സര്‍വസമ്മതന്‍

ഐക്യരാഷ്ട്രസഭയെക്കൊണ്ട് എന്തു പ്രയോജനം എന്നൊക്കെ ആരും ചോദിച്ചുപോവുന്ന സംഭവങ്ങള്‍ ലോകത്ത് നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്താനും ലോകസമാധാനം ഉറപ്പുവരുത്താനുമൊക്കെ ഉണ്ടായ സംഘടനയാണ്. പക്ഷേ, പറഞ്ഞിട്ടെന്താ, പലപ്പോഴും അമേരിക്കയുടെ കൈയിലെ കളിപ്പാവയായിരുന്നു. ഐക്യരാഷ്ട്രസഭ ഉണ്ടാക്കിയത് മനുഷ്യനെ സ്വര്‍ഗത്തിലേക്കു നയിക്കാനല്ല, നരകത്തില്‍നിന്ന് രക്ഷിക്കാനാണ് എന്നുപറഞ്ഞത് രണ്ടാമത്തെ സെക്രട്ടറി ജനറല്‍ ഡാഗ് ഹാമര്‍ഹെല്‍ഡ്. സംഘടനക്ക് ഇപ്പോള്‍ വയസ്സ് 71. ഇതിനകം ദശലക്ഷക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് കൈപിടിച്ച് കരകയറ്റിയിട്ടുണ്ട്. ആരോഗ്യവും വിദ്യാഭ്യാസവും കൊടുത്തിട്ടുണ്ട്. പക്ഷേ, സമാധാനത്തിന്‍െറ പേരില്‍ യുദ്ധത്തിനുപോകുന്നവരെ പിടിച്ചുമാറ്റാന്‍ പറ്റുന്നില്ല എന്നതാണ് സങ്കടം. വംശഹത്യകളില്‍ ചിലപ്പോള്‍ കൂട്ടിരിപ്പുകാരനായിപ്പോവുന്നു. രക്ഷാസമിതിയില്‍ ജനാധിപത്യപരമായ നടപടികളില്ല. ഊതിവീര്‍പ്പിച്ച, ഒട്ടും കാര്യക്ഷമതയില്ലാത്ത അന്താരാഷ്ട്ര സംഘടനയെന്ന് സമാധാനപ്രേമികള്‍ പറയും. 17 ഏജന്‍സികള്‍, 14 ഫണ്ടുകള്‍, 41,000 ജീവനക്കാരും 17 വകുപ്പുകളുമുള്ള ഒരു സെക്രട്ടേറിയറ്റ്. ഇനി അതിന്‍െറ തലപ്പത്തിരിക്കാന്‍ പോവുന്നത് മുന്‍ പോര്‍ചുഗല്‍ പ്രധാനമന്ത്രി അന്‍േറാണിയോ ഗുട്ടെറസ്. ബാന്‍ കി മൂണിന്‍െറ പിന്‍ഗാമി. ഒമ്പതാമത്തെ സെക്രട്ടറി ജനറലിന് അവിടെ സ്വന്തമായി ഒരു കസേര കിട്ടുന്നത് ജനുവരി ഒന്നിന്.
വയസ്സിപ്പോള്‍ 67. ഐക്യരാഷ്ട്രസഭയേക്കാള്‍ നാലു വയസ്സ് കുറവ്. വന്‍ശക്തികള്‍ക്ക് പ്രിയപ്പെട്ട ആളെയാണല്ളോ സാധാരണ സഭയുടെ തലപ്പത്തിരുത്തുക. അതിലുമുണ്ട് ചില ശാക്തികബലാബലങ്ങള്‍. പക്ഷേ, ഗുട്ടെറസിന്‍െറ കാര്യത്തില്‍ വമ്പന്മാര്‍ക്ക് ഏറെയൊന്നും ആലോചിക്കേണ്ടിവന്നില്ല. അമേരിക്കക്കും ചൈനക്കും റഷ്യക്കും സര്‍വസമ്മതന്‍. അതിനു കാരണമുണ്ട്. ജനാധിപത്യ സോഷ്യലിസത്തിനുവേണ്ടി പോരാടുന്ന രാഷ്ട്രീയ കക്ഷികളുടെ അന്താരാഷ്ട്ര സംഘടനയായ സോഷ്യലിസ്റ്റ് ഇന്‍റര്‍നാഷനലിന്‍െറ തലവനായി പ്രവര്‍ത്തിച്ചിട്ടുണ്ട് കുറച്ചുകാലം.  തൊഴിലാളിവര്‍ഗത്തെ പ്രതിനിധാനംചെയ്യുന്ന 160 രാഷ്ട്രീയകക്ഷികളുടെ സംഘടനയെയാണ് നയിച്ചത്. അമേരിക്കയുടെ എതിര്‍പക്ഷത്തു നില്‍ക്കുന്നവരാണ് അംഗങ്ങളില്‍ പലരും. അതേസമയം, നാറ്റോ രാഷ്ട്രമായ പോര്‍ചുഗലിന്‍െറ പ്രധാനമന്ത്രിയായിരുന്നതിനാല്‍ മറ്റേ ശാക്തികചേരിക്കും സുസമ്മതനായി. വെറുതെയല്ല സെക്രട്ടറി ജനറല്‍ ആയി ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടത്. കുറച്ചുകാലമായി സഭയില്‍തന്നെയുണ്ട്. അഭയാര്‍ഥികാര്യങ്ങള്‍ക്കായുള്ള ഹൈകമീഷണര്‍ ആയിരുന്നു. രണ്ടു വനിതകളെ മറികടന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ഹെലന്‍ ക്ളാര്‍ക്കിനെയും അര്‍ജന്‍റീനന്‍ വിദേശമന്ത്രി സൂസാന മാല്‍കോറയെയും പിന്നിലാക്കി നേടിയ വിജയം.

