എന്‍ഡോസള്‍ഫാന്‍: കോടതിവിധി പരിമിതമാണ്

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചു ലക്ഷം വീതം നല്‍കാനും അതോടൊപ്പം അവരുടെ ആരോഗ്യസംരക്ഷണത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനും സുപ്രീം  കോടതി നല്‍കിയ 90 ദിവസം അപര്യാപ്തമാണ്. മാത്രവുമല്ല, ഈ വിധി അപൂര്‍ണമാണ്. ദേശീയ മനുഷ്യാവകാശ സമിതി നിര്‍ദേശിച്ച അഞ്ചുലക്ഷംതന്നെ തികച്ചും അപര്യാപ്തമാണ്. ഇതുമായി ഉണ്ടായ വിധി എന്‍ഡോസള്‍ഫാന്‍മൂലമുണ്ടായ പ്രശ്നത്തിന്‍െറ കാതലായ വശത്തെ അവഗണിക്കുകയും ചെയ്തു. അതില്‍ പ്രധാനം എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുനരധിവാസവും നാളിതുവരെ എന്‍ഡോസള്‍ഫാന്‍മൂലമുണ്ടായത് ഒരു ദുരന്തമായി പ്രഖ്യാപിക്കാത്തതുമാണ്.

ഒരുപക്ഷേ, ഇതിനെ ഭോപാല്‍ വാതകദുരന്തത്തോട് ചേര്‍ത്തുവെക്കാവുന്നതാണ്. എന്നാല്‍, അത്തരമൊരു ഇടപെടല്‍ നടത്താന്‍ നാളിതുവരെ ഒരു സര്‍ക്കാറും തയാറായിട്ടില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെയാണ് കേന്ദ്ര മനുഷ്യാവകാശ കമീഷനും കേരള മനുഷ്യാവകാശ കമീഷനും നഷ്ടപരിഹാരമെന്നതലത്തിലേക്ക് ഈ പ്രശ്നം എത്തിച്ചതും, കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാംതന്നെ സംയുക്തമായി നഷ്ടപരിഹാരം, അതും വ്യക്തികേന്ദ്രീകൃതമായി നിശ്ചയിച്ച് എന്‍ഡോസള്‍ഫാന്‍ പ്രശ്നം പരിഹരിച്ചതും. പ്ളാന്‍േറഷന്‍ കോര്‍പറേഷനെ അതിന്‍െറ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍നിന്ന് രക്ഷപ്പെടുത്താനും ഇതുമൂലം കഴിഞ്ഞു.

കാരണം, എന്‍ഡോസള്‍ഫാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയില്‍നിന്ന് വാങ്ങാന്‍ തീരുമാനിച്ചത് പ്ളന്‍േറഷന്‍ കോര്‍പറേഷനാണ്. അതിനുശേഷമാണ് രണ്ടു സ്വകാര്യ കമ്പനികളില്‍നിന്ന് കീടനാശിനി വാങ്ങാന്‍ കോര്‍പറേഷന്‍ തയാറാകുന്നതും. പ്രധാനമായും കേന്ദ്രകൃഷി വകുപ്പിന്‍െറ നിയന്ത്രണത്തിലുള്ള  ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്സ് ലിമിറ്റഡ് എന്ന കമ്പനിയില്‍നിന്നാണ് വാങ്ങിയത്. എന്നാല്‍, 1968ലെ കീടനാശിനി നിയമവും 1971ലെ കീടനാശിനിചട്ടവും മാറികടന്നാണ് കശുവണ്ടിത്തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചത്. അതുപോലെതന്നെ തൊഴിലാളികള്‍ക്കു വേണ്ട മുന്‍കരുതലുകള്‍ ഒന്നുംതന്നെ നല്‍കാത്ത പ്ളാന്‍േറഷന്‍ കോര്‍പറേഷനെ രക്ഷിച്ചെടുക്കലായിരുന്നു കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികള്‍ കാലാകാലമായി ചെയ്തുവന്നിരുന്നത്.

കോര്‍പറേഷന്‍െറ 25 വര്‍ഷത്തെ കണക്ക് ഒരു പഠനത്തിന്‍െറ ഭാഗമായി പരിശോധിച്ച ഈ ലേഖകന് മനസ്സിലായ കാര്യം വന്‍തോതില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചിട്ടും കശുവണ്ടി ഉല്‍പാദനം 1989 മുതല്‍ കുറഞ്ഞെന്നാണ്. അതായത്, ഇത്രയും മനുഷ്യരെ ദുരിതത്തിലാക്കിയിട്ടും കോര്‍പറേഷന് സാമ്പത്തികനേട്ടം ഉണ്ടായില്ളെന്ന് മാത്രമല്ല, സാമ്പത്തികനഷ്ടവും ഉണ്ടായ എന്നത് നിസ്സാരമായി കാണേണ്ട ഒന്നല്ല. പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ തലപ്പത്തു നിയമിക്കപ്പെടുന്ന രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം അതൊരു താല്‍ക്കാലിക സംവിധാനം മാത്രമാണ്.  അതുകൊണ്ടുതന്നെ രാഷ്ട്രീയ തീരുമാനങ്ങളൊന്നുംതന്നെ അവര്‍ എടുക്കാറുമില്ല. പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ 27 കോടി രൂപ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് വിതരണംചെയ്യാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ അടച്ചിരുന്നു. എന്നാല്‍, ഇത് നഷ്ടപരിഹാരം എന്നനിലയില്‍ അല്ലാതെ ചെലവഴിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാറും പ്ളാന്‍േറഷന്‍ കോര്‍പറേഷനും സ്വീകരിച്ചില്ല. പകരം സര്‍ക്കാറിന്‍െറ സ്ഥിരം പദ്ധതികള്‍ക്ക് പണം ചെലവഴിക്കുകയായിരുന്നു ചെയ്തത്.

പ്ളാന്‍േറഷന്‍ കോര്‍പറേഷനില്‍ പണിയെടുക്കുന്ന സ്ഥിരം തൊഴിലാളികളെ മുന്‍നിര്‍ത്തിയാണ് പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പറേഷനെ സംരക്ഷിക്കുന്നതും അതോടൊപ്പം, എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതല്ല പ്രശ്നമെന്ന് വാദിച്ചിരുന്നതും. ഇടതുകക്ഷികള്‍,  രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതുമൂലം ഒരുപ്രശ്നവും ഉണ്ടായിട്ടില്ളെന്നും കാസര്‍കോട് ദുരന്തമുണ്ടാക്കിയത് പ്രാദേശിക കാരണങ്ങളാണെന്നും വാദിച്ചിരുന്നു.
ഈ പ്രശ്നം ദേശീയഅന്തര്‍ദേശീയ തലത്തില്‍ എത്തിച്ചത് പ്രദേശത്തെ പരിസ്ഥിതി,  ആരോഗ്യ പ്രവര്‍ത്തകരാണ്. എന്നാല്‍, അവരെ തീരെ അവഗണിക്കുന്ന നയം തന്നെയായിരുന്നു  കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ എടുത്തിരുന്നത്. ഇതിന് ഉദാഹരണമാണ് പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ ഭൂമി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വിതരണം ചെയ്യണമെന്ന നിര്‍ദേശത്തെ അട്ടിമറിച്ചത്.

എന്‍ഡോസള്‍ഫാന്‍ പ്രശ്നം കേരളത്തിലെ മുഖ്യധാരാപ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയത് പുനരധിവാസത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയതും അതോടൊപ്പം ഇരകളായ ഒരുസമൂഹം അവരുടെ പരിമിതികളെ സര്‍ക്കാറിന്‍െറ നാമമാത്രമായ ധനസഹായത്തിന്‍െറ  പിന്‍ബലത്തില്‍ പരിമിതപ്പെടുത്താന്‍ വിധിക്കപ്പെട്ടതും മുതലാണ്. ദേശീയ ശരാശരിയോടൊപ്പമോ അതില്‍ക്കൂടുതലോ അംഗവൈകല്യമുള്ളവരുണ്ടായിട്ടും രണ്ട് പതിറ്റാണ്ടോളം കേരളത്തില്‍ ഇവരുടെ പ്രശ്നങ്ങള്‍ ഗൗരവപൂര്‍വം പരിഗണിച്ചിരുന്നില്ല. ഇതൊരു പൊതുപ്രശ്നമായി കാണാന്‍ കേരളം തയാറായില്ല. എന്നാല്‍, നേരത്തേ സൂചിപ്പിച്ചപോലെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ വ്യക്തികേന്ദ്രീകൃതമായി ഇരകളും സര്‍ക്കാറും കാണാന്‍ തുടങ്ങിയതുമുതലാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ പ്രശ്നത്തില്‍ ഇടപെടാന്‍ തുടങ്ങിയത്. ഇടതുപക്ഷ യുവജന സംഘടന ഈ വിഷയത്തില്‍ കോടതിയില്‍ ഹരജി കൊടുക്കുന്നതുതന്നെ ഇത്തരത്തിലൊരു വ്യക്തികേന്ദ്രീകൃത സമീപനമുണ്ടായതിനു ശേഷമാണ്. 

ഇത്തരം ദുരന്തങ്ങളോട് ഭരണകൂടവും അതിന് കാരണക്കാരായ സ്ഥാപനങ്ങളും അടുത്തകാലത്തായി സ്വീകരിക്കുന്ന നയത്തിന്‍െറ തുടര്‍ച്ചമാത്രമാണ്  വ്യക്തിപരമായ നഷ്ടപരിഹാരത്തില്‍ കേന്ദ്രീകൃതമായ ആശ്വാസനടപടികള്‍. ഇതൊരു ഭരണകൂടനിലപാടുകൂടിയാണ്. എന്നാല്‍, സമഗ്രവും  സമത്വപൂര്‍ണവുമായ ഒരു ആരോഗ്യനയവും അതോടൊപ്പം  ഇരകളുടെ തൊഴില്‍ പുനരധിവാസവും പ്രയോഗത്തില്‍ വരുത്തി മാത്രമേ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആശ്വാസം ലഭിക്കൂ. എന്നാല്‍, അത്തരം നയപരിപാടികള്‍ എല്ലാംതന്നെ മാറ്റിവെച്ച്, വ്യക്തികേന്ദ്രീകൃതമായി ഈ പ്രശ്നത്തെ കാണുന്നത്, അതായത്, മനുഷ്യര്‍ ഇരകളായത് വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണെന്ന രീതിയില്‍ പ്രകൃതിദുരന്തങ്ങളെയും മനുഷ്യനിര്‍മിതമായ മറ്റ് ദുരന്തങ്ങളെയും കാണുന്ന പ്രവണത അടുത്തകാലത്തായി രൂപപ്പെട്ടുവന്നിട്ടുണ്ട്. സുപ്രീംകോടതി ഈ ദുരന്തത്തെ കാണുന്നതും അങ്ങനത്തെന്നെയാണ്.  അതായത്, ഈ ദുരന്തത്തിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് പ്ളാന്‍േറഷന്‍ കോര്‍പറേഷനും സര്‍ക്കാറും കീടനാശിനി കമ്പനികളും ഒഴിവാക്കപ്പെട്ടു. ഈയൊരു രാഷ്ട്രീയംതന്നെയാണ് ഈ കോടതിവിധിയില്‍ മുഴച്ചുനില്‍ക്കുന്നതും.
l

Tags:    
News Summary - endosalfan: court order has a limitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT