മാറുന്ന പ്രവാസത്തെ തിരിഞ്ഞുനോക്കാത്ത ഭരണാധികാരികള്‍

ഗള്‍ഫ്രാജ്യങ്ങളില്‍ ഒട്ടാകെ ഇന്ത്യന്‍ തൊഴിലാളികള്‍ പ്രതിസന്ധി നേരിടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടായിരിക്കും മൗനം പാലിക്കുന്നത്? ഗള്‍ഫിലെ പ്രതികൂല സാഹചര്യം കാരണം തൊഴില്‍ മേഖലയിലെ പ്രതിസന്ധി വീണ്ടും വര്‍ധിക്കുകയാണ്. നേരത്തേ മന്ത്രി വി.കെ. സിങ് സൗദിയില്‍ എത്തിയെങ്കിലും അതിലൂടെ പരിഹരിക്കപ്പെട്ടത് കേവലം സൗദി ബിന്‍ലാദിന്‍ സ്ഥാപനത്തിലെ പ്രശ്നം മാത്രമാണ്. നിരവധി ജീവനക്കാരാണ് ഇന്നും സൗദിയിലും മറ്റു ജി.സി.സി രാജ്യങ്ങളിലും ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്നത്. ഇന്ന് ഗള്‍ഫില്‍നിന്ന് വന്നുകൊണ്ടിരിക്കുന്ന കണ്ണീര്‍ക്കഥകള്‍ മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതുമല്ല. പൊള്ളുന്ന മരുഭൂമിയില്‍ ചോര നീരാക്കി പണിയെടുത്തിട്ടും വേതനം നിഷേധിക്കപ്പെടുന്നവരുടെ വേദനയുടെ വാര്‍ത്തകളാണത്. മാസങ്ങളായി ശമ്പളം ലഭിക്കാതെ സൗദിയിലെ നിരവധി സ്ഥാപനങ്ങളിലുള്ള ആയിരത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍െറയും എംബസിയുടെയും ഇടപെടല്‍ പ്രതീക്ഷിച്ച് നില്‍ക്കുകയാണ്. എംബസി ഇനിയും ഉണര്‍ന്നുപ്രവര്‍ത്തിക്കാതെ മാധ്യമങ്ങളെ പഴിചാരി ഉത്തരവാദിത്തത്തില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ബിന്‍ലാദിന്‍, സൗദി ഓജര്‍ എന്നീ സ്ഥാപനങ്ങളുടെ പ്രശ്നപരിഹാരത്തിന് സൗദി സന്ദര്‍ശിച്ച വി.കെ. സിങ്ങിന്‍െറ ആദ്യ പ്രതികരണം, സൗദിയിലെ തൊഴില്‍ പ്രശ്നങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും പെരുപ്പിച്ച് കാണിക്കുന്നു എന്നായിരുന്നു. ശമ്പളം കിട്ടാതെ കാത്തിരുന്ന ആയിരങ്ങള്‍ വെറുംകൈയോടെ മടങ്ങിക്കഴിഞ്ഞു. അവരെ ഇന്നേവരെ ഇന്ത്യന്‍ സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയതായി അറിവില്ല. ഈ വാര്‍ത്തകള്‍ ഇന്നും ഇവിടെ ദുരിതത്തിലായവരെ വല്ലാതെ അലോസരപ്പെടുത്തുന്നതാണ്. സംഭവം പെരുപ്പിച്ച് കാണിച്ചു എന്ന് ആരോപിച്ചാലും നമ്മുടെ രാഷ്ട്രീയനേതാക്കള്‍ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാന്‍ ഗള്‍ഫിലേക്ക് വിമാനം കയറിയതുതന്നെ വലിയൊരു നേട്ടമാണ്. പ്രവാസികള്‍ അതിനെ വില കുറച്ച് കാണുന്നില്ല. പക്ഷേ, ഇത്രയും തൊഴിലാളികളെ നാട്ടിലത്തെിക്കാന്‍ എന്ത് ചെയ്തു എന്ന ചോദ്യം ഉത്തരം കിട്ടാതെ നില്‍ക്കുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്  ട്വിറ്ററിലൂടെ ആഗസ്റ്റ് 25 ന് മുമ്പ് സൗദി വിടണം എന്ന അന്ത്യശാസനം വന്നതോടെ നേരിയ പ്രതീക്ഷയും മങ്ങി എന്നതാണ് യാഥാര്‍ഥ്യം. അത്ര നിസ്സാരമായാണ് സര്‍ക്കാര്‍ ഇതിനെ കണ്ടത്.
ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്ന പതിനായിരങ്ങള്‍ ഒരു നേരം ഭക്ഷണത്തിന് പോലും വകയില്ലാതെയാണ് കഴിയുന്നത്. ഇത്തരം ക്യാമ്പുകള്‍പോലും ഇന്ത്യന്‍ അധികൃതര്‍ സന്ദര്‍ശിച്ചിട്ടില്ല. മന്ത്രിയുടെ സന്ദര്‍ശനം  പ്രതീക്ഷയോടെയാണ് തൊഴിലാളികള്‍ കണ്ടത്. പക്ഷേ, വളരെ നിരാശജനകമായിരുന്നു സര്‍ക്കാറിന്‍െറയും എംബസിയുടെയും പ്രതികരണം. ഇവിടത്തെ യഥാര്‍ഥപ്രശ്നം മന്ത്രിയുടെയും സര്‍ക്കാറിന്‍െറയും ശ്രദ്ധയില്‍ കൊണ്ടുവരുക എന്ന പ്രാഥമികനടപടിപോലും എംബസി ചെയ്തിട്ടില്ല. ദുരിതത്തിലായ ചിലര്‍ക്കെങ്കിലും ഭക്ഷണം, പ്രാഥമികചികിത്സ, തിരിച്ചുപോവാനുള്ള വിമാനടിക്കറ്റ് എന്നിവ സൗദി സര്‍ക്കാറാണ് നല്‍കുന്നത്. ബാക്കി ആയിരങ്ങള്‍ ഭക്ഷണത്തിനുപോലും സാമൂഹികസംഘടനകളെ ആശ്രയിച്ച് കഴിയുകയാണ്. സൗദിയിലെ സഅദ് കോണ്‍ട്രാക്ടിങ്, ആര്‍.എച്ച് അല്‍മറി എന്നീ പ്രമുഖസ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ശമ്പളം ഇല്ലാതായിട്ട് പത്ത് മാസമായി. പലതവണ എംബസിയുടെ സഹായം തേടി പോയെങ്കിലും ഫലപ്രദമായിരുന്നില്ല. സൗദി തൊഴില്‍വകുപ്പ് അധികൃതരെ കണ്ട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാനും മുന്‍കൈ എടുത്തിട്ടില്ല. ഫിലിപ്പീന്‍സ്, നേപ്പാള്‍  രാജ്യങ്ങള്‍ ചെയ്തപോലെ ദുരിതത്തിലായ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കാനും നമ്മുടെ രാജ്യം  മെനക്കെട്ടില്ല. ബിന്‍ലാദിനിലും സൗദി ഓജറിലും ഒതുങ്ങുന്നതല്ല ഇന്ത്യന്‍ തൊഴിലാളികളുടെ യാതന. അതിലും പലരും രണ്ടു പതിറ്റാണ്ടുകളായി ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്. അവര്‍ക്ക് തൊഴില്‍ നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും കിട്ടാന്‍ വകയില്ല എന്ന നിരാശയിലാണ്. പ്രവാസജീവിതത്തിന്‍െറ ആകെ ബാക്കിയിരിപ്പാണ് സ്ഥാപനത്തില്‍നിന്ന് പിരിഞ്ഞുപോവുമ്പോള്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍. നിര്‍മാണസ്ഥാപനങ്ങളില്‍ തുച്ഛമായ ശമ്പളത്തിനാണ് മഹാഭൂരിപക്ഷവും ജോലിചെയ്യുന്നത്. അതുകൊണ്ട്, മാസശമ്പളത്തില്‍ ഒരു ബാക്കിയിരിപ്പ് സാധ്യമല്ല. ഈ അടങ്ങാത്ത നൊമ്പരമാണ് ആയിരത്തോളം തൊഴിലാളികളെ ദമ്മാമിലെ പ്രമുഖ ഹൈവേ തടയാന്‍ പ്രേരിപ്പിച്ചത്. എന്നാലെങ്കിലും  അധികൃതര്‍ കണ്ണു തുറന്നാലോ എന്ന പ്രതീക്ഷയില്‍. അവിടെയും അവര്‍ തോറ്റു. ബ്യൂറോക്രസിയുടെ ധാര്‍ഷ്ട്യം വിജയിച്ചു. സൗദി അധികൃതര്‍ കൊടുത്ത വാഗ്ദാനത്തില്‍ വിശ്വസിച്ചിരിക്കുകയാണ് ഇപ്പോള്‍ മിക്ക തൊഴിലാളികളും.
എണ്ണവിലയുടെ ഇടിവില്‍ ഗള്‍ഫ്രാജ്യങ്ങളിലുണ്ടായ സാമ്പത്തികപ്രതിസന്ധി ഒരു യാഥാര്‍ഥ്യമാണ്. കടക്കെണിയിലായ സ്ഥാപനങ്ങളെ സഹായിക്കാന്‍ യു.എ.ഇ, സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ പാപ്പര്‍ നിയമങ്ങളില്‍ ഭേദഗതി ചെയ്തിരിക്കുന്നു. വരുംനാളുകളില്‍ തൊഴില്‍ പ്രതിസന്ധി വ്യാപിക്കും. തൊഴിലാളികളെ നടുവഴിയില്‍ ഇട്ട് സ്ഥാപനങ്ങള്‍ രക്ഷപ്പെടുന്ന പ്രവണത കൂടാനേ സാധ്യതയുള്ളൂ. ഇത്തരം സാഹചര്യത്തെ നേരിടുന്നതിനായി എന്ത് പദ്ധതിയാണ് കേന്ദ്ര സംസ്ഥാനസര്‍ക്കാറുകളുടെ പക്കല്‍ ഉള്ളത് എന്ന് വ്യക്തമല്ല. സാമ്പത്തികസഹായം പ്രതീക്ഷിക്കരുതെന്നാണ് വി.കെ. സിങ് പറഞ്ഞത്. അന്യരാജ്യത്ത് തൊഴില്‍പ്രതിസന്ധിയിലായ ഒരു ഇന്ത്യന്‍ പൗരന്‍ പിന്നെ എന്താണ് പ്രതീക്ഷിക്കേണ്ടത്? കൃത്യമായ നിയമസഹായം ഇല്ലാതെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുക സാധ്യമല്ല. ഏത് ഗള്‍ഫ് രാജ്യം എടുത്താലും അവിടത്തെ ഏറ്റവും വലിയ തൊഴില്‍സമൂഹം ഇന്ത്യക്കാരും മലയാളികളുമാണ്. പ്രയാസം നേരിടേണ്ടി വരുന്നത് കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് തന്നെയായിരിക്കും. എല്ലാ സമയത്തും മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടാന്‍  സാധിക്കില്ല. ഒരു പൗരന് ലഭിക്കേണ്ട അവകാശങ്ങള്‍ അവന്‍ ലോകത്തെ ഏത് രാജ്യത്താണെങ്കിലും ലഭിക്കുകതന്നെ വേണം. നാട്ടിലേക്ക് ഒഴുകുന്ന പണം അവന്‍െറ അധ്വാനമാണ്, ആ കണക്ക് കാണിച്ച് വിദേശനിക്ഷേപം കൂടുന്നു എന്ന് സര്‍ക്കാറുകള്‍ക്ക് മേനി നടിക്കാമെങ്കില്‍, പ്രതിസന്ധിയിലാവുമ്പോള്‍ ചില ആനുകൂല്യങ്ങള്‍ ചോദിക്കുന്നത് ഒരു കുറ്റകൃത്യമല്ല എന്ന് ഭരിക്കുന്നവര്‍ മനസ്സിലാക്കണം.
(സൗദി കോമേഴ്സ് ആന്‍ഡ് ഇക്കണോമിക് റിവ്യൂ എഡിറ്ററാണ് ലേഖകന്‍)
Tags:    
News Summary - gulf crisis, indian labours and government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.