വോട്ടുകള്‍ ഏകീകരിക്കാന്‍ ഇനിയെത്ര മുന്നണികള്‍!

ഉത്തര്‍പ്രദേശിന്‍െറ ചരിത്രത്തിലാദ്യമായി ദലിത് വോട്ട്ബാങ്കിനൊപ്പം ബ്രാഹ്മണ വോട്ടുകള്‍ സമാസമം ചേര്‍ത്ത് അധികാരത്തിലേറിയ മായാവതി ബ്രാഹ്മണര്‍ക്ക് പകരം മുസ്ലിം വോട്ട്ബാങ്കിനെ കൂടെ നിര്‍ത്തി ഇത്തവണ അധികാരം തിരിച്ചുപിടിക്കാന്‍ പരിശ്രമിക്കുമ്പോഴാണ് സമാജ്വാദി പാര്‍ട്ടിക്കെതിരായ വികാരമത്രയും ജനം മറന്നുപോകുന്ന തരത്തില്‍ യാദവ കലഹം തെരഞ്ഞെടുപ്പ് ചിത്രത്തെ മാറ്റിമറിച്ചത്.

മുസ്ലിം സമുദായത്തെ അടുപ്പിക്കാന്‍ മായാവതി നിയോഗിച്ച നസീമുദ്ദീന്‍ സിദ്ദീഖി ലഖ്നോവിലെ ഒരു ഡസനോളം മുസ്ലിം പണ്ഡിതരുമായും നേതാക്കളുമായുമുള്ള ചര്‍ച്ച തിങ്കളാഴ്ച മുഴുമിക്കുന്നതിനിടയിലാണ് പാര്‍ട്ടി പേരും ചിഹ്നവും ലഭിച്ച അഖിലേഷ് യാദവ് കോണ്‍ഗ്രസുമായും മറ്റു കക്ഷികളുമായും വിശാല സഖ്യമുണ്ടാക്കുമെന്ന പ്രഖ്യാപനം പുറത്തുവരുന്നത്.

സമാജ്വാദി പാര്‍ട്ടിക്കകത്തുണ്ടായ സംഭവവികാസങ്ങള്‍ മായാവതിയുടെ കണക്കുകൂട്ടലുകളെ മാറ്റിമറിക്കുമെന്ന വിശ്വാസത്തിലാണ് അഖിലേഷ് യാദവ്. മുസഫര്‍നഗര്‍ കലാപവും ദാദ്രി സംഭവവും തന്‍െറ സര്‍ക്കാറിനെക്കുറിച്ച് മുസ്ലിം ജനസാമാന്യത്തിനിടയിലുണ്ടാക്കിയ അവിശ്വാസത്തെ മായ്ച്ചുകളയാന്‍ യാദവ കലഹത്തിന് കഴിയുമെന്നാണ് അഖിലേഷ് കണക്കുകൂട്ടുന്നത്്. പാര്‍ട്ടിക്കുള്ളിലെ അഴിമതിക്കാരോടും അവസരവാദക്കാരോടും പോരാടിയ യുവനേതാവ് എന്ന പ്രതിച്ഛായയോടെ കോണ്‍ഗ്രസുമായും മറ്റു ചെറിയ മതേതര കക്ഷികളുമായും സഖ്യമുണ്ടാക്കിയാല്‍ ബി.ജെ.പിക്കെതിരായ മുസ്ലിംകളുടെ പുത്തന്‍ പ്രതീക്ഷയായി അത് മാറുമെന്നാണ് അഖിലേഷ് കരുതുന്നത്.

2012ലെ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്‍െറ 29.15 ശതമാനം നേടിയാണ് അഖിലേഷ് യാദവ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. ഈ വോട്ടിലൂടെ ആകെയുള്ള 403ല്‍ 224 സീറ്റും സമാജ്വാദി പാര്‍ട്ടി നേടി. ആകെ വോട്ടര്‍മാരില്‍ 19.3 ശതമാനം മുസ്ലിംകളാണ്. അധികാരം കൈയാളുന്ന യാദവര്‍ കേവലം 8.7 ശതമാനം മാത്രമേയുള്ളൂ. 73 മണ്ഡലങ്ങളില്‍ മുസ്ലിം വോട്ടുകള്‍ 30 ശതമാനത്തിലേറെ വരും. ഇതിനു പുറമെ 70 മണ്ഡലങ്ങളില്‍ 20 മുതല്‍ 30 വരെ ശതമാനം  മുസ്ലിം വോട്ടുകളുണ്ട്. മുസ്ലിംകള്‍ കൂടെയില്ളെങ്കില്‍ പിന്നെ യാദവ രാഷ്ട്രീയത്തിന് യു.പിയില്‍ നിലനില്‍പേയില്ല.

ബാബരി മസ്ജിദ് തകര്‍ച്ചയോടെ കോണ്‍ഗ്രസില്‍നിന്ന് കുത്തിയൊലിച്ചുപോയ മുസ്ലിം വോട്ട്ബാങ്കിന്‍െറ സിംഹഭാഗവും സ്വന്തമാക്കി സമാജ്വാദി പാര്‍ട്ടി ഇതുവെച്ച് യാദവ-മുസ്ലിം രാഷ്ട്രീയം കളിക്കുകയായിരുന്നു യു.പിയില്‍ ഇതുവരെ. യു.പി രാഷ്ട്രീയത്തില്‍ യാദവ-മുസ്ലിം ശാക്തിക ചേരിയുണ്ടാക്കിയതിന്‍െറ ഗുണഫലം യാദവര്‍ക്കാണെന്നതിന് എസ്.പിയുടെ ഏത് ഭരണവും സാക്ഷ്യംവഹിക്കും.

എന്നിട്ടും പ്രീണിപ്പിക്കാനെങ്കിലും തങ്ങളെ പരിഗണിക്കുന്ന ഒരു പാര്‍ട്ടി സമാജ്വാദി പാര്‍ട്ടിയാണെന്ന മനോഭാവത്തില്‍ അവരോട് ഒട്ടിനില്‍ക്കുകയാണ് വലിയൊരു വിഭാഗം മുസ്ലിംകളും ചെയ്തത്. പോയ അഞ്ചു വര്‍ഷത്തിനിടയില്‍ എണ്ണമറ്റ വര്‍ഗീയ സംഘര്‍ഷങ്ങളുടെ കറപുരണ്ടു നില്‍ക്കുമ്പോഴും മുസ്ലിംവോട്ടുകള്‍ തന്‍െറ പെട്ടിയില്‍തന്നെ വീഴുമെന്ന വിശ്വാസം അഖിലേഷ് മുറുകെപ്പിടിക്കുന്നതും ഇതുകൊണ്ടാണ്. സമാജ്വാദി പാര്‍ട്ടിയുടെ മുസ്ലിം മുഖമായി ഉയര്‍ത്തിക്കാണിക്കാറുള്ള സ്ഥാപക നേതാവ് അഅ്സം ഖാന്‍ കുടുംബകലഹത്തില്‍ അഖിലേഷിനൊപ്പമാണു താനും.

അഖിലേഷിന്‍െറ നേതൃത്വത്തിലുള്ള വിശാല മുന്നണിയായി നിന്നാല്‍ ബാബരി ധ്വംസനത്തോടെ തങ്ങളെ കൈവിട്ട മുസ്ലിം സമുദായവുമായി ഒരു പാലം പണിയാന്‍ കഴിയുമെന്നും അത് കോണ്‍ഗ്രസിന്‍െറ ഭാവിയിലേക്കുള്ള മുതല്‍മുടക്കായിരിക്കുമെന്നും സഖ്യത്തിനോടുന്ന രാഹുല്‍ ഗാന്ധിക്കുമറിയാം. അഖിലേഷിനൊപ്പം കൂടുമ്പോഴും കോണ്‍ഗ്രസിന്‍െറയും ഒരു കണ്ണ് മുസ്ലിംവോട്ടുകളിലാണെന്നു വേണം മനസ്സിലാക്കാന്‍.

മായാവതിയുടെ ദലിത്-മുസ്ലിം ഏകീകരണം
ഉത്തര്‍പ്രദേശില്‍ അധികാരം തിരിച്ചുപിടിക്കാന്‍ യാദവരോടൊപ്പം സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന് നില്‍ക്കുന്ന മുസ്ലിംകളെ അടര്‍ത്തി ദലിതുകള്‍ക്കൊപ്പം ബി.എസ്.പിയില്‍ നിര്‍ത്താന്‍ ഏതാനും വര്‍ഷമായി പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു മായാവതി.  മുസ്ലിംകള്‍ കൂടുതലുള്ള പടിഞ്ഞാറന്‍ യു.പിയുടെ ചുമതല പാര്‍ട്ടിയുടെ മുസ്ലിം മുഖമായ ജനറല്‍ സെക്രട്ടറി നസീമുദ്ദീന്‍ സിദ്ദീഖിക്ക് നല്‍കിയ അവര്‍ മുറാദാബാദ്, അലീഗഢ്, ആഗ്ര, ബറേലി, സഹാറന്‍പുര്‍, മീറത്ത് എന്നീ ഡിവിഷനുകളുടെ  ‘മുസ്ലിം ഭായ്ചാര’ ഇന്‍ചാര്‍ജ് ആയി അദ്ദേഹത്തിന്‍െറ മകനും യുവജന നേതാവുമായ അഫ്സല്‍ സിദ്ദീഖിക്കും കൊടുത്തു.

97 മണ്ഡലങ്ങളില്‍ അവരിത്തവണ മുസ്ലിം സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. ആകെ 401 നിയമസഭ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശിന്‍െറ നാലിലൊന്നോളം വരുമിത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 61 മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയ സ്ഥാനത്താണിത്. ബ്രാഹ്മണ-ദലിത് സഖ്യത്തിന്‍െറ കാലത്ത് 139 ഉന്നത ജാതിക്കാരെ ബി.എസ്.പി ടിക്കറ്റില്‍ മത്സരിപ്പിച്ച് അധികാരത്തിലേറിയ മായാവതി ‘ദലിത് മുസ്ലിം ഐക്യത്തിന്‍െറ ഈ തെരഞ്ഞെടുപ്പി’ല്‍ ഇവരുടെ എണ്ണം 111 ആക്കി ചുരുക്കുകയും ചെയ്തു.

കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന തിരിച്ചറിവുകൂടിയാണ് ദലിത്-ബ്രാഹ്മണ രാഷ്ട്രീയ സമവാക്യത്തില്‍നിന്ന് ദലിത്-മുസ്ലിം ഐക്യമെന്ന തന്ത്രത്തിലേക്ക് മായാവതിയെ എത്തിച്ചത്. ബ്രാഹ്മണരുമായുള്ള ചങ്ങാത്തം മായാവതിക്ക് കിട്ടാറുള്ള അബ്രാഹ്മണരുടെ വോട്ടില്‍ വലിയ കുറവുണ്ടാക്കി.

ബി.എസ്.പിക്കുണ്ടായിരുന്ന 86 ശതമാനം ജാട്ട് സമുദായത്തിന്‍െറ പിന്തുണ 62 ആയും വാല്മീകി സമുദായത്തിന്‍െറത് 71ല്‍നിന്ന് 42 ശതമാനമായും കുത്തനെ ഇടിഞ്ഞു. മറ്റു പട്ടികജാതിക്കാരായ 58 ശതമാനം പേര്‍ 2007ല്‍  ബി.എസ്.പിക്ക് വോട്ടുചെയ്തിരുന്നുവെങ്കിലും 2012ല്‍ ഇതും 13 ശതമാനം കുറഞ്ഞ് 45ലത്തെി.
ഡല്‍ഹിയിലെ ‘സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസ്’ (സി.എസ്.ഡി.എസ്) നടത്തിയ പഠനത്തില്‍ ഉത്തര്‍പ്രദേശില്‍ ബി.എസ്.പിക്ക് വോട്ട് ചെയ്യുന്ന മുസ്ലിംകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടെന്ന് കണ്ടത്തെിയിരുന്നു.

2007ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിക്ക് 17 ശതമാനം മുസ്ലിംകളാണ് വോട്ട് ചെയ്തിരുന്നതെങ്കില്‍ 2012ല്‍ ഇത് 20 ശതമാനമായി ഉയര്‍ന്നു. മറുഭാഗത്ത് സമാജ്വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്ന മുസ്ലിംകളുടെ എണ്ണത്തില്‍ കുറവും അനുഭവപ്പെട്ടു. 2007ല്‍ 45 ശതമാനം മുസ്ലിംകള്‍ സമാജ്വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്തപ്പോള്‍ 2012ല്‍ ഇത് 39 ശതമാനമായി താഴ്ന്നു. ഈ ചോര്‍ച്ചയുടെ വ്യാപ്തി പരമാവധി വര്‍ധിപ്പിക്കാനാണ് മായാവതിയുടെ പരിശ്രമം.

ദലിത്-മുസ്ലിം ഐക്യബോധം അടിത്തട്ടിലത്തെിക്കുന്നതിന് പ്രാദേശിക, മേഖല തലത്തില്‍ മുസ്ലിം-ദലിത് നേതാക്കളുടെ സംയുക്ത സമിതികളുണ്ടാക്കിയിരുന്നു മായാവതി. ബി.ജെ.പിയെ ലക്ഷ്യമിട്ട് ദലിത്, മുസ്ലിം ബസ്തികള്‍ ബി.എസ്.പി നേതാക്കള്‍ സന്ദര്‍ശിച്ചുകൊണ്ടിരുന്നു. ബി.ജെ.പിയും സമാജ്വാദി പാര്‍ട്ടിയും തമ്മിലുള്ള അദൃശ്യമായ സഖ്യത്തെക്കുറിച്ച് മുസ്ലിം ബസ്തികളെ ബോധവത്കരിച്ച ഈ നേതാക്കള്‍ മായാവതി അധികാരത്തിലത്തെിയാല്‍ ഉത്തര്‍പ്രദേശില്‍ കലാപമുണ്ടാകില്ളെന്ന ഉറപ്പും നല്‍കിയാണ് തിരിച്ചുപോരുന്നത്. മുസ്ലിം സമുദായത്തെ പൊതുവിലാണ് മായാവതി അഭിസംബോധന ചെയ്യുന്നതെങ്കിലും ഉത്തര്‍പ്രദേശ് മുസ്ലിംകളിലെ അസ്ലഫ്, അര്‍സല്‍, അന്‍സാരി, ഗഡ്ഡി, തട്വ, ഫഖീര്‍, ഹലാഖോര്‍ ജാതികളെയാണ് ബി.എസ്.പി പ്രധാനമായും ലക്ഷ്യമിടുന്നത്്.

മുസ്ലിം വോട്ടുകള്‍ക്ക് വീണ്ടുമൊരു മുന്നണി
ഇതിനിടയിലാണ് മുസ്ലിം വോട്ടുകള്‍ ‘ഏകീകരിക്കാന്‍’ മറ്റൊരു മുന്നണികൂടി ഉത്തര്‍പ്രദേശില്‍ രംഗത്തുവന്നത്. രാഷ്ട്രീയ പരീക്ഷണമെന്ന നിലയില്‍ 2007ല്‍ പീസ് പാര്‍ട്ടിയുണ്ടാക്കിയ ഡോ. മുഹമ്മദ് അയ്യൂബാണ് ഇത്തിഹാദ് (ഐക്യം) മുന്നണി എന്ന പേരിലുള്ള പുതിയ കൂട്ടായ്മയുടെയും ചാലകശക്തി. കോണ്‍ഗ്രസിന്‍െറ തന്ത്രങ്ങള്‍ മെനയുന്ന പ്രശാന്ത് കിഷോര്‍ ബി.ജെ.പിക്കെതിരെ വിശാല സഖ്യം ലക്ഷ്യമിട്ട് മാസങ്ങള്‍ക്കു മുമ്പ് പീസ് പാര്‍ട്ടി നേതാവ് അയ്യൂബുമായും ‘മഹാന്‍ ദള്‍’ നേതാവ് കേശവ് ദേവ് മൗര്യയുമായും ചര്‍ച്ച നടത്തിയിരുന്നു. അതിന് തൊട്ടുപിറകെ  മഹാന്‍ ദളും പീസ് പാര്‍ട്ടിയും തമ്മില്‍ കൈകോര്‍ക്കുമെന്നും കോണ്‍ഗ്രസിന്‍െറ സഖ്യത്തില്‍ അണിചേരുമെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവരുകയും ചെയ്തു. ആ വാര്‍ത്ത നിഷേധിച്ച ശേഷമാണ് അയ്യൂബ് ഇത്തിഹാദ് മുന്നണിയുമായി രംഗത്തുവരുന്നത്.

രാഷ്ട്രീയ ഉലമാ കൗണ്‍സില്‍, മുസ്ലിം മജ്ലിസ്, ഓള്‍ ഇന്ത്യ മുസ്ലിം മഹാസ്, ഇന്ത്യന്‍ നാഷനല്‍ ലീഗ്, മുസ്ലിം  ലീഗ്, പര്‍ച്ചം പാര്‍ട്ടി തുടങ്ങി എണ്ണത്തില്‍ ഒരു ഡസനിലേറെ വരുമെങ്കിലും ഉത്തര്‍പ്രദേശില്‍ വളരെ പരിമിതമായ സ്വാധീനമുള്ള പാര്‍ട്ടികളെ ചേര്‍ത്താണ് മുസ്ലിം വോട്ടുകള്‍ക്കായി പുതിയ ‘ഐക്യമുന്നണി’ ഉണ്ടാക്കിയത്. മതേതര വോട്ടുകളെക്കുറിച്ച് പറയുമ്പോഴും മുസ്ലിം വോട്ടുകളുടെ ഏകീകരണമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ദിവസങ്ങള്‍ക്കു മുമ്പ് ഉത്തര്‍പ്രദേശിലെ പ്രധാന ഉര്‍ദു പത്രങ്ങളില്‍ നല്‍കിയ മുഴുപ്പേജ് പരസ്യത്തിലൂടെ മുന്നണിയിലെ പ്രധാന പാര്‍ട്ടിയായ പീസ് പാര്‍ട്ടി വ്യക്തമാക്കുന്നു.

അതേസമയം, ബി.ജെ.പിക്കെതിരായ വിശാല സഖ്യമെന്ന പ്രശാന്ത് കിഷോറിന്‍െറ തന്ത്രത്തിന്‍െറ ഭാഗമായിരുന്നോ ഈ മുസ്ലിം മുന്നണി രൂപവത്കരണമെന്ന സംശയവും പലര്‍ക്കുമുണ്ട്. ആദ്യം ഇതുപോലെ മതേതര മുന്നണിയുണ്ടാക്കിയ ആര്‍.ജെ.ഡിയും ജനതാദള്‍-യുവും എന്‍.സി.പിയും ഇപ്പോള്‍ വിശാല മുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചത് അത്തരമൊരു സംശയം ബലപ്പെടുത്തുകയാണ്.

ഇത്തിഹാദിലുമില്ലാത്ത ഇത്തിഹാദുല്‍ മുസ്ലിമീന്‍
മുസ്ലിം വോട്ടുകള്‍ തങ്ങളുടേതാക്കാന്‍ ന്യൂനപക്ഷ സംഘടനകളെല്ലാം ചേര്‍ന്നുണ്ടാക്കിയ ഇത്തിഹാദ് മുന്നണിയില്‍ അസദുദ്ദീന്‍ ഉവൈസിയുടെ ഇത്തിഹാദുല്‍ മുസ്ലിമീന്‍  ഇല്ളെന്നതാണ് കൗതുകകരം. ബി.ജെ.പിക്കെതിരായ മുസ്ലിം വോട്ടുകള്‍ ഏകീകരിക്കാന്‍ കലാപത്തിലൂടെ കുപ്രസിദ്ധമായ മുസഫര്‍നഗറിലെ ശംലി ജില്ലയിലെ കെരാനയില്‍ വെള്ളിയാഴ്ച തന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉവൈസി സ്വതസ്സിദ്ധമായ ശൈലിയില്‍ തുടക്കമിടുകയും ചെയ്തു. ഇത്തിഹാദ് മുന്നണിയുടെ വാദഗതികളെല്ലാം തള്ളിയ ഉവൈസി ഉത്തര്‍പ്രദേശില്‍ മുസ്ലിം സമുദായത്തിനെന്ന് പറയാന്‍ ഒരു മുസ്ലിം മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമൂന്‍ മാത്രമേയുള്ളൂ എന്നാണ് പ്രഖ്യാപിച്ചത്്.

എല്ലാ പാര്‍ട്ടികളുടെയും പരീക്ഷണത്തിന് വിധേയമായ മുസ്ലിംകള്‍ ഇക്കുറി തനിക്കൊരവസരം നല്‍കണം എന്നാണ് ഉവൈസിയുടെ ആവശ്യം. ഒരു കൈയില്‍ സമാജ്വാദി പാര്‍ട്ടിയുടെ 2012ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയും മറുകൈയില്‍ ഇന്ത്യന്‍ ഭരണഘടനയും ഉയര്‍ത്തിക്കാണിച്ച ഉവൈസി അഖിലേഷും പിതാവ് മുലായമും വാഗ്ദാനംചെയ്ത 18 ശതമാനം മുസ്ലിം സംവരണമെവിടെ എന്നും ചോദിച്ചു. ഏതാനും സൈക്കിള്‍ റിക്ഷകളും ലാപ്ടോപ്പുകളുമാണ് അഖിലേഷ് മുസ്ലിംകള്‍ക്ക് നല്‍കിയതെന്ന് പറഞ്ഞ ഉവൈസി അവയാണെങ്കില്‍ പ്രവര്‍ത്തന രഹിതമാണെന്നും പരിഹസിച്ചു.

വേറിട്ടുനിന്ന് സമാജ്വാദി പാര്‍ട്ടിയെയും ബഹുജന്‍ സമാജ് പാര്‍ട്ടിയെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്ന അയ്യൂബിന്‍െറ മുന്നണിയും അസദുദ്ദീന്‍െറ പാര്‍ട്ടിയും സ്വാഭാവികമായും  ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത് ബി.ജെ.പിയെയാണ്. 80 നിയമസഭ മണ്ഡലങ്ങളില്‍ മുസ്ലിംകള്‍ അതീവ നിര്‍ണായക ശക്തിയായിട്ടും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് അഭൂതപൂര്‍വമായ മുന്നേറ്റത്തിനു കഴിഞ്ഞത്  എതിരായ വോട്ടുകള്‍ ഭിന്നിച്ചതുകൊണ്ടായിരുന്നല്ളോ. ബി.ജെ.പിയെ തോല്‍പിക്കാനും മുസ്ലിംവോട്ടുകള്‍ ഏകീകരിക്കാനും ഇനിയും മുന്നണികള്‍ വരട്ടെയെന്ന് ആശിച്ചിരിക്കുകയാണ് ബി.ജെ.പി..

 

Tags:    
News Summary - how many fronts for to vote uniformity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.