പൂജ്യത്തിൽനിന്ന് തുടങ്ങുക എന്നത് ആലങ്കാരിക പ്രയോഗമാണ്. സി.പി.എം ബംഗാൾ ഘടകത്തിന്‍റെ പുതിയ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സലിമിനെ സംബന്ധിച്ച് അത് അങ്ങനെയല്ല. മൂന്നര പതിറ്റാണ്ട് സി.പി.എം തുടർച്ചയായി ഭരിച്ച ബംഗാളിൽ പാർട്ടിക്ക് നിയമസഭയിൽ അംഗബലം വട്ടപ്പൂജ്യമാണ്. പാർട്ടിയുടെ പുനരുജ്ജീവനം പൂജ്യത്തിൽനിന്ന് തുടങ്ങുകയെന്ന ദൗത്യം ഏറ്റെടുത്ത മുഹമ്മദ് സലിം 'മാധ്യമ'ത്തോട് സംസാരിക്കുന്നു.

ബംഗാളിൽ പാർട്ടി സെക്രട്ടറിയുടെ ജോലി പൂജ്യത്തിൽനിന്നാണ് തുടങ്ങേണ്ടത്.

അതെ, അതികഠിനമായ വെല്ലുവിളികളാണ് ബംഗാളിൽ സി.പി.എം പാർട്ടി നേരിടുന്നത്. ബംഗാളിൽ ജനാധിപത്യ അന്തരീക്ഷം അപകടത്തിലാണ്. തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുകയാണ്. പാർലമെന്‍റിലേക്കും നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കുമുൾപ്പെടെ ജനങ്ങൾക്ക് നിർഭയമായി വോട്ടുരേഖപ്പെടുത്താനുള്ള സാഹചര്യമില്ല. കോളജുകളിലും സഹകരണ സ്ഥാപനങ്ങളിൽപോലും നേരാംവണ്ണം തെരഞ്ഞെടുപ്പ് നടക്കുന്നില്ല. പ്രതിപക്ഷത്തിന് ഒരു ഇടവും അനുവദിക്കുന്നില്ല. ഞങ്ങൾക്ക് പ്രചാരണം പോലും സാധ്യമല്ലാത്ത ഭീകരാന്തരീക്ഷമാണ്. സി.പി.എം പ്രവർത്തകരെ മമതയുടെ ആളുകൾ തുടർച്ചയായി കൊലപ്പെടുത്തുന്നു. ഒപ്പം ബി.ജെ.പിക്കാരുടെ ആക്രമണവും സി.പി.എം നേരിടേണ്ടിവരുന്നു. സി.പി.എമ്മിനെ ചാരമാക്കി മാറ്റാനാണ് മമതയും കൂട്ടരും ശ്രമിക്കുന്നത്. ഞങ്ങൾ പൂജ്യത്തിൽനിന്ന് ഉയർന്നുവരുകതന്നെ ചെയ്യും.

പതിറ്റാണ്ടുകൾ ഭരണം കൈയാളിയ സംസ്ഥാനത്ത് സംഘടന സംവിധാനം പൊടുന്നനെ തകർന്നടിഞ്ഞത് എന്തുകൊണ്ടാണ്..?

ബംഗാളിൽ സി.പി.എമ്മിന് സംഘടന സംവിധാനം പൂർണമായും തകർന്നുവെന്ന് കരുതേണ്ടതില്ല. ഞങ്ങൾക്ക് ആളുകളുണ്ട്. അവരെ രംഗത്തുവരാൻ അനുവദിക്കുന്നില്ലെന്നതാണ് പ്രശ്നം. മുഴുവൻ ഭരണസംവിധാനവും, ഭരിക്കുന്ന പാർട്ടിയുടെ ആജ്ഞാനുവർത്തികളായി മാറിയെന്നതാണ് രണ്ടാമത്തെ പ്രതിസന്ധി. പൊലീസ്, സർക്കാർ ഉദ്യോഗസ്ഥരും ഒരുപരിധിവരെ ജുഡീഷ്യറിയും സർക്കാറിന്‍റെ ചൊൽപടിയിലാണ്. മോദി ഭരണത്തിൽ രാജ്യത്താകെ അത്തരമൊരു സാഹചര്യമാണ് ഉടലെടുക്കുന്നത്. ബംഗാളിൽ അത് ഏറ്റവും അപകടകരമായ നിലയിലാണ്. വിധിപറഞ്ഞ ജഡ്ജിക്ക് സർക്കാറിനെ ഭയന്ന് വിധിപ്രസ്താവം പിൻവലിക്കേണ്ടിവരുന്ന കാഴ്ചയാണ് ബംഗാൾ ഹൈകോടതിയിൽ കണ്ടത്. ജുഡീഷ്യറി സർക്കാറിന് വഴങ്ങേണ്ടിവരുന്ന ഗുരുതരമായ ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് മാധ്യമങ്ങൾപോലും വലിയ ചർച്ചയാക്കുന്നില്ല.

ബംഗാളിൽ പാർട്ടി വീണിട്ട് പത്തുവർഷം കഴിഞ്ഞു. പുനരുജ്ജീവന ശ്രമങ്ങൾക്കിടയിലും പാർട്ടിയുടെ പോക്ക് പിന്നോട്ടാണ്...

34 വർഷം തുടർച്ചയായി ഭരണത്തിലിരുന്നതിന് ശേഷമാണ് ബംഗാളിൽ പാർട്ടി തകർച്ചയിലേക്ക് കൂപ്പുകുത്തിയത്. വലിയ തകർച്ചയാണ് ഉണ്ടായത്. അതിൽനിന്നുള്ള തിരിച്ചുവരവ് എളുപ്പത്തിൽ സാധ്യമാകുന്ന ഒന്നല്ല. പാർട്ടിയെ പൂർണമായും പുതുക്കിപ്പണിയേണ്ടിയിരിക്കുന്നു. പാർട്ടി സംഘടന സംവിധാനങ്ങളിൽ വലിയ മാറ്റം വരണം. സി.പി.എമ്മിനെയാകെ പുതിയ കാലത്തിന്‍റെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്ന നിലയിലേക്ക് പുനഃപ്രതിഷ്ഠ നടത്തേണ്ടതുണ്ട്. അങ്ങനെ മാത്രമേ ഇനിയൊരു പുനരുജ്ജീവനം സാധ്യമാകൂ. കഴിഞ്ഞ പത്തുവർഷത്തിലേറെയായി ബംഗാളിൽ പാർട്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. പലകുറി ചർച്ച ചെയ്തു, തീരുമാനങ്ങളെടുത്തു. അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുകയാണ്.

ബദ്ധവൈരിയായ കോൺഗ്രസുമായി കൈകോർത്തത് ബംഗാളിൽ സി.പി.എമ്മിന് എന്തെങ്കിലും ഗുണമുണ്ടാക്കിയോ..?

കോൺഗ്രസ് സഖ്യത്തിന്‍റെ നേട്ടവും കോട്ടവും ബംഗാൾ പാർട്ടിയും കേന്ദ്ര കമ്മിറ്റിയും വിശകലനം ചെയ്തിട്ടുണ്ട്. പാർട്ടിയുടെ കണ്ടെത്തൽ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. അതേക്കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടതില്ല. കോൺഗ്രസ് സഖ്യം കഴിഞ്ഞുപോയ കാര്യമാണ്. കഴിഞ്ഞ കാലത്തെക്കുറിച്ച് സംസാരിച്ച് സമയം കളയാൻ താൽപര്യമില്ല. പുതിയ കാലത്തേക്ക് നോക്കാനാണ് പാർട്ടി താൽപര്യപ്പെടുന്നത്. ഭാവിയിലേക്കുള്ള നയപരിപാടികളും പ്രവർത്തനങ്ങളുമാണ് ഇപ്പോൾ പാർട്ടിയുടെ അജണ്ട.

കോൺഗ്രസുമായി ഇനി സഖ്യം വേണ്ട എന്നാണോ പുതിയ നിലപാട്..?

ബംഗാളിൽ സി.പി.എമ്മിന് കോൺഗ്രസുമായി സ്ഥിരമായ സഖ്യമൊന്നുമില്ല. ബി.ജെ.പിയെയും തൃണമൂലിനെയും പരാജയപ്പെടുത്തുകയെന്നതാണ് ബംഗാളിൽ പാർട്ടിയുടെ ലക്ഷ്യം. അതിന് സഹായകരമാകുന്നവരുമായി യോജിച്ചുനീങ്ങും. തെരഞ്ഞെടുപ്പ് വേളയിൽ അപ്പോഴത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ചായിരിക്കും തീരുമാനം. മതേതര ജനാധിപത്യ കക്ഷികളുമായി സംസ്ഥാന അടിസ്ഥാനത്തിൽ സഹകരിച്ചുനീങ്ങുമെന്നതാണ് പാർട്ടി കോൺഗ്രസ് സ്വീകരിച്ച നിലപാട്.

സി.പി.എം കേരള ഘടകം കോൺഗ്രസുമായുള്ള സഹകരണത്തിന് എതിരാണ്..

അത് കേരളത്തിലെ പാർട്ടിയാണ് വിശദീകരിക്കേണ്ടത്. നിങ്ങൾക്ക് അവരോട് ചോദിക്കാം.

