പ്രവാസികള്‍ക്ക് സര്‍ക്കാര്‍ തണലൊരുക്കും

മലയാളിയുടെ രണ്ടാമിടം ഏതെന്നു ചോദിച്ചാല്‍ അര്‍ഥശങ്കക്കിടയാക്കാത്തവിധം പറയാന്‍ കഴിയുന്ന ഭൂമികയാണ് അറേബ്യന്‍ നാടുകള്‍. കേരളത്തിന്‍െറ സാമൂഹിക-സാമ്പത്തിക മേഖലകളെ കരുപ്പിടിപ്പിക്കുന്നതില്‍ ഗള്‍ഫ് നാടുകള്‍ക്ക് ശ്രേഷ്ഠമായ സ്ഥാനമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയായ ശേഷം ദുബൈയിലും ഷാര്‍ജയിലും പിന്നീട് ബഹ്റൈനിലും സന്ദര്‍ശനം നടത്താന്‍ താല്‍പര്യം കാണിച്ചത്. ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ ഹാര്‍ദമായ ക്ഷണം മുന്‍നിര്‍ത്തിയുള്ള സന്ദര്‍ശനങ്ങള്‍ക്ക് നിരവധി പ്രതലങ്ങളാണുള്ളത്.

ഓരോ വര്‍ഷവും കേരളത്തിലേക്ക് ഒഴുകുന്ന വിദേശനാണ്യത്തിന്‍െറ അളവ്  ഒരു ലക്ഷം കോടിയിലേറെയാണ്. ഇത്രയും സംഭാവന ചെയ്യുന്ന നമ്മുടെ പ്രവാസി സഹോദരങ്ങളോട് നീതിപുലര്‍ത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നുചോദിച്ചാല്‍ ഇല്ല എന്നു പറയേണ്ടിവരും. കേരളത്തിന്‍െറ മുന്നോട്ടുള്ള പ്രയാണത്തിന് നിസ്തുലമായ സംഭാവന ചെയ്യുന്ന പ്രവാസി സമൂഹത്തിന്‍െറ പ്രശ്നങ്ങളെ തൊട്ടറിയുക എന്നത് സംസ്ഥാന സര്‍ക്കാറിന്‍െറ ഉത്തരവാദിത്തമാണ്. ഗള്‍ഫ് നാടുകളിലെ തൊഴില്‍ സാഹചര്യം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. പ്രിയപ്പെട്ടവര്‍ക്ക് സുരക്ഷിതത്വബോധം പ്രദാനംചെയ്യാന്‍ അവരുടെ സ്വദേശത്തും വിദേശത്തുമുള്ള പ്രതിസന്ധികള്‍ക്കും ആകുലതകള്‍ക്കും പരിഹാരം കാണേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്.

സാമ്പത്തിക മുരടിപ്പില്‍നിന്ന് കേരളത്തിന് കരകയറണമെങ്കില്‍ സ്വാഭാവികമായും നിക്ഷേപങ്ങള്‍ വേണം. വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപത്തെപ്പോലെതന്നെ പരമപ്രധാനമാണ് പ്രവാസി സഹോദരങ്ങളുടെ മുതല്‍മുടക്കും. അറേബ്യന്‍ രാജ്യങ്ങള്‍ക്ക് കേരളവുമായുള്ള സാംസ്കാരിക-സാമ്പത്തിക-വ്യാപാര വിനിമയത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നമ്മുടെ സംസ്കൃതി രൂപംകൊള്ളുന്നതില്‍ നല്ളൊരു സംഭാവന അറേബ്യന്‍ നാടുകളില്‍ നിന്നുണ്ടായിട്ടുണ്ട്. ഗള്‍ഫ് ഭരണകൂടങ്ങളുടെയും ഇവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും നിക്ഷേപങ്ങള്‍ കേരളത്തിന്‍െറ സാമ്പത്തിക പ്രയാണത്തിന് അനിവാര്യമാണ്.

കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് ദുബൈ സര്‍ക്കാറിന്‍െറ ക്ഷണപ്രകാരം വ്യത്യസ്ത പരിപാടികള്‍ക്കായി ദുബൈയിലും  ഷാര്‍ജയിലും പര്യടനം നടത്തിയത്. സ്മാര്‍ട്ട് സിറ്റി ഉള്‍പ്പെടെ പദ്ധതികളുടെ നടത്തിപ്പുകാരാണ് ദുബൈ ഹോള്‍ഡിങ്. നിരവധി രാജ്യങ്ങളില്‍ ഈ ഗവണ്‍മെന്‍റ്് സ്ഥാപനത്തിന് വന്‍ നിക്ഷേപങ്ങളുണ്ട്. സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതോടൊപ്പം നമ്മുടെ ടൂറിസം അനുബന്ധ മേഖലകളില്‍ വര്‍ധിച്ച നിക്ഷേപം നടത്താനുള്ള താല്‍പര്യവും ദുബൈ ഹോള്‍ഡിങ് പ്രകടിപ്പിക്കുകയുണ്ടായി.

പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയില്‍ നമ്മുടെ ഉയര്‍ന്ന മൂല്യമുള്ള മനുഷ്യശേഷിയെയും പ്രകൃതിസമ്പത്തിനെയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പദ്ധതികള്‍ സംസ്ഥാന വികസനത്തിന് അലകും പിടിയും സമ്മാനിക്കും. ഇത്തരത്തിലുള്ള ഏതൊരു പദ്ധതിയുമായും കൈകോര്‍ക്കാമെന്ന ഉറപ്പാണ് ദുബൈയിലെ വിവിധ ഏജന്‍സികളില്‍നിന്ന് ഉണ്ടായത്.

ഷാര്‍ജ ഭരണാധികാരിയും ബഹ്റൈന്‍ ഭരണകൂടവുമൊക്കെ എന്നോടു കാണിച്ച സ്നേഹവായ്പിന്‍െറ നേരവകാശികള്‍ നമ്മുടെ പ്രവാസി സുഹൃത്തുക്കളാണ്. ഇവരുടെ കഠിനാധ്വാനവും സമര്‍പ്പണവുമാണ് കേരള സര്‍ക്കാറിനെ ഈ രാജ്യങ്ങളിലൊക്കെ സ്വീകാര്യമാക്കുന്നത്.

ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, ക്രൗണ്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ തുടങ്ങിയവര്‍ എന്നെയും കൂടെയുണ്ടായവരെയും സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിച്ചു. പതിവിനു വിപരീതമായി കൈപിടിച്ച് കൂട്ടിക്കൊണ്ടുപോയപ്പോള്‍ അത് മലയാളികള്‍ക്കുള്ള ആശ്ളേഷണമായിവേണം മനസ്സിലാക്കാന്‍.

ഇരു ഭരണകൂടങ്ങളും തമ്മിലുള്ള ആശയവിനിമയത്തോടൊപ്പം മലയാളി സമൂഹത്തിന്‍െറ ഒട്ടേറെ പരിപാടികളില്‍ സംബന്ധിക്കാന്‍ ഭാഗ്യം ലഭിച്ചു. ദുബൈയില്‍ ലേബര്‍ ക്യാമ്പും ഷാര്‍ജയില്‍ ഇന്ത്യന്‍ സ്കൂളിന്‍െറ സ്വീകരണവും പൗരസ്വീകരണവും വിവിധ വ്യവസായികളുമായുള്ള ചര്‍ച്ചകളും എന്‍െറ സന്ദര്‍ശനത്തിന് പുതിയ അര്‍ഥതലങ്ങളാണ് സമ്മാനിച്ചത്. കക്ഷിരാഷ്ട്രീയത്തിന്‍െറ അതിര്‍വരമ്പുകള്‍ ഭേദിച്ചാണ് ബഹ്റൈന്‍ മലയാളികള്‍ എന്നെ സ്വീകരിച്ചത്. വികസന കാര്യങ്ങളില്‍ കേരളം സ്വീകരിക്കേണ്ട മാതൃകയുടെ പ്രതിഫലനമായിരുന്നു ഇത്.

