പ്രവർത്തനമില്ലാത്ത പാർട്ടികൾക്കും സംഭാവനകൾ കൂമ്പാരം

സന്നദ്ധസംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) പുറത്തുവിട്ട കണക്കനുസരിച്ച് ഇലക്ഷൻ കമീഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 2858 രാഷ്ട്രീയ പാർട്ടികളിൽ 80 ശതമാനവും പ്രവർത്തനമേതുമില്ലാതെ ലെറ്റർപാഡിലൊതുങ്ങുന്നവയാണ്. അവയുടെ അംഗീകാരം ഉടനടി റദ്ദാക്കണമെന്ന് എ.ഡി.ആർ ആവശ്യമുയർത്തിയത് പല കാരണങ്ങളാലാണ്. ഒന്നാമത് ആ പാർട്ടികൾ രാഷ്ട്രീയമായി ഒന്നും ചെയ്യുന്നില്ല, തെരഞ്ഞെടുപ്പുകളിലും മത്സരിക്കുന്നില്ല.

ആർക്കുവേണമെങ്കിലും ചെന്ന് പാർട്ടി രജിസ്റ്റർ ചെയ്യാമെന്നാണ് ഇപ്പോഴത്തെ അവസ്ഥ. പല പാർട്ടികളും 'കള്ളപ്പണം വെളുപ്പിക്കൽ' പരിപാടികളിൽ വ്യാപൃതരാണെന്ന സംശയവുമുണ്ട്. ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിന്റെ കാര്യം പറയാം: അവിടെ രജിസ്റ്റർ ചെയ്തിരിക്കുന്ന 24 പാർട്ടികളിൽ 11എണ്ണം തെരഞ്ഞെടുപ്പുരംഗത്തേ ഇല്ല. ചിലർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളെപ്പോലെയാണ് പാർട്ടികൾ രജിസ്റ്റർ ചെയ്ത് ഇട്ടിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് നൂറു ശതമാനം നികുതി ഇളവ് ലഭിക്കുമെന്നതിനാൽ വലിയ ശമ്പളം വാങ്ങുന്ന പലരും, വമ്പൻ ലാഭമുള്ള കമ്പനികളും വൻതോതിൽ ഈ പാർട്ടികൾക്ക് സംഭാവനകൾ നൽകും. പാർട്ടികൾ തങ്ങളുടെ ലാഭമെടുത്ത ശേഷം പണം തിരികെക്കൊടുക്കും. അങ്ങനെ ഉയർന്ന വരുമാനക്കാർക്ക് നികുതി 'ലാഭിക്കാനും' 'വെട്ടിക്കാനും' ഈ പാർട്ടികൾ തുണയാവും.

കെട്ടുകണക്കിന് പണം കിട്ടിയിട്ടും ഒരു രാഷ്ട്രീയ പ്രവർത്തനവും നടത്താത്ത പാർട്ടികൾക്ക് ഇത്തരത്തിൽ സംഭാവനകൾ കൂമ്പാരമായി നൽകിയിരുന്ന ഗുജറാത്തിലെ 4000 നികുതിദായകർക്ക് ആദായനികുതി വകുപ്പ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുകയാണ്.

പണം വെളുപ്പിച്ചുനൽകൽ എന്ന അനധികൃത പ്രവർത്തനമല്ലാതെ ഒന്നും തന്നെ ഈ പാർട്ടികൾ ചെയ്യുന്നില്ലെന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും ഗുജറാത്ത് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രത്യക്ഷ നികുതി വകുപ്പ് ചെയർമാനുമായ ജൈനിക് വകീൽ പറയുന്നു. കാര്യങ്ങൾ കൃത്യമായി നടന്നാൽ അനധികൃതമായി സംഭാവന കൈപ്പറ്റിയ പാർട്ടികളും സംഭാവന നൽകിയ 'അഭ്യുദയകാംക്ഷി'കളും വൈകാതെ പിഴ സഹിതം നികുതിയൊടുക്കാൻ ബാധ്യസ്ഥരാവും.

ഇലക്ഷൻ കമീഷണറായി രാജീവ് കുമാർ ചുമതലയേറ്റ ശേഷമാണ് പാർട്ടികളെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാനും അന്വേഷണങ്ങൾ നടത്താനും ആരംഭിച്ചതെന്ന് എ.ഡി.ആറിന്റെ മുൻനിര പ്രവർത്തകൻ അനിൽ വർമ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇലക്ഷൻ കമീഷന് പാർട്ടികൾക്ക് രജിസ്ട്രേഷൻ നൽകാൻ മാത്രമേ അനുവാദമുള്ളൂ, റദ്ദാക്കാൻ അധികാരമില്ല. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 29A വകുപ്പ് ഭേദഗതി ചെയ്താലേ ഇലക്ഷൻ കമീഷന് ഇത്തരമൊരു അധികാരം കൈവരൂ. അതിനാവട്ടെ രാഷ്ട്രീയ പാർട്ടികൾക്കൊന്നും സമ്മതമൊട്ടില്ലതാനും. വിവരാവകാശ നിയമത്തിനു കീഴിൽ പാർട്ടികളെ കൊണ്ടുവരണമെന്ന ആവശ്യവും വിവിധ പാർട്ടികൾ ഒറ്റക്കെട്ടായിനിന്ന് ചെറുക്കുകയാണ്.

ഏതെങ്കിലുമൊരു വ്യക്തിയിൽനിന്ന് 20,000 രൂപക്ക് മേൽ സംഭാവന കൈപ്പറ്റിയാൽ അതിന്റെ വിവരങ്ങൾ ഇലക്ഷൻ കമീഷനെ അറിയിക്കണമെന്നാണ് ജനപ്രാതിനിധ്യ നിയമം വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ, എല്ലാ പാർട്ടികളും ഇത് പാലിക്കാറില്ല.

സ്വതവേ കച്ചവടത്തിന് ഉഷാറായ ഗുജറാത്തികൾക്ക് മതംപോലെ രാഷ്ട്രീയവും ലാഭമുള്ള ഏർപ്പാടാക്കാൻ പല വഴികളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഈ തിരിമറികൾ ഗുജറാത്തിൽ മാത്രം ഒതുങ്ങുന്നതല്ല.

യാദൃച്ഛികമെന്നു പറയട്ടെ തെരഞ്ഞെടുപ്പ്-രാഷ്ട്രീയ പരിഷ്കരണങ്ങൾക്കായി വാദിക്കുന്ന എ.ഡി.ആറിന്റെ തുടക്കവും ഗുജറാത്തിൽനിന്നാണ്. 1999ൽ അഹ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റിലെ ഒരുപറ്റം പ്രഫസർമാരാണ് ഈ കൂട്ടായ്മക്ക് തുടക്കമിട്ടത്.

2018ൽ നിലവിൽവന്ന ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ നിയമസാധുതയെയും എ.ഡി.ആർ ചോദ്യംചെയ്തിരുന്നു. സംഭാവന നൽകുന്ന ആളുകളുടെ പേര് രഹസ്യമാക്കിവെക്കാമെന്നതാണ് പദ്ധതിയുടെ ഒരു സവിശേഷത. മൂന്നുവർഷത്തിനിടെ 10,000 കോടി രൂപയാണ് ഇലക്ടറൽ ബോണ്ട് വഴി വിവിധ പാർട്ടികളുടെ പെട്ടിയിലെത്തിയത്. അതിൽ സിംഹഭാഗവും കിട്ടിയത് ബി.ജെ.പിക്ക് തന്നെ.

Tags:    
News Summary - Donations piled up for inactive parties as well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.