കോഴ്സുകൾ അനുവദിക്കുന്നത് ആർക്കുവേണ്ടി?

കേരളത്തിലെ സർക്കാർ/ എയ്ഡഡ് കോളജുകളിലും സർവകലാശാലകളിലുമായി 197 പുതിയ കോഴ്സുകൾ അനുവദിച്ചിരിക്കുകയാണല്ലോ. പതിവിൽനിന്ന് വ്യത്യസ്തമായി ഏതൊക്കെ കോഴ്സുകളാണ് നൽകേണ്ടത് എന്നു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിശ്ചയിച്ച കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ കോളജുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചാണ് ഇത്തവണ കോഴ്സുകൾ അനുവദിച്ചിരിക്കുന്നത്. മാത്രവുമല്ല, ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യമായാണ് ഒരുമിച്ച് കോഴ്സുകൾ അനുവദിക്കുന്നത്.

പ്ലസ് ടു പൂർത്തിയാക്കുന്ന ഉന്നതപഠനം ആഗ്രഹിക്കുന്ന മഹാഭൂരിപക്ഷത്തിനും സർക്കാർ സീറ്റ് ലഭിക്കാതിരിക്കുന്ന കേരളം പോലുള്ള സംസ്ഥാനത്ത് ഏതു പുതിയ കോഴ്സുകൾ ആരംഭിച്ചാലും വളരെ സ്വാഗതാർഹമാണ്. കോവിഡ് കാലത്ത് കേരളത്തിനു പുറത്തുപോയി പഠിക്കാൻ പ്രയാസകരമായ ഈ അവസ്ഥയിൽ പ്രത്യേകിച്ചും.

പക്ഷേ, അനുവദിച്ച കോഴ്സുകളും കോളജുകളും സംബന്ധിച്ചു വിശദമായി പഠിക്കുമ്പോൾ വളരെ അശാസ്ത്രീയമായ വിതരണമാണ് നടത്തിയത് എന്ന് ബോധ്യപ്പെടും. അതിൽ ചില വൈകല്യങ്ങളാണ് ചുവടെ:

ഇപ്പോൾ അനുവദിച്ച കോഴ്സുകളുടെ യു.ജി, പി.ജി, ഇൻറഗ്രേറ്റഡ് എന്നിങ്ങനെ ജില്ല തിരിച്ചുള്ള കണക്കുകൾക്ക്​ പട്ടിക നോക്കുക.


ബിരുദത്തെക്കാൾ ബിരുദാനന്തര ബിരുദ കോഴ്സുകൾ?

കേരളത്തിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്നായി ​െറഗുലർ പഠനത്തിലൂടെ 3,19,782 പേരും ഓപൺ പ്ലസ് ടുവിലൂടെ 21,490 പേരും കേരള സിലബസിൽ ഈ വർഷം പ്ലസ് ടു പൂർത്തിയാക്കിയിട്ടുണ്ട്. പുറമെ സി.ബി.എസ്.ഇ, ഐ.സി. എസ്​.ഇ തുടങ്ങിയ മറ്റു സംവിധാനങ്ങളിലൂടെ പ്ലസ് ടു പൂർത്തിയാക്കിയ കുറെ പേരുമുണ്ട്. പക്ഷേ, ആർട്സ്​ ആൻഡ്​ സയൻസ് വിഷയങ്ങളിലായി എയ്ഡഡ്- ഗവൺമെൻറ്​ കോളജുകളിൽ ആകെ 73,650 സീറ്റുകൾ മാത്രമാണ് നിലവിലുള്ളത്. സ്വാഭാവികമായും 90 ശതമാനത്തിനു മുകളിൽ മാർക്ക് വാങ്ങിയവർ വരെ ഡിഗ്രി പ്രവേശനം ലഭിക്കാതെ പുറത്താവുകയാണ്.

നിർഭാഗ്യവശാൽ ഇ​േപ്പാൾ ആർട്സ് ആൻഡ്​ സയൻസ് കോഴ്സുകളിൽ അനുവദിച്ച 166 കോഴ്സുകളിൽ 96 എണ്ണം പി.ജി കോഴ്സുകളാണ്. 39 ബിരുദ കോഴ്സുകളും 31 ഇൻറഗ്രേറ്റഡ് കോഴ്സുകളും മാത്രമാണ് പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാനുള്ളത്​.

