അംബേദ്കർ; പുരോഗമന ഇന്ത്യയുടെ ശിൽപി

ന്ത്യയുടെ രാഷ്ട്രീയ മനസ് രൂപപ്പെടുത്തുന്നതിൽ ഡോ. ബി.ആർ. അംബേദ്കർ വഹിച്ച പങ്ക് സ്തുത്യർഹമാണ്. ഭരണഘടനയുടെ കരട് നിർമാണകമ്മിറ്റിയുടെ ചെയർമാനായും ഇന്ത്യൻ ദലിത് വാദത്തിന്റെ പ്രയോക്താവായും അംബേദ്കറെ പരിമിതപ്പെടുത്താനുള്ള ശ്രമം എക്കാലത്തും ഉണ്ടായിരുന്നു. എന്നാൽ ഇതിനെല്ലാമപ്പുറം ഇന്ത്യൻ വൈജ്ഞാനിക സമൂഹത്തിന്റെ ധിഷണാശാലിയായ നേതൃത്വമാകാൻ കുറഞ്ഞ സമയം കൊണ്ട് അംബേദ്കറിന് കഴിഞ്ഞിരുന്നു.

1891 ഏപ്രിൽ 14ന് മഹാരാഷ്ട്രയിലെ അംബവാഡിയിൽ മഹർ എന്ന ദലിത് സമുദായത്തിലാണ് ഡോ. അംബേദ്കർ ജനിക്കുന്നത്. അച്ഛൻ റാംജിസക്പാൽ അമ്മ ഭീമാഭായി. ദലിത് സമുദായത്തിൽ ജനിച്ചതുകൊണ്ടുതന്നെ അന്നത്തെ ഇന്ത്യൻ ജാതി വിവേചനത്തിന്റെ ദുരിതങ്ങൾ നന്നായി ഏറ്റുവാങ്ങിയ ജീവിതമായിരുന്നു അംബേദ്കറിന്റേത്. എന്നാൽ ജാതിവിവേചനത്തിനെതിരെ ഇന്ത്യയിൽ മുഴങ്ങിയ ഏറ്റവും ദൃഢമായ ശബ്ദവും അംബേദ്കറിന്റെതായിരുന്നു. ഇന്ത്യയിലെ അടിസ്ഥാനവിഭാഗത്തിലുള്ള ജനതയെ ഏകീകരിക്കുന്ന ശ്രമകരമായ ദൗത്യം അദ്ദേഹം ഏറ്റെടുത്തു.

ഭരണഘടനയുടെ കരട് നിർമാണത്തിന്റെ ഉത്തരവാദിത്വം അംബേദ്കറിലേക്ക് വന്നുചേരുന്ന സാഹചര്യത്തിലേക്ക് നയിച്ചത് വട്ടമേശ സമ്മേളനങ്ങളായിരുന്നു. ശരിയായ രാഷ്ട്രസങ്കല്പത്തിലേക്ക് ഇന്ത്യയെ നയിക്കാൻ പ്രേരണയാകുന്നതിൽ ലണ്ടനിൽ വെച്ചു നടന്ന വട്ടമേശ സമ്മേളനങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. സൈമൺ കമീഷന്റെ റിപ്പോർട്ടിനെതുടർന്ന് വിളിച്ചുചേർത്ത 1930ലെ ഒന്നാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ് പങ്കെടുക്കുന്നില്ല. എന്നാൽ ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളും അവർ രാഷ്ട്രത്തിന്റെ ഭരണകാര്യങ്ങളുടെ ഭാഗവാക്കാവേണ്ടതിന്റെ അവശ്യകതയെക്കുറിച്ചും അംബേദ്കർ വട്ടമേശ സമ്മേളനത്തിൽ കൃത്യതയോടെ അവതരിപ്പിക്കുന്നുണ്ട്.

