ഇടത് ആവരണമിട്ട ഫ്യൂഡലിസം

ഒരു ബന്ധുനിയമന വിവാദത്തോടെയാണ് പിണറായി വിജയൻ സർക്കാർ ഭരണം തുടങ്ങിയത്. മുഖ്യമന്ത്രി വിവാദത്തിൽ പെട്ട മന്ത്രി ഇ.പി. ജയരാജ​െൻറ രാജി ആവശ്യപ്പെട്ടു. ഏറെ കഴിയുംമുമ്പ് അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കുകയും ചെയ്തു. മറ്റൊരു ബന്ധുനിയമന വിവാദത്തോടെ പിണറായി സർക്കാർ പടിയിറങ്ങുകയാണ്. പൊതുമണ്ഡലത്തിലുള്ള ഏതു വ്യക്തിക്കും എതിരെയുള്ള അഴിമതിയാരോപണം അന്വേഷി ക്കാൻ അധികാരമുള്ള ലോകായുക്ത ഒരു ബന്ധുവി​െൻറ നിയമനത്തിനായി ചട്ടങ്ങൾ മാറ്റിമറിച്ച മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ കഴിയുകയായിരുന്ന മുഖ്യമന്ത്രി വിഷയം പരിഗണിക്കുംമുമ്പ് ആക്ടിങ് സെക്രട്ടറിയും നിയമമന്ത്രിയും മുതൽ ചാനൽ ചർച്ചവിശാരദർ വരെയുള്ള പാർട്ടി പരിവാരങ്ങൾ ലോകായുക്തയുടെ തീർപ്പ് നടപ്പാക്കാതിരി ക്കാനുള്ള വാദങ്ങൾ നിരത്തി. ജലീൽ ലോകായുക്തയുടെ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിച്ചു. കോടതി ഹരജി പരിഗണിച്ചുകൊണ്ടിരുന്നപ്പോൾ ജലീൽ മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജിക്കത്ത് നൽകിയതെന്ന് പറയപ്പെടുന്നു.

ബന്ധുനിയമനം സി.പി.എമ്മി​െൻറ ചരിത്രത്തിൽ പുതിയ സംഭവമല്ല, അച്യുതാനന്ദൻ സർക്കാറിൽ ആരോഗ്യമന്ത്രിയായിരുന്ന പി.കെ. ശ്രീമതി രണ്ടു ബന്ധുക്കളെയാണ് പേഴ്‌സനൽ സ്​റ്റാഫിൽ നിയമിച്ചത്. ശ്രീമതിയും ഇ.പി. ജയരാജനും ബന്ധുക്കളാണെന്നത് കേവലം യാദൃച്ഛികം. പേഴ്‌സനൽ സ്​റ്റാഫ് അംഗങ്ങളുടെ എണ്ണം 15 ആയി ക്ലിപ്തപ്പെടുത്തിയിരുന്നപ്പോഴാണ് ശ്രീമതി അനന്തരവൻ ജിജിന്ത് രാജനും മരുമകൾ ധന്യ വി. നായരും ഉൾപ്പെടെ 18 പേരെ നിയമിച്ചത്.

ജിജിന്ത് ക്ലർക്കും ധന്യ കുക്കുമായാണ് നിയമിക്കപ്പെട്ടത്. അവർ ആ നിലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ ജിജിന്തിന് വിദേശത്ത് ജോലി കിട്ടി. അതിനിടെ രണ്ടു കൊല്ലം മന്ത്രിയെ സേവിച്ചതി​​െൻറ ഫലമായി അദ്ദേഹം ചട്ടപ്രകാരം സർക്കാറിൽനിന്ന് ആജീവനാന്ത പെൻഷന്​ അർഹനുമായി. ജിജിന്ത് പോയപ്പോൾ ശ്രീമതി മരുമകളെ ക്ലർക്കായി ഉയർത്തി. പിന്നീട് ഗസറ്റഡ് ഓഫിസറാക്കി. ഒരു മത്സരപ്പരീക്ഷയും അഭിമുഖവും കൂടാതെ രണ്ടു കൊല്ലത്തിൽ 4,300-5,930 രൂപാ സ്കെയിലിൽ നിന്ന് 10,790-18,000 രൂപാ സ്കെയിലിലേക്ക് ധന്യക്ക് നീങ്ങാനായത്‍ അമ്മായിയമ്മ മന്ത്രി ആയിരുന്നതുകൊണ്ടു മാത്രം.

മന്ത്രിമാരുടെ പേഴ്‌സനൽ സ്​റ്റാഫ് അംഗങ്ങൾ മന്ത്രിസഭക്കൊപ്പം വരുകയും അതിനോടൊപ്പം പോകുകയും ചെയ്യുന്നവരാണ്. അവരുടെ കാര്യം ചികഞ്ഞു നോക്കേണ്ടതുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. ഇവിടെ പരിശോധിക്കുന്നത് അവരുടെ കാര്യമല്ല, മന്ത്രിമാരുടെ ചെയ്തികളാണ്. മന്ത്രിപദം രാജിവെച്ച ശേഷവും താൻ ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നാണ് ജലീൽ പറയുന്നത്. എന്നാൽ, ലോകായുക്തയുടെ മുന്നിലെത്തിയ രേഖകളിൽ പ്രതിഫലിക്കുന്നത് ഒരു നിഷ്കളങ്ക​െൻറ രൂപമല്ല.

മന്ത്രിയായി ചുമതലയേറ്റ ഉടൻ തന്നെ ഒരു തസ്തികക്ക്​ സർക്കാർ നേരത്തേ നിശ്ചയിച്ച യോഗ്യത ആരും ആവശ്യപ്പെടാതെ ജലീൽ മാറ്റി. അദ്ദേഹം നിശ്ചയിച്ച പുതിയ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടയാൾ അദ്ദേഹത്തി​െൻറ ഒരു അടുത്ത ബന്ധുവായിരുന്നു. അതിനെ യാദൃച്ഛികതയായി ലോകായുക്ത കണ്ടില്ല. ഓരോ ഘട്ടത്തിലും ഉദ്യോഗസ്ഥന്മാർ ഫയലിൽ പ്രതികൂലാഭിപ്രായം രേഖപ്പെടുത്തി. നേരത്തേ യോഗ്യത നിശ്ചയിച്ചത് മന്ത്രിസഭയായിരുന്നു. അതു മാറ്റാൻ മന്ത്രിസഭ തീരുമാനം വേണം. മന്ത്രി കണ്ടെത്തിയ ആൾ സ്വകാര്യബാങ്കിലെ ഉദ്യോഗസ്ഥനാണ്. ദേശസാത്കൃത ബാങ്കിൽ നിന്നുള്ളവരെ വേണം ഡെപ്യൂട്ടേഷനിൽ നിയമിക്കാൻ. അങ്ങനെ പോയി അവരുടെ കുറിപ്പുകൾ. എല്ലാ എതിർപ്പുകളും മന്ത്രി തള്ളി. മുഖ്യമന്ത്രി അദ്ദേഹത്തി​െൻറ എല്ലാ തീരുമാനങ്ങളും അംഗീകരിച്ചു.

ഇതിലൊന്നും ഒരു തെറ്റും കാണാൻ മുഖ്യമന്ത്രിക്കും ജലീലിനും കഴിയാത്തത് അവരുടെ ചിന്താമണ്ഡലം ഫ്യൂഡൽ സ്വാധീനത്തിലാണെന്നു കാണിക്കുന്നു. ഗോത്ര-ഫ്യൂഡൽ കാലത്തെ രീതിയാണ് അവർ പിന്തുടരുന്നത്. തുല്യത, തുല്യാവസരങ്ങൾ എന്ന ആധുനിക ജനാധിപത്യ ആശയങ്ങൾ അവിടെ അപ്രസക്തമാകുന്നു. ബന്ധുനിയമന വിഷയത്തിൽ പിണറായി വിജയ​െൻറ നിലപാട് ഏതെങ്കിലും തത്ത്വത്തി​െൻറ അടിസ്ഥാനത്തിലുള്ളതല്ല. പി.കെ. ശ്രീമതി രണ്ടു ബന്ധുക്കളെ നിയമിച്ചപ്പോൾ പാർട്ടി സെക്രട്ടറിയായിരുന്ന അദ്ദേഹത്തി​െൻറ വിശ്വവിഖ്യാതമായ ചങ്കുകൾ അസ്വാസ്ഥ്യം അനുഭവപ്പെട്ടെന്ന് കരുതാൻ ഒരു തെളിവുമില്ല. ഇ.പി. ജയരാജ​െൻറ ബന്ധുനിയമനത്തിനെതിരെ അദ്ദേഹം ഉടൻ പ്രതികരിച്ചു. ജലീലി​െൻറ ബന്ധുമനിയമനത്തെ ഓരോ ഘട്ടത്തിലും പിന്തുണച്ച അദ്ദേഹം വളരെ വൈകി അതിൽ നിന്നു ദൂരം പാലിക്കാൻ തീരുമാനിച്ചു.

എന്തുകൊണ്ടാണ് സി.പി.എമ്മിന് ഈ വിഷയത്തിൽ കൃത്യമായ ഒരു നിലപാടില്ലാത്തത്? അതി​െൻറ ക്യാപ്റ്റൻ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നത്? ഓരോ ബന്ധുനിയമനവും ഇവിടെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ചർച്ചകളെല്ലാം കക്ഷിരാഷ്​ട്രീയതലത്തിൽ ഒതുങ്ങുന്നു. ബന്ധുനിയമനത്തിൽ പ്രതിഫലിക്കുന്ന സാമൂഹികയാഥാർഥ്യം ചർച്ചയിലേക്ക് കടന്നുവരുന്നേയില്ല. ബന്ധുനിയമനം ഒരു വലിയ പ്രശ്നമല്ല. സ്വജനപക്ഷപാതം എന്ന മഞ്ഞുമലയുടെ ജലനിരപ്പിനു മുകളിൽ കാണപ്പെടുന്ന ഭാഗം മാത്രമാണത്.

രാജ്യത്ത് ഏറ്റവുമധികം തൊഴിലന്വേഷകരുള്ള സംസ്ഥാനമാണ് കേരളം. ഭരണത്തിലിരിക്കുന്നവർ അവിഹിത ഇടപെടലുകളിലൂടെ ലഭ്യമാകുന്ന പരിമിതമായ തൊഴിലവസരങ്ങൾ ബന്ധുജനങ്ങൾക്കും വിശാല പാർട്ടി കുടുംബാംഗങ്ങൾക്കും എത്തിച്ചുകൊടുക്കുമ്പോൾ ലക്ഷക്കണക്കിനു തൊഴിലന്വേഷകരുടെ ഭരണഘടനാദത്തമായ തുല്യാവകാശങ്ങളാണ് നിഷേധിക്കപ്പെടുന്നത്. ഇതു ജനാധിപത്യകാല രാഷ്​ട്രീയപ്രവർത്തനമല്ല, ഫ്യൂഡൽകാല രാഷ്​ട്രീയത്തി​െൻറ തുടർച്ചയാണ്.

പുറത്തുവന്ന സ്വജനപക്ഷപാത നിയമനവാർത്തകളിലെ കഥാപാത്രങ്ങളിലേറെയും ഇടതുരാഷ്രീയത്തിൽ പെട്ടവരാണ്. ഇത് ഇടത് രാഷ്​​ട്രീയമല്ല, ഇടത്​ ആവരണമിട്ടുകൊണ്ടുള്ള ഫ്യൂഡൽ പ്രവർത്തനമാണ്.

Tags:    
News Summary - Left veiled feudalism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.