ഗവൺമെൻറ്​ കോളജുകളെ മാത്രം പരിഗണിക്കുകയാണെങ്കിൽ അനുവദിച്ച ബിരുദകോഴ്സുകൾ കേവലം എ​െട്ടണ്ണം മാത്രം. കോളജുകളിൽനിന്ന് കോഴ്സുകൾക്ക് വേണ്ടി അയക്കുന്ന അപേക്ഷകൾ കൂടുതലും പി.ജി ആയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അതത് കോളജുകളിലെ അധ്യാപകർക്ക് പി.ജി. കോഴ്സുകൾ ആരംഭിക്കുന്നതാണ് വ്യക്തിപരമായി ഗുണകരമാവുക എന്ന് ചിന്തിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. നിലവിൽ അധ്യാപകരില്ലാത്ത വിഷയത്തിൽ പുതിയ ഒരു കോഴ്സ് ആരംഭിക്കുന്നതിന് അപൂർവം ഗവൺമെൻറ്​ കോളജുകൾ മാത്രമേ ശ്രമിക്കാറുള്ളൂ.

പത്തിൽ താഴെ ബിരുദ കോഴ്സുകളുള്ള എല്ലാ സർക്കാർ കോളജുകളിലും ആവശ്യമായ എണ്ണം കോഴ്സുകൾ അനുവദിക്കുകയാണ് പരിഹാരം. അടിസ്ഥാന ശാസ്ത്രവിഷയങ്ങളും സാമൂഹികശാസ്ത്രവും ഭാഷാ വിഷയങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുകയും പാരമ്പര്യ കോഴ്സുകൾക്കും നൂതന കോഴ്സുകൾക്കും അർഹിക്കുന്ന ആനുപാതികപരിഗണന നൽകുകയും വേണം.

പ്രാദേശിക അസന്തുലിതത്വവും ഗ്രോസ് എൻറോൾമെൻറ് റേഷ്യോയും

കോഴ്സുകളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സാബു തോമസ് കമ്മിറ്റി റിപ്പോർട്ടും തുടർന്ന് ഉന്നത വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും ആവർത്തിച്ചുപറയുന്ന കാര്യമാണ് പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിലൂടെ കേരളത്തി​െൻറ ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള എൻറോൾമെൻറ്​ വർധിക്കും എന്ന്​. കേരളത്തിലെ ചില ജില്ലകളിൽ, പ്രത്യേകിച്ച് വടക്കൻ ജില്ലകളായ കാസർകോട്, വയനാട്, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലെ ബിരുദസീറ്റുകളുടെ അപര്യാപ്തതയാണ് കേരളത്തി​െൻറ ജി.ഇ.ആർ കുറയാനുള്ള കാരണമെന്ന് യു.ജി.സി കമ്മിറ്റി മുതൽ നിരവധി പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുകയുണ്ടായി. എന്നിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈ വസ്തുത ഒട്ടും പരിഗണിക്കാതിരുന്നതി​െൻറ കാരണം നിഗൂഢമാണ്. 100 വിദ്യാർഥികൾ അപേക്ഷിക്കുമ്പോൾ പത്തുപേർക്കുപോലും സീറ്റ് ലഭിക്കാത്ത മലപ്പുറത്ത് കേവലം രണ്ടു ബിരുദകോഴ്സുകളാണ് അനുവദിച്ചത്. വയനാട്ടിലാകട്ടെ, ഒരൊറ്റ കോഴ്സും നൽകിയിട്ടുമില്ല. ഒരു സീറ്റു പോലും വർധിക്കാതെ വയനാട് ജില്ലയുടെ എൻറോൾമെൻറ്​ വർധിപ്പിക്കാനുള്ള എന്ത് മാസ്മരിക വിദ്യയാണ് സർക്കാറി​െൻറ കൈവശമുള്ളത്?

