മധ്യപ്രദേശ് പൊലീസിന്‍െറ ഏറ്റുമുട്ടല്‍ നാടകം

ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ പുറത്തുചാടിയതായി ആരോപിക്കപ്പെട്ട എട്ട് വിചാരണത്തടവുകാര്‍ 12 മണിക്കൂറിനകം ജയിലില്‍നിന്ന് 10 കി.മീറ്ററിനപ്പുറം വെച്ച് ഏറ്റുമുട്ടലില്‍ വെടിവെച്ച് കൊല്ലപ്പെട്ടതായി പറയപ്പെടുന്ന സംഭവം ന്യായമായ പല ചോദ്യങ്ങളും ഉയര്‍ത്തിവിട്ടിരിക്കുകയാണ്. സംഭവഗതികളെയും തടവുചാട്ടത്തിന്‍െറ രീതികളെയും പ്രതികളുടെ കൈയിലെ ‘ആയുധങ്ങളെയും’ കുറിച്ച് സംസ്ഥാന അധികൃതരുടെ വ്യത്യസ്ത വൃത്തങ്ങള്‍ പുറപ്പെടുവിച്ച പ്രസ്താവനകളില്‍ പല പൊരുത്തക്കേടുകളും പ്രകടമാണ്.

വിചാരണത്തടവുകാര്‍ ധരിച്ച പുതിയ വസ്ത്രങ്ങളും ഷൂസും, മൃതദേഹങ്ങള്‍ക്കു ചുറ്റും ചിതറിക്കിടക്കുന്ന സ്യൂട്ട്കേസുകള്‍, ജീവനില്ലാത്ത ശരീരത്തില്‍നിന്ന് ധീരനായ ഒരു പൊലീസ് ഓഫിസര്‍ കണ്ടെടുത്ത തിളക്കമുള്ള കത്തി തുടങ്ങിയവയുടെ ഫോട്ടോ-വിഡിയോ തെളിവുകള്‍ ഏറ്റുമുട്ടല്‍ കൊലയുടെ നാടക അരങ്ങിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എട്ടുപേരും ജയില്‍ ചാടിയ ശേഷം, തങ്ങള്‍ക്ക് ലഭിച്ച ചുരുങ്ങിയ സമയം വിചാരണത്തടവുകാര്‍ ചെലവഴിച്ചത് സ്ഥലത്തുനിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടുന്നതിനെക്കുറിച്ചു ചിന്തിക്കാനല്ല, ജീന്‍സും സ്പോര്‍ട്സ് ഷൂകളും ധരിക്കാനും ഉണക്കപ്പഴങ്ങളും സ്യൂട്ട്കേസുകളും നാടന്‍ തോക്കുകളും ശേഖരിക്കാനുമാണെന്നാണ് പൊലീസ് ഭാഷ്യം കേട്ടാല്‍ തോന്നുക. കൂട്ടം പിരിഞ്ഞു രക്ഷപ്പെടാനുള്ള ചിന്തപോലും അവര്‍ക്കുണ്ടായില്ല.

പ്രവചിക്കാന്‍ കഴിയുന്നപോലെ മധ്യപ്രദേശ് പൊലീസും ഭരണാധികാരികളും സ്വന്തം സര്‍ക്കാര്‍ വക്താക്കളുടെതന്നെ പ്രസ്താവനകളിലെ നിരവധി വൈരുധ്യങ്ങളെ അവഗണിച്ചുകൊണ്ട് വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞിരിക്കയാണ്. തടവുചാട്ടത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍, ‘ഏറ്റുമുട്ടലി’നെക്കുറിച്ച് ആരാണ് അന്വേഷിക്കുക. മിക്ക ഏറ്റുമുട്ടലുകളിലും പൊലീസിനെതിരിലല്ല, കൊല്ലപ്പെട്ടവര്‍ക്കെതിരിലാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതെന്നാണ് അനുഭവം. എട്ടുപേരെ കൊലപ്പെടുത്തിയതിന്‍െറ എഫ്.ഐ.ആര്‍ നിര്‍ബന്ധമായും പരസ്യപ്പെടുത്തണം. ഒരിക്കലുമതിനെ നിയമപരമായ അന്ധകാരച്ചുഴിയിലേക്ക് പതിക്കാന്‍ അനുവദിക്കരുത്. കൊലപാതകത്തെ ന്യായീകരിക്കാന്‍ കൊല്ലപ്പെട്ടവരുടെ സിമിബന്ധം ചൂണ്ടിക്കാട്ടാന്‍ ആളുണ്ടാവുമെന്നതില്‍ സംശയമില്ല. രാജ്യം രക്തംകൊണ്ട് ഊട്ടപ്പെടേണ്ടതുണ്ടെന്നപോലെ ഒരു കേന്ദ്രമന്ത്രി ഏറ്റുമുട്ടല്‍, മനോവീര്യം വര്‍ധിപ്പിച്ചതായി ഇതിനകം പ്രഘോഷണം നടത്തിയിട്ടുണ്ട്. ഭീകരവാദം ആരോപിക്കപ്പെട്ട ഒരാള്‍ കൊല്ലപ്പെടുന്നതാണ് അവരുടെ പുസ്തകത്തില്‍ ശരിയായ ഏറ്റുമുട്ടല്‍. പൊതുജനബോധത്തെ അതില്‍ വിജയകരമായി നിയന്ത്രണത്തിലാക്കാം. എന്നാല്‍, നിയമവാഴ്ചയുടെ നിലപാട് വ്യത്യസ്തമാണ്. മാരകമായ ആക്രമണത്തോടുള്ള പ്രതികരണമെന്ന നിലയില്‍ നടക്കുന്ന കൊല ആനുപാതികവും ന്യായീകരിക്കത്തക്കതുമായിരിക്കേണ്ടതുണ്ട്.

