പിഴുതെറിയാനാകില്ല ഈ ഗാന്ധിസ്മൃതികള്‍

സംഘ്പരിവാര്‍ ശക്തികളുടെ വിഭാഗീയ ചിന്താഗതിയുടെ മറ്റൊരു മുഖം അനാവൃതമായത് രാജ്യമെങ്ങും അമര്‍ഷവും പ്രതിഷേധവും ഉണര്‍ത്തിയിരിക്കുന്നു. ഖാദി കമീഷന്‍െറ കലണ്ടര്‍, ഡയറി എന്നിവയില്‍നിന്ന് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ചിത്രങ്ങള്‍ നീക്കുകയും പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പതിക്കുകയും ചെയ്തത് കടുത്ത ഗാന്ധിനിന്ദയായും പാരമ്പര്യങ്ങളോടുള്ള അവഹേളനമായും ഇന്ത്യന്‍ ജനതയില്‍ ഭൂരിപക്ഷം പേരും കരുതുന്നു. ചര്‍ക്കയില്‍ നൂല്‍ കോര്‍ത്തിരിക്കുന്ന ഗാന്ധിജിയുടെ ഇമേജ് ഹൈജാക്ക് ചെയ്ത് സ്വന്തം പ്രതിച്ഛായ ജനഹൃദയങ്ങളില്‍ സന്നിവേശിപ്പിക്കാനുള്ള മോദിയുടെ കൗശലം എത്രമാത്രം നടുക്കം പകരുന്നതാണ്!

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും മതമൈത്രിക്കും വേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ സമര്‍പ്പണംചെയ്ത മഹാത്മാവിന് നാം മരണശേഷവും ശിക്ഷവിധിക്കുകയാണോ? താന്‍ ജീവനുതുല്യം സ്നേഹിച്ചിരുന്ന ചര്‍ക്കയില്‍നിന്ന് തന്‍െറ ചിത്രം നീക്കംചെയ്യുന്നതിനോട് ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹം എവ്വിധമാകുമായിരുന്നു പ്രതികരിക്കുക? പ്രതിച്ഛായ നിര്‍മിതിക്കോ ഫോട്ടോകള്‍ക്കോ ഒന്നും വലിയ പ്രാധാന്യം കല്‍പിക്കാത്ത മഹത്ത്വത്തിന്‍െറ ഉടമയായിരുന്നു ഗാന്ധിജി. പക്ഷേ, സംഹാരചിന്ത പുലര്‍ത്തുന്ന സംഘപരിവാര ശക്തികളുടെ ഗൂഢതന്ത്രങ്ങള്‍ അദ്ദേഹം യഥാസമയം തിരിച്ചറിയുമായിരുന്നു.

ചര്‍ക്കയെ സംബന്ധിച്ചും ഗാന്ധിജി അതുമായി പുലര്‍ത്തിയിരുന്ന ഇഴയടുപ്പങ്ങളെ സംബന്ധിച്ചും ആധികാരികമായി പരാമര്‍ശിക്കാന്‍ അര്‍ഹതയുള്ള അപൂര്‍വം വ്യക്തികളിലൊരാള്‍ പൗത്രി താര ഗാന്ധി ഭട്ടാചാര്യയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് അവരുടെ വസതി സന്ദര്‍ശിച്ചതോര്‍ക്കുന്നു. ദക്ഷിണ ഡല്‍ഹിയിലെ ആ വീട് കണ്ട് ഞാന്‍ അദ്ഭുതം കൂറി. അതിലളിതമായി പണിതീര്‍ത്ത ആ ഭവനത്തിലെ പ്രധാന മുറി നിറയെ ചര്‍ക്കകളും ഖാദി വസ്ത്രങ്ങളും. ആയുഷ്കാലം മുഴുവന്‍ അവര്‍ വസ്ത്രങ്ങള്‍ ധരിച്ചു; എല്ലാം സ്വന്തം തക്ളിയില്‍ നെയ്തെടുത്തവ. ‘‘എന്‍െറ മുക്തികേന്ദ്രമാണ് ഈ മുറി. വായിക്കാനും ധ്യാനത്തിനും മനസ്സിലെ വിഷമതകള്‍ ലഘൂകരിക്കാനും ഞാന്‍ ഇവിടംതന്നെയാണ് തെരഞ്ഞെടുക്കാറുള്ളത്.’’ താര ഗാന്ധിയുടെ വാക്കുകള്‍ ഇപ്പോഴും എന്‍െറ കാതുകളില്‍ മുഴങ്ങുന്നു.