എല്ലാ ചര്‍ച്ചകളിലും ഗള്‍ഫ് ഭരണാധികാരികള്‍ മലയാളിസമൂഹവുമായുള്ള നൂറ്റാണ്ടുകളുടെ സഹകരണത്തെക്കുറിച്ച് വികാരവായ്പോടെ ഒട്ടേറെ കാര്യങ്ങള്‍ പങ്കുവെച്ചു. തന്‍െറ മുതുമുത്തച്ഛന്‍െറ ഏറ്റവും പ്രധാനപ്പെട്ട സഹായി ഒരു മലയാളിയായിരുന്നു എന്നകാര്യം ബഹ്റൈന്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞു.  ബഹ്റൈന്‍ എന്ന രാജ്യത്തിന്‍െറ ജനസംഖ്യയില്‍ 20 ശതമാനം മലയാളികളാണെന്നതു കൊണ്ടുതന്നെ കേരളത്തിന് ഒരു രാജ്യത്തിന്‍െറ പദവി തങ്ങള്‍ നല്‍കുന്നുവെന്ന് ബഹ്റൈന്‍ ക്രൗണ്‍ പ്രിന്‍സും ഫസ്റ്റ് ഡെപ്യൂട്ടി പ്രൈംമിനിസ്റ്ററുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പറഞ്ഞതില്‍നിന്നുതന്നെ എനിക്കു കിട്ടിയ സ്വീകരണത്തിന്‍െറ വിസ്തൃതി മനസ്സിലാവും.

നിക്ഷേപത്തിന്‍െറ കാര്യത്തിലുള്ള നമ്മുടെ പുതിയ കാഴ്ചപ്പാട് വിവിധ വേദികളില്‍ ഊന്നിപ്പറയാന്‍ ഈ സന്ദര്‍ശനവേളകള്‍ അവസരം നല്‍കി. പ്രവാസികളുടെ നിക്ഷേപത്തിന് നമ്മള്‍ ഗാരന്‍റി നല്‍കും. സര്‍ക്കാറിനെ വിശ്വസിച്ചാണ് അവര്‍ വരുന്നത്. അവര്‍ അഭിമുഖീകരിക്കുന്ന ഏതൊരു പ്രശ്നവും പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ത്തന്നെ സംവിധാനമുണ്ടാവും. വന്‍കിട നിക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള കിഫ്ബിക്കു പുറമെ പ്രവാസനിക്ഷേപ ബോര്‍ഡ് രൂപവത്കരിക്കുന്നതാണ്. നോര്‍ക്കയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തി പ്രവാസികളുടെ നാനാവിധമായ പ്രശ്നങ്ങള്‍ സമൂലമായി  പരിഹരിക്കും.

പ്രവാസികള്‍ ഗള്‍ഫ് നാടുകളില്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ വിദ്യാഭ്യാസ-ആതുരമേഖലയുമായി ബന്ധപ്പെട്ടതാണ്. കേരള സര്‍ക്കാറിന്‍െറയും അറേബ്യന്‍ ഭരണകൂടങ്ങളുടെയും സഹായത്തോടെ വിദ്യാഭ്യാസ-ആരോഗ്യ സമുച്ചയങ്ങള്‍ നിര്‍മിക്കുക, ഇരു ഭൂമികകളുടെയും സാംസ്കാരിക വിനിമയത്തിനുള്ള സ്ഥാപനങ്ങള്‍ രൂപവത്കരിക്കുക, നിക്ഷേപങ്ങള്‍ ത്വരിതപ്പെടുത്താന്‍ സംവിധാനങ്ങള്‍ ഒരുക്കുക, ബഹ്റൈന്‍െറ സഹായത്തോടെ എറണാകുളത്ത് ഫിനാന്‍ഷ്യല്‍ ഹബ് രൂപവത്കരിക്കുക, ഗള്‍ഫ് മേഖലയിലേക്ക് കേരളത്തില്‍നിന്നുള്ള ഭക്ഷ്യ കയറ്റുമതി വര്‍ധിപ്പിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കെല്ലാം അനുകൂല പ്രതികരണമാണ് ഉണ്ടായത്.

കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഗള്‍ഫിലെ ഒട്ടേറെ ഏജന്‍സികള്‍ക്ക് താല്‍പര്യമുണ്ട്. ഇതിനുള്ള അന്തരീക്ഷം  സൃഷ്ടിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കേരളം നിക്ഷേപത്തിന് അനുയോജ്യമല്ലാത്ത സംസ്ഥാനമെന്ന ദുഷ്പ്രചാരണത്തെ ഒരു പരിധിവരെ മുറിച്ചുകടക്കാന്‍ വിവിധ ചര്‍ച്ചകളും സംഗമങ്ങളും സഹായിച്ചു.

ഏതു സാഹചര്യത്തിലും പ്രവാസികളുടെ കൂടെ സര്‍ക്കാറുണ്ടാവും. നല്ല ജോലി കിട്ടാതിരിക്കുക, കിട്ടിയ ജോലി നഷ്ടപ്പെടുക, തൊഴിലുടമകളുടെ വഞ്ചന, രോഗങ്ങള്‍, മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കുന്നതിനുള്ള നൂലാമാലകള്‍, യാത്രക്ളേശം, രോഗിയായി നാട്ടിലത്തെിയാല്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം എന്നിങ്ങനെ പ്രവാസികള്‍ നേരിടുന്ന ഓരോ പ്രശ്നത്തിലും താങ്ങും തണലുമായി സര്‍ക്കാര്‍ ഒപ്പമുണ്ടാവും. ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് മറ്റൊരു തൊഴില്‍ കിട്ടുന്നതുവരെ ആറു മാസത്തെ ശമ്പളം തൊഴില്‍നഷ്ട സുരക്ഷ എന്നനിലക്ക് നല്‍കാന്‍ ശ്രമിക്കും. മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കുന്ന സംഘടനകള്‍ക്ക് ധനസഹായം നല്‍കും. പ്രവാസികള്‍ക്ക് നിയമസഹായം നല്‍കാന്‍ അഭിഭാഷക പാനല്‍ ആരംഭിക്കും. തൊഴില്‍ ആവശ്യമുള്ളവര്‍ക്കും തൊഴിലാളികളെ ആവശ്യമുള്ളവര്‍ക്കും സഹായകമാകുന്ന ജോബ് പോര്‍ട്ടല്‍ ആരംഭിക്കും.

തൊഴിലാളികളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന ഉറപ്പും പ്രവാസികള്‍ക്ക് നല്‍കാനായി.  ഓരോ ഗള്‍ഫ് സന്ദര്‍ശനവും പുതിയ ഉള്‍ക്കാഴ്ച പ്രദാനം ചെയ്തിട്ടുണ്ട്. ഗള്‍ഫ് നമ്മുടെ നിത്യജീവിതത്തിന്‍െറ ഭാഗമാണ്. രണ്ടാമതൊരിടം എന്നു പറയുന്നതിനെക്കാള്‍ പ്രധാനം നമ്മുടെ സ്വന്തം വീടിനോട് തുല്യമായ തലമായിട്ടുവേണം ഈ പ്രദേശത്തെ കാണാന്‍. കേരളത്തിന്‍െറ ഇന്നത്തെ അവസ്ഥക്ക് ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചത് പ്രവാസികളാണ്. അവരുടെ ഓരോ ശ്വാസത്തിന്‍െറയും വില തിരിച്ചറിയുമ്പോള്‍ മാത്രമാണ് നമ്മുടെ പ്രവര്‍ത്തനം സാര്‍ഥകമാകുന്നത്.

 

Tags:    
News Summary - gove gave sheltor to pravasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.