മലര്‍ന്നുകിടക്കുന്ന ജഡത്തില്‍ പൊലീസുകാര്‍ നിറയൊഴിക്കുന്ന വീരസ്യം- അതും കാമറക്ക് മുന്നില്‍- മധ്യപ്രദേശില്‍ സിമിയുടെ ചെകുത്താനെ ഉയര്‍ത്തിക്കൊണ്ടുവരുന്ന അനായാസകരവും വിജയകരവുമായ പശ്ചാത്തലത്തില്‍ മനസ്സിലാക്കാനാകും.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മധ്യപ്രദേശില്‍ ഭീകരാക്രമണ സംഭവങ്ങളൊന്നുമുണ്ടായിട്ടില്ളെന്നത് ശ്രദ്ധേയമത്രെ. എ.ടി.എസ് കോണ്‍സ്റ്റബ്ള്‍ സീതാറാം ബത്തമടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ട, 2009 നവംബര്‍ 28ന് ഖാന്ദ്വാ ജില്ലയിലെ തീന്‍പുലിയ പ്രദേശത്ത് നടന്ന വെടിവെപ്പ് മാത്രമാണ് യഥാര്‍ഥത്തില്‍ ഒരേയൊരു ആക്രമസംഭവം. മോട്ടോര്‍ സൈക്കിളില്‍ ആക്രമണം നടത്തിയ ആള്‍ നിയമവിരുദ്ധ സംഘടനയായ സിമി മെംബറാണെന്നായിരുന്നു പ്രാദേശിക പൊലീസിന്‍െറ ആരോപണം. ആക്രമണകാരിയുടെ സിമി ബന്ധത്തിന്‍െറ നിജസ്ഥിതിയോ വെടിവെപ്പ് ഒരു ‘സാധാരണ’ കുറ്റ കൃത്യമെന്നതിലുപരി ഭീകരപ്രവര്‍ത്തനമാണെന്നതിലേക്കുള്ള സൂചനകളോ ഒന്നുംതന്നെ സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇതൊഴിച്ചു മറ്റൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതാണ് സംസ്ഥാനത്തിന്‍െറ ചരിത്രമെങ്കിലും നിയമവിരുദ്ധ സംഘടനയുമായി ബന്ധപ്പെട്ടതിന്‍െറ പേരില്‍ യു.എ.പി.എ ചുമത്തി ചാര്‍ജ് ചെയ്യപ്പെട്ടവരുടെ കേസുകളുടെ എണ്ണം വളരെ കൂടുതലാണ്.

‘ഗ്വില്‍റ്റ് ബൈ അസോസിയേഷന്‍’ (2013) എന്ന ഞങ്ങളുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ മുന്‍ സിമി അംഗങ്ങള്‍, അവരുടെ സുഹൃത്തുക്കള്‍, പരിചയക്കാര്‍ എന്നിവര്‍ക്കെതിരില്‍ ഇന്ദോര്‍, സിയോനി, ഖാന്ദ്വ, ഭോപാല്‍, ബുര്‍ഹാന്‍പുര്‍, ഉജ്ജയിന്‍, നീമൂച്ച്, ഗുനാ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍, സംസ്ഥാനത്തുടനീളമെന്നുതന്നെ പറയാം ചാര്‍ജ് ചെയ്യപ്പെട്ടതാണ് ഈ കേസുകളത്രയും. സിമി നിരോധിക്കപ്പെടാത്ത കാലത്ത് താനും സിമിയുമായോ സിമി മുന്‍ അംഗങ്ങളുമായോ ബന്ധമില്ലാത്തവരും ഇതില്‍ പെടും.

