പിൻഗാമി

അമേരിക്കയിലെ ബോറിസ് ജോൺസനാണ് ട്രംപ്; അപ്പോൾ, ബ്രിട്ടനിലെ ട്രംപ് ആരായിരിക്കും? സംശയ​മെന്താ, അത് സാക്ഷാൽ ബോറിസ് ജോൺസൻ തന്നെ-വംശീയരാഷ്ട്രീയത്തിന്റെ ആധുനിക അപ്പോസ്തലന്മാരെ പലപ്പോഴും മാധ്യമങ്ങളും ബുദ്ധിജീവികളും സമീകരിച്ചിരുന്നത് ഇങ്ങനെയായിരുന്നു. പടിഞ്ഞാറൻ ലോകത്ത് മഹാമാരി മാ​ത്രമല്ല, ടി കക്ഷികളുടെ അധികാരസ്ഥാനം കൂടിയാണ് ഒഴിഞ്ഞുപോയിരിക്കുന്നത്. അക്കൂട്ടത്തിൽ, ബോറിസ് ജോൺസന് 'കൊട്ടാര വിപ്ലവത്തി'ലൂടെ ഭരണം പോയപ്പോൾ 'ഗാർഡിയൻ' പത്രത്തിന് ആഹ്ലാദം നിയന്ത്രിക്കാനായില്ല. ആ ദിവസത്തെ എഡിറ്റോറിയലിൽ മുഖ്യപത്രാധിപർ ഇങ്ങനെ കുറിച്ചിട്ടു: 'ഏ​റ്റ​വും ന​ല്ല വാ​ർ​ത്ത​യെ​ന്തെ​ന്നാ​ൽ, ആ​ധു​നി​ക ബ്രി​ട്ടീ​ഷ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മോ​ശം പ്ര​ധാ​ന​മ​ന്ത്രി പ​ടി​യി​റ​ങ്ങു​ന്നു​വെ​ന്ന​താ​ണ്; അ​ദ്ദേ​ഹം ഇ​നി​യും പ​ടി​യി​റ​ങ്ങി​യി​ല്ലെ​ന്ന​താ​ണ് ഏ​റ്റ​വും മോ​ശം വാ​ർ​ത്ത'. ബോറിസിന്റെ പിൻഗാമിയായി ഡൗ​​​​ണി​​​​ങ്​ സ്​​​​​ട്രീ​​​​റ്റി​​​​ലെ പ​​​​ത്താം ന​​​​മ്പ​​​​ർ വ​​​​സ​​​​തി​​​​യി​​​ലേക്ക് ലിസ് ട്രസ് എന്ന വനിത കടന്നുവരുമ്പോഴും ആ ചോദ്യം അവശേഷിക്കുന്നുണ്ട്: 'ബോറിസ് ജോൺസൻ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽനിന്ന്​ പൂർണമായും ഇറങ്ങിപ്പോയോ'? അതിനുത്തരം പറയേണ്ടത് ലിസ് ട്രസ് തന്നെയാണ്; ഭരണചക്രം അവർ ഏതു ദിശയിൽ തിരിക്കുമെന്നതിനനുസരിച്ചിരിക്കുമത്.