അബ്ബാസ് സിദ്ദീഖിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സെക്കുലർ ഫ്രന്‍റുമായി (ഐ.എസ്.എഫ്) കൈകോർത്തത് തിരിച്ചടിയായോ..?

അതേക്കുറിച്ച് പാർട്ടിയുടെ നിലപാട് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ആവർത്തിക്കേണ്ട കാര്യമില്ല.

സി.പി.എമ്മിന്‍റെ തകർച്ചക്കുപിന്നാലെ, ബംഗാളിൽ സംഘ്പരിവാർ ചുവടുറപ്പിക്കുകയാണ്..

ബംഗാളിൽ സംഘ്പരിവാറിന്‍റെ വർഗീയ രാഷ്ട്രീയത്തിന് സ്വാധീനം വർധിക്കുന്നുണ്ട്. ബി.ജെ.പിക്ക് വരാൻ വഴിയൊരുക്കിയത് മമതയാണ്. വാജ്പേയി കേന്ദ്രം ഭരിച്ചകാലത്ത് ബി.ജെ.പിയെയും ആർ.എസ്.എസിനെയും ബംഗാളിലേക്ക് ക്ഷണിച്ചുകൊണ്ടുവന്ന് പാലൂട്ടിയത് മമതയാണ്. സി.പി.എമ്മിനെ തകർക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. സി.പി.എമ്മിനെ തോൽപിക്കാനായെങ്കിലും ഇപ്പോൾ ആർ.എസ്.എസ് ബംഗാളിൽ മമതക്കുതന്നെ ഭീഷണിയായി മാറിയിരിക്കുന്നു. വിഭജനകാലത്തെ പ്രശ്നങ്ങളുയർത്തി ജനസംഘവും ആർ.എസ്.എസും ഒരുപാട് ശ്രമിച്ചതാണ്. അന്നൊന്നും അവർക്ക് ബംഗാളിൽ വേരുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ മമതയുടെ തോളിലേറി ആർ.എസ്.എസ് അതു സാധിച്ചിരിക്കുന്നു.

ബംഗാളിൽ സി.പി.എമ്മിന്‍റെ സാരഥിയായി ന്യൂനപക്ഷ വിഭാഗത്തിൽ നിന്നൊരാൾ നീണ്ട ഇടവേളക്ക് ശേഷമാണ്...

മുസ്ലിം എന്ന നിലയിൽ പ്രത്യേകമായി പരിഗണിക്കപ്പെടാൻ താൽപര്യപ്പെടുന്ന ആളല്ല ഞാൻ. ഒരാളെ മുസ്ലിം, ഹിന്ദു, ബംഗാളി എന്നിങ്ങനെയൊക്കെ വ്യത്യസ്ത കളങ്ങളിലാക്കി നിർത്തുന്നത് മാധ്യമങ്ങളാണ്. ആദ്യമായി ഞാനൊരു മനുഷ്യനാണ്.

രണ്ടാമതായി ഞാനൊരു ഇന്ത്യക്കാരനാണ്. പിന്നെ നിങ്ങൾക്ക് വേണമെങ്കിൽ ബംഗാളി എന്ന് വിളിക്കാം. എനിക്കുമുമ്പ് അബ്ദുൽ ഹലീം, മുസഫർ അഹ്മദ് എന്നിവർ പാർട്ടിയെ നയിച്ചിട്ടുണ്ട്. അവരുടെ കാലത്ത് ഇത്തരം ചോദ്യം ഉയർന്നിരുന്നില്ല. എനിക്കുനേരെ ന്യൂനപക്ഷ പ്രതിനിധി പരാമർശം വന്നത് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണമാണ്. മാധ്യമങ്ങൾ കുറേക്കൂടി വിഭാഗീയമായി മാറിയിരിക്കുന്നുവെന്നാണ് തോന്നുന്നത്.

ബംഗാളിലെ തിരിച്ചുവരവ് സംബന്ധിച്ച പ്രതീക്ഷകൾ എത്രത്തോളമാണ്..?

ബംഗാളിൽ തൃണമൂലിന് പണത്തിന്‍റെ ശക്തിയുണ്ട്. മാധ്യമ പിന്തുണയുണ്ട്. അധികാരത്തിന്‍റെ മേൽക്കൈയുണ്ട്. അതെല്ലാം ഉപയോഗപ്പെടുത്തി സി.പി.എമ്മിനെ തുടച്ചുനീക്കാനാണ് മമത ശ്രമിക്കുന്നത്. തുടച്ചുനീക്കപ്പെടാതിരിക്കാനുള്ള പോരാട്ടത്തിലാണ് ഞങ്ങൾ. ഒരുനാൾ തിരിച്ചുവരുമെന്ന് തന്നെയാണ് വിശ്വാസം.

Tags:    
News Summary - Does not turn gray, rises from zero

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.