''വിദ്വേഷത്തി‍​െൻറയും മതഭ്രാന്തി‍​െൻറയും അസഹിഷ്ണുതയുടെയും അവിശ്വാസത്തി‍​െൻറയും മഹാദുരന്തം രാജ്യത്തെ ഗ്രസിച്ചിരിക്കുന്നു. നാം ഇനിയുമിത് നിർത്തുന്നില്ലെങ്കിൽ അപരിഹാര്യമായ പരിക്കായിരിക്കും സമൂഹത്തിലേൽപിക്കുക. ഇതിങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നത് അനുവദിക്കാൻ കഴിയില്ല. വ്യാജ ദേശീയതയുടെ അൾത്താരയിൽ സമാധാനവും ബഹുസ്വരതയും ബലികഴിക്കപ്പെടുന്നത് ജനങ്ങളെന്ന നിലക്ക് നമുക്ക് കണ്ടുനിൽക്കാനാവില്ല.'' -രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന വെറുപ്പിനെ കുറിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 'ദി ഇന്ത്യൻ എക്സ്പ്രസ്' പത്രത്തിൽ ശനിയാഴ്ച എഴുതിയ ലേഖനത്തി‍​െൻറ അവസാനഭാഗത്തെ വരികളാണിത്.

ഇന്ത്യയുടെ വൈവിധ്യങ്ങളെ അംഗീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി ധാരാളം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും പരുപരുത്ത യാഥാർഥ്യം അതല്ലെന്നും സമ്പന്നമായ ഇന്ത്യയുടെ വൈവിധ്യങ്ങളെ ഭിന്നിപ്പിക്കാൻ നിലവിലുള്ള ഭരണകൂടം ആ വൈവിധ്യങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് 'ഒരു വൈറസ് പടരുന്നു' എന്ന തലക്കെട്ടിൽ സോണിയ ഗാന്ധി തുറന്ന് എഴുതിയിരിക്കുന്നത്.

സകല സീമകളും ലംഘിച്ച ആക്രമണോത്സുകമായ വിദ്വേഷ പ്രചാരണം അന്തർദേശീയ സമൂഹത്തിൽനിന്നുവരെ വിമർശനമേറ്റുവാങ്ങിയിട്ടും ഇടതുപക്ഷം അടക്കമുള്ള രാജ്യത്തെ മതേതര പാർട്ടികളും അതി‍െൻറ നേതാക്കളും വിഷയം അർഹിക്കുന്ന ഗൗരവത്തിൽ ഏറ്റെടുക്കാൻ മടിച്ചുനിൽക്കുന്ന ഒരു ഘട്ടത്തിലാണ് കോൺഗ്രസ് അധ്യക്ഷ ത‍െൻറ ശക്തമായ വികാരം പ്രതിഫലിപ്പിച്ചിരിക്കുന്നത്.

വിദ്വേഷ രാഷ്ട്രീയത്തി‍ന്റെ സംഹാരാത്മക പ്രതീകം

നിർമാണാത്മകമായി സ്വന്തം ജനതക്ക് വല്ലതും ചെയ്തുകൊടുക്കാനുള്ള ശേഷിയും ദിശാബോധവും ഇല്ലാതായതോടെ സംഹാരാത്മകമായി ഭരണം മുന്നോട്ടുകൊണ്ടുപോകാൻ വിദ്വേഷം ആയുധമാക്കുന്ന കാഴ്ചയാണ് രാജ്യമൊട്ടുക്കും. എല്ലാം ഇടിച്ചുതകർക്കാനുള്ള ബുൾഡോസർ ഇന്ത്യയിലെ വിദ്വേഷ രാഷ്ട്രീയത്തി‍െൻറ പ്രതീകമായി മാറിയത് യാദൃച്ഛികമല്ല. 'ബുൾഡോസർ ബാബ'യെന്നും 'ബുൾഡോസർ മാമ'യെന്നും സ്വന്തം നേതാക്കളെ ആവേശത്തോടെ വിളിക്കുന്ന അണികളും ആ വിളിപ്പേര് അഭിമാനപൂർവം ഏറ്റുവാങ്ങുന്ന നേതാക്കളുമാണ് സമകാലിക ഇന്ത്യയുടെ നേർചിത്രം.