ഏതാണ്ട് ഒരേ തരത്തിലുള്ളതാണ് ഇവര്‍ക്കെതിരിലുള്ള എല്ലാ എഫ്.ഐ.ആറുകളും (നിരോധിത സംഘടനയായ സിമിക്കനുകൂലമായ മുദ്രാവാക്യം വിളികള്‍, ലക്ഷ്യവുമായി മുന്നോട്ടു പോകുമെന്ന് പ്രതിജ്ഞയെടുക്കല്‍, ലഘുലേഖകളുടെ വിതരണം, നിരോധിത സിമി സാഹിത്യങ്ങള്‍ കൈവശംവെക്കല്‍, അംഗത്വ സ്ളിപ്പുകള്‍, ഉര്‍ദു പോസ്റ്ററുകള്‍ തുകങ്ങിയവ). ചിലപ്പോള്‍ കുറ്റകൃത്യങ്ങളുടെ തീയതികളും സമയവും ഒന്നായിരിക്കും.
ചില കേസുകളില്‍ കുറ്റകൃത്യത്തിന് ഹാജറാക്കുന്ന തെളിവുകളും ഒന്നുതന്നെയായിരിക്കും. ഉദാഹരണത്തിന്, സ്റ്റേറ്റിലുടനീളം ചുരുങ്ങിയത് നാല് വ്യത്യസ്ത കേസുകളിലെങ്കിലും ഒരേ മാഗസിന്‍െറ അതേ കോപ്പിതന്നെയായിരുന്നു ഹാജറാക്കിയിരുന്നത്. രണ്ടു വ്യത്യസ്ത കേസുകളില്‍ സിമി ഫണ്ടിന് സംഭാവന നല്‍കിയതിന് ഹാജറാക്കിയത് ഒരേ രസീതായിരുന്നു.

മറ്റൊരു കേസില്‍ സിമിയെ സംബന്ധിച്ച കഥകള്‍, വിശിഷ്യാ സഫ്ദര്‍ നാഗൂരിയുടെ ‘നാര്‍കോ അപഗ്രഥന’ സംബന്ധിയായ കഥകള്‍ വന്ന ദൈനിക് ജാഗരണ്‍ പത്രത്തിന്‍െറ ക്ളിപ്പിങ്ങുകള്‍ ആണ് നിരോധിത സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള തെളിവുകളായി സമര്‍പ്പിച്ചിട്ടുള്ളത്. ധറിന്‍െറ പിതാമ്പൂര്‍ കേസ് (എഫ്.ഐ.ആര്‍ നമ്പര്‍ 120/2008) സംസ്ഥാനത്ത് എങ്ങനെയാണ് സിമി കേസുകള്‍ ഉല്‍പാദിപ്പിക്കുന്നത് എന്ന് വെളിപ്പെടുത്തുന്ന ഏറ്റവും സുപ്രധാനമായ ഒരു കേസാണ്. 13 സിമി നേതാക്കളുടെ അറസ്റ്റ് 2008  മാര്‍ച്ച് 13ന് നടന്നു എന്നാണ് പറയുന്നത്. അറസ്റ്റ് നടന്ന ഉടന്‍തന്നെ 2008 മാര്‍ച്ച് 29ന് പൊലീസ് സൂപ്രണ്ട് ധര്‍ മധ്യപ്രദേശിലെ വിവിധ ജില്ലകളിലേക്ക് അതുപോലുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് കത്തുകളെഴുതുകയാണ്. ഈ കത്തുകള്‍ ഒരു ശൃംഖലിത പ്രതികരണമാണുണ്ടാക്കിയത്. ഒരു മാസത്തിനകം 18 കേസുകളായിരുന്നു ഇതിന്‍െറ ഫലം. അടുത്ത ആറു മാസത്തിനുള്ളില്‍ മറ്റു നാല് കേസുകള്‍കൂടിയുണ്ടായി. തീര്‍ച്ചയായും ഇതൊരു റെക്കോഡ്തന്നെയായിരിക്കണം.

സ്റ്റേറ്റിലുടനീളം പതിവായി എഫ്.ഐ.ആറിലുള്ളവര്‍തന്നെ പലരും പിന്നീട് സ്റ്റേറ്റിന് പുറത്ത് നടക്കുന്ന സ്ഫോടനങ്ങളിലും ഭീകരാക്രമണങ്ങളിലും കുറ്റം ചുമത്തപ്പെടുകയുണ്ടായി. കൊല്ലപ്പെട്ടവരിലൊരാളായ അഖീല്‍ ഖില്‍ജിയുടെ പേര് 2001ല്‍ സിമി നിരോധിക്കപ്പെട്ടത് മുതല്‍ക്കേ എല്ലാ കേസുകളിലും പതിവായി രജിസ്റ്റര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. നിരോധിത സാഹിത്യങ്ങള്‍ കൈവശംവെച്ചതിന്‍െറയും വിതരണം ചെയ്തതിന്‍െറയും പേരിലുള്ളതാണ് മിക്ക കേസുകളും. 

