കോവിഡ്–19; ജനതയെ സംരക്ഷിക്കാൻ ഉത്തരവാദിത്തം കോടതിക്കുമുണ്ട്

2021 ഏപ്രിൽ 19നാണ് കോവിഡ് മഹാമാരിയിൽ ഉത്തർപ്രദേശ് ഗവൺമെൻറി​െൻറ നിരുത്തരവാദപരമായ സമീപനത്തെ അതി നിശിത ഭാഷയിൽ വിമർശിച്ച്​ അലഹബാദ് ഹൈകോടതി വിധി പറഞ്ഞത്. തയാറെടുപ്പുകൾക്കായി ഒരു വർഷം സമയമുണ്ടായിരുന്നിട്ടും കോവിഡിന്റെ രണ്ടാം തരംഗം നേരിടാൻ ഗവൺമെൻറ്​ ഒരു നടപടിയും സ്വീകരിച്ചില്ല. മതിയായ ആരോഗ്യസംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ട് ജനങ്ങൾ മരിച്ചുവീണാൽ ഉത്തരവാദി ഗവൺമെൻറ്​ മാത്രമായിരിക്കും. പ്രയാഗ് രാജിലെ 0.5 ശതമാനം മനുഷ്യർ രോഗബാധിതരായാൽ ചികിത്സിക്കാനുള്ള സൗകര്യം മാത്രമേ ഗവൺമെൻറ്​ ഒരുക്കിയിട്ടുള്ളൂ. മനുഷ്യരുടെ ജീവൻ രക്ഷിക്കാനാകാത്ത 'വികസനം' അർഥശൂന്യമാണ് തുടങ്ങി ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചു ജസ്​റ്റിസ് സിദ്ധാർഥ വർമ, ജസ്​റ്റിസ് അജിത്കുമാർ എന്നിവരടങ്ങിയ ​െബഞ്ച്. പ്രധാന നഗരങ്ങളിൽ ലോക്​ഡൗൺ ഏർപ്പെടുത്തുന്നത് ഉൾപ്പെടെ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ അടിയന്തരമായി സ്വീകരിക്കേണ്ട പതിനൊന്നു നിർദേശങ്ങൾ കൂടി കോടതിവിധിയിലുണ്ട്.

എന്നാൽ, തൊട്ടടുത്ത ദിവസം തന്നെ പ്രസ്തുത വിധി സുപ്രീംകോടതി സ്​റ്റേ ചെയ്തു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർഥന മാനിച്ച (സ്​ഥാനമൊഴിഞ്ഞ) ചീഫ് ജസ്​റ്റിസ് എസ്.എ. ബോബ്‌ഡെയുടെ ബെഞ്ച്, കോവിഡ് പ്രതിരോധത്തിന്​ സ്വീകരിച്ച നടപടികൾ അറിയിക്കുവാൻ ഗവൺമെൻറിന് രണ്ടാഴ്ച സമയം അനുവദിക്കുകയാണ് ചെയ്തത്. ജീവൻ നിലനിർത്താൻ ഓക്സിജൻ ലഭ്യമാകാതെ ആയിരക്കണക്കിന് മനുഷ്യർ മരിച്ചുവീഴുന്ന നാട്ടിലാണ് കോടതി രണ്ടാഴ്ച സമയം കൊടുത്തിരിക്കുന്നത്. ഗവൺമെൻറി​െൻറ മറുപടി ലഭിക്കുന്നതുവരെ കാത്തിരിക്കാൻപോലും തയാറാകാതെ ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്​റ്റേ ചെയ്യുകയായിരുന്നു. അഞ്ചു നഗരങ്ങളിൽ ലോക്​ഡൗൺ നിർദേശിച്ച ഹൈകോടതിനടപടി ഗുരുതര ഭരണ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും, കോവിഡ് നേരിടാൻ വേണ്ടതെല്ലാം ഗവൺമെൻറ് ചെയ്യുന്നുണ്ടെന്നും യു.പി ഗവൺമെൻറിനു വേണ്ടി തുഷാർ മേത്ത കോടതിയെ അറിയിച്ചു.

ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ച ആദ്യത്തെ ലോക്ഡൗൺ കാലത്ത്, അതിഥി തൊഴിലാളികൾ നിരത്തുകളിൽ മരിച്ചുവീണുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ അതിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതിയാണിതെന്നോർക്കണം. അന്ന് പതിനായിരക്കണക്കിന് മനുഷ്യർ തെരുവിലൂടെ പരിഭ്രാന്തരായി അലയുന്നത്​ ദൃശ്യമാധ്യമങ്ങൾ കാണിച്ചുകൊണ്ടിരിക്കുന്ന സമയത്ത്, എല്ലാവർക്കും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരും തെരുവിലില്ല എന്നും അറിയിച്ച സർക്കാറിന്റെ വാദം മുഖവിലയ്​ക്കെടുത്ത്​ ഇടപെടാതിരിക്കുകയാണ്​ കോടതി ചെയ്തത്. ഇപ്പോൾ സുപ്രീംകോടതിയിൽ കാണുന്നത് അതിന്റെ ആവർത്തനമാണ്. മനുഷ്യർ ആലംബമില്ലാതെ, ചികിത്സ ലഭിക്കാതെ, ഉഴലുന്നത് കണ്മുന്നിൽ കാണുമ്പോഴാണ് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്ന് സോളിസിറ്റർ ജനറൽ പറയുന്നത്. നേരത്തേ ആധാർ കേസ് പരിഗണിക്കവേ, ആധാർ മൂലം റേഷൻ നിഷേധിക്കപ്പെട്ടവർ പട്ടിണികൊണ്ടു മരിച്ച കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ, പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കുകയില്ല എന്നു പറഞ്ഞത് ഓർമവരുന്നു. ഉത്തർപ്രദേശിൽ ഏപ്രിൽ 26 വരെ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നായിരുന്നു അലഹബാദ് ഹൈകോടതിയുടെ ഉത്തരവ്. രണ്ടാഴ്ച ഗവൺമെൻറിന്​ സമയം കൊടുത്തതോടെആ ഉത്തരവ് അപ്രസക്തമായി. ഭരണഘടനാ സംവിധാനത്തിനകത്ത് ഗവൺമെന്റുകൾക്കുമേൽ ആവശ്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനും തിരുത്തൽ ശക്തിയായി വർത്തിക്കുന്നതിനും വേണ്ടിയുള്ളതാണ് നീതിന്യായ സംവിധാനം എന്ന അടിസ്ഥാന തത്ത്വമാണ് ഇവിടെ ബലികഴിക്കപ്പെടുന്നത്.

ഏപ്രിൽ 21ന് ഡൽഹിയിലെ ദയനീയമായ അവസ്ഥയിൽ ഹൈകോടതി ഇടപെടുകയുണ്ടായി. രാജ്യത്ത് ഓക്സിജൻ കിട്ടാതെ മനുഷ്യർ മരിച്ചുവീഴുമ്പോൾ ഓക്സിജൻ കയറ്റിയയക്കുന്ന നയത്തിനെതിരെ പരാമർശമുണ്ടായി. "ആശുപത്രികളിൽ ഓക്സിജൻ എത്തിക്കുന്നതിനുവേണ്ട നടപടികൾ ഒന്നും ഗവൺമെന്റ് സ്വീകരിക്കുന്നില്ല എന്ന കാര്യം ഞെട്ടലുളവാക്കുന്നതാണ്. ജനങ്ങളുടെ ജീവന് ഗവൺമെന്റ് ഒരു വിലയും കൽപിക്കുന്നില്ല. യാചിച്ചോ വാങ്ങിയോ മോഷ്​ടിച്ചിട്ടോ ആയാലും വേണ്ടില്ല ജനങ്ങൾക്ക് ജീവൻ സംരക്ഷിക്കാനുള്ള ഓക്സിജൻ ലഭ്യമാക്കണം" -കോടതി പറഞ്ഞു. ആദ്യഘട്ടത്തിൽ പെട്രോളിയം സ്​റ്റീൽ വ്യവസായങ്ങളുടെ ഓക്സിജൻ സ്​റ്റോക്ക് പിടിച്ചെടുക്കാൻ നിർദേശിച്ചതാണ്. എന്നാൽ, പിന്നീട് ഏപ്രിൽ 22 മൂന്നു മണിവരെ ഉത്തരവ് തടഞ്ഞു​െവക്കുകയായിരുന്നു. 22ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ആ കേസ് വീണ്ടും പരിഗണിക്കാനിരിക്കവേയാണ്, സുപ്രീംകോടതിയുടെ ചീഫ് ജസ്​റ്റിസിന്റെ നേതൃത്വത്തിലെ ബെഞ്ച് സ്വമേധയാ കേസെടുത്തുകൊണ്ട് രാവിലെ തന്നെ ഇടപെടൽ നടത്തിയിരിക്കുന്നത്. എല്ലാ ഹൈകോടതികളിലെയും കോവിഡുമായി ബന്ധപ്പെട്ട കേസുകൾ ഇനി സുപ്രീംകോടതി പരിഗണിക്കുമെന്നും പ്രസ്താവിച്ചു.

ആദ്യഘട്ടത്തിൽ അന്തർസംസ്​ഥാന തൊഴിലാളികളുടെ കേസിൽ ഗവൺമെൻറിനോട് നിർദേശങ്ങൾ കൊടുക്കാഞ്ഞതിനു പറഞ്ഞ വിശദീകരണം ഗവൺമെൻറി​െൻറ നയപരമായ തീരുമാനങ്ങളിൽ ഇടപെടില്ല എന്നതായിരുന്നു. അലഹബാദ് ഹൈകോടതിയുടെ വിധി റദ്ദു ചെയ്യാൻ ആവർത്തിച്ചതും ഇതേ കാരണം. എന്നാൽ, ഇതേ സുപ്രീംകോടതി തന്നെ തൊഴിലാളികളുടെ കാര്യത്തിൽ പിന്നീട് ഒരു ഘട്ടത്തിൽ അതിൽ സ്വമേധയാ കേസെടുത്തു നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു എന്ന കാര്യം നമ്മൾ ഓർക്കണം. ബി.സി.സി.ഐയുടെ പ്രവർത്തനങ്ങൾ എങ്ങനെ ആയിരിക്കണം എന്നതുമുതൽ ഒരു അടിയന്തര പ്രാധാന്യവും ഇല്ലാത്ത കാക്കത്തൊള്ളായിരം കാര്യങ്ങളിൽ ഇടപെട്ടിട്ടുള്ള സുപ്രീംകോടതിയാണ്. എന്നിട്ടാണ് സമീപനങ്ങളിലെ ഈ വൈരുധ്യം!

രാജ്യത്തെ വിവിധ ഹൈകോടതികൾ പ്രദേശത്തുള്ള സാഹചര്യവും പരാതികളും പരിഗണിച്ച്​, ജനപക്ഷത്തുനിന്നുകൊണ്ട്, ഭരണഘടനയുടെ അനുഛേദം 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിനവേണ്ടി നിലകൊള്ളവേയാണ്, സുപ്രീംകോടതിയുടെ ഇടപെടൽ. ഇതോടുകൂടി ഹൈക്കോടതികളിലെ നടപടിക്രമങ്ങൾ അപ്രസക്തമായിരിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടന കോടതികൾ എന്ന നിലയിൽ രാജ്യത്തിലെ വിവിധ ഹൈകോടതികൾ സ്വീകരിച്ച ധീരമായ നിലപാടുകളും അതിനെയെല്ലാം റദ്ദുചെയ്തുകൊണ്ട് പിന്നീട് സുപ്രീംകോടതി നടത്തിയ കുപ്രസിദ്ധമായ എ.ഡി.എം ജബൽപൂർ കേസിലെ വിധിപ്രസ്താവവും ഓർത്തുപോവുകയാണ്.

രാജ്യം വലിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ജീവിക്കുവാനുള്ള അവകാശം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് മനുഷ്യർ ഭരണഘടന കോടതികളെ സമീപിക്കുന്നത്. ആരോഗ്യം എന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ, അനുഛേദം 21െൻറ ഭാഗമാണ്. ജനങ്ങൾ നിസ്സഹായരായി മരിച്ചുവീഴുമ്പോൾ, ആരോഗ്യ സംവിധാനങ്ങൾ തകർന്നടിയുമ്പോൾ, അവരുടെ ജീവിതം സംരക്ഷിക്കുവാൻ ഉത്തരവാദപ്പെട്ട ഭരണകൂടം ഉത്തരവാദിത്തങ്ങൾ നിർവഹിക്കാതെ വരുമ്പോൾ, അവസാന പ്രതീക്ഷയെന്നോണം ആണ് കോടതികളെ സമീപിക്കുന്നത്. കോടതികളുടെ അടിയന്തര ഇടപെടലുകൾ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. അതുണ്ടാകുന്നില്ലായെങ്കിൽ രാജ്യം വലിയ അരാജകത്വത്തിലേക്ക് വഴുതിവീഴും. അവസാനത്തെ അത്താണിയായ പരമോന്നത നീതിപീഠത്തിലെങ്കിലും ജനതക്കുള്ള വിശ്വാസം നിലനിർത്തേണ്ടത് ഒരു ജനാധിപത്യ സംവിധാനം എന്ന നിലയിൽ ഇന്ത്യ സമാധാനപരമായി, സുസ്ഥിരമായി, നിലനിൽക്കുന്നതിന് അനിവാര്യമാണ്.

Tags:    
News Summary - Covid 19; The court also has a responsibility to protect the people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT