‘വീട്ടിലിരുന്നുള്ള സമ്പാദ്യം’ പോലുള്ള പാർട്ട് ടൈം ജോലി വാഗ്ദാനങ്ങളിലും ഗെയിം കളിച്ച് പണം സമ്പാദിക്കാമെന്ന സമൂഹമാധ്യമ പരസ്യങ്ങളിലും വരെ മ്യൂൾ ചതിക്കുഴികൾ പതിയിരിപ്പുണ്ട്. വിദ്യാർഥികൾക്കിടയിലെ വർധിച്ച ഡിജിറ്റൽ പരിജ്ഞാനവും അക്കൗണ്ടുകൾ തുറക്കാനുള്ള നിലവിലെ സുതാര്യമായ ബാങ്കിങ് സാഹചര്യവും ഒപ്പം പോക്കറ്റ് മണിയുടെ ആവശ്യകതയുമെല്ലാം കുറ്റവാളികൾക്ക് അനുകൂല സാഹചര്യമൊരുക്കും. ‘എനിക്ക് നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കാൻ കഴിയുമോ? അതിന് പണം കിട്ടും’ എന്നതുപോലുള്ള നിരുപദ്രവകരമായ ഓൺലൈൻ ചാറ്റുകളിൽ നിന്നാണ് പലപ്പോഴും റിക്രൂട്ട്മെന്റ് ആരംഭിക്കുന്നത്.
‘മണി മ്യൂളുകൾ’ പല മാർഗങ്ങളിലൂടെയാണ് പണം കൈമാറ്റം ചെയ്യുന്നത്. ബാങ്ക് അക്കൗണ്ടുകൾ, ചെക്കുകൾ, വെർച്വൽ കറൻസി, ഡെബിറ്റ് കാർഡുകൾ, പണമിടപാട് സേവന സ്ഥാപനങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടാം. ഉയർന്ന ലാഭം വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ ട്രേഡിങ്, ക്രിപ്റ്റോ കറൻസി എന്നിവയിൽ വരെ അപായക്കെണിയുണ്ട്. ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വ്യാജ പരസ്യങ്ങളാണ് പ്രധാനം.
ജോലിയുടെ പേരിൽ ആശയവിനിമയം നടത്തുന്ന ‘തൊഴിലുടമ’ ജി-മെയിൽ പോലുള്ള പൊതുവായ വെബ് അധിഷ്ഠിത ഇ-മെയിൽ സേവനങ്ങളാണ് ഉപയോഗിക്കുക. ഔദ്യോഗിക ഡൊമെയ്നുകൾ ഇവർ ആശ്രയിക്കില്ല. ജോലിയുടെ വിവരണം അവ്യക്തമായിരിക്കും. പണം സ്വീകരിക്കുന്നതിലും കൈമാറ്റം ചെയ്യുന്നതിലും മാത്രമായിരിക്കും ശ്രദ്ധ. ഇൻസ്റ്റഗ്രാം, ടെലഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകൾ വഴി ഇത്തരത്തിൽ റിക്രൂട്ട്മെന്റ് വർധിക്കുകയാണ്. ഇതാകട്ടെ ക്രിമിനൽ ശൃംഖലകൾക്ക് വലിയ തോതിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ അവസരമാണ് നൽകുന്നത്.
•അറിയാതെ പങ്കാളികളാകുന്നവർ
തങ്ങൾ ഒരു വലിയ ക്രിമിനൽ പദ്ധതിയുടെ ഭാഗമാണെന്ന് അറിയാതെ കുടുങ്ങിപ്പോകുന്നവരാണ് ഈ വിഭാഗം. വിദ്യാർഥികളാണ് ഭൂരിപക്ഷവും. കൈമാറ്റം ചെയ്യുന്ന പണത്തിന്റെ ഒരു ഭാഗം കമീഷനായി കിട്ടുമെന്നതാണ് ആകർഷണം. എന്താണ് ഇടപാട് എന്നത് മനസ്സിലാക്കാതെ കമീഷൻ മാത്രം മുന്നിൽ കണ്ടാണ് ഇവർ കൈകൊടുക്കുന്നത്. വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വാഗ്ദാനങ്ങളിൽ വീണ്, അക്കൗണ്ടിലെത്തുന്ന പണം മാറി നൽകിയാകാം ഇവർ പങ്കാളികളാകുന്നത്. വ്യക്തിഗത അക്കൗണ്ടുകളാകും ഇവർ ഉപയോഗിക്കുക.
•അറിവോടെ പങ്കാളികളാകുന്നവർ
നിയമവിരുദ്ധ പ്രവർത്തനമാണെന്ന കൃത്യമായ ധാരണയോടെ പണമിടപാട് നടത്തുന്നവരാണ് ഈ വിഭാഗം. ബാങ്ക് ജീവനക്കാർ മുന്നറിയിപ്പ് നൽകിയിട്ടുപോലും സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി ഇവർ ഒന്നിലധികം അക്കൗണ്ടുകൾ തുറക്കുകയും പങ്കാളിത്തം തുടരുകയും ചെയ്യും.
•സജീവ പങ്കാളികൾ
തങ്ങളുടെ പങ്ക് എന്താണെന്ന് പൂർണമായി അറിഞ്ഞുകൊണ്ട് സജീവമായി ക്രിമിനൽ ശൃംഖലയിൽ പങ്കെടുക്കുന്നവരാണിവർ. മിക്കവാറും ഇടനിലക്കാരായി പ്രവർത്തിക്കുന്നത് ഈ വിഭാഗമാണ്. ഇവർ തട്ടിപ്പ് ആവശ്യങ്ങൾക്കായി തുടർച്ചയായി ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയും തങ്ങളുടെ സേവനങ്ങൾ പരസ്യപ്പെടുത്തുകയും മറ്റുള്ളവരെ റിക്രൂട്ട് ചെയ്യുകയും ചെയ്യാം. വിദ്യാർഥികളെയും വീട്ടമ്മമാരെയും പോലുള്ള അധിക വരുമാനം ആവശ്യമുള്ളവരെ കണ്ണിചേർക്കുന്നത് ഇവരാണ്. സാമ്പത്തിക നേട്ടമാണ് ഇവരുടെ പ്രധാന പ്രേരണ.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.