'ബ്രെക്സിറ്റ്' എന്ന ഊരാക്കുടുക്കിനുശേഷം ബ്രിട്ടനിലെ കാര്യങ്ങളൊന്നും അത്ര ശരിയായ രീതിയിലല്ല പോകുന്നത്. യൂറോപ്യൻ യൂനിയനിൽനിന്നുമാറി തീർത്തും 'സ്വതന്ത്ര' അസ്തിത്വമുള്ള, അഭയാർഥികളൊന്നുമില്ലാത്ത 'വെള്ള രാഷ്ട്ര'മായി നിലകൊള്ളാനാണ് 'ബ്രെക്സിറ്റ്' നടപ്പാക്കിയത്. പ​േക്ഷ, കളി കാര്യത്തോടടുത്തപ്പോൾ മട്ടുമാറി. സർവം കുത്തഴിഞ്ഞുപോയി. സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ നാൾക്കുനാൾ വർധിച്ചുവരുന്നു. പഴയപോലെ യൂറോപ്യൻ യൂനിയന്റെ സഹായം കിട്ടുന്നുമില്ല. അപകടം മുൻകൂട്ടിക്കണ്ട ഡേവിഡ് കാമറൺ ​'ബ്രെക്സിറ്റ്' പ്രഖ്യാപിച്ച് ഉടൻ രാജിവെച്ച് രക്ഷപ്പെട്ടു. പിന്നെ വന്നത് തെരേസ മേയ് എന്ന ഉരുക്കുവനിതയാണ്. അവർക്കും പിടിച്ചുനിൽക്കാനായില്ല. അടുത്തത് ബോറിസ് ജോൺസന്റെ ഊഴമായിരുന്നു. അത് പറയാതിരിക്കുന്നതാണ് ഭേദം. പ്രതിസന്ധിയുടെ പടുകുഴിയിലേക്ക് ഒരു ജനതയെ തള്ളിയിട്ടതോടെ സ്വന്തം മന്ത്രിസഭാംഗങ്ങൾപോലും അദ്ദേഹത്തെ വെട്ടിമാറ്റാൻ തയാറായി. മൂന്നുപേരും കൺസർവേറ്റിവ് പാർട്ടിക്കാർ. ഇക്കാലത്തിനിടെ നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും തരക്കേടില്ലാത്ത മാർജിനിൽ അധികാരത്തിലെത്തിയവർ. എന്നിട്ടും 'ബ്രെക്സിറ്റ്' എന്ന സമസ്യക്ക് പരിഹാരം കാണാൻ അവർക്കായില്ല. ഏഴു വർഷം, മൂന്ന് പ്രധാനമന്ത്രിമാർ. പ്രശ്നപരിഹാര ചർച്ചകളിൽ തട്ടി മൂന്ന് മന്ത്രിസഭകളും താഴെ വീണു. അതുകൊണ്ടുതന്നെ, ബോറിസിന്റെ പിൻഗാമിക്കായി പാർട്ടി നടത്തിയ തിരച്ചിൽ വലിയ മത്സരത്തിനുതന്നെ വേദിയൊരുക്കി. പാർട്ടിയിലെ രണ്ട് മുൻമന്ത്രിമാർ തമ്മിലായിരുന്നു പ്രധാന പോരാട്ടം -വിദേശകാര്യ സെക്രട്ടറിയായിരുന്ന ലിസ് ട്രസും ധനമന്ത്രിയും ഇന്ത്യൻ വംശജനുമായിരുന്ന ഋഷി സുനകും. ആ പോരാട്ടത്തിൽ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലിസ് ട്രസ് അധികാരത്തിലെത്തിയിരിക്കുന്നത്.

ഇനി ലിസ് ട്രസിന്റെ ഊഴമാണ്. മാർഗരറ്റ് താച്ചർക്കും തെരേസ മേയ്ക്കും ശേഷം ബ്രിട്ട​നെ നയിക്കുന്ന മൂന്നാമത്തെ വനിത. ചരിത്ര നിയോഗത്തിൽ മുന്നിൽക്കിടക്കുന്നത് രണ്ടു വഴികളാണ്. ആദ്യത്തേത്, തെരേസ മേയുടേതാണ്. സാ​​​യിപ്പി​​​ന്​ കാ​​​ര്യ​​​മാ​​​യ പ​​​രി​​​ക്കു​​​ക​​​ളി​​​ല്ലാ​​​തെ 'ബ്രെ​​​ക്​​​​സി​​​റ്റ്​' ന​​​ട​​​പ്പാ​​​ക്കാ​​​നാണ് ടോറി പാർട്ടി തെരേസയെ നിയോഗിച്ചത്. പക്ഷേ, കൂടെ നിൽക്കുമെന്ന് ഉറപ്പുനൽകിയവർപോലും നിർണായക ഘട്ടത്തിൽ കാലുവാരി പ്രതിപക്ഷത്തിന്റെ റോൾ നിർവഹിച്ചതോടെയാണ് തെരേസയുടെ കഥ മറ്റൊന്നായത്. ഉരുക്കുവനിതയെന്ന് വിശേഷിപ്പിച്ചവരത്രയും ചുവടുമാറ്റി 'ബ്ല​​​ഡി ഡി​​​ഫി​​​ക്ക​​​ൽ​​​സ്​ വു​​​മ​​​ൺ' എ​​​ന്ന് വി​​​മ​​​ർ​​​ശി​​​ച്ചു. 'മൃദു ബ്രെക്സിറ്റ്' ആയിരുന്നു തെരേസയുടെ നയം. അ​​​താ​​​യ​​​ത്, സാ​​​​ങ്കേ​​​തി​​​ക​​​മാ​​​യി യൂ​​​റോ​​​പ്പി​​ൽ​​​നി​​​ന്ന്​ മാ​​​റി​​​നി​​​ൽ​​​ക്കു​​​ക​​​യും എ​​​ന്നാ​​​ൽ, പ​​​ഴ​​​യ ബ​​​ന്ധ​​​ങ്ങ​​​ൾ ഏ​​​താ​​​ണ്ട്​ അ​​​ങ്ങ​​​നെ​​​യൊ​​​ക്കെ നി​​​ല​​​നി​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ക എ​​​ന്ന ത​​​ന്ത്രം. പക്ഷേ, വംശീയതയുടെയും ഇസ്‍ലാമോഫോബിയയുടെയും ചളിക്കുഴിയിൽ ആണ്ടുപോയ ടോറികൾക്ക് അതത്ര സഹിച്ചില്ല. ബോറിസ് ഉൾപ്പെടെയുള്ളവർ 'സമ്പൂർണ ബ്രെക്സിറ്റി'നായി മുറവിളികൂട്ടി. അതോടെ, പടിയിറങ്ങാൻ തെരേസ നിർബന്ധിതയായി. തെരേസയുടെ വഴിയിൽനിന്ന്​ ഭിന്നമായിരുന്നു ബോറിസിന്റെത്. തീവ്രവലതുപക്ഷമെന്നും നവനാസികളെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടാറുള്ള ഉന്മാദികളുടെ ഇംഗിതങ്ങൾക്കൊത്ത് കെട്ടിയാടുന്ന സവിശേഷമായൊരു ​'ബ്രെക്സിറ്റ്' ആണ് ബോറിസ് സ്വപ്നം കണ്ടത്. ആ വഴിയിൽ അദ്ദേഹത്തിനൊപ്പം ലിസ് ട്രസുമുണ്ടായിരുന്നു, ആദ്യം അന്താരാഷ്ട്ര വ്യാപാര വകുപ്പിന്റെ മന്ത്രിയായും പിന്നെ സ്റ്റേറ്റ് സെക്രട്ടറിയായും. ബോറിസിനുനേരെ പാർട്ടിയിൽ പടയൊരുക്കമുണ്ടായപ്പോഴും അവർ പിൻവാങ്ങിയില്ല. രാജിവെക്കുന്ന നിമിഷംവരെയും ബോറിസിനൊപ്പം നിന്നു.

ലിസ് ട്രസ് ഏതു വഴിയിൽ സഞ്ചരിക്കുമെന്ന് കണ്ടറിയുകതന്നെ വേണം; മേൽപറഞ്ഞതിലേതെങ്കിലുമൊരു വഴിയോ അതുമല്ലെങ്കിൽ ഭരണചക്രം തിരിക്കാൻ പുതുവഴിയോ അവർ സ്വീകരിച്ചാൽ ഒട്ടും അത്ഭുതപ്പെടാനില്ല. കാരണം, ലിസിന്റെ ഇതഃപര്യന്തമുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളും പ്രഖ്യാപനങ്ങളുമെല്ലാം അപ്രവചനീയമായിരുന്നു. താച്ചറുടെ ലെഗസി അവകാശപ്പെടുന്ന ലിസ് ഒരുകാലത്ത് 'ഉരുക്കുവനിത'ക്കെതിരെ സമരം ചെയ്തിട്ടുണ്ട്. ലിസിന്റെ കുടുംബത്തിന്റെ ലേബർ പാർട്ടി പശ്ചാത്തലവും ആണവായുധവിരുദ്ധ രാഷ്ട്രീയ നിലപാടുമൊക്കെയാണ് അക്കാലത്ത് താച്ചർവിരുദ്ധ മുദ്രാവാക്യം വിളിക്കാൻ പ്രേരിപ്പിച്ചത്. പിന്നീട്, കോളജിലെത്തിയപ്പോഴാണ് ആ ലെഗസി മനസ്സിലാക്കിയത്. അപ്പോഴും ലിബറൽ ഡെമോക്രസിയായിരുന്നു പ്രത്യയശാസ്ത്രം. അതുംകഴിഞ്ഞാണ്, താച്ചറുടെ പാർട്ടിയിൽ ചേർന്നത്. അധോസഭയിലേക്ക് തെരഞ്ഞെടുപ്പിൽ ആദ്യ രണ്ടുതവണ ചുവടുപിഴച്ചതൊഴിച്ചാൽ വെച്ചടി കയറ്റംതന്നെയായിരുന്നു. 2010 മുതൽ പാർലമെന്റിലുണ്ട്. രണ്ടുവർഷം കഴിഞ്ഞപ്പോൾ സഹമന്ത്രി സ്ഥാനവും കിട്ടി. 2014ൽ കാമറൺ മന്ത്രിസഭയിൽ പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമവികസന വകുപ്പുകൾ കൈകാര്യം ചെയ്തു. തെരേസയുടെ കാലത്ത് നീതിന്യായ വകുപ്പിന്റെ ചുമതലയായിരുന്നു. ഒപ്പം, ലോർഡ് ചാൻസലർ പദവിയും. ബ്രിട്ടന്റെ ആയിരം വർഷത്തെ ചരിത്രത്തിൽ ഈ പദവി അലങ്കരിക്കുന്ന ആദ്യ വനിത. തെരേസക്കുശേഷം ബോറിസ് വന്നപ്പോഴും ലിസ് പല കാബിനറ്റ് പദവികൾ വഹിച്ചു.