ഇന്ത്യൻ ഭരണപരിഷ്കാരത്തിനാവശ്യമായ ആശയങ്ങൾ വട്ടമേശ സമ്മേളനങ്ങളിലാണ് അംബേദ്കർ ഉയർത്തിക്കൊണ്ടുവരുന്നത്. ഇന്ത്യയിലെ അടിസ്ഥാന വർഗത്തിന്റെ മുന്നേറ്റങ്ങളെ സംബന്ധിച്ചും ഇന്ത്യയ്ക്ക് ഫെഡറൽ ഭരണ സംവിധാനമാണ് വേണ്ടതെന്നും അംബേദ്കർ അടിവരയിടുന്നത് വട്ടമേശ സമ്മേളനത്തിലാണ്. ഇന്ത്യയിൽ മതത്തെക്കാൾ മനുഷ്യനെ ഭിന്നിപ്പിക്കുന്നതും മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റുന്നതും ജാതിയാണെന്നും അതിന്റെ അടിസ്ഥാനം ചാതുർവർണ്യമാണെന്നും അംബേദ്കർ വട്ടമേശ സമ്മേളനങ്ങളിൽ സമർത്ഥിക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വലിയ രാഷ്ട്രീയ സംവാദങ്ങൾക്ക് വേദിയാവുകയായിരുന്നു വട്ടമേശ സമ്മേളനങ്ങൾ.

ഭരണഘടനയുടെ നിർമാണ പ്രക്രിയയിൽ കേന്ദ്രബിന്ദുവായ ഒരു വ്യക്തിയെ ചൂണ്ടിക്കാണിക്കുകയാണെങ്കിൽ അത് ഡോക്ടർ ബി.ആർ. അംബേദ്കർ ആണ്. ഇങ്ങനെയൊരു കേന്ദ്രസ്ഥാനത്തേക്ക് അംബേദ്കർ ഉയർന്നുവരുന്നത് യാദൃശ്ചികമായി അല്ല. ഒരു അക്കാദമിക് സ്കോളർ എന്നതിനപ്പുറം കൃത്യമായ നിലപാടുള്ള രാഷ്ട്രീയനേതൃത്വവും അംബേദ്കറിൽ കാണാൻ കഴിയും.

ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയർമാനായി അംബേദ്കറെ നിശ്ചയിച്ച ഘടകങ്ങൾ പ്രധാനമാണ്. 1928ലെ സൈമൺ കമീഷൻ നിർദേശിച്ച പ്രകാരം ഇന്ത്യയിൽ രണ്ട് മോഡൽ ഭരണഘടനകൾ തയാറാക്കപ്പെടുന്നുണ്ട്. ഒന്ന് അംബേദ്കറും മറ്റൊന്ന് മോട്ടിലാൽ നെഹ്റുവും തയാറാക്കിയവയാണവ. ഇതിൽ അംബേദ്കറുടെ മോഡൽ ഭരണഘടനയാണ് മികവുറ്റത് എന്ന് ബ്രിട്ടീഷ് ഗവൺമെന്റും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും അംഗീകരിക്കുന്നുണ്ട്. ലോകത്തിന്റെ മുമ്പിൽ ഭരണഘടന നിർമിതിയുടെ പൂർവ്വ മാതൃകകൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ആദ്യ ചുവടുവെപ്പ് അമേരിക്കയുടെതായിരുന്നു. അതുകൊണ്ടുതന്നെ ഭരണഘടനയെ കുറിച്ചുള്ള ചർച്ച പുരോഗമിക്കുന്ന ഘട്ടത്തിൽ ജവഹർലാൽ നെഹ്റു അമേരിക്കൻ ഭരണഘടന വിദഗ്ധനായ ഐവർ ജെന്നിങ്സിന്റെ ഉപദേശം തേടുന്നുണ്ട്. ഐവർ ജെന്നിങ്സ് അംബേദ്കറെ ശിപാർശ ചെയ്യുകയായിരുന്നു.

