ഡോ. അംബേദ്കറും ഭരണഘടനയും

രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന അസഹിഷ്ണുതയെക്കുറിച്ചും ജാതീയതയെക്കുറിച്ചും അതിനെ ഇല്ലായ്‌മ ചെയ്തു രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ശക്തമാക്കുന്നതിനും ഇന്ത്യയെ പുരോഗതിയുടെ നെറുകയിൽ എത്തിക്കുന്നതിനുമുള്ള, പാർലമെന്റിലടക്കമുള്ള ചർച്ചകളിലും പൗരത്വ പ്രക്ഷോഭങ്ങളിലും ഏറ്റവും കൂടുതൽ ഉയർന്നുകേട്ട രണ്ട് പദങ്ങളാണ് ഇന്ത്യൻ ഭരണഘടനയും ഡോ. ബാബാ സാഹേബ് അംബേദ്കറും. കാരണം ഇന്ന് ഇന്ത്യയിലെ സവർണ്ണ ഹൈന്ദവതയെയും ബ്രാഹ്മണ പ്രത്യയശാസ്ത്രത്തെയും ദുർബലമാക്കി ഇന്ത്യയെ ഏകീകരിച്ച്‌ നിർത്താൻ ത്രാണിയുള്ള വല്ലതുമുണ്ടെങ്കിൽ അത് ബൃഹത്തായ ഇന്ത്യൻ ഭരണഘടന മാത്രമാണ്.

തീയിൽ കുരുത്ത ജീവിതം

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ അംബാവാഡി എന്ന ഗ്രാമത്തിൽ രാംജി മലോജി സക്പാൽ അംബേദ്കറുടെയും ഭീമാബായിയുടെയും 14ാമത്തെ മകനായി ജനിച്ച അംബേദ്കർക്ക് ആറു വയസ്സായപ്പോൾ തന്നെ മാതാവ് മരണപ്പെട്ടു. ജനിച്ച 14 കുട്ടികളിൽ രണ്ട് സഹോദരന്മാരും രണ്ട് സഹോദരികളും മാത്രമാണ് അവശേഷിച്ചത് എന്നതിൽ നിന്ന് തന്നെ അക്കാലത്തെ ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും അവഗണനകളുടെയും ആഴം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. പതിനേഴാം വയസ്സിലാണദ്ദേഹം രമാഭായിയെ വിവാഹം കഴിക്കുന്നത്.

മധ്യേന്ത്യയിലെ ഡപ്പോളിയിൽ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ച അംബേദ്കർ മുംബൈയിലെ മറാഠി ഹൈസ്കൂളിൽ തുടർന്ന് പഠിച്ചു. വിദ്യാഭ്യാസ കാലഘട്ടം വളരെ പരിതാപകരമായിരുന്നു. മറ്റ് കുട്ടികളോടൊപ്പം ബെഞ്ചിൽ ഇരിക്കാൻ സ്വാതന്ത്ര്യമില്ലാതിരുന്ന അദ്ദേഹം ഒരു കീറച്ചാക്ക് വിരിച്ച് അതിലിരിക്കുകയായിരുന്നു. സ്കൂളിലെ കുടിവെള്ള പൈപ്പ് തൊടാൻ പോലും അനുവാദമില്ലാത്തതിനാൽ കുടിവെള്ളം പോലും ലഭിക്കാത്ത നാളുകളെക്കുറിച്ച് ആത്മകഥയിൽ ഓർക്കുന്നുണ്ട്.

തുടർപഠനത്തിന് കലശലായ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ഞെരുക്കം തടസ്സമായപ്പോൾ ബറോഡാ രാജാവ് ഗെയ്ക് വാദ് അധഃകൃത വിദ്യാർഥികൾക്ക് ഉപരിപഠനത്തിനായി പ്രഖ്യാപിച്ച സ്കോളർഷിപ്പ് ഉപയോഗപ്പെടുത്തി ബി.എക്ക് പഠിച്ചു ഉയർന്ന മാർക്ക് വാങ്ങി. ജോലിയോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും താഴ്ന്ന ജാതിക്കാരനായത്കൊണ്ട് ആരും ജോലി നൽകിയില്ല. ഈ സമയത്ത് സമർഥരായ ഏതാനും വിദ്യാർഥികളെ അമേരിക്കയിലെ കൊളംബിയ യൂനിവേഴ്സിറ്റിയിൽ പഠിപ്പിക്കാനുള്ള ബറോഡ രാജാവിന്റെ തീരുമാനം അംബേദ്കർക്ക് ഉപകാരപ്പെട്ടു. അങ്ങനെ 1913 ജൂലൈയിൽ അദ്ദേഹം ന്യൂയോർക്കിലെത്തി പുതിയ ജീവിതത്തിനും പഠനത്തിനും തുടക്കം കുറിച്ചു.

ശാസ്ത്രം, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലെ ഗവേഷണ പഠനത്തിന് മാസ്റ്റർ ബിരുദവും ഇന്ത്യയിലെ ജാതി വ്യവസ്ഥകളെക്കുറിച്ചും അവരുടെ ജീവിത പതിതാവസ്ഥകളെക്കുറിച്ചുമുള്ള പഠനത്തിന് ഡോക്ടർ ബിരുദവും കൊളംബിയ യൂണിവേഴ്സിറ്റി സമ്മാനിച്ചു. തുടർ പഠനത്തിനായി 1916ൽ ലണ്ടനിലെത്തി. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ സാമ്പത്തിക ശാസ്ത്രം പഠിക്കുകയും 'രൂപയുടെ പ്രശ്നം' എന്ന പ്രബന്ധത്തിന് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടുകയും ചെയ്തു.

