സമാധാന നാട്യക്കാരന്‍െറ അന്ത്യം

ആധുനിക ഇസ്രായേലിന്‍െറ രൂപവത്കരണത്തില്‍ മുഖ്യ പങ്കുവഹിച്ച മുതിര്‍ന്ന നേതാവാണ് കഴിഞ്ഞ ദിവസം 93ാം വയസ്സില്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും പ്രസിഡന്‍റുമായ ഷിമോണ്‍ പെരസ്. ഇസ്രായേലി ഡിഫന്‍സ് ഫോഴ്സ് (ഐ.ഡി.എഫ്) എന്നറിയപ്പെടുന്ന സയണിസ്റ്റ് സേനയുടെ ആദ്യരൂപമായ ഹാഗ എന്ന പാരാമിലിട്ടറിയിലൂടെയാണ് പോളണ്ടില്‍ ജനിച്ച് ഫലസ്തീനില്‍ കുടിയേറിയ ഷിമോണ്‍ പെരസിന്‍െറ വളര്‍ച്ച ആരംഭിക്കുന്നത്. 1948ല്‍ ഫലസ്തീനികളെ ജന്മനാട്ടില്‍നിന്ന് പുറത്താക്കി ഭീകരതാണ്ഡവമാടിയ ഹാഗയുടെ തലപ്പത്ത് പെരസ് ഉണ്ടായിരുന്നു. അമ്പതുകളില്‍ പെരസ് പ്രതിരോധ മന്ത്രിയായിരുന്നപ്പോഴാണ് സയണിസ്റ്റ് രാഷ്ട്രം അണുബോംബ് വികസിപ്പിക്കാന്‍ തുടങ്ങിയത്. ഡിമോണയിലെ അണു പ്ളാന്‍റിന് ഫ്രാന്‍സിന്‍െറ സഹായം നേടിയെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചതും പെരസായിരുന്നു. 1963ല്‍ അമേരിക്കയുമായി പ്രഥമ ആയുധക്കരാര്‍ ഒപ്പുവെച്ചത് പെരസായിരുന്നു. ഇസ്രായേലിന്‍െറ സൈനികവത്കരണത്തില്‍ മുഖ്യ പങ്കുവഹിച്ച വാഷിങ്ടണ്‍ ദിവസങ്ങള്‍ക്കു മുമ്പാണ് പത്തു വര്‍ഷത്തേക്ക് 3800 കോടി ഡോളറിന്‍െറ പുതിയ ആയുധക്കരാര്‍ ഒപ്പിട്ടത്.
 1993ലെ ഓസ്ലോ സമാധാനക്കരാറിന് ചുക്കാന്‍ പിടിച്ചവരില്‍ ഒരാളെന്ന നിലയില്‍  തൊട്ടടുത്ത വര്‍ഷം സമാധാന നൊബേല്‍ സമ്മാനം ലഭിച്ചതോടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പെരസിനെ സമാധാന ദൂതനായി വാഴ്ത്താന്‍ തുടങ്ങി. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്നതു കൊണ്ടുമാത്രം ഒരാള്‍ സമാധാനത്തിന്‍െറ അപ്പോസ്തലനാകുമെങ്കില്‍ പെരസിന് ആ പട്ടികയില്‍ ഇടം നല്‍കാം. എന്നാല്‍, നൊബേല്‍ പുരസ്കാരങ്ങള്‍, വിശിഷ്യാ, സമാധാനത്തിനുള്ള സമ്മാനങ്ങള്‍ കേവല രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുള്ള ഉപകരണമായി മാറിയതോടെ അതിന്‍െറ വിശ്വാസ്യത എന്നോ നഷ്ടപ്പെട്ടിരിക്കുന്നു. പല