ഗാന്ധിജിയില്‍നിന്ന് അനന്തരമായി എന്തു ലഭിച്ചു എന്ന എന്‍െറ ചോദ്യത്തിന് പുഞ്ചിരിയോടെ അവര്‍ മറുപടി നല്‍കി.
‘‘ഗാന്ധിജിയുടെ സര്‍വസ്വവും രാജ്യത്തിനവകാശപ്പെട്ടതാണ്. എന്‍െറ അച്ഛന് (ദേവദാസ്) ബാപ്പുജി വിവാഹസമ്മാനമായി നല്‍കിയ കൊച്ചുപെട്ടി മാത്രമാണ് എനിക്ക് കിട്ടിയത്.’’
ഗാന്ധിജി രക്തസാക്ഷിയാകുമ്പോള്‍ താരക്ക് വയസ്സ് 13. ‘‘ആ ദിവസം ഇപ്പോഴും മായാതെ മനസ്സില്‍ നില്‍ക്കുന്നു. എനിക്കന്ന് ധാരാളം ഹോംവര്‍ക്ക് ഉണ്ടായിരുന്നു. ആ വാര്‍ത്ത കേട്ടപ്പോള്‍ ആദ്യമെനിക്ക് വിശ്വസിക്കാന്‍പോലും സാധിച്ചില്ല. നേതാക്കള്‍, വിവിധ പാര്‍ട്ടിക്കാര്‍, ജീവിതത്തിന്‍െറ ഭിന്നതുറകളിലുള്ളവര്‍ എല്ലാം വീട്ടിലേക്ക് ഒഴുകിവരുന്നുണ്ടായിരുന്നു. ഇന്നത്തെപ്പോലെ ആര്‍ക്കും അംഗരക്ഷകരോ സുരക്ഷാവാഹനങ്ങളോ ആവശ്യമായിരുന്നില്ല.’’

അവര്‍ ആ രംഗം ഹൃദയസ്പൃക്കായി അവതരിപ്പിച്ചു. ‘‘ബാപ്പുജി ആരോടും ദേഷ്യപ്പെടുമായിരുന്നില്ല. കുട്ടികളുടെ കാര്യങ്ങള്‍ അമ്മയോട് തിരക്കും. ചിലപ്പോള്‍ ദു$ഖാകുലനായി തലതാഴ്ത്തി ഇരിക്കുന്നത് കാണാം. പലപ്പോഴും ചര്‍ക്കക്കു മുന്നിലിരുന്ന് നൂലുകള്‍ ശരിപ്പെടുത്തും.’’
താര രാഷ്ട്രീയക്കാരില്‍നിന്ന് അകന്നുനിന്നു. ഒരിക്കല്‍ ഞാന്‍ ചോദിച്ചു. സജീവരാഷ്ട്രീയത്തില്‍ ഇറങ്ങരുതോ എന്ന്. ‘‘ഞാന്‍ രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കുന്നത് ബോധപൂര്‍വം തന്നെ. പാര്‍ട്ടിയെ രാഷ്ട്രത്തിനുംമീതെ പ്രതിഷ്ഠിക്കാന്‍ ഞാന്‍ തയാറല്ല. ഇന്ന് രാഷ്ട്രസേവനത്തിനോ രാഷ്ട്രീയത്തിനോ അല്ല സംഘടനകള്‍ പ്രാധാന്യം നല്‍കുന്നത്. കൗശലത്തിനു മാത്രമാണ് ഊന്നല്‍. അത്തരമൊരു സാഹചര്യത്തില്‍ ഞാന്‍ എങ്ങനെ ഒരു പാര്‍ട്ടിയില്‍ അംഗമാകും?’’ താര പറഞ്ഞു.
രാജ്മോഹന്‍ ഗാന്ധി, ഗോപാല്‍ഗാന്ധി, രാമചന്ദ്ര ഗാന്ധി എന്നീ പൗത്രന്മാരുമായി അഭിമുഖസംഭാഷണം നടത്താനും എനിക്ക് അവസരം ലഭിച്ചിരുന്നു. ഈ അഭിമുഖങ്ങളില്‍ മൂവരും ഒരു കാര്യം ഏകസ്വരത്തില്‍ വെളിപ്പെടുത്തുകയുണ്ടായി.

‘‘ഇന്ത്യന്‍ ജനതയെ ഒന്നടങ്കം ഒരേ കുടുംബമായാണ് മഹാത്മാവ് കണ്ടത്. പൗത്രന്മാര്‍ എന്നനിലയില്‍ അദ്ദേഹത്തിനു മുന്നില്‍ ഞങ്ങള്‍ക്ക് സവിശേഷമായ അധികാരാവകാശങ്ങള്‍  ഒന്നും അനുവദിക്കപ്പെട്ടിരുന്നില്ല. ഏതൊരു ഇന്ത്യന്‍ പൗരനും ലഭിക്കുന്ന പരിഗണന മാത്രമായിരുന്നു ഞങ്ങള്‍ക്കും.’’
ഗാന്ധിജി സ്ഥാപിച്ച വിവിധ ആശ്രമങ്ങള്‍ വേണ്ടത്ര ശുഷ്കാന്തിയോടെ പരിചരിക്കപ്പെടുന്നില്ളെന്ന് പൗത്രന്മാര്‍ പരിഭവിക്കുകയുണ്ടായി. ഗാന്ധിജിയെ ഭൂമുഖത്തുനിന്ന് ഗോദ്സെ അനായാസം ഉന്മൂലനം ചെയ്തിരിക്കാം. എന്നാല്‍, അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളും ദര്‍ശനങ്ങളും അത്ര എളുപ്പത്തില്‍ മായ്ക്കാനാകില്ല. അദ്ദേഹത്തിന്‍െറ ദര്‍ശനം അനേകരില്‍ മാനസാന്തരം സൃഷ്ടിച്ചു. ബുദ്ധിജീവികളും എഴുത്തുകാരും അദ്ദേഹത്തിന്‍െറ കാന്തികവലയത്തില്‍ ലയിച്ചുചേര്‍ന്നു. പ്രഗല്ഭ നോവലിസ്റ്റ് മുല്‍ക്രാജ് തന്‍െറ ഗാന്ധിയന്‍ അനുഭവം കുറിച്ചിട്ടത് നോക്കുക.

‘‘ദി അണ്‍ടച്ചബ്ള്‍ എന്ന നോവല്‍ പൂര്‍ത്തീകരിച്ച സന്ദര്‍ഭം. 19 പ്രസാദകര്‍ ആ കൃതി തിരിച്ചയച്ചതോടെ ഞാന്‍ മാനസികമായും ശാരീരികമായും തളര്‍ന്നു. ഹതാശനായ ഞാന്‍ ഉപദേശം തേടി ഗാന്ധിജിയുടെ ആശ്രമത്തില്‍ എത്തി. മഹാത്മാവ് ഇങ്ങനെ ഉപദേശിച്ചു: താങ്കള്‍ ദു$ഖിതനോ സംശയാലുവോ ആകുമ്പോള്‍ ഒരുകാര്യം ഓര്‍മിക്കുക. ഈ രാജ്യത്തെ പരമദരിദ്രന്‍െറ മുഖം മനസ്സിലോര്‍മിക്കുക. അതിനുശേഷം, നാം ചെയ്യാന്‍ പോകുന്ന പ്രവൃത്തി ആ നിസ്വനു വല്ല പ്രയോജനത്തിനും ഉതകുമോ എന്നുകൂടി ആലോചിക്കുക. ഗാന്ധിജിയുടെ ഈ മഹദ്വാക്യമാണ് പില്‍ക്കാലത്ത് എന്‍െറ രക്ഷാകവചമായി തീര്‍ന്നത്.’’

 

Tags:    
News Summary - article about gandhism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.