ഇതിന്റെ പ്രധാന കാരണം ലോകപ്രശസ്തമായ വട്ടമേശ സമ്മേളനത്തിൽ അംബേദ്കർ ഉയർത്തിയ ചർച്ചയാകാം. ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്ന് വട്ടമേശ സമ്മേളനത്തിലും അംബേദ്കർ പങ്കെടുക്കുന്നു. രണ്ട് സമ്മേളനം കോൺഗ്രസ് ബഹിഷ്കരിക്കുന്നുണ്ട്. ബ്രിട്ടീഷ് ഗവർമെന്റിനോടുള്ള ഒത്തുതീർപ്പാണ് അംബേദ്ക്കറുടേതെന്ന് വിമർശിക്കപ്പെട്ടു. എന്നാൽ തന്റെ ജനതയുടെ അവകാശസംരക്ഷണത്തിനായി ശബ്ദിക്കാൻ കഴിയുന്ന ഒരു വേദിയും തനിക്ക് അന്യമല്ല എന്ന് പറഞ്ഞ് അംബേദ്കർ ഈ വിമർശനങ്ങളെ നേരിട്ടു.




 

വട്ടമേശ സമ്മേളനത്തിലെ അംബേദ്കറുടെ ചർച്ചകൾ ഓരോന്നും ഇന്ത്യൻ ഭരണഘടനയിലേക്ക് നയിച്ച വഴിവിളക്കുകളാണ്. എന്തായിരിക്കണം ഇന്ത്യ എന്നും ഇന്ത്യ ആരുടേതാണെന്നുമുള്ള പ്രസക്തമായ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ആകുന്നുണ്ട് വട്ടമേശ സമ്മേളനത്തിലെ അംബേദ്കറുടെ വാക്കുകൾ. ഉത്തമ താൽപ്പര്യങ്ങളോട് അവിച്ഛേദ്യമായ ബാധ്യത പുലർത്തുന്ന ആളുകൾ അധികാരം കൈയാളുന്ന ഒരു ഗവൺമെന്റ് ആണ് ഞങ്ങൾക്ക്

ആവശ്യം. അനുസരണം എവിടെ അവസാനിക്കുന്നുവെന്നും എതിർപ്പ് എവിടെ തുടങ്ങുന്നു എന്നും അറിയാവുന്ന, നീതിക്ക് നിരക്കുന്നതും കാലഘട്ടത്തിന് അനുയോജ്യവുമായ ഭേദഗതികൾ ജീവിതത്തിന്റെ സാമൂഹിക സാമ്പത്തിക ചട്ടങ്ങളിൽ വരുത്താൻ ഭയപ്പെടാത്ത ആളുകൾ അധികാരം കൈയാളുന്ന ഒരു ഗവൺമെന്റാണ് ഞങ്ങൾക്ക് ആവശ്യം.

ദലിത് സമുദായത്തിൽ ജനിച്ചതുകൊണ്ടുതന്നെ സംസ്കൃതപഠനം അംബേദ്കറിന് ശ്രമകരമായിരുന്നു. സ്വയം സ്വാംശീകരിച്ച് സംസ്കൃത പഠനത്തിലൂടെ വേദങ്ങളും ഇതിഹാസങ്ങളും പഠിച്ചു. ഇവയിലെ വൈരുദ്ധ്യങ്ങളെ പുറംലോകത്തേക്ക് എത്തിച്ചു. ഹിന്ദുമതത്തിന്റെ പ്രഹേളികകൾ' (Riddles of Hinduism) എന്ന ഗ്രന്ഥം ഇതിന്റെ മികച്ച ഉദാഹരണമാണ്. ഇന്ത്യ അനുഭവിക്കുന്ന ദുരിതങ്ങളുടെ പ്രധാനകാരണം ചാതുർവർണ്യ വ്യവസ്ഥയാണെന്ന് അംബേദ്കർ ധൈര്യസമേതം പറഞ്ഞു. ഇന്ത്യാചരിത്രത്തിൽ അംബേദ്കർ അടയാളപ്പെടുത്തുന്നതും ജാതി വിവേചനത്തിനെതിരായി ശരിയും ശക്തവുമായ പ്രതിരോധം തീർത്ത നേതാവ് എന്ന നിലയിലായിരിക്കും. അംബേദ്കർ മുന്നോട്ട് വെച്ച പൂർണ സ്വാതന്ത്ര്യം ബ്രിട്ടനിൽ നിന്നുമാത്രം ലഭിക്കേണ്ട ഒന്നായിരുന്നില്ല. അത് മനുസ്മൃതിയിൽ നിന്നുകൂടി ലഭിക്കേണ്ടതായിരുന്നു.