സമാധാന പുരസ്കാരങ്ങളും ഒരുതരം തൂക്കമൊപ്പിക്കല്‍കൂടിയാണ്. വേട്ടക്കാരെയും ഇരകള്‍ക്കുവേണ്ടി വാദിക്കുന്നവരെയും ഒരേ കോണില്‍ കാണുന്നതും ഭീകരവാദത്തിന്‍െറ കുപ്പായം ഒരിക്കലും അഴിച്ചുവെച്ചിട്ടില്ലാത്തവരെയും അധിനിവേശ, യുദ്ധക്കൊതിയന്മാരെയും സമാധാനത്തിന്‍െറ ദൂതന്മാരായി അവതരിപ്പിക്കുന്നതും നൊബേല്‍ സമ്മാനത്തിന്‍െറ രാഷ്ട്രീയമാണ് വെളിവാക്കുന്നത്. വര്‍ണവിവേചനത്തിനെതിരെ ജീവിതകാലം മുഴുവന്‍ പോരാടിയ നെല്‍സന്‍ മണ്ടേലയെയും വെള്ളക്കാരന്‍െറ ആധിപത്യത്തിനായി വാദിച്ച ഡി ക്ളര്‍ക്കിനെയും ഒരേ ചരടില്‍ കോര്‍ത്താണ് 1993ല്‍ സമ്മാനം നല്‍കിയത്. അറബ് ലോകത്തിന്‍െറ മുഴുവന്‍ എതിര്‍പ്പും വകവെക്കാതെ ഇസ്രായേലിനെ അംഗീകരിച്ചതാണ് ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അന്‍വര്‍ സാദാത്തിനും ഇസ്രായേല്‍ പ്രധാനമന്ത്രി മെനചം ബെഗിനും 1977ല്‍ സമാധാന സമ്മാനത്തിന് വഴിയൊരുക്കിയത്. യുദ്ധത്തില്‍ ഇസ്രായേലില്‍ പിടിച്ചെടുത്ത സീനാ പ്രദേശം തിരികെ ലഭിക്കാനാണ് ക്യാമ്പ് ഡേവിഡ് കരാറില്‍ സാദാത്ത് ഒപ്പുവെച്ചതെങ്കിലും ഇസ്രായേലിന്‍െറ ഫലസ്തീന്‍ അധിനിവേശത്തോട് മൗനം പാലിക്കാനുള്ള ഒരു ഉടമ്പടികൂടിയായി അത് മാറി. സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ഥ്യമാക്കാനുള്ള ചുവടുവെപ്പെന്ന നിലയില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഓസ്ലോ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ സഹകരിച്ചതിനാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ഇഷാക് റബിന്‍, വിദേശകാര്യ മന്ത്രി ഷിമോണ്‍ പെരസ് എന്നിവര്‍ക്കൊപ്പം ഫലസ്തീന്‍ നേതാവ് യാസിര്‍ അറഫാത്തിനും 1994ല്‍ നൊബേല്‍ സമ്മാനിച്ചത്. ആ മൂവരില്‍ അവസാനത്തെയാളും കാലയവനികക്കുള്ളിലേക്ക് മറഞ്ഞതും സ്വതന്ത്ര ഫലസ്തീന്‍ ഒരിക്കലും യാഥാര്‍ഥ്യമാകാത്ത കൊടും വഞ്ചനയായി അവശേഷിക്കുന്നു. ഈമാസം 13ന് ഓസ്ലോ കരാറിന്‍െറ 23ാം വാര്‍ഷികമായിരുന്നു.