ഈ ചുമതലകളത്രയും ബ്രെക്സിറ്റ് നടപ്പാക്കാനായിരുന്നുവെന്നോർക്കണം. രസകരമായ കാര്യം, അടിസ്ഥാനപരമായി ലിസ് ബ്രെക്സിറ്റ് വിരുദ്ധ പക്ഷത്തായിരുന്നുവെന്നതാണ്. അറിയാമല്ലോ, കൺസർവേറ്റിവ് പാർട്ടിതന്നെയും ബ്രെക്സിറ്റിന് എതിരാണ്. പാർട്ടിക്കകത്തെ നവനാസികളുടെ സമ്മർദത്തിന് വഴങ്ങിയാണ് അങ്ങനെയൊരു കടുത്ത തീരുമാനത്തിന് കാമറൺ നിർബന്ധിതനായത്. ഹിതപരിശോധനക്കാലത്ത് ലിസ് ട്രസിന്റെ നേതൃത്വത്തിലുള്ള പാർട്ടി എം.പിമാർ ബ്രെക്സിറ്റ് വിരുദ്ധ പ്രചാരണത്തിൽ സജീവമായിരുന്നു. രാജ്യം അഭിമുഖീകരിക്കുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയത്തിനെതിരെ പുസ്തകങ്ങളും ലേഖനങ്ങളുമെഴുതി അവർ സജീവമായി നിലകൊണ്ടു. പക്ഷേ, ബ്രെക്സിറ്റിന് അനുകൂലമായി ഹിതപരിശോധനഫലം വന്നപാടെ ലിസ് മറുകണ്ടം ചാടി. പിന്നെ ബ്രെക്സിറ്റിന്റെ കടുത്ത വക്താവായി മാറി. പഴയ നിലപാടിൽ ഖേദിക്കുന്നുവെന്ന് കുറ്റസമ്മതം നടത്തുകയും ചെയ്തു. ഈ ചാഞ്ചാട്ടത്തിന്റെ മനശ്ശാസ്ത്രമെന്തായിരുന്നുവെന്ന് ഇപ്പോഴും നിഗൂഢമായി തുടരുന്നു. അതുകൊണ്ടുതന്നെ, ലിസ് ബോറിസിന്റെ വഴിയിൽ തുഴയു​മെന്നാണ് പലരും പ്രവചിച്ചിരിക്കുന്നത്. പ്ര​തി​രോ​ധ ചെ​ല​വ് കൂ​ട്ടു​ക, നി​കു​തി വെ​ട്ടി​ക്കു​റ​ക്കു​ക തു​ട​ങ്ങി​യ വാ​ഗ്ദാ​ന​ങ്ങ​ളി​ലൂ​ടെ അത്തരമൊരു സൂചനയും അവർ നൽകി. മറുവശത്ത്, തികഞ്ഞ പ്രായോഗികവാദിയാണെന്ന് രാഷ്ട്രീയ ജീവിതംകൊണ്ട് തെളിയിച്ചിട്ടുണ്ട് ലിസ്. അതുകൊണ്ടുതന്നെ, ബോറിസിന്റെ പരാജയപ്പെട്ട പരീക്ഷണങ്ങൾ അവർ തുടരുമോ എന്നും കണ്ടറിയണം.

1975 ജൂ​ലൈ 26ന് ​ജ​നി​ച്ച ട്ര​സ്, സൗ​ത്ത് വെ​സ്റ്റ് നോ​ർ​ഫോ​ക് പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത്തെ​യാ​ണ് പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്. ഹ്യൂ ​ഒ ലി​യ​റി ആ​ണ് ഭ​ർ​ത്താ​വ്. ര​ണ്ട് പെ​ൺ​മ​ക്ക​ളു​ണ്ട്.

Tags:    
News Summary - Article on the Ascension of Lis Truss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.