representational image

ആറളം ഫാമും കാട്ടാനകളും; അൽപം ചരിത്രം

1967ൽ കേരള സർക്കാർ മലബാറിലുണ്ടായിരുന്ന സ്വകാര്യ വനങ്ങൾ ദേശസാത്കരിക്കുന്നതിന് ഒരുവർഷം മുമ്പാണ് തലശ്ശേരി താലൂക്കിൽ കിഴക്കുഭാഗത്തുണ്ടായിരുന്ന ആറായിരത്തിലധികം ഏക്കർ വൃക്ഷനിബിഡമായ ഓടൻതോട് മല 60 ലക്ഷം ഉറുപ്പിക നൽകി ആറളം ഫാമിനായി കേന്ദ്ര സർക്കാർ ഏറ്റെടുത്തത്. പ്രമുഖ വ്യവസായി എ.കെ. കുഞ്ഞിമായൻ ഹാജിക്കായിരുന്നു 1928 മുതൽ മലയുടെ കൈവശാവകാശം. ജന്മാവകാശികൾ കനകത്തടം നമ്പൂതിരി കുടുംബവും. ഈ മലയുടെ തെക്കുഭാഗത്ത് വർഷങ്ങളായി മരംമുറിച്ച് തരിശ്ശായിക്കഴിഞ്ഞിരുന്ന അയ്യംകുന്ന്, കൊട്ടിയൂർ മലവാരങ്ങളിൽ തിരുവിതാംകൂറിൽനിന്നുള്ള കുടിയേറ്റ കർഷകർ വന്യമൃഗങ്ങളോട് ഏറ്റുമുട്ടി കൃഷിനടത്തി.

1957-60കളിൽ കൂത്തുപറമ്പ് ടൂറിങ് വെറ്ററിനറി സെന്റർ, ഇരിട്ടി വെറ്ററിനറി ഡിസ്പെൻസറി എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നപ്പോൾ ഈ പ്രദേശങ്ങളിലൂടെയെല്ലാം യാത്ര ചെയ്യാനും വളർത്താനകളെയും കാട്ടുമൃഗങ്ങൾ കടിച്ച പശുക്കളെയും ചികിത്സിക്കാൻ അവസരം ലഭിച്ചിരുന്നു.

കേന്ദ്ര സർക്കാർ ഓടൻതോട് മല ഏറ്റെടുത്ത് രണ്ടുവർഷം കഴിഞ്ഞ്, റഷ്യയിൽ നിന്ന് മണ്ണുമാന്തിയന്ത്രവും വൻ വൃക്ഷങ്ങളുടെ അടിവേരുകൾ അടക്കം പിഴുതുമാറ്റി കൃഷിക്കനുയോജ്യമാകുംവിധം ഭൂമി നിരപ്പാക്കുന്ന യന്ത്രങ്ങളും എത്തുന്നതുവരെ മലയിലെ മരങ്ങൾ കൈയൂക്കും ഫോറസ്റ്റ് വകുപ്പിൽ സ്വാധീനവുമുള്ളവർ നിർബാധം കടത്തിക്കൊണ്ടുപോയി. അനധികൃതമായി മരം കയറ്റിക്കൊണ്ടുപോയിരുന്ന വാഹനങ്ങളെ എൻ.ഒ.സി ലോറികൾ എന്നും ആ മരങ്ങൾക്ക് കുവൈത്ത് മരം എന്നുമാണ് പ്രദേശത്തുള്ളവർ പേരിട്ടിരുന്നത്.

ഓടൻതോട് മലയിൽ 40 വർഷത്തോളം അതിന്റെ കൈവശക്കാരനായിരുന്ന, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് കമ്പനിയുടെ സ്ഥാപകനും ചാലകശക്തിയുമായിരുന്ന എ.കെ. കുഞ്ഞിമായൻ ഹാജി ഭാവി ആവശ്യം മുൻകൂട്ടിക്കണ്ട് 500 ഏക്കർ തേക്കും മറ്റും നട്ടുവളർത്തിയിരുന്നു. അതെല്ലാം നശിപ്പിക്കപ്പെട്ടു.

കണ്ണൂർ ജില്ല പഴം-പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തമാവുക മാത്രമല്ല കയറ്റുമതി ചെയ്യാനും ഒരുങ്ങുന്നുവെന്നാണ് ആറളം ഫാം കേന്ദ്ര സർക്കാറിൽനിന്ന് കേരള സർക്കാറിന്റെ അധീനത്തിലായപ്പോൾവന്ന പത്രവാർത്ത. കഴിഞ്ഞയാഴ്ച വന്ന വാർത്തയിൽ, രണ്ടുവർഷത്തിനിടയിൽ കായ്ഫലമുള്ളതടക്കം 5000ത്തോളം തെങ്ങിൻ തൈകളും ഫലവൃക്ഷങ്ങളും കാട്ടാനകൾ ആറളം ഫാമിൽ നശിപ്പിച്ചതായി വായിച്ചു. തൊഴിലാളികൾ കാട്ടാനകളാൽ കൊല്ലപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ആറളം ഫാമിന്റെ അയൽ പ്രദേശങ്ങളായ അയ്യംകുന്ന് പഞ്ചായത്തിലും കൊട്ടിയൂർ അംശത്തിലും കുടിയേറ്റ കർഷകരുടെ കൃഷികളും നശിപ്പിച്ചിരുന്നു.

ആറളം ഫാം സ്ഥാപിക്കുന്നതിനുമുമ്പ് ഈ പ്രദേശങ്ങളെല്ലാം കാട്ടാനകളുടെ വാസകേന്ദ്രമായിരുന്നു. ആനകളുടെ തീറ്റയായ മുളയും ഓടയും (ഈറ്റ) വളർന്നിരുന്ന മുളങ്കൂട്ടങ്ങൾ നശിപ്പിക്കാതെ മരങ്ങൾ മുറിക്കുകയും മുറിച്ചിടങ്ങളിൽ പുതുതായി മരങ്ങൾ നട്ടുവളർത്തുകയുമായിരുന്നു അന്നത്തെ രീതി.

1920കളിൽ മലബാർ വിപ്ലവ ശേഷം വടക്കോട്ടേക്കുപോയ കുറച്ചുപേർക്ക് ഈ കാട്ടിൽ കുഞ്ഞിമായൻ ഹാജി ജോലി നൽകി. അവർക്ക് നമസ്കരിക്കാനായി, ഇപ്പോൾ ആറളം ഫാം സ്ഥിതിചെയ്യുന്ന സ്ഥലത്ത് അദ്ദേഹം ഒരു പള്ളിയും പണിതു. നാലുവർഷം മുമ്പ് ഈ കുറിപ്പുകാരൻ ആറളം ഫാമിൽ പോയിരുന്നപ്പോൾ, നമസ്കരിക്കാൻ ആളില്ലാത്ത പരിപാലിക്കാതെ കിടന്ന പള്ളി കണ്ടിരുന്നു. പാരമ്പര്യമായി ഈ കാട്ടിൽ താമസിക്കുകയും ഓടൻതോട് കാട്ടിലെ മരംമുറി ജോലി ചെയ്യുകയും ചെയ്തിരുന്ന പണിയന്മാർ ഈ പള്ളിക്ക് അൽപം അകലെയാണ് താമസിച്ചിരുന്നത്. ഇവിടത്തെ മുളങ്കൂട്ടങ്ങൾ മുറിച്ചിരുന്നില്ല.

1960കളിൽ ബിർള കമ്പനി ഗ്വാളിയോർ റയോൺസിനാവശ്യമായ മുള മലബാറിൽ എത്രത്തോളം ലഭ്യമാകുമെന്നറിയാൻ ഒരു റിട്ടയേർഡ് ഫോറസ്റ്റ് കൺസർവേറ്ററെ നിയമിച്ചു. വേണ്ടത്ര മുള ലഭ്യമാകുമെന്ന് ഉറപ്പുവന്നതോടെ കമ്പനി, കേരള സർക്കാറുമായി കരാറിലേർപ്പെട്ടു. മലബാറിലെ കാടുകളിൽനിന്ന് കമ്പനി മുറിച്ചെടുക്കുന്ന ഓരോ ടൺ മുളക്കും പത്തുറുപ്പിക വീതം കമ്പനി, സർക്കാറിന് നൽകാമെന്നായിരുന്നു ആദ്യ വ്യവസ്ഥ. രണ്ടാമത്തെ വ്യവസ്ഥ, കോഴിക്കോട് റെയിൽവേ ഗുഡ്സ് ഷെഡിൽനിന്ന് മാവൂരിലെ ഫാക്ടറി വരെ കേരള സർക്കാർ നല്ല വീതിയിൽ റോഡ് പണിതുകൊടുക്കുമെന്നായിരുന്നു. തുടർന്ന് കമ്പനിയുടെ കരാറുകാർ സർക്കാർ അനുവാദത്തോടെ മലബാറിലെ വനങ്ങളിൽ നിന്ന് മുളകളെല്ലാം മുറിച്ച് ലോറികളിൽ മാവൂരിലേക്കു കടത്തി. മുളകൾ മുറിച്ചു അവശേഷിച്ച വേരുകളടക്കമുള്ള വലിയ മുളങ്കുറ്റികൾ തീയിട്ടുകരിച്ച് നിരപ്പാക്കി. അവിടങ്ങളിൽ കൃഷിയും തുടങ്ങി.

തുടർച്ചയായി ഭക്ഷണം ലഭിച്ചിടത്ത് തീരെ ലഭിക്കാതായപ്പോൾ അവിടങ്ങളിൽ പുതുതായി ഭക്ഷിക്കാൻ ലഭിച്ചത് കാട്ടാനകൾ തിന്നുതുടങ്ങി. അതിന് ആനകളെയല്ല കുറ്റം പറയേണ്ടത്, വികസനത്തിന്റെ പേരിൽ അവയുടെ തീറ്റ നശിപ്പിച്ച മനുഷ്യരാണ് അക്രമികൾ.

Tags:    
News Summary - Aralam farm and wild elephants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.