2011 ജൂണില്‍ അര്‍ധരാത്രി തങ്ങള്‍ ഖില്‍ജിയുടെ വീട്ടില്‍ റെയ്ഡ് നടത്തി ഖില്‍ജിയും കൂട്ടുകാരും യോഗം കൂടി ഭീകരാക്രമണത്തിനായി നടത്തിയ ആസൂത്രണം തകര്‍ത്തതായി ഖാന്ദ്വ പൊലീസ് അവകാശപ്പെടുകയുണ്ടായി. ‘ഏറ്റുമുട്ട’ലില്‍ കൊല്ലപ്പെട്ട ഖലീലും അംജദും അന്ന് അറസ്റ്റിലായവരില്‍ പെട്ടവരാണ്. ഇവിടെ കൗതുകകരമായ ഒരു കാര്യമുണ്ട്. ജൂണ്‍ 13നും 14നുമിടയിലെ ഈ അര്‍ധരാത്രി റെയ്ഡിനെക്കുറിച്ച വാര്‍ത്ത മാധ്യമങ്ങളിലൂടെ പൊലീസ് വിളമ്പുമ്പോള്‍ ഖലീലിന്‍െറയും അംജദിന്‍െറയും കുടുംബങ്ങള്‍ ജൂണ്‍ 10നും 12നുമിടയില്‍ പൊലീസ് തങ്ങളുടെ മക്കളെ പൊക്കിയെടുത്തതായും 24 മണിക്കൂര്‍ കഴിഞ്ഞിട്ടും അവരെ മജിസ്ട്രേറ്റിന്‍െറ മുമ്പാകെ ഹാജറാക്കാതെ തടഞ്ഞുവെച്ചതായും സി.ജെ.എം കോടതിയില്‍ പരാതിപ്പെട്ടിട്ടുണ്ടായിരുന്നു. ജൂണ്‍ 10ന് ഖലീലിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും അയാളെ തടവിലിട്ടിട്ടില്ളെന്നാണ് സിറ്റി കോട്ടവാലി പൊലീസ് ഈ പരാതിക്ക് സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച പ്രതികരണം. അംജദിനെ കണ്ടത്തൊനാകാത്തതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ളെന്നും പൊലീസ് അവകാശപ്പെടുകയുണ്ടായി. ജൂണ്‍ 13നായിരുന്നു ഈ പ്രതികരണങ്ങള്‍. അങ്ങനെ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയും ചോദ്യംചെയ്യുകയും ചെയ്യുന്നതിനിടയില്‍തന്നെ ഈ പൊട്ടന്‍ സിമി പ്രവര്‍ത്തകര്‍ ഭീകരാക്രമണം ആസൂത്രണം ചെയ്യാന്‍ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് ചുരുക്കം!

മധ്യപ്രദേശ് പൊലീസിന്‍െറ സിമിക്കഥകള്‍ ഇങ്ങനെയൊക്കെയാണ്. ‘ഏറ്റുമുട്ടല്‍’ ശരിക്കും നടന്നതാണെന്ന് തെളിയിക്കാനുള്ള ശ്രമത്തില്‍ അവര്‍ തങ്ങളത്തെന്നെ നിഷ്പ്രഭരാക്കിയിരിക്കയാണ്. ദീര്‍ഘകാലമായി തുടരുന്ന ഈ സിമി കുറ്റവത്കരണത്തിന്‍െറയും രാജ്യത്തുടനീളം മുസ്ലിം പുരുഷന്മാര്‍ക്കെതിരെ (ചുരുങ്ങിയത് ഒരു കേസിലെങ്കിലും രണ്ടു യുവതികള്‍ക്കെതിരെയും) ചുമത്തപ്പെടുന്ന കേസുകളുടെയും പശ്ചാത്തലത്തില്‍ വേണം ഇപ്പോള്‍ നടന്ന കൊലപാതകത്തെ സ്ഥാനപ്പെടുത്തേണ്ടത്.


(ജാമിഅ മില്ലിയയിലെ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിയേഷന് -ജെ.ടി.എസ്.എ- വേണ്ടി നവംബര്‍ 1ന് ഇറക്കിയ പ്രസ്താവന -ജെ.ടി.എസ്.എ സെക്രട്ടറിയാണ് ലേഖിക)

 

Tags:    
News Summary - bhopal encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.