ഹിന്ദുമതത്തിലെ ജാതിവിവേചനത്തിൽ പ്രതിഷേധിച്ചാണ് 1956ൽ നാഗപ്പൂരിലെ ഭിക്ഷാഭൂമിയിൽ വെച്ച് മൂന്ന് ലക്ഷം അനുയായികളോടൊപ്പം അംബേദ്കർ ബുദ്ധമതത്തിലേക്ക് പ്രവേശിക്കുന്നത്. മതപരിവർത്തനം ആധ്യാത്മിക പ്രവർത്തനമല്ലെന്നും കൃത്യമായ രാഷ്ട്രീയ പ്രവർത്തനമാണെന്നും അംബേദ്കർ ബോധ്യപ്പെടുത്തി. മതം അദ്ദേഹത്തിന് പരിഗണനാ വിഷയമായിരുന്നില്ല. ഇതിനുമുമ്പുതന്നെ ഹിന്ദുമതത്തിലെ ചാതുർവർണ്യത്തിനെതിരെ അംബേദ്കർ രംഗത്തുവരുന്നുണ്ട്. 1927ലാണ് അംബേദ്കർ മനുസ്മൃതി പരസ്യമായി ചുട്ടെരിക്കുന്നത്. ചാതുർവർണ്യത്തിലധിഷ്ഠിതമായ വിചാരധാരയിലേക്ക് ഇന്ത്യൻ സമൂഹത്തെ വഴിതിരിച്ചുവിടാൻ കച്ചകെട്ടിയിറങ്ങിയ ആർ.എസ്.എസ് രൂപീകരിക്കപ്പെട്ട കാലവും ഇതായിരുന്നുവെന്നത് ഏറെ പ്രസക്തമാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹിക വിപ്ലവമായിരുന്നു മനുസ്മൃതിയുടെ ഈ പരസ്യവിചാരണ.

അംബേദ്കറുടെ വൈജ്ഞാനിക പ്രതിഭ സ്പർശിക്കാത്ത മേഖലകൾ വളരെ കുറവായിരുന്നു. ഭാരതീയ തത്വജ്ഞാനത്തിലും വൈജ്ഞാനിക മേഖലകളിലും അദ്ദേഹം നൽകിയ സംഭാവനകൾ അതുല്യമാണ്. ലോകത്ത് വളർന്നുകൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചും അദ്ദേഹത്തിന് ആഴത്തിൽ അവഗാഹമുണ്ടയിരുന്നു. മാർക്സിനെപ്പറ്റിയുള്ള വായന ഇതിൽ ഏറെ പ്രസക്തമാണ്. 'ബുദ്ധനോ കാറൽമാർക്സോ' എന്ന അദ്ദേഹത്തിന്റെ ലേഖനത്തിൽ മാർക്സിനേയും ബുദ്ധനേയും കുറിച്ചുള്ള താരതമ്യ പഠനം കാണാം. മാർക്സിസത്തിന്റെ പ്രായോഗിക പദ്ധതികളോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും മാർക്സിസം ഉയർത്തിപ്പിടിച്ച മാനവികതയെ അംബേദ്കർ അംഗീകരിക്കുന്നുണ്ട്.

ഭരണഘനടയ്ക്ക് പുറമെ നിരവധിയായ നിയമനിർമാണങ്ങൾക്ക് അംബേദ്കർ നേതൃത്വം കൊടുക്കുന്നുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ഇന്ത്യയിലെ തൊഴിൽ നിയമങ്ങൾ. തൊഴിലാളി വർഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് എല്ലാ ചൂഷണങ്ങളിൽനിന്നും അവരെ സംരക്ഷിക്കാനുള്ള പരിചയായി ഇത്തരം നിയമങ്ങളെ മാറ്റിത്തീർക്കുന്നതിൽ അംബേദ്കർ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിയമനിർമാണം സാമൂഹിക പുരോഗതിയുടെ വളർച്ച കൂടി കണക്കിലെടുത്തുകൊണ്ടായിരുന്നു. തൊഴിലിടങ്ങളിലെ സ്ത്രീതൊഴിലാളികളുടെ സുരക്ഷയെ സംബന്ധിച്ച് അംബേദ്കർ ഏറെ ജാഗ്രതപ്പെട്ടിട്ടുണ്ട്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽനിന്നും സാങ്കേതികമായി ഇന്ത്യ സ്വാതന്ത്ര്യമാർജ്ജിക്കുമ്പോഴും ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയിൽ അംബേദ്കർ സംതൃപ്തനായിരുന്നില്ല. ചാതുർവർണ്യത്തിലധിഷ്ഠിതമായ സാമൂഹികക്രമത്തിനെതിരെയുള്ള പോരാട്ടം പൂർണമാകാത്തതിൽ അംബേദ്കർ അസ്വസ്ഥനായിരുന്നു. ജാതി വിവേചനത്തിന്റെ ദുരിതങ്ങൾ പൂർണമായി അകറ്റാതെ ഇന്ത്യൻ ജനത പൂർണമായി മോചിതരാകില്ല എന്ന ബോധ്യം അംബേദ്കർ സൂക്ഷിച്ചു. ഒരു രാജ്യത്തിന്റെ സർവ്വതല സ്പർശിയായ നിലപാടുകൾ മുന്നോട്ടുവെക്കുന്ന കൃത്യതയാർന്ന രേഖയായി ഭരണഘടനയെ പ്രതിഷ്ഠിക്കാൻ അംബേദ്കറിന് കഴിഞ്ഞു.

നാം നേടിയ സ്വാതന്ത്ര്യത്തിന്റെ അപൂർണതയെ സംബന്ധിച്ച് അംബേദ്കർ കൃത്യമായി പറയുന്നുണ്ട്. '1950 ജനുവരി 26ന് നാം വൈരുദ്ധ്യങ്ങളുടെ ജീവിതത്തിലേക്കാണ് പ്രവേശിക്കുന്നത്. രാഷ്ടീയത്തിൽ നമുക്ക് സമത്വമുണ്ടാകും. സാമൂഹിക സാമ്പത്തിക ജീവിതത്തിൽ അതുണ്ടാവില്ല. രാഷ്ട്രീയത്തിൽ ഒരാൾക്ക് ഒരു വോട്ട് ഒരു മൂല്യം എന്ന തത്വം നാം അംഗീകരിക്കുന്നു. എന്നാൽ സാമൂഹിക സാമ്പത്തിക ജീവിതത്തിൽ ഒരാൾക്ക് ഒരു മൂല്യം എന്ന തത്വം നിരാകരിക്കുന്നത് നാം തുടർന്നുകൊണ്ടേയിരിക്കും. ഈ വൈരുദ്ധ്യം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ നമ്മുടെ രാഷ്ട്രീയ ജനാധിപത്യം അപകടത്തിലാകും; അസമത്വം മൂലം നരകിക്കുന്നവർ ഈ സഭ വളരെ പാടുപെട്ടുണ്ടാക്കിയ രാഷ്ട്രീയ ജനാധിപത്യത്തിന്റെ ഘടനയെ തകർക്കും' -എന്ന് അംബേദ്കർ ഭരണഘടനാ നിർമാണസഭയുടെ അവസാനസമ്മേളനത്തിൽ ആശങ്കപ്പെട്ടത് ഇക്കാലത്തും ഏറെ പ്രസക്തമാണ്.

Tags:    
News Summary - Ambedkar; The creator of modern India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.