1949 ഏപ്രില്‍ 30ന് ലിസ്ബണില്‍ ജനിച്ചു. ഭൗതികശാസ്ത്രവും ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങുമാണ് പഠിച്ചത്. പിന്നെ സിസ്റ്റംസ് തിയറിയും ടെലികമ്യൂണിക്കേഷന്‍ സിഗ്നലുമൊക്കെ പഠിപ്പിക്കുന്ന അസിസ്റ്റന്‍റ് പ്രഫസര്‍ ആയി. 1974ല്‍ പോര്‍ചുഗല്‍ ജനത അഞ്ചുപതിറ്റാണ്ടുനീണ്ട ഫാഷിസ്റ്റ് ഏകാധിപത്യത്തെ അട്ടിമറിച്ച് ജനാധിപത്യം പുന$സ്ഥാപിച്ചപ്പോള്‍ ഗുട്ടെറസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അക്കാദമിക ജീവിതം മതിയാക്കി. പാര്‍ട്ടി പിന്നീട് രാജ്യത്തെ പ്രബലശക്തിയായി. 1995ല്‍ ദേശീയ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജയിച്ചപ്പോള്‍ പ്രധാനമന്ത്രിയായി. അഞ്ചു വര്‍ഷത്തിനുള്ളില്‍തന്നെ രാജ്യചരിത്രത്തിലെ ഏറ്റവും മികച്ച ഭരണാധികാരി എന്ന പേരുനേടി. സമൂഹത്തിലെ എല്ലാ തലങ്ങളിലെയും ജനങ്ങളുമായി നേരിട്ടു സംവദിക്കാനും അവരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാനും ശ്രമിച്ചിരുന്നു. ഇതേ സമീപനംതന്നെയാണ് അന്താരാഷ്ട്ര നയതന്ത്രതലത്തിലും സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മികച്ച കേള്‍വിക്കാരന്‍ എന്ന വിശേഷണവും കിട്ടിയിട്ടുണ്ട്. 2002 വരെ ആ പ്രധാനമന്ത്രിപദത്തില്‍ തുടര്‍ന്നു. 

പല ഭാഷകളറിയാവുന്ന പണ്ഡിതനാണ്. ഇംഗ്ളീഷും സ്പാനിഷും ഫ്രഞ്ചും പോര്‍ചുഗീസും മണി മണിപോലെ സംസാരിക്കും. അതുകൊണ്ട് രാജ്യത്തിന്‍െറ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അന്താരാഷ്ട്ര നയതന്ത്ര ലോകം ബഹുഭാഷാ പണ്ഡിതന് ബാലികേറാമലയായില്ല. 2005ല്‍ യു.എന്‍ അഭയാര്‍ഥികാര്യ ഹൈകമീഷണറായി. ആഭ്യന്തര സംഘര്‍ഷങ്ങളില്‍നിന്നും ദുരന്തങ്ങളില്‍നിന്നും അഭയംതേടി പലായനം ചെയ്യുന്ന ലക്ഷങ്ങള്‍ക്ക് താങ്ങും തണലും നല്‍കാന്‍ സമ്പന്നരാഷ്ട്രങ്ങളെ പ്രേരിപ്പിച്ചതില്‍ ഗുട്ടെറസിന് പങ്കുണ്ട്. യു.എന്‍.എച്ച്.സി.ആറിലെ ജോലി സെക്രട്ടറി ജനറലാവാനുള്ള മുന്നൊരുക്കങ്ങളില്‍ ഒന്നായിരുന്നുവെന്നു പറയാം. ആസ്ഥാനത്തെ ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറച്ചു. അങ്ങനെ ചെലവു ചുരുക്കി. കാര്യക്ഷമതയുള്ള മാനേജര്‍ എന്ന പേരുനേടി. പബ്ളിക് റിലേഷന്‍സ് ഒരു കലയാണെങ്കില്‍ ഗുട്ടെറസ് ഒന്നാന്തരം കലാകാരനാണ്. അതുകൊണ്ടാണല്ളോ  ഹോളിവുഡ് നടി ആഞ്ജലീന ജോളിയെ തന്‍െറ പ്രത്യേക നയതന്ത്ര പ്രതിനിധിയായി നിയോഗിച്ചത്. ജോര്‍ഡനിലെ സാത്താറി അഭയാര്‍ഥി ക്യാമ്പിലും സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍നിന്ന് രക്ഷപ്പെട്ട് ഓടി തുര്‍ക്കിയിലത്തെിയവരുടെ അഭയാര്‍ഥിക്യാമ്പിലും ഇരുവരുമൊന്നിച്ചാണ് സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ കൊല്ലം ഐക്യരാഷ്ട്ര രക്ഷാസമിതിയിലും രണ്ടുപേരും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു.

10 വര്‍ഷമാണ് അഭയാര്‍ഥി ഏജന്‍സിയുടെ മേധാവിയായി ഇരുന്നത്. പദവി ഏറ്റെടുത്ത നാള്‍ മുതല്‍ ഇറാഖില്‍നിന്നുള്ള അഭയാര്‍ഥികളുടെ കാര്യമാണ് നോക്കിയത്. 1948നു ശേഷമുള്ള പശ്ചിമേഷ്യയുടെ ചരിത്രത്തിലെ  ഏറ്റവും വലിയ അഭയാര്‍ഥിപ്രവാഹമായിരുന്നു അത്. മധ്യ ആഫ്രിക്കന്‍ റിപ്പബ്ളിക്കിലെയും കോംഗോയിലെയും ഉള്‍പ്പെടെ ആറുകോടി അഭയാര്‍ഥികള്‍ക്ക് സഹായമത്തെിക്കാന്‍ കൈയും മെയ്യും മറന്ന് മുന്നിട്ടിറങ്ങി. സിറിയന്‍ അഭയാര്‍ഥികളുടെ ദുരിതജീവിതത്തിന് അറുതിവരുത്താനാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശ്രമിച്ചുവരുന്നത്. മധ്യധരണ്യാഴിയിലെ അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ കുറെക്കൂടി മനുഷ്യത്വപരമായ സമീപനം കാണിക്കണമെന്ന അഭിപ്രായക്കാരനാണ്.

മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി സിറിയതന്നെ. സിറിയയിലെ ആക്രമണങ്ങളില്‍നിന്ന് സാധാരണ പൗരന്മാരെ സംരക്ഷിക്കാന്‍ ഐക്യരാഷ്ട്ര സഭക്കു കഴിഞ്ഞില്ളെന്ന കുറ്റാരോപണം ഇതിനകംതന്നെ ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍, യുദ്ധകുറ്റവാളികളെ അന്താരാഷ്ട്ര സമൂഹത്തിന്‍െറ മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട് ഗുട്ടെറസ്. കത്തോലിക്ക വിശ്വാസിയാണ്. 1972ല്‍ ലൂയിസ അമേലിയ എന്ന ശിശു മന$ശാസ്ത്ര വിദഗ്ധയെ വിവാഹം കഴിച്ചു. അവരില്‍ രണ്ടുകുട്ടികള്‍. 1998ല്‍ ലൂയിസ അര്‍ബുദം ബാധിച്ച് മരിച്ചു. 2001ല്‍ കാതറീന മാര്‍ക്കേസ് ദി അല്‍മേദിയയെ വിവാഹം കഴിച്ചു. മുന്‍ പോര്‍ചുഗീസ് സാംസ്കാരിക സെക്രട്ടറിയാണ് കാതറീന. 

Tags:    
News Summary - António Guterres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT