?????? ??????, ????????? ????????, ???????? ?????

സൈനിക നടപടികളും രാഷ്ട്രീയ സങ്കുചിതത്വവും

രാഷ്ട്രീയ പക്ഷ പാതിത്വമാണ് സമകാല പാര്‍ട്ടി നേതാക്കളുടെ മുഖമുദ്രയെന്ന് കരുതാന്‍ ന്യായങ്ങളുണ്ട്. പ്രതിരോധ-സുരക്ഷാ വിഷയങ്ങളെ പോലും അവര്‍ ഇത്തരമൊരു വീക്ഷണത്തോടെയാണ് സമീപിച്ചുകൊണ്ടിരിക്കുന്നത്. മുന്‍കാലത്ത് പ്രതിരോധം രാജ്യത്തിന്‍െറ പൊതു ഉത്കണ്ഠയായി കരുതപ്പെട്ടിരുന്നു. അതുകൊണ്ടായിരുന്നു ബംഗ്ളാദേശ് വിമോചനത്തിനുവേണ്ടിയുള്ള 1971ലെ യുദ്ധകാലത്ത് ഇന്ത്യയുടെ കാഴ്ചപ്പാട് വിശദീകരിക്കാന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ജയപ്രകാശ് നാരായണനെ (ജെ.പി) ചുമതലപ്പെടുത്തിയത്. അഴിമതിയുടെ പേരില്‍ ഇന്ദിരയേയും കോണ്‍ഗ്രസിനേയും കശക്കിയ വ്യക്തിയാണ് ജെ.പി. തന്നെ അതിന്‍െറ പേരില്‍ ഇന്ദിര അപകീര്‍ത്തിപ്പെടുത്തിയിട്ടും ഇന്ദിരയുടെ അഭ്യര്‍ഥന സ്വീകരിച്ച് വിദേശത്ത് പോകുന്നതില്‍ ജെ.പി സങ്കോചമൊന്നും കാട്ടിയില്ല. സുരക്ഷ, സൈനികരുടെ അന്തസ്സ്, ജീവാര്‍പ്പണം തുടങ്ങിയവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ മുതലെടുപ്പുകള്‍ അക്കാലത്ത് നടമാടിയിരുന്നില്ല.

1971ലെ യുദ്ധവിജയ വേളയില്‍ ‘ദുര്‍ഗ’ എന്ന് എ.ബി. വാജ്പേയി ഇന്ദിര ഗാന്ധിയെ വാഴ്ത്തുകയുണ്ടായി. യുദ്ധവിജയത്തെ സൈനികരുടെമാത്രം വിജയമായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്നുമില്ല. ഇന്ദിര ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിന്‍െറ വിജയം കൂടിയായി യുദ്ധവിജയം ആഖ്യാനം ചെയ്യപ്പെട്ടു. രണ്ടാം ലോകയുദ്ധ വിജയം സഖ്യകക്ഷികളുടെ വിജയമായിരുന്നെങ്കിലും ബ്രിട്ടനില്‍ അത് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍െറ വിജയമായാണ് ആഘോഷിക്കപ്പെട്ടത്. രാഷ്ട്രീയ പ്രതിയോഗികളില്‍ ആര്‍ക്കും അതില്‍ പ്രതിഷേധം ഉണ്ടായിരുന്നില്ല.

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യത്തില്‍ ഏര്‍പ്പെട്ട സി.പി.എം ഇപ്പോള്‍ രാഹുല്‍ഗാന്ധിയെ പിന്തുണക്കാനുള്ള വ്യഗ്രതയിലാണ്. ഹിറ്റ്ലര്‍ക്കെതിരായ യുദ്ധത്തില്‍ സോവിയറ്റ് ചെമ്പട വിസ്മയകരമായ വിജയമാണ് കാഴ്ചവെച്ചത്. എന്നാല്‍, വിജയത്തിന്‍െറ ക്രെഡിറ്റ് സര്‍വരും ജോസഫ് സ്റ്റാലിന് നല്‍കി. ജനങ്ങളുടെ പ്രശംസയല്ല സൈനികര്‍ക്ക് വേണ്ടത്. അവരാഗ്രഹിക്കുന്നതും അര്‍ഹിക്കുന്നതും ആദരവാണ്.
ഇന്ത്യ-പാക് യുദ്ധവിജയത്തിന്‍െറ പശ്ചാത്തലത്തില്‍ പൊതുതെരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ ഇന്ദിര ഗാന്ധി തീരുമാനിച്ചത് രാഹുലിനെ ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുന്നു. 1972 ഫെബ്രുവരിയില്‍ നടത്തേണ്ട പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ ഇന്ദിര ഡിസംബര്‍ 27നു തന്നെ സഭ പിരിച്ചുവിട്ടു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് വന്‍ ഭൂരിപക്ഷം. എന്നാല്‍, യുദ്ധവിജയത്തെ രാഷ്ട്രീയ മുതലെടുപ്പിന് ദുരുപയോഗം ചെയ്തു എന്ന ആരോപണം അപ്പോള്‍ ഒരാളും ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ നരേന്ദ്ര മോദിക്കെതിരെ ആക്ഷേപമുന്നയിക്കുന്ന രാഹുല്‍ ഇന്ദിരയുടെ ഈ തന്ത്രത്തെ എങ്ങനെയാകും വിലയിരുത്തുക?

ഉറി സൈനിക ക്യാമ്പില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തോടുള്ള സര്‍ക്കാറിന്‍െറ പ്രതികരണം മോശമായിരുന്നു എന്ന് ആരോപണം ഉയരുകയുണ്ടായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ സൈനികവിദഗ്ധര്‍ പ്രതിപക്ഷം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വൃത്തങ്ങളുമായി കൂടിയാലോചന നടത്തിയശേഷം തിരിച്ചടി നല്‍കുക എന്നതാണ് സ്വാഭാവിക രീതി. എന്നാല്‍, അത്തരമൊരു ചര്‍ച്ചക്ക് നില്‍ക്കാതെ ആയിരുന്നു മോദി സര്‍ജിക്കല്‍ സ്ട്രൈക്കുമായി മുന്നേറിയത്. അതോടെ ആക്രമണത്തിനുള്ള തെളിവ് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗപ്രവേശം ചെയ്തു. മുഖംരക്ഷിക്കേണ്ട പരുവത്തിലായി ഭരണകര്‍ത്താക്കള്‍. രാഷ്ട്രീയപക്വത കൈമുതലായി ഉണ്ടായിരുന്നുവെങ്കില്‍ വിവാദങ്ങള്‍ ഇതോടെ അവസാനിക്കുമായിരുന്നു.
എന്നാല്‍, തുടക്കത്തില്‍ ഉത്തരവാദിത്തബോധത്തോടെ പെരുമാറിയ രാഹുല്‍ പിന്നീട് കക്ഷിരാഷ്ട്രീയത്തിന്‍െറ നിലവാരത്തിലേക്ക് തരംതാഴ്ന്നു. അസ്വീകാര്യമായ ഭാഷകളില്‍ മോദിക്കുനേരെ ആക്രമണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ‘മോദി സൈനികരുടെ രക്തത്തിന് പിന്നില്‍ ഒളിക്കുന്നു. സൈനികരുടെ ചോര വില്‍ക്കുന്നു’ തുടങ്ങിയവയായിരുന്നു രാഹുലിന്‍െറ ആക്ഷേപങ്ങള്‍. രാജ് ബബ്ബാറിന്‍െറ ‘ഇന്‍സാഫ് കാ തറാസു’ എന്ന സിനിമയിലെ വാക്യങ്ങള്‍ ഉദ്ധരിച്ച് കോണ്‍ഗ്രസ് നീതി നടപ്പാക്കി, മോദി നീതി നടപ്പാക്കിയില്ല’ എന്ന് ചൂണ്ടിക്കാട്ടി സ്വന്തം വാദങ്ങള്‍ക്ക് ശക്തിപകരാനും രാഹുല്‍ ശ്രമിക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ ഈ ചലച്ചിത്രത്തിലെ വാചകങ്ങള്‍ക്ക് നിലവിലെ സാഹചര്യവുമായി വല്ല ബന്ധവും പ്രസക്തിയുമുണ്ടോ?

ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുപ്പുകളും പ്രചാരണകാല വിവാദങ്ങളും സ്വാഭാവികം മാത്രം. എന്നാല്‍, കോണ്‍ഗ്രസും  ഇടതുപക്ഷവും ഇപ്പോള്‍ പ്രയോഗിക്കുന്ന അടവുകള്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് തീണ്ടാത്ത കോപ്രായങ്ങളായേ വിലയിരുത്താനാകൂ.
നിയന്ത്രണരേഖ ആദ്യമായി മറികടന്നത് കോണ്‍ഗ്രസ് പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രി ആയിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ ചൂണ്ടിക്കാട്ടിയത് നേരുതന്നെ. എന്നാല്‍, ശാസ്ത്രിയുടെ ഇക്കഴിഞ്ഞ ജന്മദിനത്തില്‍ അദ്ദേഹത്തിന്‍െറ സമാധിയില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍പോലും എത്തിയിരുന്നില്ല എന്നത് ലജ്ജാകരമാണ്.

അതേസമയം, യു.പി തെരഞ്ഞെടുപ്പ് ഉന്നമിട്ട് ബി.ജെ.പി നടത്തുന്ന അവകാശവാദങ്ങളും ആശാസ്യകരമല്ല. മിന്നലാക്രമണം മോദിയുടേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടേയും പ്രത്യേക ഉത്തരവ് പ്രകാരം നടന്നെന്ന രീതിയിലുള്ള പ്രചാരണവും മുസ്ലിം വിരുദ്ധ വികാരം സൃഷ്ടിക്കാനുള്ള അടവുകളും തുടരുകയാണ് ബി.ജെ.പി. ദാദ്രിയില്‍ അഖ്ലാഖിനെ വധിച്ച കേസില്‍ പ്രതിയെ വിട്ടയച്ചും ഭീകരാക്രമണത്തില്‍ പരിക്കേറ്റ കുടുംബത്തിന് അസാധാരണ തോതിലുള്ള നഷ്ടപരിഹാരം പ്രഖ്യാപിച്ചും മറ്റുമുള്ള സ്റ്റണ്ടുകളും പാര്‍ട്ടി അവലംബിച്ചിരിക്കുന്നു. ഈ ഘട്ടത്തില്‍ പാക് കലാകാരന്മാര്‍ക്കും നടന്മാര്‍ക്കും ഇന്ത്യന്‍ സിനിമകളില്‍ പങ്കാളിത്തം നിഷേധിക്കുന്ന പ്രവണത അസ്വാസ്ഥ്യജനകമാണ്. സിനിമ, സംഗീതം, നാടകം തുടങ്ങിയവ ഉപഭൂഖണ്ഡത്തിന്‍െറ പൊതുപൈതൃകമാണെന്ന യാഥാര്‍ഥ്യം വിസ്മരിക്കപ്പെടുന്നത് ശുഭസൂചനയല്ല.

സിയാമീസ് ഇരട്ടകളായാണ് ഞാന്‍ ഇന്ത്യയേയും പാകിസ്താനേയും വീക്ഷിക്കുന്നത്. ശത്രുതകൊണ്ട് നമുക്ക് പരസ്പരം നശിപ്പിക്കുന്ന സംഹാരമൂര്‍ത്തികളാകാം. മൈത്രിയിലൂടെ നമുക്ക് ലോകനേതാക്കളുമാകാം. ലാഹോറില്‍ 25 വര്‍ഷത്തോളം ചെലവിട്ട് പഞ്ചാബി സംസ്കാരം സ്വാംശീകരിച്ചവന്‍െറ ഭോഷ്കായി നിങ്ങള്‍ ഇതിനെ പരിഹസിക്കുന്നുവെങ്കില്‍ ആ മാനഹാനി സ്വയം സഹിക്കാന്‍ എന്നെ അനുവദിക്കുക.
(മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസുമാണ് ലേഖകന്‍)

Tags:    
News Summary - indian army attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.