ഗാന്ധിജിയും അംബേദ്കറും

ഹിന്ദു മതത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയായ ജാതി വ്യവസ്ഥ ഒരു ദൈവിക വ്യവസ്ഥയാണെന്നും, അത് 'സനാതനം' അഥവാ മാറ്റമില്ലാത്തതാണെന്നുമായിരുന്നു ഗാന്ധിയുടെ വിശ്വാസം. അയിത്തവും അനാചാരങ്ങളും ഇല്ലാതാക്കി ജാതി വ്യവസ്ഥ പരിഷ്ക്കരിച്ചാൽ മാത്രം മതി എന്ന ഗാന്ധിയുടെ നിലപാടിന്റെ ഭാഗമായാണ് അദ്ദേഹം അയിത്തോച്ചാടന പരിപാടി ആവിഷ്കരിച്ചത്. അംബേദ്കറാകട്ടെ ജാതി നശിപ്പിക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും ജാതി വ്യവസ്ഥയെ, ആദർശവത്കരിച്ച് നിലനിർത്തുന്ന ഹിന്ദു മതത്തിന്റെ വിശുദ്ധ സംഹിതകളേയെല്ലാം എതിർക്കുകയും ചെയ്തത് ജാതി വ്യവസ്ഥ ഹിന്ദു മതത്തിന്റെ രാഷട്രീയ വ്യവസ്ഥയാണെന്നു തിരിച്ചറിഞ്ഞതിനാലാണ്. ജാതി വ്യവസ്ഥയുടെ ദൈവികതയെ നിഷേധിച്ച അദ്ദേഹം അത് സനാതനമല്ലെന്നും സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ അടിസ്ഥാന മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥയാണ് ഇന്ത്യക്കഭികാമ്യമെന്നും ഉറച്ചു വിശ്വസിച്ചു.

പൗരത്വസമരത്തി​ന്റെ ഊർജം

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങൾ ആദ്യമായി പൊട്ടിപ്പുറപ്പെട്ടത് ഇന്ത്യയിലെ കാമ്പസുകളിൽ നിന്നായിരുന്നു. "വിദ്യ അഭ്യസിക്കൂ, പ്രതിഷേധിക്കൂ, സംഘടിക്കൂ" (Educate, Agitate, and Organise) എന്ന അംബേദ്കറുടെ സന്ദേശം വിദ്യാർഥികൾ ഇവിടെ അക്ഷരാർഥത്തിൽ പ്രായോഗികവൽക്കരിക്കുകയായിരുന്നു.

ഇന്ത്യയെ മുച്ചൂടും ഒരു യാഥാസ്ഥിതിക ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ അതി ദ്രുതഗതിയിൽ പുരോഗമിക്കുന്നത് കണ്ട് അതിലെ അപകടം നമ്മെ മനസ്സിലാക്കിത്തരാൻ 'പാകിസ്ഥാൻ ഓർ ദ പാർട്ടീഷൻ ഓഫ് ഇന്ത്യ' എന്ന അംബേദ്കറുടെ പ്രസിദ്ധമായ പുസ്തകത്തിൽ നിന്നും ബി.ബി.സി ലേഖകൻ രാജേഷ് പ്രിയദർശി ട്വീറ്റ് ചെയ്യുന്നത് നോക്കൂ. "ഹിന്ദുരാഷ്ട്രം രൂപം കൊള്ളുകയാണെങ്കിൽ അത് ഈ രാജ്യത്തെ നയിക്കാൻ പോകുന്നത് കൊടിയ ആപത്തിലേക്കാണ്. അത് തുല്യതയ്ക്കും, സമവർത്തിത്വത്തിനും ഭീഷണിയാകും. ജനാധിപത്യത്തിന് കടകവിരുദ്ധവുമായിരിക്കും അത്. ഹൈന്ദവ ഭരണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത് തോൽപ്പിക്കേണ്ടതുണ്ട് ".

ഭരണഘടനയുടെ രൂപീകരണത്തിനു ശേഷം കാലമേറെക്കഴിഞ്ഞിട്ടും അതിന്റെ ഭാവിയെപ്പറ്റി വലിയ ആശങ്കയും ഭയവും ഡോ. അംബേദ്കർക്കുണ്ടായിരുന്നു. അസമത്വത്തിന്റെ വിളനിലത്ത് വിതച്ച ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും വിത്തുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്ക അടിസ്ഥാനരഹിതവുമായിരുന്നില്ല. അന്ന് അദ്ദേഹത്തെയും ഭരണഘടനയെയും എതിർത്തിരുന്ന സംഘപരിവാർ ശക്തികളും, ദലിത് പക്ഷത്താണ് എന്ന് ആവർത്തിച്ചു പറയുന്ന രാഷ്ട്രീയ കക്ഷികളും ഒരേ സ്വരത്തിൽ സംവരണമുൾപ്പെടെയുള്ള ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന സമകാലീന രാഷ്ട്രീയ സാഹചര്യത്തിൽ ബാബാസാഹേബ് അംബേദ്കറുടെ പ്രസക്തി എന്തെന്ന് ആഴത്തിൽ ഓർമിപ്പിക്കുന്ന ഒന്നാവട്ടേ ഈ അംബേദ്കർ പിറവി ദിനം. 

Tags:    
News Summary - dr br ambedkar and indian constitution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT