ബിഹാറിലെ ചപ്രയിൽ പശുവിന്റെ പേരിൽ ആൾക്കൂട്ടക്കൊലക്കിരയായ ദലിത് യുവാവിന്റെ ബന്ധുക്കൾ ആശുപത്രി മുറ്റത്ത് പൊലീസിനോട് സഹായമഭ്യർഥിക്കുന്നു

പശു വെറുമൊരു പാൽതു ജാൻവറല്ല

പ​ശു​മാം​സം വീ​ട്ടി​ൽ സൂ​ക്ഷി​ച്ചുവെന്നാ​രോ​പി​ച്ച് ദാ​ദ്രി​യി​ൽ അ​ഖ്‍ലാ​ക്ക് എ​ന്ന സാധുമനുഷ്യനെ ഹി​ന്ദു​ത്വ​വാ​ദി​ക​ൾ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ഇ​ന്നും ന​മു​ക്കോ​ർ​മ​യു​ണ്ട്. അ​തേ​ച്ചൊ​ല്ലി വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു, പി​ന്നീ​ട് സ​മാ​ന​മാ​യ അ​തി​ക്രൂ​ര കൊ​ല​പാ​ത​ക​ങ്ങ​ളും അ​തി​ക്ര​മ​ങ്ങ​ളും ന​ട​മാ​ടു​മ്പോ​ൾ വാ​ഹ​നാ​പ​ക​ട​വും പോ​ക്ക​റ്റ​ടി​യും​പോ​ലെ അ​തൊ​രു സാ​ധാ​ര​ണ കു​റ്റ​വാ​ർ​ത്ത മാ​ത്ര​മാ​യി​രി​ക്കു​ന്നു

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഭരത്പുർ ജില്ലയിൽ പശുക്കടത്ത് ആരോപിച്ച് ആക്രമിക്കൂട്ടം തട്ടിക്കൊണ്ടുപോയ നാസർ (25), ജുനൈദ് (35) എന്നീ മുസ്‌ലിം ചെറുപ്പക്കാരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ഹരിയാനയിലെ ഭിവാനി ജില്ലയിൽനിന്ന് കണ്ടെടുത്തിരുന്നു. സംഘ്പരിവാർ സംഘടനയായ ബജ്റംഗ് ദളിന്റെ സജീവ പ്രവർത്തകൻ മോനു മനേസറിന്റെ നേതൃത്വത്തിലെ സംഘമാണ് തട്ടിക്കൊണ്ടുപോയതിനും കൊലക്കും പിന്നിലെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം ആരോപിക്കുന്നു.

ഗായ് ഏക് പാൽതൂ ജാൻവർ ഹേ (പശു ഒരു വളർത്തുമൃഗമാണ്) എന്നാണ് ഹിന്ദി പാഠപുസ്തകത്തിൽ നാം വായിച്ചിരുന്നതെങ്കിൽ രാജ്യത്തെ ഹിന്ദുത്വ ശക്തികൾക്ക് ‘പശു’ എന്നത് മുസ്‍ലിം-ദലിത് സമൂഹങ്ങളെ കൊലപ്പെടുത്താനുള്ള രാഷ്ട്രീയ ആയുധമാണ്. 2010 മുതൽ 2017 വരെ പശുവിന്റെ പേരിൽ കൊലചെയ്യപ്പെട്ടവരിൽ 86 ശതമാനം ആളുകൾ മുസ്‍ലിംകളും അവശേഷിക്കുന്നവരിൽ ഏറിയപങ്കും ദലിത് വിഭാഗക്കാരുമാണെന്ന് ‘ഇന്ത്യ സ്പെൻഡ്’ എന്ന മാധ്യമ ഗവേഷണ സ്ഥാപനം റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം സംഭവങ്ങളിൽ 97 ശതമാനവും നടമാടിയത് 2014നു ശേഷമാണെന്നും അവയിലേറെയും അഭ്യൂഹങ്ങളെ തുടർന്നാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആദ്യകാലങ്ങളിൽ ഇത്തരം കൊലപാതകങ്ങൾ നമുക്കിടയിൽ വലിയ ഞെട്ടൽ സൃഷ്ടിച്ചിരുന്നു. പശുമാംസം വീട്ടിൽ സൂക്ഷിച്ചിരിക്കുന്നു എന്നാരോപിച്ച് ദാദ്രിയിലെ വീട്ടിൽ ഇരച്ചുകയറി അഖ്‍ലാക്ക് എന്ന സാധു മനുഷ്യനെ ഹിന്ദുത്വവാദികൾ കൊലപ്പെടുത്തിയ സംഭവം ഇന്നും നമുക്കോർമയുണ്ട്. അതേച്ചൊല്ലി വ്യാപക പ്രതിഷേധങ്ങളുയർന്നിരുന്നു, സാമൂഹിക- മനുഷ്യാവകാശ പ്രവർത്തകരും എഴുത്തുകാരും പ്രതികരിച്ചിരുന്നു, നയൻതാര സെഹ്ഗാലും ഉദയ് പ്രകാശും അശോക് വാജ്പേയിയും മുതൽ പ്രഫ. സാറാ ജോസഫ് വരെ തങ്ങൾക്ക് ലഭിച്ച കേന്ദ്രസാഹിത്യ അക്കാദമി അവാർഡുകൾ തിരിച്ചുനൽകി ശക്തമായ നിലപാട് പ്രഖ്യാപനംതന്നെ നടത്തി. പിന്നീട് സമാനമായ അതിക്രൂര കൊലപാതകങ്ങളും അതിക്രമങ്ങളും മാസത്തിൽ ഒന്നെന്ന മട്ടിൽ നടമാടുമ്പോൾ വാഹനാപകടവും പോക്കറ്റടിയുംപോലെ അതൊരു സാധാരണ കുറ്റവാർത്ത മാത്രമായിരിക്കുന്നു. കേന്ദ്ര സർവകലാശാലകളിലെ പ്രതിഷേധങ്ങൾക്കും പോസ്റ്ററുകൾക്കുമപ്പുറം ആൾക്കൂട്ട കൊലപാതകങ്ങളുടെ ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻപോലും ആളുകൾക്ക് ഭയം തോന്നിതുടങ്ങിയിരിക്കുന്നു.

പാൽതരുന്ന വളർത്തുമൃഗമായിരുന്ന പശു ഒരു വിശുദ്ധമൃഗ പദവിയിലേക്കുയർന്നത് പൊടുന്നനെയാണ്. ഏതാനും മാസം മുമ്പ് ഗുജറാത്തിലെ താപി ജില്ല കോടതി പശുക്കടത്ത് ആരോപണവുമായി ബന്ധപ്പെട്ട കേസിൽ മുഹമ്മദ് അമീൻ അൻജൂം (22) എന്ന യുവാവിന് ജീവപര്യന്തവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. ആ വിധി പ്രസ്താവനയിൽ ജില്ല സെഷൻസ് ജഡ്ജി സമീർ വ്യാസ് കുറിച്ചിട്ട നിരീക്ഷണങ്ങൾ ‘ഗോഹത്യ ഇല്ലാതാകുന്ന നാളിലേ ലോകത്ത് സമാധാനം പുലരൂ’, ‘പശുക്കൾ ദുഃഖിതരാണെങ്കിൽ രാജ്യത്ത് സമ്പത്ത് നിലനിൽക്കില്ല’, ‘ചാണകംകൊണ്ട് നിർമിച്ച വീടുകളെ അറ്റോമിക് റേഡിയേഷൻ ബാധിക്കില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്’, ‘ഭേദമാക്കാനാവാത്ത പല രോഗങ്ങൾക്കും ഗോമൂത്രം പരിഹാരമാണ്...’ എന്നിങ്ങനെ പോകുന്നു.

2019ൽ ഗോരക്ഷക ഗുണ്ടകളാൽ പെഹ്‍ലുഖാൻ (55) കൊല്ലപ്പെട്ട കേസിലെ ആറു പ്രതികളെയും രണ്ടു വർഷം നീണ്ട വിചാരണക്കൊടുവിൽ തെളിവുകളുടെ അഭാവത്തിൽ വിട്ടയക്കുന്നതും പിന്നീട് കേസ് ഹൈകോടതി കയറുന്നതും നാം കണ്ടതാണ്. കേസിലെ പ്രധാന സാക്ഷികളായ പെഹ്‍ലുഖാന്റെ രണ്ടു മക്കൾ ആക്രമണത്തിൽനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

പശുസംരക്ഷകർ എന്നവകാശപ്പെടുന്ന വർഗീയ ഗുണ്ടകളുടെ ആക്രമണത്തിന് പുറമെ ഇന്ന് രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഗോഹത്യ ജീവപര്യന്തം തടവും കടുത്ത പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണ്. എന്നാൽ, ആളുകളെ പച്ചക്ക് കൊല്ലുന്ന ഹിന്ദുത്വ ആക്രമികൾ അശിക്ഷിതരായി വിഹാരം തുടരുകയും ചെയ്യുന്നു. ഉത്തർപ്രദേശിൽ സിഷാൻ ഹൈദർ നഖ്വി എന്ന അമ്പതുകാരനെ പശുമാംസം കൈവശം െവച്ചു എന്നാരോപിച്ച് കൊല്ലപ്പെടുത്തിയ കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് സബ് ഇൻസ്പെക്ടർമാരടക്കം പന്ത്രണ്ട് പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഹൈകോടതിക്ക് വരെ ഇടപെടേണ്ടിവന്നു. ഇന്നും അദ്ദേഹത്തിന്റെ ഭാര്യ നിയമയുദ്ധത്തിലാണ്.

ഉറ്റവരുടെ മൃതദേഹങ്ങൾ ചുമന്ന് കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്ന മനുഷ്യരുടെ ചിത്രങ്ങൾ ഒരു ഭാഗത്ത് നിൽക്കുമ്പോഴാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആംബുലൻസുകൾ പശുസംരക്ഷണത്തിനായി സൈറൺ മുഴക്കി പായുന്നത്. പശു സംരക്ഷണത്തിനപ്പുറം ഇതൊരു രാഷ്ട്രീയായുധമായി മാറിക്കഴിഞ്ഞു.

രാജ്യത്തെ അടിസ്ഥാന വികസന പ്രശ്നങ്ങൾ (പട്ടിണി, തൊഴിൽ, പാർപ്പിടം, അവശ്യസാധനങ്ങളുടെ ലഭ്യത/വിലക്കയറ്റം, ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന എണ്ണവില) മനഃപൂർവം മറച്ചുവെക്കുകയും പകരം ഹിന്ദു-മുസ്‍ലിം ദ്വന്തത്തിലേക്ക് കാര്യങ്ങളെ മാറ്റി ഹിന്ദുത്വരാഷ്ട്രീയത്തിന് മേൽക്കോയ്മ ഉണ്ടാക്കിയെടുക്കുകയാണ് ഭരണകൂടത്തിന്റെ രീതി. പശു എന്ന സാധുമൃഗത്തെ മുൻനിർത്തി അവർക്ക് അജണ്ടകൾ എളുപ്പത്തിൽ നടപ്പാക്കിയെടുക്കാനുമാവുന്നു.

(മമ്പാട് എം.ഇ.എസ് കോളജിൽ അസി. പ്രഫസറാണ് ലേഖകൻ)

Tags:    
News Summary - Cow is not just a domestic animal- Shihab Palliyalil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.