 പെരസിന്‍െറ സമാധാന മന്ത്രം വെറും കാപട്യം മാത്രമായിരുന്നുവെന്ന് വ്യക്തമാക്കുന്ന സംഭവമാണ് 1996ലെ ഖാനാ കൂട്ടക്കൊല. ഇഷാക് റബിന്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് പെരസ് പ്രധാനമന്ത്രിയായി രണ്ടുവര്‍ഷം തികയും മുമ്പാണ് ലബനാനിലെ ഹിസ്ബുല്ലക്കെതിരെ ഇസ്രായേല്‍ സൈനിക നടപടി ആരംഭിച്ചത്.  കനത്ത ബോംബിങ്ങിനെ തുടര്‍ന്ന് ലബനാനില്‍നിന്ന് പലായനം ചെയ്തത് നാലു ലക്ഷത്തിലേറെ പേരായിരുന്നു. അവരില്‍ യു.എന്‍ നിയന്ത്രണത്തിലുള്ള ഖാനാ അഭയാര്‍ഥി ക്യാമ്പിലത്തെിയ എണ്ണൂറിലേറെ സിവിലിയന്മാര്‍ക്കു നേരെ സൈന്യം നടത്തിയ പൈശാചികമായ ബോംബിങ്ങില്‍ 106 പേര്‍ കൊല്ലപ്പെട്ടു. നൊബേല്‍ സമാധാന പുരസ്കാരം ലഭിച്ച് രണ്ടുവര്‍ഷം തികയും മുമ്പാണ് ‘സമാധാനത്തിന്‍െറ അപ്പോസ്തല’ന്‍െറ ഈ പ്രകടനം എന്നോര്‍ക്കണം.
2008ലും 2009ലും 2012ലും 2014ലും ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം ഭീകര താണ്ഡവമാടുമ്പോള്‍ പ്രസിഡന്‍റ് പദവിയില്‍ പെരസായിരുന്നു. പ്രസിഡന്‍റ് പദവി ഒരു ചടങ്ങ് മാത്രമാണെങ്കിലും മേല്‍പറഞ്ഞ യുദ്ധങ്ങള്‍ക്കെതിരെയും പെരസ് പ്രതികരിച്ചിരുന്നില്ല. 2009 ജനുവരിയില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറം സമ്മേളനത്തിന് പെരസ് എത്തിയതുതന്നെ ചോരപ്പാടുമായായിരുന്നു. ഇസ്രായേല്‍ സൈന്യം അപ്പോള്‍ ഗസ്സയെ തവിടുപൊടിയാക്കുന്നുണ്ടായിരുന്നു. 1300ലേറെ നിരപരാധരായ ഫലസ്തീനികളെ കൊലചെയ്ത ഇസ്രായേല്‍ നടപടിയെ ചോദ്യംചെയ്ത് അന്നത്തെ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പെരസിനുനേരെ പൊട്ടിത്തെറിച്ചത് അത്രവേഗം മറക്കാനാവുമോ? ഫലസ്തീനിലേക്ക് ടാങ്കുകള്‍ ഉരുളുമ്പോഴാണ് തങ്ങള്‍ യഥാര്‍ഥത്തില്‍ സന്തോഷിക്കാറെന്ന് പരസ്യമായി പറഞ്ഞ രണ്ട് മുന്‍ പ്രധാനമന്ത്രിമാര്‍ നിങ്ങളുടെ നാട്ടിലില്ളേയെന്ന ഉര്‍ദുഗാന്‍െറ ചോദ്യവും പ്രതിഷേധിച്ച് വേദി വിട്ടതും അന്ന് വലിയ വാര്‍ത്തയായിരുന്നു.
60 വര്‍ഷത്തോളം താന്‍ പ്രവര്‍ത്തിച്ച ലേബര്‍ പാര്‍ട്ടിയില്‍നിന്ന് 2005ല്‍ രാജിവെച്ച് പെരസ് പിന്തുണ പ്രഖ്യാപിച്ചത് ഇസ്രായേല്‍ സംഭാവന ചെയ്ത ഏറ്റവും കൊടിയ ഭീകരനായ ഏരിയല്‍ ഷാരോണിനെ പ്രധാനമന്ത്രിയാക്കാനായിരുന്നു. കശാപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്ന ഷാരോണ്‍ നടത്തിയ സബ്റ, ശാത്തീല ഉള്‍പ്പെടെയുള്ള കൂട്ടക്കൊലകള്‍ക്ക് പെരസിന്‍െറ കൈയൊപ്പുമുണ്ടായിരുന്നു.
യുദ്ധത്തിലൂടെ പിടിച്ചെടുത്ത പ്രദേശങ്ങള്‍ എന്നും ഇസ്രായേലിന്‍േറതാണെന്ന് വാദിക്കുകയും അത് പല ഘട്ടങ്ങളിലായി തുറന്നുപ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് പെരസ്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.എന്‍ ആധികാരികമായി പ്രസ്താവിച്ച വെസ്റ്റ് ബാങ്ക്, ഗസ്സ, കിഴക്കന്‍ ജറൂസലം, ലബനാനിലെ ജൂലാന്‍ കുന്നുകള്‍ തുടങ്ങിയവ ഇസ്രായേലിന്‍െറ അവിഭാജ്യ ഘടകമാണെന്ന നിലപാടില്‍ ഒരു മാറ്റവും പെരസ് വരുത്തിയിട്ടില്ല. താന്‍ പ്രസിഡന്‍റായിരുന്ന ഏഴു വര്‍ഷത്തിനിടയില്‍ ഇസ്രായേല്‍ നടത്തിയ മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ഫലസ്തീനികളെ വിഭജിക്കുന്ന എപാര്‍ട്ട്ഹെയ്റ്റ് മതിലിനെക്കുറിച്ചോ അദ്ദേഹത്തിന് ഒന്നും പറയാനുണ്ടായിരുന്നില്ല. എന്നാല്‍, ആണവായുധത്തിന്‍െറ പേരു പറഞ്ഞ് ഇറാനെ ആക്രമിക്കാനുള്ള നെതന്യാഹുവിന്‍െറയും മുന്‍ പ്രതിരോധമന്ത്രി യഹൂദ് ബറാക്കിന്‍െറയും പദ്ധതികളെ തടയുന്നതില്‍ അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്.
തന്‍െറ സജീവ രാഷ്ട്രീയ കാലഘട്ടത്തില്‍ ഇസ്രായേല്‍ ഭീകരതയെ താലോലിച്ച പെരസ് രണ്ടു പതിറ്റാണ്ടു മുമ്പ് ഇന്ത്യ സന്ദര്‍ശിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ ‘ഭീകരനെ ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കരുതെ’ന്നാണ് സണ്‍ഡേ വാരികയിലെ പംക്തിയായ ‘മണി ടോക്കി’ല്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ എഴുതിയത്. പെരസ് പില്‍ക്കാലത്ത് ഒരു സമാധാനവാഹകനാകാന്‍ ശ്രമിച്ചിട്ടുണ്ടെന്നതു നേരാണ്. ജാഫാ കടല്‍ത്തീരത്ത് തന്‍െറ പേരില്‍ ഒരു സമാധാന കേന്ദ്രം തുറന്നും വിവിധ രാജ്യങ്ങളില്‍ സമാധാന ഫോറങ്ങളില്‍ പങ്കെടുത്തുമൊക്കെ ഒരു പീസ്മേക്കറാവാന്‍ അദ്ദേഹം ആഗ്രഹിച്ചു. അപ്പോഴും ഇസ്രായേലിന്‍െറ അംഗീകാരമില്ലാതെ സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ഥ്യമാക്കരുതെന്ന നിലപാടും പെരസ് ഊന്നിപ്പറഞ്ഞു.
ഇസ്രായേലിന്‍െറ അപകടകരമായ വെസ്റ്റ് ബാങ്കിലെ അനധികൃത ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് വിത്തുപാകാനും അനധികൃത കുടിയേറ്റക്കാരുടെ രക്ഷാധികാരിയാവാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന്‍െറ അടിത്തറ മാന്തുന്ന കുടിയേറ്റ കേന്ദ്രങ്ങള്‍തന്നെയല്ളേ ഫലസ്തീന്‍ സമാധാന നീക്കങ്ങള്‍ക്ക് പ്രതിബന്ധമായി നില്‍ക്കുന്നത് എന്നതും മറന്നുകൂടാ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.