സമുദ്രത്തിൽനിന്ന് സമൃദ്ധിയിലേക്ക്; പുതുയുഗ കേരളത്തിന്റെ മാരിടൈം കുതിപ്പ്
‘നയരൂപവത്കരണത്തിൽനിന്ന് പ്രായോഗികതയിലേക്ക്: സമുദ്രമേഖലയിലെ മികവിന് കരുത്തേകുന്നു’ എന്ന സന്ദേശവുമായാണ് ലോകം ഇന്ന് അന്താരാഷ്ട്ര മാരിടൈം ദിനം ആചരിക്കുന്നത്. നയങ്ങളും പദ്ധതികളും കേവലം കടലാസിലൊതുങ്ങാതെ ജനജീവിതത്തിൽ പ്രകടമായ മാറ്റമുണ്ടാക്കുമ്പോഴാണ് അവ അർഥപൂർണമാകുന്നത്. കപ്പലുകളിലും തുറമുഖങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല ഇന്നത്തെ സമുദ്ര സമ്പദ്‌വ്യവസ്ഥ; മറിച്ച് ലോജിസ്റ്റിക്സ്, സമുദ്രസാങ്കേതികവിദ്യ, നിയമം, ആർബിട്രേഷൻ, പുനരുപയോഗ ഊർജം തുടങ്ങി അനന്തസാധ്യതകളുള്ള വലിയൊരു ‘ബ്ലൂ ഇക്കോണമി’യാണ് ലോകത്തിനു മുന്നിലുള്ളത്.
മിഷൻ സമുദ്ര: സമഗ്രദർശനം
കേരളത്തിന്റെ ചരിത്രവും സംസ്കാരവും എക്കാലവും കടലുമായി ഇഴചേർന്നു കിടക്കുന്നതാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി പോർട്ട്, മറ്റ് ചെറുകിട തുറമുഖങ്ങൾ, ഉൾനാടൻ ജലപാതകൾ, വിമാനത്താവളങ്ങൾ, റോഡ്-റെയിൽ ശൃംഖല എന്നിവയെ ഒരൊറ്റ സാമ്പത്തിക കാഴ്ചപ്പാടിൽ കോർത്തിണക്കാനാണ് 400 കോടി രൂപ വകയിരുത്തി ‘മിഷൻ സമുദ്ര’ ആരംഭിച്ചത്. ഇത് വെറുമൊരു തുറമുഖ വികസനപദ്ധതിയല്ല, മറിച്ച് കേരളത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യമിടുന്ന ദീർഘകാല കാഴ്ചപ്പാടാണ്.
ഏകോപനവും വിപണിസാധ്യതയും
തീരദേശകേരളവും ഉൾനാടൻ കേരളവും രണ്ടല്ല, ഒന്നാണ്. വിമാനത്താവളങ്ങളും ജലപാതകളും റെയിൽ-റോഡ് ശൃംഖലകളും പരസ്പരം ബന്ധിപ്പിക്കുന്നതോടെ ഉൾനാടൻ ഗ്രാമങ്ങളിലെ കർഷകർക്കും ചെറുകിട സംരംഭകർക്കും ലോകവിപണിയിലേക്ക് വഴിതുറക്കും. നാളികേരം, റബർ, കയർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ അസംസ്കൃത വസ്തുക്കളായി മാത്രമല്ല, മികച്ച മൂല്യവർധിത ഉൽപന്നങ്ങളായി തുറമുഖങ്ങൾ വഴി പുറംലോകത്തെത്തണം. തുറമുഖങ്ങളുടെ വിജയം കൈകാര്യം ചെയ്യുന്ന കണ്ടെയ്നറുകളുടെ എണ്ണത്തിൽ മാത്രമല്ല, അതിനുള്ളിൽ നമ്മുടെ നാടിന്റെ ഉൽപന്നങ്ങൾ എത്രത്തോളമുണ്ടെന്നതിലും അളക്കപ്പെടണം.
ജനകീയ പങ്കാളിത്തവും വിജ്ഞാന കേന്ദ്രവും
കേരളം വിഭാവനം ചെയ്യുന്ന പദ്ധതിയിൽ മത്സ്യത്തൊഴിലാളികൾ ഒരിക്കലും കാഴ്ചക്കാരല്ല. അവരുടെ അനുഭവസമ്പത്തും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് കോൾഡ് ചെയിൻ, സംസ്കരണം, വിപണനം എന്നിവ വികസിപ്പിക്കണം. കടലിൽനിന്ന് സമ്പത്ത് സൃഷ്ടിക്കുമ്പോൾ, കടലിനെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളിലേക്കാണ് അതിന്റെ ആദ്യനേട്ടം എത്തേണ്ടത്. അതോടൊപ്പം പരിസ്ഥിതിക്ക് കോട്ടം തട്ടാത്തവിധം ബീച്ചുകൾ, കായലുകൾ, പൈതൃകകേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ചുള്ള കോസ്റ്റൽ-മാരിടൈം ടൂറിസവും ശക്തിപ്പെടുത്തണം. അടിസ്ഥാനസൗകര്യങ്ങൾക്കൊപ്പം കേരളം ലോകോത്തര ‘മാരിടൈം നോളജ് ഹബ്ബ്’ ആയി മാറണം. മാരിടൈം മ്യൂസിയം, ഓഷ്യനേറിയം, അക്കാദമിക് ഗവേഷണകേന്ദ്രങ്ങൾ, അന്താരാഷ്ട്ര ആർബിട്രേഷൻ സംവിധാനങ്ങൾ എന്നിവ യാഥാർഥ്യമാക്കണം. ഇത് ഷിപ്പിങ്, പോർട്ട് മാനേജ്‌മെന്റ്, മറൈൻ ഇൻഷുറൻസ്, എ.ഐ, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ പുത്തൻ മേഖലകളിൽ നമ്മുടെ യുവതലമുറയ്ക്ക് തൊഴിലും മികച്ച സംരംഭകസാധ്യതകളും തുറന്നുനൽകും.
വിവാദമല്ല, വിവേക പൂർണമായ വികസനം
ഷിപ്പിങ്, വ്യാപാര മേഖലകളിൽ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പ്രവാസിമലയാളികളുടെ പരിചയസമ്പത്തും നിക്ഷേപങ്ങളും ഈ മുന്നേറ്റത്തിന് കരുത്താകണം. വികസനവിഷയങ്ങളിൽ രാഷ്ട്രീയവ്യത്യാസങ്ങൾ മാറ്റിവെച്ചുള്ള കൂട്ടായ്മയാണ് നാടിന് ആവശ്യം. നമുക്ക് വേണ്ടത് വിവാദങ്ങളുടെ ശബ്ദമല്ല, വികസനത്തിന്റെ വ്യക്തമായ ദിശാബോധമാണ്. കടൽ നമ്മുടെ അതിരല്ല; അത് കേരളത്തിന്റെ പുതിയ കവാടമാണ്. ആ കവാടത്തിലൂടെ നമുക്ക് ഒന്നിച്ചു മുന്നേറാം-തൊഴിലിലേക്കും സംരംഭങ്ങളിലേക്കും അറിവിലേക്കും നിക്ഷേപത്തിലേക്കും സുസ്ഥിരമായ സമൃദ്ധിയിലേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.