നിരന്തരം വിദ്വേഷ പ്രചാരണത്തിനിരയാകുന്ന ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരുടെ വീടുകളും കടകളുമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുവെന്നു പറഞ്ഞ് കോടതിയും വിചാരണയുമില്ലാതെ ബുൾഡോസറുകൾ ഇറക്കി  ഇടിച്ചുപൊളിച്ചുകൊണ്ടിരിക്കുന്നത്. കുറ്റാരോപിതരുടെ ഉടമസ്ഥതയിലുള്ള അനധികൃത നിർമാണങ്ങൾ എന്നൊക്കെയാണ് നിയമവാഴ്ചയെ പരസ്യമായി വെല്ലുവിളിച്ച് ഏകപക്ഷീയമായ ശിക്ഷ നടപ്പാക്കാൻ പറയുന്ന ന്യായം. രാജ്യത്ത് നിലവിലുള്ള ഏതു നിയമത്തിെന്‍റ അടിസ്ഥാനത്തിലാണ് കോടതിയുടെ പണി പൊലീസിനെ ഏൽപിച്ച് കുറ്റം തെളിയിക്കപ്പെടും മുമ്പുള്ള ശിക്ഷ നടപ്പാക്കൽ എന്ന ചോദ്യത്തിന് നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കോ നിർദേശം നൽകുന്ന നേതാക്കൾക്കോ നൽകാൻ മറുപടിയില്ല.

ഗുജറാത്തിലെത്തിയ ബുൾഡോസറുകൾ

തുടർഭരണം പിടിക്കാൻ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് നടത്തിയ പരീക്ഷണം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലേക്ക് വ്യാപിപ്പിച്ചത് വലിയ വിമർശനത്തിനിടയാക്കിയതൊന്നും ബി.ജെ.പിക്ക് പ്രശ്നമായില്ല. രാമനവമി ഘോഷയാത്രക്കുനേരെ കല്ലെറിഞ്ഞവരെന്നുപറഞ്ഞ് മധ്യപ്രദേശിന് പിന്നാലെ പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലും ബുൾഡോസറുകൾ ഇറക്കി കടകൾ ഇടിച്ചുനിരത്തിയ വാർത്തകൾ പുറത്തുവന്നിരിക്കുന്നു.

രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ ഒരേ പാറ്റേണിൽ അരങ്ങേറിയ ആക്രമണങ്ങൾക്കൊടുവിലായിരുന്നു രണ്ടു സംസ്ഥാനങ്ങളിലും വിദ്വേഷത്തി‍െൻറ ബുൾഡോസറുകൾ ഏകപക്ഷീയമായി ഒരു വിഭാഗത്തിനുമേൽ കയറിയിറങ്ങിയത്. മുൻകൂട്ടി തയാറാക്കിയ തിരക്കഥ പോലെ ആഘോഷ യാത്രകളെ ഇതരസമുദായക്കാർ തിങ്ങിപ്പാർക്കുന്ന മേഖലകളിലേക്കും അവരുടെ ആരാധനാലയങ്ങൾക്കും മുന്നിലേക്ക് കൊണ്ടുപോയി പ്രകോപനം സൃഷ്ടിച്ച് കല്ലേറിലൂടെ കലാപത്തിലെത്തിക്കുകയായിരുന്നു എല്ലായിടത്തും. തുടർഭരണം ലക്ഷ്യമിട്ട സംസ്ഥാനങ്ങൾക്കു പുറമെ ഭരണം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട രാജസ്ഥാനിലും ഝാർഖണ്ഡിലും ഇതേ തിരക്കഥ അനുസരിച്ച് കാര്യങ്ങൾ നടന്നു.

അടുത്ത ആക്രോശം ബാങ്ക് വിളിക്കെതിരെ

ഹിജാബും ഹലാലും കഴിഞ്ഞ് ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളിയാണ് മുസ്ലിംകൾക്കെതിരെ വിദ്വേഷപ്രചാരണത്തിന് ഏറ്റവും ഒടുവിലിറക്കിയ ആയുധം. മഹാരാഷ്ട്രയിൽ നവനിർമാൺ സേനത്തലവൻ രാജ്താക്കറെ ഉയർത്തുകയും ബി.ജെ.പി പിന്തുണക്കുകയും ചെയ്ത ബാങ്കുവിളിക്കെതിരായ ഈ ഭീഷണി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലുമെത്തിക്കഴിഞ്ഞു.

അയൽദേശത്തെ സംഗീതജ്ഞരുടെ ഒരു ഗാനമാലപിച്ചതി‍െൻറ പേരിൽ ന്യൂനപക്ഷ വിഭാഗക്കാരായ രണ്ടു കൗമാരക്കാരെ പൊലീസ് പിടികൂടുംവിധം ആസ്വാദനത്തിനുപോലും പടർന്നുപിടിച്ച വിദ്വേഷം വിലങ്ങിട്ടിരിക്കുന്നു.

ഇതരസമുദായത്തിലെ പാർപ്പിടങ്ങൾക്കും ജീവനോപാധികൾക്കുംമേൽ ബുൾഡോസറുകൾ കയറിയിറങ്ങുമ്പോൾ അതിൽ ആനന്ദം കണ്ടെത്തുന്ന വലിയൊരു വിഭാഗമുണ്ടെന്ന വിശ്വാസം ഭരണകക്ഷി നേതാക്കൾക്ക് ഉള്ളതുകൊണ്ടാണല്ലോ തുടർഭരണത്തിന് അത്തരം വോട്ടുകൾ ഇത്തരത്തിൽ സ്വന്തം പെട്ടിയിലാക്കാമെന്ന് കരുതുന്നത്.

അപര‍​െൻറ വേദനയിൽ ആനന്ദിക്കുന്ന കാലം

മറ്റുള്ളവർ വേദനിക്കുമ്പോൾ അതിൽ സന്തോഷം തോന്നുന്ന കാലമാണിതെന്നും ഈ അവസ്ഥ മാറ്റേണ്ടതുണ്ട് എന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ പറഞ്ഞത് ഡൽഹിയിൽ മലയാളികൾ ഒരുക്കിയ ഇഫ്താർ സംഗമത്തിലാണ്. അസഹിഷ്ണുത വളരുമ്പോൾ മനുഷ്യത്വം നമ്മിൽനിന്ന് അകന്നുപോകുകയാണെന്നും ജസ്റ്റിസ് രവികുമാർ ഇഫ്താർ സംഗമത്തിനെത്തിയ വിവിധ മതസ്ഥരോട് ഓർമിപ്പിച്ചു.

വെറുപ്പും വിദ്വേഷവും രാജ്യത്ത് മുമ്പെങ്ങുമില്ലാത്തവിധം പടർന്നുപിടിക്കുന്നത് പരമോന്നത കോടതിയിലിരിക്കുന്ന ഒരു ന്യായാധിപനോളം നന്നായി മറ്റാർക്കാണ് അറിയുക? അപര‍െൻറ വേദനയിൽ ആനന്ദം കണ്ടെത്തുന്ന മനുഷ്യ ത്വ രഹിതമായ സമീപനത്തിലേക്ക് ജനങ്ങൾ മാറുന്നതുകൊണ്ടാണ് ആഘോഷവേളകൾപോലും ആക്രമണങ്ങൾക്കുള്ള അവസരമാക്കി മാറ്റാൻ സാധിക്കുന്നത്.

Tags:    
News Summary - Harvest of hatred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.