക്കയത്തിലേക്ക്​ ചവിട്ടിത്താഴ്ത്തിയതിനും സമീപകാല തെരഞ്ഞെടുപ്പുകൾ നേർസാക്ഷ്യം. ‘ഇതാ ഇക്കുറി എന്തായാലും’ എന്ന ബി.ജെ.പിയുടെ അമിത ആത്മവിശ്വാസമാണ്​ കഴിഞ്ഞ രണ്ട്​ തെ​രഞ്ഞെടുപ്പുകളിൽ തിരുവനന്തപുരത്തെ കാറ്റിന്​ ചൂടും ചൂരുമേറ്റിയിരുന്നത്​. ഒന്നാമന്‍ ആരാണെന്നത് മാത്രമല്ല ഫോട്ടോ ഫിനിഷില്‍ മൂന്നാമതായി ആരാണെത്തുക എന്നതിൽ പ്രവചനം അസാധ്യമെന്നത്​ കൂടിയാണ്​ മുൻകാല അനുഭവം.

കൃത്യമായ രാഷ്ട്രീയ സൂത്രവാക്യങ്ങളൊന്നും ഇവിടെ ബാധകമല്ലെന്നതാണ് ചരിത്രം. എത്ര കരുത്തനാണെങ്കിലും ചിലപ്പോൾ വിയർക്കും. ചിലപ്പോൾ നിലതെറ്റും. സമുദായ രാഷ്​ട്രീയവും കക്ഷിരാഷ്​ട്രീയ അടിയൊഴുക്കുകളും അത്ര കഠിനമാണ്​ ഇവിടെ. മാത്രമല്ല, ഭരണസിരാകേന്ദ്രമെന്ന നിലയിൽ സർവിസ് മേഖലയും അതിശക്തം. വി.കെ. കൃഷ്ണമേനോൻ, എം.എൻ. ഗോവിന്ദൻനായർ, കെ. കരുണാകരൻ, കെ.വി. സുരേന്ദ്രനാഥ്, പി.കെ. വാസുദേവൻനായർ തുടങ്ങിയ പ്രമുഖർ ഇവിടെ വിജയം കണ്ടിട്ടുണ്ട്. എം. എൻ. ഗോവിന്ദൻ നായരും മലയാളത്തിന്റെ പ്രിയകവി ഒ.എൻ.വി കുറുപ്പും കണിയാപുരം രാമചന്ദ്രനുമൊക്കെ തോൽവിയുടെ കയ്പ് രസം നുണഞ്ഞിട്ടുമുണ്ട്.

ഹിന്ദുത്വ ശക്തികൾ കേരളത്തിൽ വേരോടും മുമ്പേ അവർ സാന്നിധ്യമറിയിച്ച മണ്ഡലം കൂടിയാണ്​ തിരുവനന്തപുരം​. 1984ൽ ഹിന്ദു മുന്നണി സ്ഥാനാർഥി ഒരു ലക്ഷത്തിലേറെ വോട്ട് നേടിയിട്ടു​ണ്ട്​. സംസ്​ഥാനം ഭരണത്തി​ന്‍റെയും ദേശീയരാഷ്​ട്രീയത്തി​ന്‍റെയും വിലയിരുത്തലും മാർക്കിടലും മാത്രമല്ല, നിർണായകമായ സാമുദായിക വോട്ട്​ ബാങ്കിലെ പങ്കുവെക്കലുകളുടെ പ്രധാനം. വിഴിഞ്ഞം തുറമുഖം തീരശോഷണവും സോഫ്​റ്റ്​വെയർ കയറ്റുമതിയും മുതൽ ഫലസ്​തീനും ഹമാസും വരെ വിഷയങ്ങളാകുന്ന തെരഞ്ഞെടുപ്പ്​ പൊടിപാറും പോരാട്ടമാണ്​.


