ദൈവിക ഭവനങ്ങളിൽ വിവേചനം വേണ്ടാ

'വഴിമുടക്കാൻ നിങ്ങൾക്ക് എന്തവകാശം' എന്ന തലക്കെട്ടിൽ റഈസ് ഹിദായ ഉന്നയിച്ച ചോദ്യങ്ങൾ ( 04 മേയ് 2022) അടിയന്തരപ്രാധാന്യത്തോടെ ഉത്തരം നൽകേണ്ടവയാണ്. അറബ് രാജ്യങ്ങളിലെ പള്ളികളുടേതിന് കിടപിടിക്കുന്ന കാർപറ്റുകളും ടാപ്പുകളുമെല്ലാം ഒരുക്കുന്ന കേരളത്തിലെ പള്ളികൾ ഭിന്നശേഷി സൗഹാർദ വിഷയത്തിൽ പുലർത്തുന്നത് നിരാശജനകമായ സമീപനമാണെന്ന് ഈ കുറിപ്പുകാരി ഏതാനും വർഷം മുമ്പ് 'മാധ്യമ'ത്തിൽ എഴുതിയ ഭിന്നശേഷിദിന ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പല മസ്ജിദ് പരിപാലന സമിതികളും ചില സംഘടനകളും അന്ന് അതിനോട് തികഞ്ഞ അനുഭാവത്തോടെ പ്രതികരിക്കുകയുണ്ടായി. എന്നാൽ, വേണ്ടത്ര തുടർച്ചയുണ്ടായില്ല. മതസംഘടനകളും മഹല്ല് കമ്മിറ്റികളും കഴിയുമെങ്കിൽ ബലിപെരുന്നാളിന് മുമ്പ് എന്ന് സമയപരിധി നിശ്ചയിച്ചുതന്നെ റാമ്പുകൾ ഒരുക്കുവാനും വീൽചെയർ ഉപയോക്താക്കൾക്ക് സൗകര്യം ചെയ്യാനും തയാറാവണം.

തുർക്കിയിലെ പള്ളിയിലെ ഇമാം കുട്ടികളുമൊന്നിച്ച് ട്രെയിൻ ഓടിച്ചു കളിക്കുന്ന ചിത്രം ആഹ്ലാദപൂർവം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചവർ സ്വന്തം നാട്ടിലെ പള്ളിയിൽ കുട്ടികളും സ്ത്രീകളും എങ്ങനെയാണ് പരിഗണിക്കപ്പെടുന്നത് എന്ന് അന്വേഷിക്കുവാനും തിരുത്തിക്കുവാനും മുന്നോട്ടുവന്നാൽ നന്നായി.

ശാരീരിക പരിമിതിയുള്ള ആളുകൾക്ക് ഇടം അനുവദിക്കാത്തതുപോലൊരു വിവേചനമാണ് സ്ത്രീകൾക്ക് ഇടുങ്ങിയ ഇടം അനുവദിക്കുന്നതും. സ്ത്രീകളുടെ പ്രവേശനത്തെക്കുറിച്ച് അനുകൂല നിലപാടില്ലാത്ത പള്ളികളെക്കുറിച്ചല്ല, പുരോഗമന പ്രസ്ഥാനങ്ങളും നേതാക്കളും കൈകാര്യകർത്താക്കളായ പള്ളികളെക്കുറിച്ചാണ് ഈ പരാതി.

പല പള്ളികളിലും സ്ത്രീകൾക്കുള്ള പ്രവേശന വഴികൾ തന്നെ ഒട്ടും സ്വാഗതം ചെയ്യുന്ന തരത്തിലുള്ളതല്ല. അകത്ത് അനുവദിച്ചുകിട്ടുന്ന സ്ഥലമാവട്ടെ തികച്ചും പരിമിതവും അസൗകര്യങ്ങൾ നിറഞ്ഞതും. റമദാന് മുന്നോടിയായി ഏതാണ്ട് എല്ലാ പള്ളികളിലും പുരുഷന്മാരുടെ പ്രാർഥനാ ഇടങ്ങൾ കാർപറ്റിട്ട് മോടിപിടിപ്പിക്കുകയും എയർകണ്ടീഷനർ വെച്ച് തണുപ്പിക്കുകയും ചെയ്തപ്പോഴും സ്ത്രീകൾക്ക് പരുക്കൻ പായയും പ്ലാസ്റ്റിക് ഷീറ്റും തന്നെ. വിശ്വാസിനികൾ അവരുടെ ആഭരണങ്ങൾ അഴിച്ചു കൊടുത്തും, പിടിയരി നൽകിയും, നാട്ടിലും പ്രവാസനാട്ടിലും ജോലിചെയ്ത് ലഭിക്കുന്നതിൽനിന്ന് കൈയയച്ച് നൽകിയും കൂടിയാണ് നാട്ടിലെ പള്ളികളിൽ പലതും നിർമിച്ചിരിക്കുന്നത്.

ഇനി അങ്ങനെ അല്ലെന്നു വാദിച്ചാൽപോലും ദൈവിക ഭവനത്തിൽ തുല്യമായ അവകാശം അവർക്കുണ്ട്. ഹിജാബ് ധരിച്ച സ്ത്രീകളുടെയും വിദ്യാർഥിനികളുടെയും അവകാശങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുമണ്ഡലങ്ങളിലും ഹനിക്കുവാനും അവരെ അദൃശ്യപ്പെടുത്തുവാനും ശ്രമം നടക്കുന്ന ഘട്ടത്തിൽ പള്ളികളിലും അതേ സമീപനമാണ് എന്നു വരുകിൽ വല്ലാത്ത പ്രയാസം തന്നെയാണ്. ഞങ്ങളുടെ ആത്മാഭിമാനത്തെത്തന്നെയാണ് അത് ബാധിക്കുന്നത് എന്ന് പറയാതെ വയ്യ. മസ്ജിദുകൾ ശിശു-ഭിന്നശേഷി-സ്ത്രീ സൗഹൃദ ഇടങ്ങളാക്കി മാറ്റുവാൻ സംഘടനകളും മഹല്ല് കമ്മിറ്റികളും അതിലേറെ ഓരോ വിശ്വാസിയും മുന്നിട്ടിറങ്ങാൻ ഇനി വൈകിക്കൂടാ.

Tags:    
News Summary - Do not discriminate in the masjid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.