മൊത്തത്തിൽ പരിശോധിക്കുകയാണെങ്കിൽ ഇപ്പോൾ അനുവദിച്ച യു.ജി/ഇൻറഗ്രേറ്റഡ് പി.ജി കോഴ്സുകളിൽ കേവലം മൂന്നിലൊന്നു മാത്രമാണ് മലബാർ ജില്ലകൾക്ക് നൽകിയത്. അതേസമയം, പ്ലസ് ടു പഠിക്കുന്നവർ പകുതിയിലേറെയും ഈ ജില്ലകളിലാണു താനും. മലബാറിലെ ആറു ജില്ലകൾക്ക് മാത്രമായി ഒരു പ്രത്യേകപാക്കേജ് നടപ്പാക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തോട് ഇരുമുന്നണികളും പുറംതിരിഞ്ഞുനിൽക്കാറാണ് പതിവ്. സർക്കാർ ഈ നിലപാട് മാറ്റാതെ കേരളത്തിന് ഉന്നത വിദ്യാഭ്യാസ സൂചികകളിൽ അയൽ സംസ്ഥാനമായ തമിഴ്നാടി​െൻറ അടുത്തുപോലും എത്താനാവില്ല.

ഉള്ളവന് വീണ്ടും വീണ്ടും; ഇല്ലാത്തവന് ഒന്നുമില്ല

പുതിയ കോഴ്സുകളുടെ പട്ടിക പരിശോധിച്ചാൽ ചില കോളജുകൾക്ക് രണ്ടു കോഴ്സുകൾ വീതം നൽകിയത് കാണാം. നിലവിൽ 20 ബിരുദകോഴ്സുകളുള്ള മഹാരാജാസ് കോളജിലും 23 കോഴ്സുകളുള്ള സെൻറ്​ തെരേസാസ് കോളജിലും രണ്ടുവീതം കോഴ്സുകൾ അനുവദിച്ചപ്പോൾ, സ്ഥാപിക്കപ്പെട്ട് നാൽപതും അമ്പതും വർഷങ്ങളായിട്ടും കേവലം അഞ്ചു കോഴ്സുകൾ മാത്രമുള്ള പേരാമ്പ്ര, മൊകേരി, പെരിന്തൽമണ്ണ തുടങ്ങിയ ഗവ. കോളജുകളിൽ കോഴ്സുകളേ നൽകിയിട്ടില്ല. 11 അറബിക്​ കോളജുകളിൽ ഒരിടത്തും കോഴ്സുകൾ അനുവദിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കാരണം പറയുന്നത് 'നാക്' സ്കോർ കൂടുതലുള്ളവർക്കാണ് കൂടുതൽ കോഴ്സുകൾ നൽകിയത് എന്നാണ്. കൂടുതൽ കോഴ്സ് ഉള്ളതിനാലാണ് അവർക്ക് 'നാക്' സ്കോർ കൂടുതലെന്ന് അറിയാത്തവരാണോ ഉന്നത വിദ്യാഭ്യാസവകുപ്പ് നിയന്ത്രിക്കുന്നത്?

കേരളത്തിലെ എല്ലാ സർക്കാർ/ എയ്ഡഡ് കോളജുകളെയും ഉയർന്ന നാക് ഗ്രേഡ് ലഭിക്കാനുതകുന്ന വിധം കൂടുതൽ കോഴ്സുകളും ഭൗതിക സാഹചര്യങ്ങളും ഒരുക്കി വളർത്തിയെടുക്കാൻ സർക്കാർ തയാറാകാതെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസം മെച്ചപ്പെടില്ല. ചുരുക്കത്തിൽ കേരളത്തി​െൻറ ഉന്നത വിദ്യാഭ്യാസാവസരങ്ങളെ കുറിച്ച് ഒരു ധാരണയുമില്ലാതെ, എവിടെയൊക്കെ ഏതൊക്കെ കോഴ്സുകൾ വേണമെന്ന പഠനം നടത്താതെ, വിദ്യാർഥികളുടെ അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ, കോർപറേറ്റ് മാനേജ്മെൻറുകളെ തൃപ്​തിപ്പെടുത്താൻ തയാറാക്കിയ പട്ടികയാണ് പുതിയ കോഴ്സുകൾ എന്ന വിമർശനം പ്രസക്തമാണെന്ന് സാരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.