തളർച്ചയോ പടർച്ചയോ

മുൻവിധികൾക്ക്​ വഴങ്ങാതെ പ്രമുഖരുടെ പടർച്ചക്കും തളർച്ചക്കും സാക്ഷ്യംവഹിച്ച മണ്ഡലത്തിന്‍റെ മനസ്സറിയാൻ ഇറങ്ങിത്തിരിച്ച മൂന്നു​പേരും തിരുവനന്തപുരത്തുകാരല്ല. 2009ൽ പാലക്കാടുനിന്ന്​ അപ്രതീക്ഷിതമായി എത്തി തലസ്​ഥാനം കൈപ്പിടിയിലൊതുക്കിയ ശശി തരൂരിനെയാണ്​ തുടർച്ചയായ നാലാം വിജയത്തിനായി കോൺഗ്രസ്​ നിയോഗിച്ചിരിക്കുന്നത്​. യു.എൻ. സെക്രട്ടറി ജനറലാകാനുള്ള മത്സരത്തിൽ ബാൻ കീ മൂണിനോട് തോറ്റ ശശി തരൂർ 2009ൽ ഇവിടെ മത്സരിക്കാനെത്തിയത്​ മുതൽ ഇക്കഴിഞ്ഞ വട്ടം വരെ വിശ്വപൗര പ്രതിച്ഛായയായിരുന്നെങ്കിൽ, പുതിയ നിയോഗത്തിൽ പാർട്ടി പ്രവർത്തകസമിതി അംഗമെന്ന ആധികാരിക മേൽ​വിലാസവുമായാണ്​ പടയിറക്കം​. 75 വയസ്സിന്‍റെ പ്രായത്തടയണയിൽ തട്ടി സി.പി.ഐയുടെ സംഘടന ചുമതലകളിൽനിന്ന്​ മാറിനിൽക്കുകയായിരുന്നു പന്ന്യൻ രവീ​​​ന്ദ്രൻ. ജന്മം കൊണ്ട്​ കണ്ണൂരുകാരനാണെങ്കിലും കർമം കൊണ്ട്​ തിരുവനന്തപുര​ത്തുകാരനാണ്​ പന്ന്യൻ. 2005ല്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചതിന് ശേഷം ഇടതുമുന്നണിക്ക്​ മണ്ഡലത്തിൽ ജയം സാധ്യമായിട്ടില്ല. 2019ല്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും അതിനുശേഷവും ജില്ലയില്‍ ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളും ഇടതുപക്ഷത്തിന്‍റെ കൈയിലാണ്​. ഇത്രയും സ്വാധീനമുണ്ടായിട്ടും മൂന്നാംസ്ഥാനത്താകുന്നത് ഇത്തവണ മാറ്റിയെടുത്തേതീരു എന്ന ദൃഢനിശ്ചയത്തിലാണ് ഇടത്​ ക്യാമ്പ് വീണ്ടും പന്ന്യൻ രവീ​ന്ദ്രന്‍റെ പേരിലേക്കെത്തിയത്​. തൃശൂർ ദേശമംഗലത്ത്​ വേരുകളുള്ള പ്രമുഖ ടെക്​നോക്രാറ്റും കേന്ദ്രമന്ത്രിയുമായ രാജീവ്​ ചന്ദ്രശേഖറാണ്​ ബി.ജെ.പി സ്ഥാനാർഥി. ബി.ജെ.പിയുടെ ദേശീയ വക്താവായും എൻ.ഡി.എയുടെ കേരള ഘടകം വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ച്​ പരിചയമുള്ള രാജീവ്​ ബി.ജെ.പിയുടെ ഐ.ടി മുഖം കൂടിയാണ്​. യു.ഡി.എഫും ബി.ജെ.പിയും രാഷ്ട്രീയത്തോടൊപ്പം ഗ്ലാമർ താരമൂല്യത്തിന്​ മാർക്കിട്ട്​ മാറ്റുരയ്ക്കലിന്​ തയാറെടുക്കുമ്പോൾ ജനപ്രിയ മുഖത്തെ അവതരിപ്പിച്ച്​ താരപ്രഭയുടെ കമ്പോളത്തിൽ ജനകീയതയുടെ കട തുറക്കാനാണ്​ പന്ന്യനിലൂടെ ഇടതുമുന്നണി ലക്ഷ്യമിടുന്നത്​.

ഏഴിൽ ആറും ഇടതിന്​, പക്ഷേ...

മണ്ഡലത്തിന്റെ 70 ശതമാനത്തിലേറെ പ്രദേശവും നഗരമേഖലയാണ്. കഴക്കൂട്ടം, പാറശ്ശാല, നെയ്യാറ്റിൻകര, വട്ടിയൂർക്കാവ്​, തിരുവനന്തപുരം, കോവളം, നേമം എന്നിങ്ങനെ ഏഴ്​ നിയമസഭാ മണ്ഡലങ്ങൾ​. ഇതിൽ കോവളം ഒഴികെ ആറിലും എൽ.ഡി.എഫിന്​ വ്യക്തമായ ആധിപത്യം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ്​ ഘട്ടത്തിൽ എൽ.ഡി.എഫ് ​-3, യു.ഡി.എഫ്​ -3, ബി.ജെ.പി ഒന്ന്​ എന്നായിരുന്നു നിയമസഭയിലെ ബലാബലം. 35 വർഷമായി തിരുവനന്തപുരം

കോർപറേഷൻ ഭരിക്കുന്നത്​ എൽ.ഡി.എഫാണ്.

1952 മുതലുള്ള തെരഞ്ഞെടുപ്പ് പരിശോധിച്ചാൽ കണക്കിലെ കളി കോൺഗ്രസിന് അനുകൂലമാണ്. ഒമ്പത്​ ജയം. നാലുതവണ ഇടതുപക്ഷത്തിനും. നാടാർ, നായർ സമുദായങ്ങളും മുസ്​ലിം, ക്രൈസ്തവ, ഈഴവ വിഭാഗങ്ങളും നിർണായക സാന്നിധ്യമാണിവിടെ. മുമ്പ്​ ബി.ജെ.പി ജയിച്ച നേമത്തും തിരുവനന്തപുരം നിയമസഭ മണ്ഡലത്തിന്‍റെ ചില ഭാഗങ്ങളിലും നിർണായക സ്വാധീനം ചെലുത്തുന്ന മുസ്​ലിം സമുദായം, ഓരോ തെരഞ്ഞെടുപ്പ് കാലത്തും പൊതു രാഷ്​ട്രീയ സ്ഥിതി കൂടി പരിഗണിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, കോളജ്, സ്കൂൾ അധ്യാപകർ, സർവകലാശാല ജീവനക്കാർ, വിവിധ അക്കാദമിക്​ സ്​ഥാപനങ്ങളിലെ വിദഗ്​ധർ അടക്കം ഉദ്യോഗസ്ഥ വിഭാഗം വോട്ട്​ ബാങ്കിൽ ചെറുതല്ലാത്ത വിഭാഗമാണ്​.

മലയാളികളിൽ പേമൻറ് സീറ്റെന്ന വാക്ക് പരിചിതമാക്കിയത്​ മാത്രമല്ല, ബി.ജെ.പി സ്ഥാനാർഥിയായ ഒ. രാജഗോപാൽ രണ്ടാമതെത്തി എന്നത്​ കൂടിയാണ് ‘2014’ തെരഞ്ഞെടുപ്പ്​ തിരുവനന്തപുരത്തിന്​ രാഷ്​ട്രീയ ചരിത്രത്തിലെ അടായപ്പെടുത്തലാവാൻ കാരണം. 15,470 വോട്ടിനാണ്​ രാജഗോപാൽ ശശി തരൂരിനോട് തോറ്റത്. 2009ലെ 99,989 മാർജിനിൽ നിന്നാണ്​ 2014ൽ തരൂരിന്‍റെ ഭൂരിപക്ഷം 15,470ലേക്ക്​ താഴ്​ന്നത്​. മോദി പ്രഭാവം, രാജഗോപാലിന്‍റെ അവസാന അവസരം എന്നീ ഘടകങ്ങൾ ബി.ജെ.പിയുടെ തള്ളിക്കയറ്റത്തിന് ഒരുപരിധിവരെ കാരണമായെന്ന്​ വിലയിരുത്തലുണ്ടെങ്കിലും തലസ്ഥാന മണ്ഡലത്തി​ന്‍റെ സ്വഭാവം മാറിയിട്ടുണ്ടെന്ന്​ ഇരുമുന്നണികളും രഹസ്യമായെങ്കിലും സമ്മതിക്കുന്നു. എന്നാൽ 2019ൽ 99989 വോട്ട്​ ഭൂരിപക്ഷത്തിൽ ബി.ജെ.പിയുടെ ​താമരമോഹങ്ങൾ ശശി തരൂർ തല്ലിക്കെടുത്തി​. നേമം നിയമസഭാ മണ്ഡലത്തിൽ മാത്രമാണ് തരൂരിന് രണ്ടാംസ്ഥാനത്തേക്ക് പോകേണ്ടിവന്നത്.

Tags:    
News Summary - loksabha elections 2024- thiruananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT